പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു; യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി

പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു; യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി

കൊച്ചി: പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതുമൂലം മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിന്‍ഡോ വിമാനത്തില്‍ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്. തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് 5 ന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളൂ. ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താന്‍ അനുമതിയുള്ളത്. കാലാവസ്ഥ പ്രതികൂലമാലതിനാല്‍ പല വിമാനങ്ങളും സമയം തെറ്റിയാണ് സര്‍വീസ് നടത്തുന്നത്.

മലിന്‍ഡോ എയര്‍ലൈന്‍സ് പോലുള്ള കമ്പനികള്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ അല്ലാതെ രണ്ടില്‍ കൂടുതല്‍ പൈലറ്റുമാര്‍ ക്യാംപ്‌ ചെയ്യാറില്ല. ഇതാണ് പ്രതിസന്ധിയുണ്ടാക്കിയത്. കനത്ത മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയില്‍ വൈകിയാണെത്തുന്നത്.

‘കലക്കൻ കല’യിൽ അലിഞ്ഞ് തലസ്ഥാനം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം

‘കലക്കൻ കല’യിൽ അലിഞ്ഞ് തലസ്ഥാനം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം ദിനത്തിലെ മത്സരങ്ങൾ പുരോ​ഗമിക്കുന്നു. ഒന്നാം വേദിയിൽ അരങ്ങേറിയ സംഘ നൃത്തം പതിവു പോലെ നിറങ്ങളുടെ വിസ്മയ കാഴ്ച തന്നെയൊരുക്കി. സംഘ നൃത്തം നിറഞ്ഞ സ​ദസിലാണ് അരങ്ങേറിയത്. ഒപ്പന മത്സരം കാണാനും നിരവധി പേർ എത്തി. മം​ഗലം കളി മത്സരവും കാണികളെ ആകർഷിച്ചു. പളിയ, ഇരുള നൃത്തങ്ങളും കാണികൾക്കു കൗതുകമായി.

ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല സ്കൂളിലെ കുട്ടികളുടെ അതിജീവന നൃത്തവും ആദ്യ ദിനത്തിലെ ശ്രദ്ധേയ അവതരണമായി. വെള്ളാർമല സ്കൂളിലെ ഏഴ് കുട്ടികൾ ഉദ്ഘാടന വേദിയിൽ സംഘ നൃത്തം അവതരിപ്പിച്ചു. നൃത്തം കളിച്ച ഏഴ് കുട്ടികളും ചൂരൽമലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ട് പേർ ദുരന്തത്തിന്റെ ഇരകളുമായിരുന്നു. ഇവരുടെ വീടുകൾ ദുരന്തത്തിൽ തകർന്നു.

36 മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ കണ്ണൂര്‍, കോഴിക്കോട് ജില്ലകളാണ് മുന്നിൽ. ഇരു ജില്ലകള്‍ക്കും 180 പോയിന്‍റുകള്‍ വീതം. രണ്ടാം സ്ഥാനത്ത് തൃശൂര്‍. അവര്‍ക്ക് 179 പോയിന്‍റുകള്‍.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 83 പോയിന്റുകളുമായി കണ്ണൂരാണ് മുന്നില്‍. 81 പോയിന്‍റുകളുമായി തിരുവനന്തപുരം കണ്ണൂര്‍, എറണാകുളം ജില്ലകളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നു.ഹൈസ്‌കൂൾ വിഭാഗത്തിൽ തൃശൂരാണ് മുന്നിൽ കുതിക്കുന്നത്. അവർക്ക് 101 പോയിന്റുകൾ. 99 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 97 പോയിന്റുമായി കണ്ണൂർ മൂന്നാമതും നിൽക്കുന്നു.

സ്കൂളുകളിൽ ആലത്തൂർ ​ഗുരുകുലമാണ് മുന്നിലുള്ളത്. അവർക്ക് 35 പോയിന്റുകൾ. 31 പോയിന്റുമായി കണ്ണൂർ സെന്റ് തേരാസസാണ് രണ്ടാമത്. തിരുവനന്തപുരം കാർമൽ സ്കൂളാണ് മൂന്നാമത്. അവർക്ക് 25 പോയിന്റുകൾ. പതിനൊന്നു മണിയോടെയാണ് കലാമത്സരങ്ങൾക്കു തുടക്കമായത്. അനന്തപുരിയിലേക്ക് എട്ടു വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാന സ്‌കൂൾ കലോത്സവം വിരുന്നെത്തുന്നത്.

2016ൽ തിരുവനന്തപുരത്തു നടന്ന കലോത്സവത്തിൽ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്. കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന സംസ്ഥാന കലോത്സവത്തിൽ കണ്ണൂരായിരുന്നു ചാംപ്യൻമാർ. കോഴിക്കോട് രണ്ടാം സ്ഥാനത്തായിരുന്നു.

