by Midhun HP News | Jan 7, 2025 | Latest News, ജില്ലാ വാർത്ത
വെള്ളയമ്പലം ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കുന്നുവാരം
യു പി സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിൽ 100 ഇൽപരം ആളുകൾ പങ്കെടുത്തു. ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ നിർവഹിച്ചു. ക്യാമ്പിൽ തിമിര നിർണയം, കാഴ്ച പരിശോധന തുടങ്ങി സൗജന്യ ചികിത്സ കൂപ്പണും നൽകി. ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെ പി ആർ ഒ സജിത്ത് ക്യാമ്പിന് നേതൃത്വം നൽകി.
by Midhun HP News | Jan 7, 2025 | Latest News, കേരളം
മലപ്പുറം: യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമാക്കി പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തും. പി കെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും. പിണറായിസത്തെ തകര്‍ക്കാന്‍ യുഡിഎഫിനൊപ്പം ചേരുമെന്ന് പി വി അൻവർ പറഞ്ഞു. താന്‍ യുഡിഎഫിന്റെ ഔദ്യോഗിക ഭാഗമാകണോ എന്നു യുഡിഎഫ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. യുഡിഎഫ് സ്വീകരിച്ചില്ലെങ്കില്‍ അനുയായി ആയി തുടരുമെന്നും പി വി അന്‍വര്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പിണറായിസത്തിനെതിരായ പോരാട്ടം തുടരും. ഡിഎംകെ ഉണ്ടാക്കിയതും താന്‍ ഈ കോലത്തിലായതും പിണറായിസത്തെ എതിര്‍ത്തതിനാലാണ്. ഡിഎംകെ പാര്‍ട്ടിയായി നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണ്. പിണറായി സര്‍ക്കാരിനെ തകര്‍ത്ത് യുഡിഎഫിനെ അധികാരത്തിലെത്തിക്കണം. യുഡിഎഫുമായി കൈകോര്‍ക്കുന്നത് പിണറായി സര്‍ക്കാരിനെ താഴെയിറക്കാനാണ്. അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ തനിക്ക് നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലയ്ക്ക പോലെ നില്‍ക്കില്ല. സാഹചര്യത്തിന് അനുസരിച്ചു മാറ്റേണ്ടി വരും. പൊതുസമൂഹം ഒന്നടങ്കം പ്രതിസന്ധിയെ നേരിടുമ്പോള്‍ ‘ഞാന്‍ പണ്ട് അതു പറഞ്ഞല്ലോ’ എന്ന വടിയും പിടിച്ചല്ല നില്‍ക്കേണ്ടത്. സാമൂഹ്യ തിന്മയ്‌ക്കെതിരെ പോരാടുക എന്നതാണ് പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം.
ആരുടെ കൂടെയാണെങ്കിലും ആത്മാര്‍ഥമായി, ജനങ്ങളോടൊപ്പം, മരിച്ചുനില്‍ക്കും. ഈ വിഷയങ്ങളെല്ലാം ഏറ്റെടുത്തതു ജനങ്ങള്‍ക്കു വേണ്ടിയാണ്. യുഡിഎഫിന്റെ പിന്നില്‍ ഞാനുണ്ടാകും. യുഡിഎഫ് അധികാരത്തില്‍ വരണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. എംഎല്‍എ സ്ഥാനവും മറ്റു പദവികളും തരേണ്ട എന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.
‘എനിക്കുശേഷം പ്രളയം എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിന്ത. അതാണ് പിണറായിയുടെയും സിപിഎമ്മിന്റെയും സമീപകാല നയങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ തൊഴിലാളി നേതാക്കളുണ്ടോ? എവിടെപ്പോയി സിഐടിയു?. എല്ലാ നേതാക്കളെയും ആര്‍എസ്എസിന്റെ ചരടില്‍ കെട്ടിയിരിക്കുകയാണ്. ആര്‍ക്കും മിണ്ടാന്‍ അധികാരമില്ല. അതാണ് പിണറായിസം. പിണറായിയുടെ കയ്യും കാലും നാവുമെല്ലാം ബന്ധിതമാണ്. ഈ ചരടുകളെയെല്ലാം അറ്റം ആര്‍എസ്എസിന്റെ കൈകളിലാണ്’.
വന്യമൃഗശല്യത്തിനെതിരായ വിപ്ലവം കേരളത്തില്‍ തുടങ്ങണം. ഇതിന്റെ നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. യുഡിഎഫിന് അധികാരത്തില്‍ തിരിച്ചെത്താന്‍ ഈ വിഷയം മാത്രംമതി. 63 മണ്ഡലങ്ങളിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. മുന്നണിയെന്നാല്‍ ജനങ്ങളാണ്. ജനങ്ങളുടെ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. മലയോര മേഖലയിലെ മുഴുവന്‍ ക്രൈസ്തവ സഭകളുമായും തിരുമേനിമാരുമായും സംസാരിക്കണം. ഇവരെയെല്ലാം കൂട്ടിയോജിപ്പിച്ച് വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കണം. പി വി അന്‍വര്‍ ആവശ്യപ്പെട്ടു.
