ബി.ജെ.പി പ്രവർത്തകൻ ആനന്ദരാജിന്റെ വീടിനും കടയ്ക്കും നേരെ ആക്രമണം

ബി.ജെ.പി പ്രവർത്തകൻ ആനന്ദരാജിന്റെ വീടിനും കടയ്ക്കും നേരെ ആക്രമണം

ആറ്റിങ്ങലിൽ ബി.ജെ. പി – ഡി . വൈ. എഫ് .ഐ സംഘർഷം. ബി.ജെ.പി പ്രവർത്തകൻ ആനന്ദരാജിൻ്റെ രാമച്ചം വിളയിലെ വീടിനും കടയ്ക്കും നേരെയാണ്‌ ആക്രമണം നടന്നത്. 31 ന് പുലർച്ച രണ്ടരയോടെ ആർ.എസ്.എസ് താലൂക്ക് കാര്യവാഹും,
ബി.ജെ.പി നേതാവുമായ രാമച്ചംവിള കാട്ടിൻപുറത്ത് എസ് പി ഭവനിൽ ആനന്ദ് രാജി (42) ൻ്റെ വീടിന് നേരെ അക്രമികൾ കല്ലെറിയുകയായിരുന്നു.

ഈ സമയം വീടിൻ്റെ മുൻവശത്തെ കതക് തുറന്ന് പുറത്ത് വന്ന അനന്ദരാജിനെ ആറോളം പേർ വരുന്ന അക്രമി സംഘം ആക്രമിക്കുകയായിരുന്നു. വീട്ടിനുള്ളിൽ കയറിയപ്പോൾ അക്രമി സംഘവും പിന്നാലെ കയറി ചുടുകട്ട കൊണ്ട് മുഖത്തും തലയ്ക്കും ഇടിച്ചു. ഈ സമയം വീടിന് പുറത്തും സംഘത്തിൽപെട്ടവർ ഉണ്ടായിരുന്നു. വീടാക്രമിച്ച ശേഷം രാമച്ചം വിളയിലെ ആനന്ദരാജിൻ്റെ കടയും അടിച്ച് തകർത്തു.

തലയ്ക്ക് ഗുരുതരമായി പരിക്കറ്റ ആനന്ദരാജിനെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയിലെ സി.പി.എം കൗൺസിലർ സുഖിൽ, ഡി.വൈ.എഫ്.ഐ വെസ്റ്റ് മണ്ഡലം സെക്രട്ടറി അജീഷ് അടക്കം രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതിനെ തുടർന്നായിരുന്നു മേലാറ്റിങ്ങൽ ശിവ ക്ഷേത്രത്തിന് സമീപം ആറ്റിങ്ങൽ ഡി.വൈ.എഫ്.ഐ മുൻ മേഖല പ്രസിഡന്റ് ശ്രീജിത്തിന്റെ വീടിനു മുന്നിൽ പാർക്ക്‌ ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആക്രമികൾ അടിച്ചു തകർത്തത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ആറ്റിങ്ങൽ ഐ.ടി.ഐയിൽ നടന്ന സംഘർഷവുമായി ബന്ധപെട്ടു ഇരു പാർട്ടികളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കേ ആയിരുന്നു ഇന്നലെ ആക്രമണം നടന്നത്. സംഘർഷം നില നിൽക്കുന്ന ഈ മേഖലയിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിട്ടുണ്ട്.

സ്‌കൂൾ കലോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം

സ്‌കൂൾ കലോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം

സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രംവരെ റോഡിന്റെ ഇരുവശങ്ങളിലും കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്താൻ അനുവദിക്കില്ല. ഈ ഭാഗങ്ങളിൽനിന്നുള്ള ബസ് സർവീസുകൾ അട്ടക്കുളങ്ങര, വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം എന്നിവിടങ്ങളിലുള്ള പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും സർവീസ് നടത്തും.

