by Midhun HP News | Dec 23, 2024 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടില്‍ കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി. മുന്‍ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായി കെ റഫീക്ക് സിപിഎം നേതൃസ്ഥാനത്തേക്ക് എത്തിയത്. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും ഒരുവിഭാഗം ഗഗാറിനെതിരെ ആയുധമാക്കിയിരുന്നു.
ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത 27 അംഗ കമ്മറ്റിയില്‍ അഞ്ച് പുതുമുഖങ്ങള്‍ ഉണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ 36കാരനായ റഫീക്ക് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറിയാണ്.
by Midhun HP News | Dec 23, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ലീഡർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് വക്കംജി സ്ക്വയറിൽ നടന്ന കെ. കരുണാകരൻ അനുസ്മരണം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ഭരണാധികാരി എന്ന നിലയിലും സംഘാടകൻ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത് എന്ന് ഉദ്ഘാടകൻ സൂചിപ്പിച്ചു. തുടർന്ന് ലീഡറുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർപ്പണം നടന്നു.ലീഡർ സാംസ്‌കാരിക വേദിയുടെ സെക്രട്ടറി എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ, ലീഡർ സാംസ്‌കാരിക വേദി പ്രസിഡന്റ് കെ. കൃഷ്ണമൂർത്തി, ശാസ്തവട്ടം രാജേന്ദ്രൻ, നാസർ പള്ളിമുക്ക്, സലിം പാണന്റെ മുക്ക്, ആലംകോട് സഫീർ,അസിസ് ചാത്തൻപാറ എന്നിവർ സംസാരിച്ചു.
by Midhun HP News | Dec 23, 2024 | Latest News, കേരളം
തൃശൂര്‍: അഞ്ചേരിയില്‍ രണ്ടരവര്‍ഷമായി വീട്ടുകാരെ ഭീതിപ്പെടുത്തി ‘വിലസുകയായിരുന്ന’ കൂറ്റന്‍ മൂര്‍ഖനെ സാഹസികമായി പിടികൂടി. കോണ്‍ക്രീറ്റ് സ്ലാബിനടിയിലെ പൊത്തില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. പതിനഞ്ചുവര്‍ഷമായി പാമ്പുപിടുത്തം തുടരുന്ന വനംവകുപ്പിന്റെ സ്നേക്ക് റെസ്‌ക്യൂവര്‍ ജോജു മുക്കാട്ടുകരയാണ് വീട്ടുകാരുടെ രക്ഷയ്‌ക്കെത്തിയത്. ഇത്രയും വലിപ്പമുള്ള ഒരു മൂര്‍ഖനെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു മുക്കാട്ടുകര പറഞ്ഞു.
കഴിഞ്ഞ ദിവസം അഞ്ചേരിയിലെ ഒരു വീട്ടിലാണ് സംഭവം. വീടിന് പിറകിലെ ആളനക്കമില്ലാതെ കിടന്നിരുന്ന ഷെഡ്ഡിന്റെ പരിസരത്ത് പൊത്തിലായിരുന്നു ഇതിന്റെ വാസം. പാമ്പിന്റെ ഉറയൂരിക്കിടക്കുന്നതുകണ്ട വീട്ടുകാര്‍ ജോജുവിനെ വിളിച്ചുവരുത്തുകയായിരുന്നു.
കോണ്‍ക്രീറ്റ് സ്ലാബിനടിയിലെ പൊത്തില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. നാളിതുവരേയുള്ള അനുഭവത്തില്‍ ഇത്രയും നീളവും ഭാരവുമുള്ള മൂര്‍ഖനെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു പറയുന്നു. കുതിച്ചുചാടിയ മൂര്‍ഖനെ ഏറെ പാടുപെട്ടാണ് സഞ്ചിയിലാക്കിയത്. ഇതിനെ പിന്നീട് കാട്ടില്‍ വിട്ടയച്ചു.
by Midhun HP News | Dec 23, 2024 | Latest News, കേരളം
ആലപ്പഴ: ചെങ്ങന്നൂര്‍ ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിന്‍ നിര്‍ത്താതെ പോയി. ഇന്നുമുതല്‍ സ്റ്റോപ്പ് അനുവദിച്ച കൊല്ലം – എറണാകുളം മെമു ട്രെയിന്‍ ആണ് ചെറിയനാട് നിര്‍ത്താതെ പോയത്.
രാവിലെ ട്രെയിനിനെ സ്വീകരിക്കാന്‍ എംപി കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സ്റ്റേഷനില്‍ എത്തിയിരുന്നു, ട്രെയിന്‍ നിര്‍ത്താതെ പോയതോടെ നേതാക്കളും യാത്രക്കാരും നാട്ടുകാരും നിരാശരായി മടങ്ങി.
ലോക്കോ പൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിന്‍ നിര്‍ത്താതെ പോകാന്‍ കാരണമെന്നാണ് വിവരം. തിരികെ 11.50ന് എത്തുമ്പോള്‍ സ്വീകരണം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
by Midhun HP News | Dec 23, 2024 | Latest News, കേരളം
പത്തനംതിട്ട: ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കോന്നി ആവണിപ്പാറ സ്വദേശിയായ 20കാരിയാണ് ജീപ്പില്‍ പ്രസവിച്ചത്. വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ ജീപ്പില്‍ കോന്നി താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് യുവതി പ്രസവിച്ചത്.
പ്രസവ വേദനയുണ്ടായതോടെ യുവതിയുടെ ബന്ധുക്കള്‍ ട്രൈബല്‍ പ്രമോട്ടര്‍ ഹരിതയെ വിവരമറിയിച്ചു. ഇവരെത്തി യുവതിയെ ജീപ്പില്‍ കല്ലേലി-ആവണിപ്പാറ വനപാതിയിലൂടെ കോന്നിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് മണ്ണാറപ്പാറ ഭാഗത്തുവെച്ച് പ്രസവിച്ചത്. കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക സജീദയും കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയുമായ മകളുമാണ് പ്രസവ സമയത്ത് യുവതിയെ പരിചരിച്ചത്.
തുടര്‍ന്ന് കോന്നി മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സ് എത്തിച്ച് ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ സുഖമായിരിക്കുന്നുവെന്ന് സജീദ പറഞ്ഞു
by Midhun HP News | Dec 23, 2024 | Latest News, ജില്ലാ വാർത്ത
നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി ഓഫിസിൽ യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിലൂടെ വൻ തുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
ജോയിന്റ് ആർ.ടി. ഓഫീസിലും പരിസരത്തിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജോയിന്റ് ആർ.ടി.ഒ യുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയിൽ നിന്നും 3,500 രൂപ വിജിലൻസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുകകൾ ജോയിന്റ് ആർ.ടി.ഒ ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായും ഇത്തരത്തിൽ ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി. നെയ്യാറ്റിൻകര സബ് ആർ.ടി ഓഫീസിൽ നിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങൾ ഒന്നും തന്നെ കൈക്കൂലി നൽകാതെ ലഭിക്കുന്നില്ലെന്ന് പലതവണ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് തുടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.
Recent Comments