തൃശൂരില്‍ ഇന്ന് ഗതാഗതനിയന്ത്രണം, ഡ്രോണ്‍ ചിത്രീകരണത്തിന് നിരോധനം

തൃശൂരില്‍ ഇന്ന് ഗതാഗതനിയന്ത്രണം, ഡ്രോണ്‍ ചിത്രീകരണത്തിന് നിരോധനം

തൃശൂര്‍: അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന ബോണ്‍ നതാലെ ഇന്ന് തൃശൂര്‍ നഗരത്തെ ചുവപ്പണിയിക്കും. വിവിധ ഇടവകകളില്‍ നിന്നായുള്ള 15,000 പാപ്പമാര്‍ നഗരം നിറയും. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ബോണ്‍ നതാലെ നടത്തുന്നത്. ബോണ്‍ നതാലെയോടനുബന്ധിച്ച് ഇന്ന് തൃശൂരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തൃശൂര്‍ നഗരപ്രദേശങ്ങളിലും സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സുരക്ഷാനിയന്ത്രണങ്ങളോട് അനുബന്ധിച്ച് 27ന് രാവിലെ എട്ട് മണി മുതല്‍ 28ന് രാവിലെ എട്ട് മണിവരെ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങള്‍ താല്‍ക്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി ഇളങ്കോ ആര്‍പിഎസ് പറഞ്ഞു. ഈ മേഖലകളില്‍ ഡ്രോണ്‍ കാമറകളുടെ ചിത്രീകരണം പൂര്‍ണമായും നിരോധിച്ചു.

ഡ്രോണ്‍ കാമറകളുടെ ഉപയോഗം പൊതുജന സുരക്ഷയെ ബാധിക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് 2021ലെ ഡ്രോണ്‍ റൂളിലെ റൂള്‍ 24(2) പ്രകാരം ഡ്രോണ്‍ നിരോധനം ഏര്‍പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക മേഖലയിലെ ഡ്രോണ്‍ നിയന്ത്രിക്കുന്നതിനായി ആ മേഖലയെ താല്‍ക്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുകയാണ് ഈ റൂള്‍ പ്രകാരം ചെയ്യുന്നത്. ഏതെങ്കിലും തരത്തില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐ പി എസ് വ്യക്തമാക്കി.

ബോണ്‍ നതാലെയില്‍ 60 അടിയോളം നീളമുള്ള ചലിക്കുന്ന എല്‍ഇഡി ഏദന്‍തോട്ടമാണ് ഇത്തവണത്തെ പ്രത്യേകത. വിവിധ ഇടവകകളിലെ യുവജനങ്ങള്‍ തയ്യാറാക്കുന്ന 21 നിശ്ചലദൃശ്യങ്ങളും ഇത്തവണ ഘോഷയാത്രയെ ആകര്‍ഷകമാക്കും. സെന്റ് തോമസ് കോളേജ് റോഡ് പരിസരത്തുനിന്ന് വൈകീട്ട് മൂന്നിനാണ് നതാലെ ആരംഭിക്കുന്നത്.

മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു: പ്രധാനമന്ത്രി

മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സമുന്നതരായ നേതാക്കളില്‍ ഒരാളായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു എന്ന് മോദി എക്‌സില്‍ കുറിച്ചു.

‘എളിയ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ദ്ധനായി ഉയര്‍ന്നു. ധനമന്ത്രിയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. വര്‍ഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഉള്‍ക്കാഴ്ചയുള്ളവയായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴും ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹവുമായി പതിവായി ആശയവിനിമയം നടത്തിയിരുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തുമായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനവും വിനയവും എപ്പോഴും ദൃശ്യമായിരുന്നു. ദുഃഖത്തിന്റെ ഈ മണിക്കൂറില്‍ മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തോടും, അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും, എണ്ണമറ്റ ആരാധകരോടും എന്റെ ചിന്തകള്‍ പങ്കുചേരുന്നു. ഓം ശാന്തി’- മോദി എക്‌സില്‍ കുറിച്ചു.

കെമിക്കൽ ഫാക്ടറിയുടെ കെട്ടിടത്തിൽ വൻ തീപിടിത്തം; കെട്ടിടം പൂർണമായി തകർന്നു

കെമിക്കൽ ഫാക്ടറിയുടെ കെട്ടിടത്തിൽ വൻ തീപിടിത്തം; കെട്ടിടം പൂർണമായി തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിത്തം. ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. സാനിറ്ററി വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാപനത്തിലുണ്ടായിരുന്ന 8 തൊഴിലാളികൾ ഓടി രക്ഷപെട്ടു. 5 യൂണിറ്റ് ഫയർഫോഴ്സാണ് തീയണക്കാൻ എത്തിയത്. തീ നിയന്ത്രണ വിധേയമായതായാണ് വിവരം.

‘മൻമോഹൻ സിങിന്റെ അഭാവം ജനാധിപത്യ ഇന്ത്യയുടെ വലിയ നഷ്ടം’; മുഖ്യമന്ത്രി

‘മൻമോഹൻ സിങിന്റെ അഭാവം ജനാധിപത്യ ഇന്ത്യയുടെ വലിയ നഷ്ടം’; മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നരസിംഹറാവു ഗവണ്മന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിങിനുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ മൻമോഹൻ സിങ്. തന്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ പരക്കെ ആദരിക്കപ്പെട്ട ഡോ മൻമോഹൻ സിങ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുൻപ് റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവാദിത്തവും നിർവഹിക്കുകയുണ്ടായി.

നരസിംഹറാവു ഗവണ്മന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിങിനുണ്ടായിരുന്നു.

അൽപ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ അന്തർദ്ദേശീയ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രയത്നിച്ചു. ഡോ മൻമോഹൻ സിങിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. മൻമോഹൻ സിങിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 116 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 116 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ 116 സര്‍ക്കാര്‍ ജീവനക്കാരെ കൂടി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. റവന്യു, സര്‍വേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് സസ്‌പെന്‍ഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും.

മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും അറ്റന്‍ഡര്‍മാരും മുതല്‍ വെറ്ററിനറി സര്‍ജന്‍ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശ ഉള്‍പ്പെടെ 24,97,116 രൂപയാണ് ഇവരില്‍നിന്ന് തിരിച്ചുപിടിക്കുക. ക്ഷീരവികസന വകുപ്പില്‍ പാര്‍ട്ട്‌ടൈം സ്വീപ്പര്‍, ക്ലീനര്‍, ക്ലര്‍ക്ക് തസ്തികകളിലെ നാല് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

റവന്യു വകുപ്പില്‍ ക്ലര്‍ക്ക്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളിലായി 34 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സര്‍വേ വകുപ്പില്‍ സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന നാലു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇവര്‍ അനര്‍ഹമായി കൈപ്പറ്റിയത് ആകെ 10,46,400 രൂപയാണ്.

വിവിധ വകുപ്പുകളിലായുള്ള 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് ധനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെയുള്ള നടപടികള്‍ അതത് വകുപ്പുകള്‍ ആരംഭിച്ചത്. മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു.

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.