ജനുവരി 4ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ വരുന്നവർ സെക്രട്ടേറിയറ്റ് ഗേറ്റ്-2 (ആസാദ് ഗേറ്റ്) ഭാഗത്ത് വാഹനത്തിൽ നിന്നും ഇറങ്ങിയശേഷം സ്റ്റേഡിയത്തിന്റെ തെക്കുഭാഗത്തെ ഗേറ്റ് (വൈ എം സി എ) വഴി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കണമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ബി വി വിജയ് ഭാരത് റെഡ്ഡി അറിയിച്ചു.

വലിയ വാഹനങ്ങൾക്ക് ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാറുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പുളിമൂട് മുതൽ ആയൂർവേദകോളേജ് വരെയും ആയൂർവേദകോളേജ് മുതൽ കുന്നുംപുറം വരെയുള്ള റോഡിലും യൂണിവേഴ്‌സിറ്റി സെനറ്റ് ഹാൾ പരിസരത്തും, സംസ്‌കൃത കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.

ജനുവരി 4ന് സെക്രട്ടേറിയറ്റിന് മുൻവശവും സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ വേദികളുടെ സമീപ റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും പോലീസ് വ്യക്തമാക്കി. പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ഡിസിപി അറിയിച്ചു.
 
ഭക്ഷണശാല സ്ഥിതി ചെയ്യുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് മത്സരാർത്ഥികളുമായി വരുന്ന സ്‌കൂൾ ബസുകൾ ഗാന്ധി പാർക്കിന് സമീപത്തുള്ള കെ.എസ്.ആർ.ടി.സിയുടെ ഗ്യാരേജിൽ പാർക്ക് ചെയ്യണം. ഔദ്യോഗികമായി മത്സരാർത്ഥികളുമായി വരുന്ന വാഹനങ്ങൾ മാത്രമെ കെ.എസ്.ആർ.ടി.സിയുടെ ഗ്യാരേജിൽ പാർക്ക് ചെയ്യാൻ അനുവദിക്കൂ. പുത്തരിക്കണ്ടത്തേക്ക് വരുന്ന ഒഫിഷ്യലുകളുടെയും, രക്ഷിതാക്കളുടെയും വാഹനങ്ങൾ പവർ ഹൗസ് റോഡിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. പാചകപ്പുരയിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ പവർഹൗസ് റോഡിൽ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് പാചകപുരയ്ക്ക് പുറകുവശത്തായി പാർക്ക് ചെയ്യണം.

കുടിവെള്ളവുമായി വരുന്ന വാട്ടർ അതോറിറ്റിയുടെ വാഹനങ്ങൾ പവർഹൗസ് റോഡിൽ നിന്നും പുത്തരിക്കണ്ടത്തേക്കുള്ള ഗേറ്റ് വഴി അകത്തേക്ക് പ്രവേശിച്ച് ഇടത് വശത്ത് പാർക്ക് ചെയ്യണം.  പട്ടം സെന്റ് മേരീസ്, ഗവ. ഗേൾസ് എച്ച്.എസ്.എസ് പട്ടം എന്നീ സ്‌കൂളുകളിലേക്ക് വരുന്ന വലിയ വാഹനങ്ങൾക്ക് എം.ജി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.
 
ക്രമ  നമ്പർ
വേദികൾ
പാർക്കിങ് സ്ഥലങ്ങൾ
ചെറിയ വാഹനങ്ങൾ
വലിയ വാഹനങ്ങൾ
1
സെൻട്രൽ സ്റ്റേഡിയം
കേരള യുണിവേഴ്‌സിറ്റി ക്യാമ്പസ്, സംസ്‌കൃത കോളേജ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്, പുളിമുട് മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരു വശവും (പേ&പാർക്കിംഗ് ഏരിയ)
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്
 
2
അയ്യങ്കാളി ഹാൾ (VJT)
 
കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്
3
സെന്റ്. ജോസഫ് എച്ച്.എസ്.എസ്, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ
 
കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എ.കെ.ജി മുതൽ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശവും, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ വഞ്ചിയൂർ വരെ റോഡിന്റെ ഒരു വശത്ത്.
4
വിമൻസ് കോളേജ്
 
