ന്യൂഡല്‍ഹി- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍: റിസര്‍വേഷന്‍ ഇന്നുമുതല്‍

ന്യൂഡല്‍ഹി- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍: റിസര്‍വേഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര തിരക്ക് പരിഗണിച്ച് അനുവദിച്ച ന്യൂഡല്‍ഹി- തിരുവനന്തപുരം സെഷല്‍ ട്രെയിനിന്റെ റിസര്‍വേഷന്‍ ഇന്നു മുതല്‍. രാവിലെ എട്ടിന് ബുക്കിങ് ആരംഭിച്ചു. ന്യൂഡല്‍ഹി ഹസ്രത് നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

നിസാമുദ്ദീന്‍- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ( നമ്പര്‍ 04082) ട്രെയിന്‍ 28 ന് വൈകീട്ട് 7.20 ന് നിസാമുദ്ദീനില്‍ നിന്നും പുറപ്പെടും. 30 ന് വൈകീട്ട് 7.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്കുള്ള ട്രെയിന്‍ 31 ന് രാവിലെ 7.50 ന് പുറപ്പെടും.

ജനുവരി 2 ന് രാവിലെ 6.45 ന് നിസാമുദ്ദീനില്‍ എത്തിച്ചേരും. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടാകും. അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഉള്ളത്.

50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; മലപ്പുറം സ്വദേശികള്‍ പിടിയില്‍

50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; മലപ്പുറം സ്വദേശികള്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്.

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; വൈകീട്ട് ദീപാരാധന

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; വൈകീട്ട് ദീപാരാധന

പത്തനംതിട്ട: ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തി വിടുന്നതില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ മാസം 22 ന് ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ഉച്ചയോടെ പമ്പയില്‍ എത്തും. ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന് ചാര്‍ത്താന്‍ ഘോഷയാത്രയായി കൊണ്ടുവരുന്നത്. പമ്പയില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകീട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണമുണ്ട്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തീര്‍ഥാടകരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചപൂജയ്ക്കു ശേഷം അടയ്ക്കുന്ന നട അഞ്ചുമണിക്ക് മാത്രമേ തുറക്കൂ. ദീപാരാധനയ്ക്കു ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദര്‍ശനം അനുവദിക്കും.

26ന് പകൽ 12 മുതൽ 12.30 വരെയാണ് മണ്ഡലപൂജ. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകീട്ട് നാലിന് തുറക്കും. മണ്ഡല മകരവിളക്ക് ദിവസങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

സ്വര്‍ണവില കൂടി; 57,000ല്‍ താഴെ തന്നെ

സ്വര്‍ണവില കൂടി; 57,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കൂടിയത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

വിദ്യാര്‍ഥി കിണറിൽ വീണു മരിച്ചനിലയില്‍

വിദ്യാര്‍ഥി കിണറിൽ വീണു മരിച്ചനിലയില്‍

മലപ്പുറം: തിരുവാലിയില്‍ വിദ്യാര്‍ഥി കിണറിൽ വീണു മരിച്ച നിലയില്‍. പത്തിരിയാല്‍ മേലങ്ങാടി പൈക്കാടിക്കുന്ന് മണ്ണൂര്‍ക്കര ബാബുമോന്റെ മകന്‍ അശ്വിനാണു (17) മരിച്ചത്. സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ അശ്വിന്‍ അബദ്ധത്തില്‍ കിണറില്‍ കാല്‍വഴുതി വീണതാകാമെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ വൈകീട്ട് 5.30നാണു സംഭവം. അശ്വിന്റെ സുഹൃത്തിന്റെ ബന്ധുക്കള്‍ വീട്ടിലില്ലാത്ത സമയത്ത് അവിടെയുണ്ടായിരുന്ന വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാനായി കൂട്ടുകാരോടൊപ്പം പോയതായിരുന്നു അശ്വിന്‍. അശ്വിന്‍ കിണറില്‍ വീണതിന് പിന്നാലെ കൂട്ടുകാര്‍ ബഹളം വച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ അശ്വിനെ കിണറ്റില്‍നിന്ന് പുറത്തെടുത്തു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വണ്ടൂരിലെ സ്വകാര്യ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍; മഞ്ഞണിഞ്ഞ് മൂന്നാര്‍

താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍; മഞ്ഞണിഞ്ഞ് മൂന്നാര്‍

മൂന്നാര്‍: തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലാണ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.

സൈലന്റ് വാലി, കുണ്ടള, ലക്ഷ്മി, മൂന്നാര്‍ ടൗണ്‍, ദേവികുളം ഒഡികെ, കന്നിമല തുടങ്ങിയ പ്രദേശങ്ങളില്‍ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മാട്ടുപ്പെട്ടി ആര്‍ ആന്‍ഡ് ഡിയില്‍ മൂന്ന് ഡിഗ്രി, രാജമല – ഏഴു ഡിഗ്രി, തെന്മല -8 ഡിഗ്രി എന്നിങ്ങിനെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മിക്കയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി. കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയില്‍ താപനില കുറഞ്ഞ് മൈനസ് രണ്ട് വരെ എത്തിയിരുന്നു. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.