കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരം: പേരൂർക്കട താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനായില്ല. നിരവധി പിടിച്ചുപറി, മാല മോഷണക്കേസിലെ പ്രതിയായ അനൂപ് ആന്റണിയാണ് (32) വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഒരു കേസുമായി ബന്ധപ്പെട്ട് പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വാങ്ങി വൈദ്യ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്.

കൈവിലങ്ങുകളുമായി രക്ഷപ്പെട്ട പ്രതിയെ രാത്രി വൈകിയും പിടികൂടാനായിട്ടില്ല. നഗരത്തിലുടനീളം പൊലീസ് അന്വേഷണം ഊർജതമാക്കിയിരിക്കുകയാണ്. അമ്പലമുക്ക് ഭാഗത്തേക്കാണ് പ്രതി രക്ഷപ്പെട്ട് ഓടിയതെന്നാണ് വിവരമെന്നതിനാൽ ആ പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്. വിലങ്ങ് കയ്യിലുള്ളതിനാല്‍ തന്നെ പ്രതിക്ക് അധികം മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരൂര്‍ക്കട പൊലീസിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ബൈക്കിൽ എത്തി മാല മോഷ്ടിച്ച് കടന്നു കളയുന്ന ഇയാൾക്കെതിരെ നഗരത്തിലെ നിരവധി സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റിലേ സമരം ആരംഭിച്ചു

റിലേ സമരം ആരംഭിച്ചു

ആറ്റിങ്ങൽ നഗരസഭ മാമം റോയൽ ക്ലബിന് മുൻവശം തുടങ്ങാൻ ഉദ്ദേശിച്ച കക്കൂസ് മാലിന്യ പ്ലാന്റിന് എതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റിലേ സത്യാഗ്രഹം ആരംഭിച്ചു ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു.

ട്രാന്‍സ്‌ഫോമര്‍ മോഷ്ടിച്ചു; 25 ദിവസമായി ഗ്രാമം ഇരുട്ടില്‍

ട്രാന്‍സ്‌ഫോമര്‍ മോഷ്ടിച്ചു; 25 ദിവസമായി ഗ്രാമം ഇരുട്ടില്‍

ലഖ്‌നൗ: ട്രാന്‍സ്‌ഫോമര്‍ മോഷണം പോയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമത്തില്‍ 25 ദിവസമായി ഇരുട്ടില്‍. വൈദ്യതി വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടില്ല. പ്രതികള്‍ക്കായി പൊലിസ് അന്വേഷണം നടത്തിയെങ്കിലും അവരും ഇരുട്ടില്‍ തന്നെയാണ്.

സന്ധ്യയാകുന്നതോടെ അയ്യായിരത്തിലേറെ ജനസംഖ്യയുള്ള ഗ്രാമം ഇരുട്ടില്‍ മുങ്ങും. അടുത്ത മാസം നടക്കാനിരിക്കുന്ന യുപി ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഏറെ ബാധിച്ചത്. വൈദ്യുതി തടസ്സം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചതായി ഗ്രാമത്തലവന്‍ സത്പാല്‍ സിങ് പറഞ്ഞു.

വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഇന്‍വര്‍ട്ടറുകള്‍, മൊബൈല്‍ ചാര്‍ജിങ് തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. പുതിയ ട്രാന്‍സ്‌ഫോമര്‍ ഉടന്‍ വരുമെന്ന് വൈദ്യുതി വകുപ്പിലെ ജൂനിയര്‍ എഞ്ചിനിയര്‍ അശോക് കുമാര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു

അടിസ്ഥാന ആവശ്യങ്ങളും ലഭ്യമല്ല.ഗ്രാമവാസികള്‍ കൂടുതല്‍ കൂടുതല്‍ പ്രക്ഷോഭത്തിലാകുന്നു.’ പുതിയ ട്രാന്‍സ്ഫോര്‍മര്‍ ഉടന്‍ വരുമെന്ന് ഉഗൈതി പവര്‍ സബ്സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ എഞ്ചിനീയര്‍ അശോക് കുമാര്‍ ഉറപ്പുനല്‍കി.’ട്രാന്‍സ്ഫോര്‍മര്‍ മോഷണം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നന്നാക്കല്‍ നിര്‍ദ്ദേശം സര്‍ക്കാരിന് അയച്ചിട്ടുണ്ട്.ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കും,’ അദ്ദേഹം പറഞ്ഞു. ട്രാന്‍സ്ഫോര്‍മര്‍ മോഷണം ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. കൂടാതെ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഹണിറോസിന്റെ പരാതി; ബോബി ചെമ്മണൂര്‍ അറസ്റ്റില്‍

ഹണിറോസിന്റെ പരാതി; ബോബി ചെമ്മണൂര്‍ അറസ്റ്റില്‍

കൊച്ചി :നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയാനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകുന്നേരം 7.20യോടെ കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ബോബിയെ നാളെ കോടതിയില്‍ ഹാജരാക്കും

എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേര്‍ന്നാണ് ഇന്നു രാവിലെ ഒന്‍പതു മണിയോടെ ബോബിയെ വയനാട്ടിലെ ഫാം ഹൗസില്‍ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ബോബിയെ മേപ്പാടിക്ക് അടുത്തുള്ള പുത്തൂര്‍വയലിലെ എആര്‍ ക്യാംപിലേക്കു സ്വകാര്യ വാഹനത്തിലാണു കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം എആര്‍ ക്യാംപില്‍ ചെലവഴിച്ചശേഷം 12 മണിയോടെ പൊലീസ് വാഹനത്തില്‍ എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പൊലീസിന് പരാതി നല്‍കുന്നത്.

തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അശ്ലീല ചുവയോടെയുള്ള ദ്വയാര്‍ഥ പദപ്രയോഗങ്ങള്‍ നടത്തുന്നുവെന്നും കാണിച്ചാണ് നടി പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു.

കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്

കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്

തിരുവനന്തപുരം: അനന്തപുരിയില്‍ അഞ്ച് രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കിരീടം നേടിയത്.

1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

മറ്റ് ജില്ലകളുടെ പോയിന്റ് നില –

കോഴിക്കോട് – 1000,

എറണാകുളം – 980

മലപ്പുറം – 980

കൊല്ലം – 964

തിരുവനന്തപുരം – 957

ആലപ്പുഴ – 953

കോട്ടയം – 924

കാസർകോട് – 913

വയനാട് – 895

പത്തനംതിട്ട – 848

ഇടുക്കി – 817

സ്കൂളുകളിൽ 171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി. വഴുതക്കാട് കാർ‌മൽ‌ ഹയർസെക്കൻഡറി സ്കൂൾ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മുഖ്യാതിഥികള്‍. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ‍കുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും.

‘ഇതൊരു തുടക്കമാണ്, ഹണിയുടേത് ധീരമായ പോരാട്ടം’; പിന്തുണച്ച് ഫെഫ്ക

‘ഇതൊരു തുടക്കമാണ്, ഹണിയുടേത് ധീരമായ പോരാട്ടം’; പിന്തുണച്ച് ഫെഫ്ക

ഹണി റോസിനെ പിന്തുണച്ച് സിനിമ സംവിധായകരുടെ സംഘടന ഫെഫ്കയും. ഹണി റോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നുവെന്നുവെന്ന് ഫെഫ്ക ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. “ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണി റോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു.

ഹണി റോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണി റോസിന് അഭിവാദ്യങ്ങൾ”- ഫെഫ്ക അറിയിച്ചു.

നടിയുടെ പരാതിയിൽ ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് ബോബി ചെമ്മണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കു നേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മയും ഡബ്ല്യുസിസിയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു