ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം അഴിച്ച് കയറണമെന്നത് അനാചാരം, തിരുത്തണം: സ്വാമി സച്ചിദാനന്ദ

ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം അഴിച്ച് കയറണമെന്നത് അനാചാരം, തിരുത്തണം: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്നുള്ളത് അനാചാരമാണെന്ന് ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ. പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് പണ്ടുകാലത്ത് ഈ സമ്പ്രദായം തുടങ്ങിയത്. പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഈ നിബന്ധന തുടരുന്നുണ്ട്. അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. വര്‍ക്കല ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേല്‍വസ്ത്രമഴിക്കുന്നത് അനാചാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശ്രീനാരായണ ഗുരു ക്ഷേത്രങ്ങളില്‍ ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.

സ്വാമിക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു. ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിച്ച് മാത്രമേ കടക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ആരേയും നിര്‍ബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇനി പണമയയ്ക്കുമ്പോള്‍ അക്കൗണ്ട് മാറിപ്പോകുമോ എന്ന ഭയം വേണ്ട!; ഏപ്രില്‍ ഒന്നുമുതല്‍ പുതിയ സംവിധാനം

ഇനി പണമയയ്ക്കുമ്പോള്‍ അക്കൗണ്ട് മാറിപ്പോകുമോ എന്ന ഭയം വേണ്ട!; ഏപ്രില്‍ ഒന്നുമുതല്‍ പുതിയ സംവിധാനം

ഡല്‍ഹി: ഇന്റര്‍നെറ്റ് ബാങ്കിങ് രീതികളായ ആര്‍ടിജിഎസ്( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം), നെഫ്റ്റ് ( നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍) ഇടപാടുകളില്‍ ഇനി സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാന്‍ കഴിയും. ആര്‍ടിജിഎസ്, നെഫ്റ്റ് എന്നി സംവിധാനങ്ങള്‍ വഴി പണമയയ്ക്കുമ്പോള്‍ അബദ്ധത്തില്‍ അക്കൗണ്ട് മാറിപ്പോകുന്ന പ്രശ്‌നം ഇനി ഉണ്ടാവില്ല. പണമയയ്ക്കുന്നതിന് മുന്‍പ് സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനം ഏപ്രില്‍ ഒന്നിന് മുന്‍പ് നടപ്പാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ഇതിന് ചാര്‍ജ് ഈടാക്കാന്‍ പാടില്ല.

നിലവില്‍ യുപിഐ, ഐഎംപിഎസ് പേയ്‌മെന്റുകളില്‍ പണമയയ്ക്കുന്നതിന് മുന്‍പ് സ്വീകര്‍ത്താവ് ആരെന്ന് അറിയാന്‍ സംവിധാനമുണ്ട്. ഇതാണ് ആര്‍ടിജിഎസ്, നെഫ്റ്റ് എന്നി ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

നിലവില്‍ ആര്‍ടിജിഎസ്, നെഫ്റ്റ് ഇടപാടുകളില്‍ സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാന്‍ കഴിയുമായിരുന്നില്ല. അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ് എന്നിവയില്‍ തെറ്റുണ്ടായാല്‍ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോകാനും സാധ്യതയുണ്ടായിരുന്നു. തട്ടിപ്പുകള്‍ക്ക് ഇരയാകാനും സാധ്യത കൂടുതലാണ്. ഇത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ സൗകര്യം വരുന്നത്.

ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും നല്‍കിയാല്‍ അക്കൗണ്ട് ഉടമയുടെ പേര് തെളിഞ്ഞുവരുന്ന തരത്തിലാണ് സംവിധാനം. ഓണ്‍ലൈന്‍ ബാങ്കിങ്ങിന് പുറമേ ശാഖകളില്‍ നേരിട്ടെത്തി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും.

ജനുവരി മുതല്‍ യുപിഐയില്‍ മാറ്റങ്ങള്‍; പുതിയ ചട്ടങ്ങളുമായി ആര്‍ബിഐ

ജനുവരി മുതല്‍ യുപിഐയില്‍ മാറ്റങ്ങള്‍; പുതിയ ചട്ടങ്ങളുമായി ആര്‍ബിഐ

ഡല്‍ഹി: 2025 ജനുവരി 1 മുതല്‍ യുപിഐ പേയ്മെന്റുകളില്‍ മാറ്റങ്ങള്‍. ഫീച്ചര്‍ ഫോണ്‍ വഴിയുള്ള ഇന്‍സ്റ്റന്റ് പേയ്മന്റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി ഉയര്‍ത്തുന്നതാണ് ആദ്യത്തേത്. 2025 ജനുവരി 1 മുതല്‍, ഉപയോക്താക്കള്‍ക്ക് യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയക്കാമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. നേരത്തെ ഈ പരിധി 5,000 രൂപയായിരുന്നു.

