by Midhun HP News | Dec 19, 2024 | Latest News, കേരളം
കൊച്ചി: തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ പഴയ കെട്ടിടമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കുട്ടികള്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍അപകടം ഒഴിവായി. തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ആയ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. നാലുവര്‍ഷം മുന്‍പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതതിനെ തുടര്‍ന്ന് സകൂള്‍ അവിടേയ്ക്ക് മാറ്റി. നിലവില്‍ അങ്കണവാടിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കാലപഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
നാളെ ഈ കെട്ടിടത്തില്‍ വച്ച് അങ്കണവാടി കുട്ടികള്‍ക്കായി ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനിരുന്നതാണ്. അതിന് മുന്‍പാണ് കെട്ടിടം തകര്‍ന്നുവീണത്. കുട്ടികള്‍ എത്തുന്നതിന് മുന്‍പ് മേല്‍ക്കൂര തകര്‍ന്നുവീണത് വന്‍ദുരന്തം ഒഴിവാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.
by Midhun HP News | Dec 19, 2024 | Latest News, കേരളം
ശബരിമല: മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി തീര്‍ഥാടകര്‍ക്കു ഭീഷണിയായ 135 പാമ്പുകളെ പിടികൂടി വനംവകുപ്പ്. ചൊവ്വാഴ്ച മാത്രം നാലു പാമ്പുകളെയാണ് പിടികൂടിയത്.
കരിമൂര്‍ഖന്‍, അണലി, ശംഖുവരയന്‍, പച്ചില പാമ്പ്, ചേര, ചട്ടിത്തലയന്‍, നാഗത്താന്‍ തുടങ്ങിയ പാമ്പുകളാണ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്. ചൊവ്വാഴ്ച ചേര, ചട്ടിത്തലയന്‍, നാഗത്താന്‍, പച്ചില പാമ്പ് എന്നിവയെയാണ് പിടികൂടിയത്. പമ്പയില്‍ പിടിച്ച പാമ്പുകളുടെ കൂട്ടത്തില്‍ രാജവെമ്പാലയുമുണ്ട്. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ പരിശീലനം ലഭിച്ച മൂന്ന് പാമ്പുപിടിത്തക്കാര്‍ ഉണ്ട്. സന്നിധാനത്ത് അഭിനേഷ് , ബൈജു, മരക്കൂട്ടത്ത് വിശാല്‍ എന്നിവരാണുള്ളത്. വന്യമൃഗങ്ങള്‍ക്കു തീര്‍ഥാടകര്‍ ഭക്ഷണം നല്‍കരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു.
by Midhun HP News | Dec 19, 2024 | Latest News, കേരളം
കൊച്ചി: എറണാകുളം വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടു എന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. വൃദ്ധയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പാലാരിവട്ടം പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
by Midhun HP News | Dec 19, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഹര്‍ജി നല്‍കിയത്. ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഹൈക്കോടതി ഉത്തരവു പ്രകാരം ആന എഴുന്നള്ളിപ്പ് നടത്താനാകില്ലെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടില്ല. അധികാര പരിധിയും കടന്ന് ഹൈക്കോടതി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരം നടത്തുന്ന മേഖലയിലെ സ്ഥലപരിമിതി പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ഹൈക്കോടതി നിലപാടെടുത്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സ്വദേശികളും വിദേശികളുമായി 5 ലക്ഷത്തിലധികം പേര്‍ വരുന്ന പൂരമാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ അനുഭവിച്ചറിയുക കൂടിയാണ് കാഴ്ചക്കാരുടെ ലക്ഷ്യം. ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
by Midhun HP News | Dec 19, 2024 | Latest News, കേരളം
തൊടുപുഴ: കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിൽ കട നടത്തിപ്പുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. സംഭവത്തിൽ 5 പേർ അറസ്റ്റിലായി.
ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാർ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വദേശി കെഎ മുഹമ്മദിനാണ് (29) പരിക്കേറ്റത്. മുഹമ്മദ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.അടുത്തടുത്ത് കടകൾ നടത്തുന്നവർ തമ്മിൽ നാളുകളായി തുടരുന്ന തർക്കമാണ് അടിയിൽ കലാശിച്ചത്. പുല്ലുപാറ സ്വദേശികളായ ഷാജി (55), മകൻ അർജുനൻ (20), സുജിത്ത് (38), സഹോദരൻ സുജിൽ (34), പ്രദേശവാസിയായ ജുബി ജോയ് (31) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി.
by Midhun HP News | Dec 19, 2024 | Latest News, കേരളം
കോഴിക്കോട് : വടകര അഴിയൂരില്‍ ഒമ്പതു വയസുകാരിയെ വാഹനം ഇടിച്ച കേസിലെ പ്രതി ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വാഹനം ഇടിച്ച ദൃഷാന ഇപ്പോഴും അബോധാവസ്ഥയിലാണ്.
പ്രതിയായ ഷജീല്‍ വിദേശത്തു നിന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് ചോറോട് വച്ച് ഷജീല്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശ്ശിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദൃഷാന ഇന്നും അബോധാവസ്ഥയില്‍ തുടരുകയാണ്. അപകടമുണ്ടായിട്ടും നിര്‍ത്താതെ കടന്നുകളഞ്ഞ ഷജീല്‍, പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്തു. പത്ത് മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. നഷ്ട പരിഹാരത്തിനായി പ്രതി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തു. അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു. അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്തു കൊണ്ടു പൊലീസ് കോടതിയില്‍ ഉന്നയിച്ചത്. വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
Recent Comments