ഇന്ത്യക്ക് തിരിച്ചടി; ബുംറക്ക് പരിക്ക്; നയിക്കുന്നത് കോഹ്‌ലി

ഇന്ത്യക്ക് തിരിച്ചടി; ബുംറക്ക് പരിക്ക്; നയിക്കുന്നത് കോഹ്‌ലി

സിഡ്‌നി: ഓസിസിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ മൈതാനം വിട്ടു. പകരം കോഹ് ലിയാണ് ഇന്ത്യയെ നയിക്കുന്നത്.

പരമ്പരയില്‍ ഇതിനകം 32 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ, ഉച്ചഭക്ഷണത്തിനുശേഷമുള്ള സെഷനില്‍ ഓരോവര്‍ എറിയുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഗ്രൗണ്ട് വിടുകയായിരുന്നു. രാവിലെ മര്‍നസ് ലാബുഷെയ്‌നിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. പത്ത് ഓവര്‍ എറിഞ്ഞ ബുംറ 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടുകയും ചെയ്തു.

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ് ഒന്നാം ഇന്നിങ്‌സില്‍ 181 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് ലീഡ് ഉണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്നു വീക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുകളും നേടി.

അരങ്ങേറ്റ മത്സരം കളിക്കുന്ന ബ്യൂ വെബ്സ്റ്ററിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 57 റണ്‍സെടുത്ത് മുന്നേറ്റം നടത്തിയ വെബ്സ്റ്ററിന്റെ കുതിപ്പിന് പ്രസിദ്ധ് കൃഷ്ണയാണ് തടയിട്ടത്. തുടര്‍ന്ന് പാറ്റ് കമ്മിന്‍സിനേയും മിച്ചെല്‍ സ്റ്റാര്‍ക്കിനേയും നിതീഷ് കുമാര്‍ റെഡ്ഡി പുറത്താക്കി. സ്‌കോട്ട് ബോളണ്ടിന്റെ വിക്കറ്റ് സിറാജും വീഴ്ത്തി. ഏഴ് റണ്‍സുമായി നഥാന്‍ ലയോണ്‍ പുറത്താകാതെ നിന്നു.

ശബരിമല; തീർഥാടകർ നാല് ലക്ഷം വർധിച്ചു

ശബരിമല; തീർഥാടകർ നാല് ലക്ഷം വർധിച്ചു

ശബരിമല: മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തിയ തീർഥാടകരുടെ എണ്ണത്തിൽ‌ വർധന. 32.49 ലക്ഷം തീർഥാടകരാണ് ഈ വർഷം അയ്യപ്പ ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷം ഇത് 28.42 ലക്ഷമായിരുന്നു. 4.07 ലക്ഷത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായത്. വരുമാനത്തിൽ 82.23 കോടി രൂപയുടെയും വർധനവും ഉണ്ടായി.

സ്പോട് ബുക്കിങ് വഴി എത്തിയത് 5.66 ലക്ഷം തീർഥാടകരാണ്. കഴിഞ്ഞ വർഷം ഇത് 4.02 ലക്ഷം പേരായിരുന്നു. പുല്ലുമേട് കാനന പാതയിലൂടെ ഇത്തവണ 74,774 പേരെത്തി. ഈ വർഷത്തെ ആകെ വരുമാനം 297.06 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 214.82 കോടിയായിരുന്നു. അരവണ വിൽപനയിലൂടെ 124.02 കോടി രൂപ ലഭിച്ചു.. കാണിക്ക ഇനത്തിൽ 80.25 കോടി രൂപ ലഭിച്ചു.

ജനുവരി 14 നാണ് മകരവിളക്ക്. എരുമേലി പേട്ട 11 ന് നടക്കും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര 12 ന് പുറപ്പെടും. 13 ന് പമ്പ വിളക്കും സദ്യയും നടക്കും. 14 ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. തിരുവാഭരണം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. തീര്‍ഥാടനം പൂര്‍ത്തിയാക്കി 20 ന് ക്ഷേത്രനട അടയ്ക്കും. തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് കരിമല വഴിയുള്ള കാനനപാത തുറന്നിട്ടുണ്ട്.

ബസ് ചക്രം കാലിലൂടെ കയറി ഇറങ്ങി; പരിക്കേറ്റ യാത്രക്കാരി മരിച്ചു

ബസ് ചക്രം കാലിലൂടെ കയറി ഇറങ്ങി; പരിക്കേറ്റ യാത്രക്കാരി മരിച്ചു

തൃശൂര്‍: വടക്കാഞ്ചേരി ഒന്നാംകല്ലില്‍ സ്വകാര്യബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഒന്നാം കല്ല് സ്വദേശി പുതുവീട്ടില്‍ നബീസ ആണ് മരിച്ചത്. 70 വയസായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ ഒന്നാംകല്ല് സെന്ററിലായിരുന്നു അപകടം.

വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് വയോധികയുടെ കാലിനു മുകളില്‍ കയറിയിറങ്ങിയത്. കുന്നംകുളത്തേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു യാത്രക്കാരി. ബസ് മാറി കയറിയ വയോധിക, ബസില്‍ നിന്നിറങ്ങുന്നതിനിടെ വീഴുകയായിരുന്നു. വീണ വയോധികയുടെ കാലിനു മുകളിലൂടെ ബസിന്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങി.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ദിവ്യ ഉണ്ണിക്ക് നല്‍കിയത് അഞ്ച് ലക്ഷം; നൃത്ത പരിപാടിയുടെ സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പൊലീസ്

ദിവ്യ ഉണ്ണിക്ക് നല്‍കിയത് അഞ്ച് ലക്ഷം; നൃത്ത പരിപാടിയുടെ സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പൊലീസ്

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ ഗിന്നസ് വേൾഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ അഞ്ച് ലക്ഷം രൂപ നൽകിയെന്ന് പൊലീസ്. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പൊലീസ് പരിശോധിച്ചു. ദിവ്യ ഉണ്ണിക്കു കൂടുതല്‍ തുക നല്‍കിയോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നൽകി. സ്റ്റേഡിയത്തിൽ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് നൽകിയത്. അതേസമയം സ്റ്റേഡിയത്തിൽ പരിപാടി നടത്തിയതിനെ തുടർന്ന് ​ഗ്രൗണ്ടിന് കേടുപാട് സംഭവിച്ചെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്സ് രം​ഗത്തെത്തി. കലൂർ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത ജിസിഡിഎയ്ക്ക് ആണെങ്കിലും പരിപാലനം ബ്ലാസ്റ്റേഴ്സ് ആണ് നോക്കുന്നത്.

പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് ദിവ്യ ഉണ്ണിയുടെ മൊഴി പൊലീസ് ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

തലസ്ഥാനത്ത് ഉത്സവ മേളം; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിഞ്ഞു

തലസ്ഥാനത്ത് ഉത്സവ മേളം; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിഞ്ഞു

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക.

ഉരുള്‍പൊട്ടല്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും.

കലോത്സവം വൻ വിജയമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തിൽ അരങ്ങേറേണ്ടത്. തെറ്റായ ഒരു പ്രവണതയും പ്രോത്സാഹിപ്പിക്കില്ല. മാന്വൽ അനുസരിച്ചു മാത്രമാണ് കലോത്സവം സംഘടിപ്പിക്കപ്പെടുക. വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും കലോത്സവത്തിന്റെ അന്തസ്സ് ഉൾക്കൊണ്ട് പെരുമാറണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 15000ത്തിലധികം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കാനായെത്തുന്നത്. പ്രധാന വേദിയായി സെൻട്രൽ സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. 30 ഗ്രീൻ റൂം, 40 ഓളം ശുചിമുറികൾ, ഫിൽറ്റർ ചെയ്ത ശുദ്ധജലം ലഭിക്കുന്ന പൈപ്പ് കണക്ഷനുകൾ അടക്കം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. എട്ടു വർഷത്തിന് ശേഷമാണ് തലസ്ഥാനത്ത് സ്കൂൾ കലോത്സവം നടക്കുന്നത്.

ദ സ്‌നോ വെൽനെസ്സ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു

ദ സ്‌നോ വെൽനെസ്സ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു

ആറ്റിങ്ങലിൽ ദ സ്‌നോ വെൽനെസ്സ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. നഗരസഭ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ പാർവതി പുരം ഗ്രാമത്തിൽ ഗണപതി ക്ഷേത്രത്തിനു സമീപമാണ് സ്ഥാപനം ആരംഭിച്ചത്. മെന്റൽ ഹെൽത്ത് കൗൺസിലിംഗ് തെറാപ്പീസ്, പേഴ്സണാലിറ്റി കരിയർ ഡെവലപ്മെന്റ് പ്രോഗ്രാം, യോഗ & മെഡിറ്റേഷൻ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം കൂടാതെ സ്പെഷ്യലൈസ്ഡ് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. പരിപാടിയിൽ ഡയറക്ടർ ദിബി ബാബു, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.