യുപിഐ123പേ

യുപിഐ123പേ ഉപയോഗിച്ച് ഏതൊരു യുപിഐ ഉപയോക്താവിനും ദിവസത്തില്‍ 10,000 രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ ഫോണ്‍ണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധിയില്‍ മാറ്റമില്ല. ഇവയില്‍ പ്രതിദിനം 1 ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ നടത്താം. എന്നാല്‍ മെഡിക്കല്‍ ബില്ലുകള്‍ക്ക് ഈ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

യുപിഐ സര്‍ക്കിള്‍

ഈ വര്‍ഷം ആരംഭിച്ച യുപിഐ സര്‍ക്കിള്‍ ഫീച്ചര്‍, വരും വര്‍ഷത്തില്‍ ഭീമിന് പുറമെ മറ്റ് യുപിഐ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിക്കും. നിലവില്‍ ഭീം ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് മാത്രമാണ് യുപിഐ സര്‍ക്കിള്‍ സേവനമുള്ളത്. പ്രത്യേക ഇടപാടുകള്‍ നടത്താന്‍ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കള്‍ക്കോ അനുമതി നല്‍കുന്നതാണ് സേവനം.

ഇങ്ങനെ യുപിഐ സര്‍ക്കിളില്‍ ചേര്‍ക്കുന്ന സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ പേയ്മെന്റുകള്‍ നടത്താന്‍ കഴിയും. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഓരോ പേയ്മെന്റിനും പ്രൈമറി ഉപയോക്താവ് അനുമതി നല്‍കണം, അല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ചെലവഴിക്കുന്നതിന് ഒരു പ്രത്യേക പരിധി നിശ്ചയിക്കാം.

വീണ്ടും ഐആര്‍സിടിസി വെബ്സൈറ്റിൽ തകരാര്‍; യാത്രക്കാർ വലയുന്നു

വീണ്ടും ഐആര്‍സിടിസി വെബ്സൈറ്റിൽ തകരാര്‍; യാത്രക്കാർ വലയുന്നു

ഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആശ്രയിക്കുന്ന ഐആര്‍സിടിസി വെബ്‌സൈറ്റില്‍ വീണ്ടും തകരാര്‍. പുതുവര്‍ഷാഘോഷം പ്രമാണിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുന്നതായി കാണിച്ച് ഉപയോക്താക്കളുടെ നിരവധി പരാതികളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പുതുവര്‍ഷ തലേന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാതെ വലഞ്ഞിരിക്കുകയാണ് യാത്രക്കാര്‍.

അടിയന്തര യാത്രയ്ക്ക് മുഖ്യമായി ആശ്രയിക്കുന്ന തത്കാല്‍ ടിക്കറ്റ് പോലും ബുക്ക് ചെയ്യാന്‍ കഴിയാതെ വന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. രാവിലെ പത്തുമണിക്കാണ് തത്കാല്‍ ടിക്കറ്റിനുള്ള വിന്‍ഡോ ഓപ്പണ്‍ ആവുന്നത്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വിന്‍ഡോ ആക്സ്സ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. ‘ബുക്കിങ്ങും റദ്ദാക്കലും അടുത്ത മണിക്കൂറില്‍ ലഭ്യമാകില്ല. ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു’- എന്ന വിശദീകരണമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ഈ മാസം ഇത് രണ്ടാം തവണയാണ് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ തകരാര്‍ സംഭവിച്ചത്. ഡിസംബര്‍ 26നാണ് ഇതിന് മുന്‍പ് വെബ്‌സൈറ്റ് നിശ്ചലമായത്. ഇന്ന് വീണ്ടും വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത് യാത്രക്കാരുടെ ഇടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ‘എന്തുകൊണ്ടാണ് എന്‍ജിനീയര്‍മാര്‍ക്കും സര്‍ക്കാരിനും ഐആര്‍സിടിസി തത്കാല്‍ തടസ്സത്തിന് പകരമായി ഇതര പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തത്?. തത്കാല്‍ ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. കടമ നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ഈ സംവിധാനത്തിന്റെ ഉദ്ദേശം എന്താണ്?’- ഇത്തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം, ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം, ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക

ഡല്‍ഹി: ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒന്നിലധികം സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അവസരമായി കണ്ട് ഹാക്കര്‍മാര്‍ ഉപയോക്താക്കളെ സൈബര്‍ തട്ടിപ്പിന് ഇരയാക്കിയേക്കാം. അപകടസാധ്യത ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ തന്നെ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) മുന്നറിയിപ്പ് നല്‍കി.