ആനയും പന്നിയും പെറ്റുപെരുകിയതുകൊണ്ട് ആവാസ വ്യവസ്ഥയ്ക്ക് എന്തുഗുണം?. വന നിയമം പാസായാല്‍ വനം ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറും. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ബില്‍. വന നിയമഭേദഗതിയുടെ ഭീകരത അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. തോമസ് കെ തോമസിനെ വനം മന്ത്രിയാക്കിയാല്‍ വനം ഭേദഗതി ബില്ലില്‍ ഒപ്പിടില്ല. അതുകൊണ്ടാണ് എകെ ശശീന്ദ്രനെ മാറ്റാൻ പിണറായി വിജയൻ തയ്യാറാകാത്തത്. ഫോറസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ തെമ്മാടിത്ത കേന്ദ്രങ്ങളായെന്നും പി വി അന്‍വര്‍ ആരോപിച്ചു.
by Midhun HP News | Jan 7, 2025 | Latest News, ജില്ലാ വാർത്ത
കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം. പ്രതികൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (3) ആണ് ശിക്ഷ വിധിച്ചത്. ആർഎസ്എസ്- ബിജെപി പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ (57), കൊത്തില താഴെവീട്ടിൽ ജയേഷ് (41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത് (44), പുതിയപുരയിൽ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത് (47), സഹോദരൻ ശ്രീജിത്ത് (43), തെക്കേവീട്ടിൽ ഭാസ്‌കരൻ (67) എന്നിവരെയാണ് ശിക്ഷിച്ചത്.
പ്രതികൾക്ക് 307 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്നാം പ്രതി കോത്തില താഴെവീട്ടിൽ അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. 2005 ഒക്ടോബർ മൂന്നിനാണ് റിജിത്ത് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ടത്.
by Midhun HP News | Jan 7, 2025 | Latest News, കേരളം
കൊച്ചി: നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് അപകടത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ പി എസ് ജനീഷ് ആണ് പിടിയിലായത്. തൃശൂരില്‍ നിന്നാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചുപേര്‍ നേരത്തെ പിടിയിലായിരുന്നു.
കേസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ജനീഷ് പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലാണെന്നായിരുന്നു വിശദീകരണം. ഉമ തോമസിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് അപകടത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇതേത്തുടര്‍ന്ന് സംഘാടകരായ മൃദംഗവിഷന്‍ എംഡി നിഗോഷും, ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ ജനീഷും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചു. ഇതുപ്രകാരം നിഗോഷ് കീഴടങ്ങിയെങ്കിലും, ജനീഷ് കീഴടങ്ങാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയായിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാനിരിക്കെയാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.
by Midhun HP News | Jan 7, 2025 | Latest News, ജില്ലാ വാർത്ത
തിരു: ഇന്ത്യ പ്രസ് ക്ലബ് ഒഫ് നോർത്ത് അമേരിക്ക ഏർപ്പെടുത്തിയ രാജ്യത്തെ ഏറ്റവും മികച്ച പ്രസ് ക്ലബിനുള്ള പുരസ്കാരത്തിന് തിരുവനന്തപുരം പ്രസ് ക്ലബ് അർഹരായി. മാധ്യമ മേഖലയിലെ ഇടപെടലുകൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി നടത്തിയ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാണ് തിരുവനന്തപുരം പ്രസ് ക്ലബിനെ ഒന്നാമതെത്തിച്ചതെന്ന് ജൂറി വിലയിരുത്തി.
ജനുവരി 10ന് കൊച്ചിയിൽ മന്ത്രിമാരും സാഹിത്യ- സാംസ്കാരിക-മാധ്യമ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും പുരസ്കാരം ഏറ്റുവാങ്ങുമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഒഫ് നോർത്ത് അമേരിക്ക ഭാരവാഹികൾ അറിയിച്ചു.
by Midhun HP News | Jan 7, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമ പരിഷ്കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു. വൈസ് ചാൻസലർമാരുടേയും അധ്യാപകരുടേയും അക്കാദമിക് സ്റ്റാഫുകളുടേയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്കരിച്ച കരട് ചട്ടങ്ങളാണ് യുജിസി പുറത്തിറക്കിയത്.
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെ നിശ്ചിയിക്കുക ചാൻസലർ ആയിരിക്കുമെന്നു കരടിൽ പറയുന്നു. കേരളത്തിലെ പ്രധാന സർവകലാശാലകളിലെല്ലാം ചാൻസലർ ഗവർണറായതിനാൽ ഫലത്തിൽ വിസി നിയമനങ്ങളിൽ ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കും.
2018ലെ യുജിസി വിജ്ഞാപനത്തിൽ വിസി നിയമനാധികാരം ആർക്കെന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. എന്നത് തർക്കത്തിനും കേസുകൾക്കും കാരണമായിരിക്കെയാണ് യുജിസിയുടെ പരിഷ്കാരങ്ങൾ. കരടിലെ വ്യവസ്ഥയനുസരിച്ച് ചാൻസലർ നിർദ്ദേശിക്കുന്ന ആളാകും സെർച്ച് കമ്മിറ്റി ചെയർപേഴ്സൻ. രണ്ടാമത്തെ അംഗത്തെ യുജിസി ചെയർമാൻ നാമനിർദ്ദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്സിക്യൂട്ടീവ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിങ്ങനെയുള്ള സമിതികൾക്ക് മൂന്നാമത്തെ അംഗത്തെ നിർദ്ദേശിക്കാം.
അപേക്ഷകരിൽ നിന്നു കമ്മിറ്റി നിർദ്ദേശിക്കുന്ന 3- 5 പേരിൽ നിന്നു ഒരാളെ ചാൻസലർക്കു വിസിയായി നിയമിക്കാം. പുനർ നിയമനത്തിനും അനുമതിയുണ്ട്.
സർവകലാശാല വിസി നിയമനങ്ങളെ ചൊല്ലിയുള്ള ഗവർണർ- സർക്കാർ പോരുകൾ രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് പുതിയ കരട് ചട്ടം യുജിസി ഇറക്കിയത്. കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിനു വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകും.
Recent Comments