ഗാബ ടെസ്റ്റില്‍ ഓസീസ് 445 റണ്‍സിന് പുറത്ത്; ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി; മൂന്ന് വിക്കറ്റ് നഷ്ടം

ഗാബ ടെസ്റ്റില്‍ ഓസീസ് 445 റണ്‍സിന് പുറത്ത്; ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി; മൂന്ന് വിക്കറ്റ് നഷ്ടം

ബ്രിസ്‌ബെയ്ന്‍: ഗാബ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 445 റണ്‍സിന് പുറത്ത്. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും ആകാശ്ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മൂന്നാം ദിനം 7 വിക്കറ്റിന് 405 റണ്‍സെന്ന നിലയില്‍ കളിയാരംഭിച്ച ഓസീസിന് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 18 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ബുംറയുടെ പന്തില്‍ ഋഷഭ് പന്ത് പിടിച്ചുപുറത്താക്കി. പിന്നാലെയെത്തിയ നതാന്‍ ലിയോണ്‍ രണ്ടു റണ്‍സെടുത്ത് മടങ്ങി. സിറാജിനാണ് വിക്കറ്റ്. ഒരറ്റത്ത് പിടിച്ചു നിന്ന അലക്‌സ് കാരിയെ ആകാശ് ദീപാണ് പുറത്താക്കിയത്. അലക്‌സ് കാരി 70 റണ്‍സെടുത്തു.

നേരത്തെ സ്റ്റീവന്‍ സ്മിത്തിന്റെയും ട്രാവിഡ് ഹെഡിന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. സ്മിത്ത് 101 റണ്‍സെടുത്തപ്പോള്‍, ഹെഡ് 152 റണ്‍സെടുത്തു. ഹെഡിന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയാണ്. ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും ഇന്ത്യയ്‌ക്കെതിരായ മൂന്നാം സെഞ്ച്വറിയുമാണ്. കരിയറിലെ 33-ാം ടെസ്റ്റ് സെഞ്ച്വറിയാണ് സ്മിത്ത് കുറിച്ചത്. സ്മിത്ത്-ഹെഡ് സഖ്യം നാലാംവിക്കറ്റില്‍ 241 റണ്‍സാണ് നേടിയത്.

ഇന്ത്യയ്ക്കായി യശസ്വി ജെയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ തുടക്കത്തിലേ തന്നെ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ആറു രണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നാലു റണ്‍സെടുത്ത യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ പന്തില്‍ ബൗണ്ടറി നേടിയായിരുന്നു ജെയ്‌സ്വാളിന്റെ തുടക്കം. രണ്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ജെയ്‌സ്വാളിനെ പുറത്താക്കി. പിന്നാലെയെത്തിയ ശുഭ്മാന്‍ ഗില്‍ ഒരു റണ്‍സെടുത്ത് പുറത്തായി. സ്റ്റാര്‍ക്കിന് തന്നെയാണ് വിക്കറ്റ്.

റോഡ് അപകടം കുറയ്ക്കാന്‍ കര്‍മ്മപദ്ധതി: എഡിജിപി വിളിച്ച യോഗം ഉച്ചയ്ക്ക്;

റോഡ് അപകടം കുറയ്ക്കാന്‍ കര്‍മ്മപദ്ധതി: എഡിജിപി വിളിച്ച യോഗം ഉച്ചയ്ക്ക്;

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം വിളിച്ച യോഗം ഇന്ന്. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജിമാര്‍, ഐജിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വാഹനപരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിക്കുന്നതും തടയാന്‍ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. റോഡപകടങ്ങളും മരണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറും നാളെ ഉന്നതലയോഗം വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് നാലിന് നടക്കുന്ന യോഗത്തില്‍ പൊലീസ്, മോട്ടോര്‍വാഹന, പൊതുമരാമത്ത് വകുപ്പുകള്‍, ദേശീയപാത അതോറിട്ടി, കെഎസ്ഇബി, റോഡ് സുരക്ഷാ വിഭാഗം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

അപകട മേഖല കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാന്‍ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടും. അതേസമയം, പാലക്കാട് പനയമ്പാടത്തെ അപകടത്തില്‍ സംയുക്ത സുരക്ഷ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും. പനയമ്പാടത്ത് സ്ഥിരം മീഡിയന്‍, ചുവന്ന സിഗ്‌നല്‍ ഫ്‌ളാഷ് ലൈറ്റുകള്‍, വേഗത കുറയ്ക്കാന്‍ ബാരിയര്‍ റിമ്പിള്‍ സ്ട്രിപ്പ്, റോഡ് സ്റ്റഡ്, റോഡില്‍ മിനുസം മാറ്റി പരുക്കനാക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശം. ഗതാഗത മന്ത്രി സ്ഥലം സന്ദര്‍ശിച്ചശേഷം നല്‍കിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന് വിട

തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന് വിട

വാഷിങ്ടണ്‍: ലോക പ്രശസ്ത തബല വാദകന്‍ സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.

