‘വരുന്നു പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ നിരീക്ഷണം’

‘വരുന്നു പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ നിരീക്ഷണം’

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കുക അത്ര എളുപ്പമായിരിക്കില്ല. റോഡപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തുന്നു. ഈ കാലയളവില്‍ ഡ്രൈവിങ് സംബന്ധമായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്ക് നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യുകയും പിന്നീട് ലേണേഴ്‌സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും ആദ്യം മുതല്‍ നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി. റോഡ് അപകടങ്ങള്‍ താരതമ്യേന കുറവായ ബ്രിട്ടനിലെ രീതി സംസ്ഥാനത്ത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

അപകടങ്ങള്‍ കുറയ്ക്കുന്നതിനാനായുള്ള വിപുലമായ മാറ്റങ്ങളുടെ ഭാഗമാണ് പ്രൊബേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി നാഗരാജു ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്‌നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുന്നതിന് പുറമേയാണിത്. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ കൂടുതലായിരിക്കും. ലേണേഴ്സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഞങ്ങള്‍ മാറ്റം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷ്ണു വധം; മുഖ്യപ്രതി ഓട്ടോ ജയന്‍ പിടിയിൽ

വിഷ്ണു വധം; മുഖ്യപ്രതി ഓട്ടോ ജയന്‍ പിടിയിൽ

ചിറയിന്‍കീഴ്: കടയ്ക്കാവൂര്‍ സ്വദേശിയായ വിഷ്ണു (26), ചിറയിന്‍കീഴ് ആനത്തലവട്ടം ചൂണ്ടക്കടവില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി ഓട്ടോ ജയന്‍ പിടിയിലായി. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇയാൾ ഒരു മാസത്തിനുശേഷമാണ് പിടിയിലാകുന്നത്. തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ അതി വിദഗ്ധമായാണ് പോലീസ് കുടുക്കിയത്.

മൊബൈൽ ഫോൺ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന ജയനെ കണ്ടെത്തുക ദുഷ്കരമായിരുന്നു. സിസിടീവീ കേന്ദ്രീകരിച്ചും നിരവധി പേരെ ചോദ്യം ചെയ്തുമാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. റൂറല്‍ എസ്.പിയുടെ ഷാഡോ സംഘവും ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ അന്വേഷണ സംഘവും പല ടീമുകളാണ് തിരിഞ്ഞാണ് പ്രതിയ്ക്കായി തിരച്ചില്‍ നടത്തിയത്.

ജയന്റെ ഒരു അകന്ന ബന്ധുവിൽ നിന്നും ലഭിച്ച വിവരമാണ് ജയനെ പിടികൂടാൻ പോലീസിന് തുമ്പായത്. കഴിഞ്ഞ നാല് ദിവസമായി പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തി ആസൂത്രിതമായി പിടിക്കുകയായിരുന്നു. പ്രതിയെ ഞായറാഴ്ച രാത്രിയോടെ കേരളത്തിൽ എത്തിക്കും. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ജയന്റെ കൂട്ടാളിയായ മാമം സ്വദേശിയെ അന്നേദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൂണ്ടയിട്ട് പിടിച്ച മീനിന്റെ വിലയെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിദേശത്തുനിന്നും നാട്ടിലെത്തിയ വിഷ്ണു സുഹൃത്തുക്കളുമൊത്താണ് ആനത്തലവട്ടത്തിന് സമീപം വാമനപുരം ആറിന്റെ തീരമായ ചൂണ്ടക്കടവിലെത്തിയത്.

എസ് പ്രസന്നൻ (60) അന്തരിച്ചു

എസ് പ്രസന്നൻ (60) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി പ്ലാവിള വീട്ടിൽ (വി.വി.പി.എസ്:136) എസ് പ്രസന്നൻ (60) അന്തരിച്ചു.

ഭാര്യ: പരേതയായ കമലാദേവി എസ്.
മക്കൾ: കെ.പി പ്രസീത (കെ.എസ്.എഫ് .ഇ മെഡിക്കൽ കോളേജ് ഈവനിംഗ് ബ്രാഞ്ച്), കെ.പി പ്രീതി.
മരുമക്കൾ: ഷാബു കെ (ഹെഡ് ലോഡ് സി.ഐ.റ്റി.യു), എൻ നൗഫൽ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്

എസ്എഫ്‌ഐഒ അന്വേഷണം: സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

എസ്എഫ്‌ഐഒ അന്വേഷണം: സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

ഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആര്‍എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു. എക്‌സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്‌ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആര്‍എല്‍ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്റെ അപേക്ഷയിലും വാദം കേള്‍ക്കും.

കേസില്‍ സ്വതന്ത്ര അന്വേഷണമാണ് നടക്കുന്നതെന്നും ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷണന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ എസ്എഫ്‌ഐഒ നേരത്തെ വ്യക്തമാക്കിയിരുന്നു.തങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നുമായിരുന്നു എസ്എഫ്‌ഐഒ വ്യക്തമാക്കിയത്. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് സിഎംആര്‍എല്ലും ആവശ്യപ്പെട്ടിരുന്നു.

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഒരു ഗഡുപെന്‍ഷനാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രൂപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനമാണ് കണ്ടെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 400 കോടിയോളം രൂപ ഒക്ടോബര്‍ വരെ കുടിശികയുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

പൊലീസ് തലപ്പത്ത് വീണ്ടും പോര്; ‘അജിത് കുമാര്‍ കള്ളമൊഴി നല്‍കി’

പൊലീസ് തലപ്പത്ത് വീണ്ടും പോര്; ‘അജിത് കുമാര്‍ കള്ളമൊഴി നല്‍കി’

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്റെ പരാതി. തനിക്ക് കരിപ്പൂരിലെ സ്വര്‍ണ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസ് എടുക്കണമെന്നും വിജയന്‍ ഡിജിപി എസ് ദര്‍വേഷ് സാഹിബിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടതായാണ് വിവരം.

സാധാരണ നിലയില്‍ ഡിജിപിക്കുതന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന 2 മുതിര്‍ന്ന ഓഫീസര്‍മാര്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പിന് കൈമാറി.

നേരത്തെ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് വിജയന്‍. കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതികളെ പിടികൂടി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ യാത്രാവിവരം ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നായിരുന്നു അജിത്തിന്റെ റിപ്പോര്‍ട്ട്. കേരള പൊലിസിലെ തീവ്രവാദവിരുദ്ധ സേനയുടെ തലവനായ വിജയനെ 2023ല്‍ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പി വിജയന്റെ റിപ്പോര്‍ട്ട് തള്ളി. സര്‍വീസില്‍ തിരിച്ചെത്തിയ വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

പിവി അന്‍വര്‍ വിവാദത്തില്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതോടെയുണ്ടായ അഴിച്ചുപണിയില്‍ വിജയന്‍ ഇന്റലിജന്‍സ് മേധാവിയായി.