വിന്‍ഡോസ്, മാക് എന്നി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന, 131.0.6778.204/.205ന് മുമ്പുള്ള ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ക്കുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കും ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന, 131.0.6778.204-ന് മുമ്പുള്ള ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ക്കുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കുമാണ് അപകട സാധ്യത. ഈ ബ്രൗസറുകള്‍ക്കാണ് സുരക്ഷാവീഴ്ച ഉള്ളത്. അതിനാല്‍ ഉയര്‍ന്ന അപകട സാധ്യതയാണ് കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയം മുന്നറിയിപ്പായി നല്‍കിയിരിക്കുന്നത്. സുരക്ഷാ പിഴവ് കാരണം ഡെസ്‌ക്ടോപ്പിനായി ഈ വേര്‍ഷനുകളിലുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളുടേയും സെന്‍സിറ്റീവ് വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉപയോക്താക്കള്‍ ഉടന്‍ തന്നെ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ സിഇആര്‍ടി- ഇന്‍ നിര്‍ദ്ദേശിക്കുന്നു. Windows, Mac ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ 131.0.6778.204/.205 ലേക്കും ലിനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ 131.0.6778.204 ലേക്കും ബ്രൗസറിനെ അപ്‌ഡേറ്റ് ചെയ്യേണ്ടതാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

നാളെ മുതല്‍ 20ലേറെ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; പട്ടിക ഇങ്ങനെ

നാളെ മുതല്‍ 20ലേറെ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; പട്ടിക ഇങ്ങനെ

ഡല്‍ഹി: നാളെ മുതല്‍ ( ജനുവരി 1) 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സ്ആപ്പ് ലഭിക്കില്ല. പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലാകും ഈ പ്രശ്‌നം നേരിടുക. അതായത് ആന്‍ഡ്രോയിഡ് 4.4 അല്ലെങ്കില്‍ കിറ്റ്കാറ്റിലും അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ്പ് സേവനം ലഭിക്കാതെ വരുന്നത്. വാട്സ്ആപ്പിനു പുറമെ മറ്റ് മെറ്റ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയും ഈ ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യില്ല.

വിപണിയിലിറങ്ങി പത്ത് വര്‍ഷത്തിലേറെയായ എല്ലാ ഫോണുകളിലും വാട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തില്ല. അഞ്ചോ ആറോ വര്‍ഷം പഴക്കമുള്ളവയില്‍ പഴയതുപോലെ തുടരാനും സാധ്യതയുണ്ട്. വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാര്‍ട്ട്ഫോണുകള്‍ ഇവയാണ്.

സാംസങ് ഗാലക്സി എസ് 3

സാംസങ് ഗാലക്സി നോട്ട് 2

സാംസങ് ഗാലക്സി എയ്സ് 3

സാംസങ് ഗാലക്സി എസ് 4 മിനി

മോട്ടോ ജി (ഫസ്റ്റ് ജെന്‍)

മോട്ടോറോള റേസര്‍ എച്ച്.ഡി

എച്ച്.ടി.സി വണ്‍ എക്സ്

എച്ച്.ടി.സി വണ്‍ എക്സ് പ്ലസ്

എച്ച്.ടി.സി ഡിസയര്‍ 500

എച്ച്.ടി.സി ഡിസയര്‍ 601

എച്ച്.ടി.സി ഒപ്റ്റിമസ് ജി

എച്ച്.ടി.സി നെക്സസ് 4

എല്‍.ജി ജി2 മിനി

എല്‍.ജി എല്‍90

സോണി എക്സ്പീരിയ ഇസഡ്

സോണി എക്സ്പീരിയ എസ്പി

സോണി എക്സ്പീരിയ ടി

സോണി എക്സ്പീരിയ വി