ജനിച്ചപ്പോള്‍ മുതല്‍ സാക്കിര്‍ ഹുസൈന്റെ കാതുകളില്‍ നിറഞ്ഞു കേട്ടത് തബലയുടെ താളമാണ്. അച്ഛന്റെ കൈപിടിച്ച് സംഗീത ലോകത്തേക്ക് ചുവടുവച്ചു. വിരലുകള്‍ കൊണ്ട് തബലയില്‍ തീര്‍ത്ത മാന്ത്രികത അദ്ദേഹത്തെ ലോകത്തിന്റെ ഉസ്താദാക്കി. അഞ്ച് ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ അദ്ദേഹം ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ സംഗീതത്തിന് അഭിമാനമായി മാറി.

സാന്‍ഫ്രാന്‍സിസ്‌കോ ആശുപത്രിയില്‍ വച്ചായിരുന്നു ലോകപ്രശസ്ത തബലമാന്ത്രികനായ സാക്കിര്‍ ഹുസൈന്റെ അന്ത്യം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ സാക്കിര്‍ ഹുസൈന്‍ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും കുടുംബം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെയോടെ കുടുംബം തന്നെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തി; പ്രതികള്‍ക്കായി തിരച്ചിൽ

റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തി; പ്രതികള്‍ക്കായി തിരച്ചിൽ

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തി. റാന്നി മന്ദമരുതിയിലാണ് സംഭവം. ചേതോങ്കര സ്വദേശി അമ്പാടിയാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ടുകൂട്ടര്‍ തമ്മില്‍ അടിപിടിയുമുണ്ടായി. ഇതിനു പിന്നാലെ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ മൂന്നു പ്രതികളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ആദ്യം ഇപകടമരണമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തില്‍ കാര്‍ ഇടിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത്.

പാലായില്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി; ഒരു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

പാലായില്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി; ഒരു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

കോട്ടയം: പാലായില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പാല- പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്.കാര്‍ യാത്രക്കാരായ എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ ലോറല്‍ ( 4 വയസ്സ്) ഹെയ്‌ലി (ഒരു വയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട് കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വരവ് 163 കോടി രൂപ; ശബരിമല വരുമാനത്തിൽ 22 കോടിയുടെ വർധന

വരവ് 163 കോടി രൂപ; ശബരിമല വരുമാനത്തിൽ 22 കോടിയുടെ വർധന

ശബരിമല: ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വന്‍ വര്‍ധന. മണ്ഡലകാലം ആരംഭിച്ച് 29 ദിവസം പിന്നിട്ടപ്പോൾ 163.89 കോടി രൂപ വരുമാനമായി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ വരുമാനം 141.13 കോടി രൂപയായിരുന്നു. ഇത്തവണ 22.76 കോടി രൂപയാണ് അധികമായി ലഭിച്ചത്.

അരവണ വിൽപ്പനയിൽ നിന്നാണ് കൂടുതൽ തുക ലഭിച്ചിരിക്കുന്നത്. ഇത്തവണ 82.68 കോടി രൂപയുടെ അരവണയാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം അരവണ വിറ്റുവരവ് ഇനത്തില്‍ ലഭിച്ചത് 65.26 കോടി രൂപയായിരുന്നു. ശബരിമലയില്‍ ആകെവരുമാനത്തില്‍ ഉണ്ടായ 22.76 കോടിയുടെ വര്‍ധനയില്‍ 17.41 കോടിയും അരവണവില്പനയില്‍നിന്നാണ്. കാണിക്കയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച തുകയേക്കാള്‍ 8.35 കോടി രൂപ അധികമെത്തി.

ദർശനത്തിന് എത്തിയവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതിനോടകം 22.67 ലക്ഷം ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയംവരെ 18.17 ലക്ഷമായിരുന്നു ദര്‍ശനം നടത്തിയത്. ഇത്തവണ 4.51 ലക്ഷം ഭക്തരാണ് അധികമായി ദര്‍ശനത്തിനെത്തിയത്.