by Midhun HP News | Dec 27, 2024 | Latest News, കേരളം
കൊച്ചി: പുതുവത്സരത്തെ വരവേല്‍ക്കാനായി ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞ പൊലീസിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതോടെ പുതുവത്സരദിനത്തില്‍ കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞികള്‍ കത്തിക്കും.
സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടിയില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണം. വലിയ പാപ്പാഞ്ഞി കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.
ഫോർട്ടുകൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോർട്ടുകൊച്ചി നിർമ്മിക്കുന്ന 50 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിർമ്മാണം തടഞ്ഞു കൊണ്ടാണ് പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയിരുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാട്ടി പപ്പാഞ്ഞി പൊളിച്ചുമാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.
പുതുവർഷത്തിൽ ഫോർട്ടുകൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ കൊച്ചിൻ കാർണിവൽ കമ്മിറ്റിക്ക് മാത്രമാണ് അനുവാദം നൽകിയിരിക്കുന്നതെന്നും പൊലീസ് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. കൊച്ചിക്കാരുടെ പുതുവത്സര ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് പാപ്പാഞ്ഞി കത്തിക്കൽ. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാർണിവലിനോടനുബന്ധിച്ച് പ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയത്.
by Midhun HP News | Dec 27, 2024 | Latest News, ദേശീയ വാർത്ത
പുഷ്പ 2 വിന്റെ പ്രിമിയർ ഷോയ്ക്കിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അല്ലു അർജുൻ ഓൺലൈൻ വഴിയാണ് നാമ്പള്ളി മജിസ്ട്രേറ്റ് കോടയിൽ ഹാജരായത്. റിമാൻഡ് കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് അല്ലു വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.അല്ലു അർജുന്റെ വാദങ്ങളെ എതിർക്കുന്നതിനായി കുറെയധികം തെളിവുകൾ കൂടി കോടതിയിൽ ഹാജരാക്കേണ്ടതുണ്ട് ഇതിന് തിങ്കളാഴ്ചവരെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. അല്ലുവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി വരുന്ന തിങ്കളാഴ്ച എതിർക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടനെ രണ്ടര മണിക്കൂറിൽ അധികമാണ് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തത്. പൊലീസ് ഉയർത്തിയ 7 പ്രധാനചോദ്യങ്ങളിൽ ചിലതിന് അല്ലു അർജുൻ മറുപടി നൽകിയിരുന്നില്ല. അതിനിടെ അല്ലു അർജുന്റെ ബൗൺസർ ടീമിലെ അംഗമായ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഇയാൾ തീയേറ്ററിലുണ്ടായിരുന്നവരെ പിടിച്ചു തള്ളുന്നതിന്റെയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം, ആരാധകരുടെ പ്രവർത്തികളിൽ താരങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വിമർശിച്ചു. തീയേറ്ററിൽ എത്തുന്ന താരങ്ങൾക്കാകും തിരക്ക് നിയന്ത്രക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കുക.സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല, പ്രത്യേക പ്രദർശനങ്ങൾ അനുവദിക്കില്ല. സിനിമ സബ്‌സിഡി പിൻവലിച്ച തീരുമാനത്തിലും മാറ്റമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. താരങ്ങളുടെ ബൗൺസർ സംഘങ്ങളുടെ വിവരം ഇനിമുതൽ സർക്കാരിന് കൈമാറണം. ബൗൺസർ സംഘങ്ങളിൽ ഇനി സർക്കാർ നിയന്ത്രണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ നാലിനായിരുന്നു ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിൽ സംഭവം നടക്കുന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് തീയേറ്ററിൽ ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമാവുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കിൽ ഗുരുതരമായി പരുക്ക് പറ്റിയ രേവതിയുടെ മകൻ ശ്രീതേജ് നിലവിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. തുടർന്ന് തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് അല്ലുവിന് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു.
by Midhun HP News | Dec 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ഇറക്കും. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും
11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ആകെ 37 സീറ്റുകളാണുള്ളത്. എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. പകരം മുൻഭാഗത്ത് മാത്രമാണ് ഡോർ. ബസിൽ ശൗചാലയം നിലനിർത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്കും കുറച്ചു. ബംഗുളൂരു – കോഴിക്കോട് യാത്രയ്ക്ക് ഈടാക്കുക 930 രൂപയായിരിക്കും. നേരത്തെ ഇത് 1280 രൂപ ആയിരുന്നു.
സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ്സാണ് പിന്നീട് ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ സർവീസ് തുടങ്ങിയത്. മെയ് മാസം അഞ്ച് മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ 1240 രൂപ നിരക്കില്‍ സര്‍വീസ് തുടങ്ങിയത്. പുലര്‍ച്ചെ നാല് മണിക്ക് ബെംഗളുരുവിലേക്കും ഉച്ചയ്ക്ക് 2.30തിന് തിരിച്ചുമുള്ള സര്‍വീസുകളില്‍ ആദ്യം തിരക്കുണ്ടായിരുന്നെങ്കിലും പിന്നീട് ബുക്കിങ് കുറയുകയായിരുന്നു. ഉയര്‍ന്ന നിരക്കും സമയ ക്രമീകരണത്തിലെ പ്രശ്നങ്ങളുമാണ് ബുക്കിങ് കുറയുന്നതിന് കാരണമെന്ന് ജീവനക്കാർ വിലയിരുത്തിയിരുന്നു. പിന്നാലെയാണ് രൂപമാറ്റം വരുത്തി വീണ്ടും നിരത്തിലിറക്കുന്നത്. സമയമാറ്റം എങ്ങനെയെന്ന് കെഎസ്ആർടിസി പിന്നീട് അറിയിക്കും.
by Midhun HP News | Dec 27, 2024 | Latest News, കേരളം
തൃശൂർ: കൊടകരയിൽ ക്രിസ്മസ് ദിനത്തിലുണ്ടായ കത്തിക്കുത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്ത് (30), സമീപവാസി മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് (24) എന്നിവരാണു കുത്തേറ്റു മരിച്ചത്. നാലു വർഷം മുൻപത്തെ ക്രിസ്മസ് ദിനത്തിൽ വീട് കയറി ആക്രമിച്ചതിന് പകരം ചോദിക്കാനായി എത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്.
4 വർഷം മുൻപ് ക്രിസ്മസ് ദിനത്തിലാണ് അക്രമസംഭവങ്ങളുടെ തുടക്കം. അന്നുണ്ടായ അക്രമണത്തിൽ വിവേകിനെ സുജിത്ത് കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് വിവേക്, സുഹൃത്തുക്കളായ അഭിഷേക്, ഹരീഷ് എന്നിവർക്കൊപ്പം സുജിത്തിന്റെ വീട് ആക്രമിച്ചത്.
11.30ന് സുജിത്തിന്റെ വീട്ടിൽ എത്തിയ സംഘം ആദ്യം ആക്രമിച്ചത് സുജിത്തിനെയാണ്. ഏറ്റുമുട്ടലിനിടെ അഭിഷേകിനും കുത്തേറ്റു. കുത്തേറ്റ വിവേകിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജിത്തിന്റെ സഹോദരൻ സുധീഷിനും പരിക്കുണ്ട്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
by Midhun HP News | Dec 27, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് ചോറ് ഇവിടെയും കുറ് അവിടെയും ഉള്ള ആളാണെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍ കുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് മേയര്‍ ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ച ഇടതുമുന്നണി മേയറാണ് അദ്ദേഹം. ഇടതുമുന്നണിയുടെ ചെലവില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിനോട് വ്യക്തിപരമായും രാഷ്ട്രീയമായും യോജിക്കാനാവില്ലെന്ന് സുനില്‍ കുമാര്‍ പറഞ്ഞു
‘ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കൈയില്‍ നിന്നും കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണ്. സുരേന്ദ്രന്‍ കേക്ക് കൊടുത്തതിനെ താന്‍ കുറ്റം പറയില്ല. കേരളത്തില്‍ ഒരുപാട് മേയര്‍മാര്‍ ഉണ്ടായിട്ടും തൃശൂര്‍ മേയര്‍ക്ക് മാത്രമാണ് കേക്ക് കൊടുത്തത്. വഴി തെറ്റി വന്ന് കൊത്തതല്ല. കേക്ക് സ്വീകരിച്ചതില്‍ എനിക്ക് ഒരു അത്ഭുതവും തോന്നിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ച ഇടതുമുന്നണി മേയറാണ് അദ്ദേഹം. ഇടതുമുന്നണിയുടെ ചെലവില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിനോട് വ്യക്തിപരമായും രാഷ്ട്രീയ പരമായും യോജിക്കാനാവില്ല’- സുനില്‍ കുമാര്‍ പറഞ്ഞു.
ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എംകെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തിയത്. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്‌നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നും കെ സുരേന്ദ്രന്‍റെ സന്ദര്‍ശനത്തിന് ശേഷം എംകെ വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ക്രിസ്മസ് ദിവസം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്‌നേഹത്തിന്റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നും വര്‍ഗീസ് പറഞ്ഞിരുന്നു.
by Midhun HP News | Dec 27, 2024 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ ജാമ്യ അപേക്ഷയുമായി അല്ലു അർജുൻ കോടതിയെ സമീപിച്ചു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബർ 13 ന് നടനെ വസതിയിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തെലങ്കാന ഹൈക്കോടതി അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷ റദ്ദാക്കാൻ പൊലീസ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു.
തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. സംഭവത്തിൽ അല്ലു അർജുന്റെ ബൗൺസറായ ആന്റണി അറസ്റ്റിലായിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂർണമായും ബൗൺസർമാർ ഏറ്റെടുത്തിരുന്നു.
സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അർജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചന. ഇടുങ്ങിയ ഗേറ്റിലൂടെ ആളുകൾ തിക്കിത്തിരക്കുന്ന ദൃശ്യങ്ങളും അല്ലു അർജുന്റെ ബൗൺസർമാർ ആളുകളെ മർദിക്കുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്.
Recent Comments