ശ്വാസതടസ്സത്തെത്തുടർന്ന് വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

ശ്വാസതടസ്സത്തെത്തുടർന്ന് വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

ആലപ്പുഴ: ശ്വാസതടസ്സത്തെത്തുടർന്ന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ചേപ്പാട് ഭാഗത്തു വെച്ചാണ് അസ്വസ്ഥതയനുഭവപ്പെട്ടത്. ആശുപത്രിയിലേക്കു പോകുംവഴി കാഞ്ഞൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ ഗതാഗതത്തിരക്കിൽ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടർന്ന് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെത്തിച്ച് ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി.

അടിയന്തര ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ മൂന്നുദിവസമായി കൊല്ലത്ത് എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തു വരികയായിരുന്നു.

സിനിമ-സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി അന്തരിച്ചു

സിനിമ-സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി അന്തരിച്ചു

വർക്കല: സിനിമ-സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി (67) അന്തരിച്ചു. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാഴുന്നോര്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു. ചെറുന്നിയൂര്‍ മണ്ഡലം മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുധ, മക്കള്‍: കിച്ചു, സച്ചു, സന്ദു.

ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി

ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി

ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി.ഗുരുതര പരിക്കേറ്റ യുവാവ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ആണ്.

ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിൽ ആണ് ചികിത്സയിൽ കഴിയുന്നത്. 31 ന് രാത്രി പത്തിനും പത്തരയ്ക്കും ഇടയിലായിരുന്നു സംഭവം. വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖിൽ. സുഹൃത്തിന്റെ വീട്ടിൽ എത്തിയ സമയം അഖിലിന്റെ അച്ഛൻ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് അഖിലും അച്ഛനും തമ്മിൽ ഉന്തും തള്ളും നടന്നു. നിഖിൽ ഇരുവരെയും പിടിച്ചു മാറ്റുകയും പിന്നീട് റോഡിൽ വന്നു നിൽക്കുകയും ചെയ്തു.

വാക്കേറ്റവും ഉന്തും തള്ളും നടന്നതിന് ദൃക്സാക്ഷി നിഖിൽ ആണെന്നും പോലീസ് വരുമ്പോൾ നീ സാക്ഷി പറയണം എന്നും അഖിലിന്റെ അച്ഛൻ പറഞ്ഞു. തുടർന്ന് ഈ വിഷയം അറിഞ്ഞെത്തിയ ആറ്റിങ്ങൽ പോലീസ് റോഡിൽ നിൽക്കുകയായിരുന്നു നിഖിലിനെ ഒരു കാരണവും കൂടാതെ മർദ്ദിച്ചു എന്നാണ് പരാതി. നിഖിലിന്റെ ദേഹമാസകലം അടിയേറ്റ പാടുകളും കൈക്ക് പൊട്ടലുമുണ്ട്. കണ്ടാൽ അറിയുന്ന അഞ്ചോളം പോലീസുകാർ ചേർന്നാണ് നിഖിലിനെ മർദ്ദിച്ചത് എന്നാണ് ആരോപണം.

ഇരട്ടകളായ ഒരു വയസ്സുള്ള രണ്ടു കുട്ടികളുടെ അച്ഛനാണ് നിഖിൽ. അമ്മ ഉൾപ്പെടെയുള്ളവർ വാടകവീട്ടിലാണ് കഴിയുന്നത്. ഡിസ്കിന് പ്രശ്നമുള്ള നിഖിൽ നേരത്തെ തന്നെ ചികിത്സയിലാണ്. അമ്മ ജയ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. എന്നാൽ തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി, മറ്റ് ഉന്നത പോലീസ് മേധാവികൾ തുടങ്ങിയവർക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു. തന്റെ മകൻ മദ്യപാനി അല്ല എന്നും ഒരു പെറ്റി കേസ് പോലും ഇതുവരെയും ഉണ്ടായിട്ടില്ല എന്നും അമ്മ പറയുന്നു.
എന്നാൽ ഈ ഭാഗത്ത് കുറച്ച് ആളുകൾ ചേർന്ന് ഉണ്ടായ സംഘർഷം പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് നിഖിലിന് മർദ്ദനമേറ്റതെന്ന് പോലീസ് ഭാഷ്യം.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 2 പേർ മരിച്ചു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 2 പേർ മരിച്ചു

കൊല്ലം: ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ചടയമംഗലം നെട്ടേത്തറയിൽ വെച്ച് ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. തിരുനെൽവേലി സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന തിരുനെൽവേലി രാധാപുരം സ്വദേശി ശരവണൻ(30), മാര്‍ത്താണ്ഡം സ്വദേശി ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം