നടി മീന ഗണേഷ് അന്തരിച്ചു

നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട്: സിനിമാ- നാടക നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 200 ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നാടക രംഗത്ത് സജീവമായിരുന്ന മീന ഗണേഷ് 1976 ല്‍ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. 1991ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ സജീവമായത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളിലെ മീനയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷാണ് ഭര്‍ത്താവ്. സീരിയല്‍ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷിക്കാനുള്ള ഉത്തരവിനെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷിക്കാനുള്ള ഉത്തരവിനെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബഞ്ചാണ് ഹർ​ജി പരി​ഗണിക്കുന്നത്.

നിർമാതാവ് സജിമോൻ പാറയിലാണ് ​ഹർജി സമർപ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരി​ഗണിക്കവേ ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള കേസുകളിൽ മൊഴി കൊടുക്കാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും ഇന്നു പരി​ഗണിക്കുന്നുണ്ട്. 32 കേസുകളുകളിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നു നേരത്തെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കേസുകളിലെ അന്വേഷണ പുരോ​ഗതി കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിക്കും. ‌

അതിജീവിതമാർ നേരിടുന്ന ഭീഷണിയുമായി ബന്ധപ്പെട്ട പരാതികളിൽ നോ‍ഡൽ ഓഫീസറെ നിയമിക്കുന്നതിലെ പുരോ​ഗതിയും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജികൾ പരി​ഗണിക്കുന്നത്.

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു; വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തൊടുപുഴ: ഇടുക്കി തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. 12ലധികം ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം.

അ​ഗ്നിബാധയിൽ കട പൂർണമായും കത്തി നശിച്ചു. തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും പടർന്നു. അ​ഗ്നിശമന സേനയെത്തി തീയണച്ചു. തങ്കമണി കല്ലുവിള പുത്തൻ വീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 5.50ഓടെയാണ് അ​ഗ്നിബാധ. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പാചക വാതക സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നതാണ് വൻ തീപിടിത്തത്തിനു ഇടയാക്കിയത്.

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ അതാത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ലഭ്യമാക്കണം. രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യമോ ഡോക്ടര്‍മാരോ ഇല്ലെങ്കില്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടൂള്ളൂവെന്നും നിര്‍ദേശത്തില്‍ പറയുന്നു. മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശം.

ഓരോ ആശുപത്രിയുടേയും റഫറല്‍ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ ആശുപത്രികളും സൗകര്യങ്ങള്‍ പൂര്‍ണമായി വിനിയോഗിച്ച് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാന്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു

ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂർ: ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്. പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപൂട്ടി ഡയറക്ടർ സുലഭയാണ് ഭാര്യ. ഒറ്റപ്പാലം കണ്ണിയംപുറത്ത് ജെ കെ നഗറിൽ തെക്കും പുറത്തെ വീട്ടിൽ പരേതനായ രാമകുമാറിൻ്റേയും സ്വർണ്ണ കുമാരിയുടേയും മകനാണ്. സഹോദരൻ ശശികുമാർ( അസി. ഡയറക്ടർ, എൻ എസ് ഒ, കോയമ്പത്തൂർ).

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുകയും അതിന്റെ 18 ശതമാനം പലിശയും അടയ്ക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കാസര്‍കോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് 2, സാജിത.കെ.എ, പത്തനംതിട്ട ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജി. ഷീജാകുമാരി. വടകര ഓഫീസിലെ വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്ക് മന്‍സില്‍, മീനങ്ങാടി ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ പി. ഭാര്‍ഗവി, മീനങ്ങലാടിയിലെ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ കെ. ലീല, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജെ. രജനി എന്നിവര്‍ക്കെതിരെയാണ് നടപടി.

ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ പെൻഷൻ കൈപ്പറ്റുന്നത്‌. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടുന്നുണ്ട്. കോളജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാർ, ഹയർ സെക്കന്‍ഡറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു.

ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌- 224. മാസാമാസം 23 ലക്ഷത്തിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.