മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് എന്തുചെയ്തു?: കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് എന്തുചെയ്തു?: കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് വേണ്ടി എന്തെല്ലാം നടപടിയെടുത്തെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകിയത്.

അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാ‌ഴ്ച‌യ്ക്കകം വിശദമായ സത്യവാങ്മൂലം നൽകാൻ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സുരക്ഷയ്ക്കു വേണ്ടി കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നിയമം കടലാസിൽ മാത്രമാണെന്നും കേരളം കോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടില്‍ പുതിയ സുരക്ഷാ ഓഡിറ്റിന്‌ നിർദേശം നൽകുന്നത്‌ സജീവപരിഗണനയിലെന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാനും വിലയിരുത്താനും വിദഗ്‌ധസമിതിക്ക്‌ രൂപം കൊടുക്കാൻ കേന്ദ്രസർക്കാരിന്‌ നിർദേശം നൽകാൻ ആലോചിക്കുന്നതായും കോടതി വ്യക്തമാക്കി.

ഡാം സുരക്ഷാ നിയമം അനുസരിച്ച്‌ ഡാം സുരക്ഷയ്‌ക്കുള്ള ദേശീയ സമിതി രൂപീകരിക്കാത്തതിൽ ജസ്‌റ്റിസ്‌ ദീപാങ്കർദത്ത, ജസ്‌റ്റിസ്‌ ഉജ്വൽ ഭുയാൻ എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച്‌ കേന്ദ്രസർക്കാരിനെ വിമർശിച്ചു. അതൃപ്‌തി രേഖപ്പെടുത്തിയ സുപ്രീംകോടതി ഇതുൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നും നിർദേശിച്ചു. ഈ മാസം 22ന്‌ ഹർജി വീണ്ടും പരിഗണിക്കും.

‘ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ’

‘ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ’

കണ്ണൂര്‍: സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് പി പി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കമന്റ് ഇട്ടയാളുടെ വിവരങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ചിലര്‍ക്കു എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നത്. പി പി ദിവ്യ കുറിച്ചു.

പി പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ദ്ധിക്കുകയാണ്…. സര്‍വ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്…അതില്‍ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്..ചിലര്‍ക്കു എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്…അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നത്….. അശ്ലീല കഥകളുണ്ടാക്കി ഓണ്‍ലൈന്‍ ചാനല്‍ വഴി പണമുണ്ടാക്കുന്ന കുറെയെണ്ണം വേറെ… വയറ്റ് പിഴപ്പിന് എന്തൊക്കെ മാര്‍ഗ്ഗമുണ്ട്…

ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ ജി.വിജയരാഘവന്റെ മാതാവ് കെ.സുമതിക്കുട്ടി അമ്മ (99)​ നിര്യാതയായി

ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ ജി.വിജയരാഘവന്റെ മാതാവ് കെ.സുമതിക്കുട്ടി അമ്മ (99)​ നിര്യാതയായി

ആറ്റിങ്ങൽ: ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ ജി.വിജയരാഘവന്റെ മാതാവും ആറ്റിങ്ങൽ മാർക്കറ്റ് റോഡ് കാക്കാട്ടുവിള ബംഗ്ലാവിൽ പരേതനായ എം.ആർ.ഗോപാലപിള്ളയുടെ ഭാര്യയുമായ കെ.സുമതിക്കുട്ടി അമ്മ (99)​ നിര്യാതയായി.

സംസ്കാരം ഇന്ന് (9ന്)​ ഉച്ചയ്ക്ക് 12ന് ആറ്റിങ്ങലിലെ വസതിയിൽ.

മക്കൾ: ജി.വിജയരാഘവൻ (ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ)​,​ ജി.വേണുഗോപാൽ (വിസിറ്റിംഗ് പ്രൊഫസർ​ ഡിജിറ്റൽ യൂണിവേഴ്സിറ്റി,​ എ.ജി.എം ഗോദ്‌റേജ്,​ ബോയ്സ് കേരള)​ മരുമക്കൾ: രമ വിജയരാഘവൻ,​ അനിത.

പെരിയ ഇരട്ടക്കൊല; നാല് പ്രതികൾ ഇന്ന് ജയിൽ മോചിതരാവും

പെരിയ ഇരട്ടക്കൊല; നാല് പ്രതികൾ ഇന്ന് ജയിൽ മോചിതരാവും

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെ തുടർന്ന് നാല് പേർ ഇന്ന് പുറത്തിറങ്ങും.

സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ മണികണ്ഠൻ, കെ വി ഭാസ്കരൻ എന്നിവർ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു പുറത്തിറങ്ങും. അഞ്ച് വർഷം തടവും 10,000 രൂപവീതം പിഴയുമാണ് വിചാരണക്കോടതി ഇവർക്കു വിധിച്ച ശിക്ഷ.അതിനിടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ എന്നിവർ ജയിലിലെത്തി എല്ലാ പ്രതികളെയും കണ്ടു. മനുഷ്യത്വത്തിന്റെ പേരിലാണ് ഇവരെ സന്ദർശിച്ചതെന്നു ശ്രീമതി പറഞ്ഞു. കെ വി കുഞ്ഞിരാമനടക്കം നാലു പേർക്കും മേൽക്കോടതിയിൽ നിന്നു നീതികിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നെന്നും ശ്രീമതി പറഞ്ഞു.

ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷ പരി​ഗണിക്കും

ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷ പരി​ഗണിക്കും

കൊച്ചി: ലൈം​ഗികാധിക്ഷേപക്കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. വയനാട്ടിൽ നിന്ന് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയെ രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക പൊലീസ് സംഘം ബോബിയെ ചോദ്യം ചെയ്തു. ഇതിനുശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ലോക്കപ്പിലാക്കി.

പുലർച്ചെ അഞ്ച് മണിയോടെ ബോബിയെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബോബിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ ബോബിക്ക് വേണ്ടി അഡ്വ. ബി രാമൻപിള്ള ഹാജരാകും. നടി ഹണി റോസിനെതിരെ നടത്തിയത് ദ്വയാർത്ഥ പ്രതികരണമെന്നും മോശമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും ബോബി ചെമ്മണൂർ പറഞ്ഞു. യാതൊരു കുറ്റബോധമില്ല. മുൻകൂർ ജാമ്യമെടുക്കാൻ പോകുമ്പോഴാണ് പൊലീസ് പിടികൂടിയതെന്നും ബോബി കൂട്ടിച്ചേർത്തു.

കേസിലെ പരാതിക്കാരിയായ നടി ഹണിറോസിന്റെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെയാണ് ഹണി റോസ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നൽകിയത്. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ബോബി ചെമ്മണൂർ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. 2024 ഓഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ നടിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആർ.

സാധാരണ ജീവിതത്തിലേയ്ക്ക് ഉമ തോമസ്, മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ചു

സാധാരണ ജീവിതത്തിലേയ്ക്ക് ഉമ തോമസ്, മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ചു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക്. മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ച ഉമ തോമസ് ‘എല്ലാം ഏകോപിപ്പിക്കുക’ എന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കി. തന്റെ അഭാവത്തിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്നും കൃത്യമായി പ്രവര്‍ത്തിച്ചിരിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കിയെന്ന് ഉമ തോമസിന്റെ സോഷ്യല്‍ മീഡിയ ടീം എംഎല്‍എയുടെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞു. ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

ഉമ തോമസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റ്

”അപകടം നടന്നിട്ട് ഇന്ന് പത്താം ദിവസം. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് നമ്മുടെ ഉമ ചേച്ചി. ശരീരമാസകലം കലശലായ വേദനയുണ്ട്. ഇന്നലെ ചേച്ചി ബെഡ്ഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നത് ഏറെ ആശ്വാസകരമാണ്. രാവിലെ മകന്‍ വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും സോഷ്യല്‍ മീഡിയ ടീമിനെയും ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടത്. ഏകദേശം 5 മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചത്. പിന്നീട് കോര്‍ഡിനേറ്റ് എവരിതിങ് (എന്നു പറഞ്ഞു). തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചു. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ചേച്ചി. വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി വിഷ്ണുവിനോട് ചോദിച്ചതടക്കം ചേച്ചി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ നല്ല സൂചനയാണ് നല്‍കുന്നത്. ഒരാഴ്ച കൂടി ചേച്ചി ഐസിയുവില്‍ തുടരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍”

ഇക്കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു അതിദാരുണമായ അപകടം നടന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി എന്ന പേരില്‍ ഒരുക്കിയ 11,600 പേരുടെ നൃത്തപരിപാടിയില്‍ മറ്റു വിശിഷ്ടാതിഥികള്‍ക്കൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ ഉമ തോമസ്. എന്നാല്‍ കലൂര്‍ സ്റ്റേഡിയത്തില്‍ കെട്ടിയ വേദിയില്‍ നിന്ന് ഉമ തോമസ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലച്ചോറിനും ശ്വാസകോശത്തിനുമായിരുന്നു ഉമ തോമസിനു കൂടുതല്‍ പരുക്കേറ്റത്.