കോളേജ് കോമ്പൗണ്ടിനകത്ത്, പി.ടി.സി ഗ്രൗണ്ട്, വിമൻസ് കോളേജ് ജംഗ്ഷൻ മുതൽ കോളേജിന്റെ നോർത്ത് ഗേറ്റ് വരെ റോഡിന്റെ ഒരുവശം.
5
കോട്ടൺഹിൽ എച്ച്.എസ്.എസ്
എസ്.എം.സി പാലോട്ടുകോണം റസിഡൻസ് വരെയുള്ള റോഡിന്റെ ഒരു വശം
 
6
കാർമൽ എച്ച്.എസ്.എസ്., വഴുതക്കാട്
7
ടാഗോർ തിയേറ്റർ
ടാഗോർ തിയേറ്റർ കോമ്പൗണ്ടിനകത്ത്, ട്രിവാൻഡ്രം ക്ലബ് മുതൽ എസ്.എം.സി വരെയുള്ള റോഡിന്റെ ഒരു വശം. വാട്ടർ അതോറിറ്റി കോമ്പൗണ്ട്
8
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് ഹാൾ, വെള്ളയമ്പലം
വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ
9
നിശാഗന്ധി
വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ് ഏരിയ, എൽഎംഎസ് പാർക്കിംഗ് ഗ്രൗണ്ട്
 
10
നിർമ്മല ഭവൻ എച്ച്.എസ്
സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്
 
11
ഗവ:ഗേൾസ് എച്ച്.എസ്.എസ് പട്ടം
കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട്
എം.ജി കോളേജ് ഗ്രൗണ്ട്
 
12
സെന്റ് മേരീസ് സ്‌കൂൾ, പട്ടം
കേന്ദ്രീയ വിദ്യാലയം മുതൽ കേശവദാസപുരം വരെയുള്ള റോഡിന്റെ ഇരുവശവും (പേ&പാർക്കിംഗ് ഏരിയ), എം.ജി കോളേജ് ഗ്രൗണ്ട്
13
പൂജപ്പുര സാംസ്‌കാരിക കേന്ദ്രം
പൂജപ്പുര ഗ്രൗണ്ട്, എൽബിഎസ് പൂജപ്പുര
 
പൂജപ്പുര ഗ്രൗണ്ട്
14
മോഡൽ ബോയ്സ് എച്ച് എസ് എസ്. തൈക്കാട്
PTC ഗ്രൗണ്ട്, ആർട്ട്സ് കോളേജ്, തൈക്കാട് ഗസ്റ്റ് ഹൗസ് മുതൽ മോഡൽ എൽപി.എസ് വരെയുള്ള റോഡിന്റെ ഒരു വശം.
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട് & പൂജപ്പുര ഗ്രൗണ്ട്
 
15
മോഡൽ എൽ പി.എസ്,തൈക്കാട്
16
ശിശുക്ഷേമ സമിതി
17
ഭാരത് ഭവൻ
18
സംഗീത കോളേജ്
19
കാർത്തിക തിരുനാൾ ഓഡിറ്റോറിയം
ഗവ:സെൻട്രൽ സ്‌കൂൾ, അട്ടക്കുളങ്ങര
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്
20
ഗവ: മോഡൽ ഗേൾസ് എച്ച്.എസ്.എസ്, മണക്കാട്
ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്
21
ഗവ:എച്ച്.എസ്.എസ്. ചാല
ഗവ: ബോയ്സ് എച്ച്.എസ്.എസ്. ചാല
22
എസ്.എം.വി സ്‌കൂൾ
മാഞ്ഞാലിക്കുളം ഗ്രൗണ്ട്
23
പുത്തരിക്കണ്ടം
 
പവർഹൗസ് റോഡിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ട്,  ഫോർട്ട് ഹൈസ്‌കൂൾ
 
KSRTC ഗ്യാരേജ് (Official Route vehicles only)
 
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിന് 04712558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ബംഗളൂരു: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആയിരുന്നു, മലയാള മാധ്യമ പ്രവര്‍ത്തനത്തിന്‌ പുതിയ മുഖം നല്‍കിയ അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം ഇന്നു രാത്രി ബംഗളൂരുവില്‍. ഭാര്യ സരസ്വതിയമ്മ, മകള്‍ ദീപ, മകന്‍ ജയദീപ്.

ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ജി അരവിന്ദനെക്കുറിച്ചുള്ള മൗനപ്രാര്‍ഥന പോലെ എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.

ആത്മകഥയ്ക്കു പുറമേ റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഇക്കഴിഞ്ഞ ഡിസംബറില്‍ കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച, ഷാജി എന്‍ കരുണിന്റെ സിനിമകളെക്കുറിച്ചുള്ള പഠനമായ ഏകാന്ത ദീപ്തിയാണ് അവസാന കൃതി. മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ജനിച്ച ജയചന്ദ്രന്‍ നായര്‍ കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു.

കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയാഘവന്‍ അവാര്‍ഡ്, എംവി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്‌കൂളുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്‌കൂളുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ച രണ്ടു സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. തിരുന്നാവായ നാവ മുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനുമാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എറണാകുളത്തു നടന്ന കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ രണ്ട് സ്‌കൂളുകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കായികമേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നും ജനറല്‍ സ്‌കൂള്‍ എന്നും വേര്‍തിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്നായിരുന്നു രണ്ട് സ്‌കുളുകളുടെയും നിലപാട്. രണ്ട് സ്‌കൂളുകളും ചേര്‍ന്നു സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍നിന്ന് വിലക്കിയ സര്‍ക്കാരിന്റെ നടപടി.

യുവാവ് പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു

യുവാവ് പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു

തൃശൂർ‌: അന്തിക്കാട് പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കർണാടക സ്വദേശിയായ ആ​ദർശ് (27) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ പള്ളി തിരുനാൾ ആഘോഷത്തിനു എത്തിയതായിരുന്നു.

അ​ഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ഇന്ന് വൈകീട്ടോടെയാണ് അപകടം. സുഹൃത്തിന്റെ വീടിനു സമീപമാണ് പഞ്ചായത്ത് കുളം. മറ്റുള്ളവർക്കൊപ്പമാണ് യുവാവും കുളിക്കാനിറങ്ങിയത്. അതിനിടെ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ അ​ഗ്നിശമന സേന എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

രോഹിത് കളിക്കില്ല, അഞ്ചാം ടെസ്റ്റില്‍ ബുംറ ഇന്ത്യന്‍ ക്യാപ്റ്റന്‍

രോഹിത് കളിക്കില്ല, അഞ്ചാം ടെസ്റ്റില്‍ ബുംറ ഇന്ത്യന്‍ ക്യാപ്റ്റന്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. രോഹിതിനു പകരം ജസ്പ്രിത് ബുംറ ടീമിനെ നയിക്കും. ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുന്ന രോഹിത് സ്വയം മാറാന്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രോഹിത് അവസാന ടെസ്റ്റ് കളിക്കുമോ എന്ന ചോദ്യത്തിനു പരിശീലകന്‍ ഗൗതം ഗംഭീര്‍ കൃത്യമായ ഉത്തരം പറഞ്ഞിരുന്നില്ല. അന്തിമ ഇലവനെ മത്സരത്തിന്റെ അന്ന് പ്രഖ്യാപിക്കമെന്നായിരുന്നു മറുപടി.

അഞ്ചാം ടെസ്റ്റില്‍ രോഹിത് പിന്‍മാറുന്നതിലൂടെ നാലാം ടെസ്റ്റില്‍ പുറത്തിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തും. പേസര്‍ ആകാശ് ദീപിനു പകരം പ്രസിദ്ധ് കൃഷ്ണയും ഇടം കാണും. ഓപ്പണിങില്‍ കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യവും തിരിച്ചെത്തും.

രോഹിതിന്റെ ടെസ്റ്റ് കരിയറിനു ഏതാണ്ട് അവസാനമായെന്നു ഈ തീരുമാനത്തിലൂടെ മനസിലാക്കാം. കഴിഞ്ഞ 5 ഇന്നിങ്‌സുകളില്‍ നിന്നായി താരം ആകെ കണ്ടെത്തിയത് 31 റണ്‍സ് മാത്രമാണ്.