പനയമ്പാടം അപകടം: രണ്ടു ലോറി ഡ്രൈവര്‍മാര്‍ക്കെതിരെയും കേസ്; നരഹത്യാക്കുറ്റം

പനയമ്പാടം അപകടം: രണ്ടു ലോറി ഡ്രൈവര്‍മാര്‍ക്കെതിരെയും കേസ്; നരഹത്യാക്കുറ്റം

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് ലോറി മറിഞ്ഞ് നാലു വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനും, മറിഞ്ഞ സിമന്റ് ലോറിയുടെ ഡ്രൈവര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് മറിഞ്ഞ ലോറിയില്‍ ഇടിച്ച ലോറിയുടെ ഡ്രൈവര്‍ പ്രജീഷ് അറിയിച്ചതായി പൊലീസ് പറഞ്ഞു. എതിരെ ഒരു ബൈക്ക് വന്നപ്പോള്‍ അശ്രദ്ധയോടെ വെട്ടിച്ചതാണ് അപകടത്തിനിരയാക്കിയതെന്നാണ് പ്രജീഷ് പറയുന്നത്.

പാലക്കാട് ഭാഗത്തേക്ക് വന്ന മറ്റൊരു ലോറി റോഡില്‍ തെന്നി തന്റെ വണ്ടിയുടെ മുന്നില്‍ ഇടിച്ചെന്ന് അപകടത്തില്‍പ്പെട്ട ലോറിയുടെ ഉടമ റെജി പറഞ്ഞു. ലോറിയില്‍ രണ്ടു ഡ്രൈവര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആശുപത്രിയില്‍ ഉള്ളയാളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മറ്റേയാളായിരുന്നു ലോറി ഓടിച്ചിരുന്നത്.

മറ്റേ വണ്ടി തട്ടിയതിനെത്തുടര്‍ന്ന് മുന്നിലെ ചില്ലു പൊട്ടിയിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് ചികിത്സയിലുള്ള ഡ്രൈവര്‍ പറഞ്ഞത്. പാലക്കാടു നിന്നും സിമെന്റ് എടുത്ത് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. എതിരെ വന്ന വാഹനം തെന്നി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് തന്നെ അറിയിച്ചതെന്നും ലോറി ഉടമ കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ സിമന്റ് ലോറിയുടെ ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെതിരെയും മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സിമന്റ് ലോറിയില്‍ ഇടിച്ചെന്ന് പറയപ്പെടുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ലോറിയിലെ ഡ്രൈവര്‍ വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

ലോക ചെസ് ചാംപ്യൻ ​ഗുകേഷിന് 5 കോടി സമ്മാനം! പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ലോക ചെസ് ചാംപ്യൻ ​ഗുകേഷിന് 5 കോടി സമ്മാനം! പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: ചരിത്രമെഴുതി ലോക ചെസ് ചാംപ്യനായ ഡി ​ഗുകേഷിനു പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ​ഗുകേഷിനു സർക്കാർ 5 കോടി രൂപ നൽകും. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഫൈനലിൽ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയാണ് ​ഗുകേഷിന്റെ നേട്ടം. ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 18കാരൻ സ്വന്തമാക്കിയിരുന്നു. വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായും ​ഗുകേഷ് മാറി.

​ഗുകേഷിന്റെ ചരിത്ര വിജയം രാജ്യത്തിനു അഭിമാനവും സന്തോഷവും നൽകിയെന്നു സ്റ്റാലിൻ വ്യക്തമാക്കി. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെന്നും അദ്ദേഹം കുറിച്ചു.

14ാം ​ഗെയിമിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാൻ ​ഗുകേഷ് എടുത്ത തീരുമാനമാണ് കളിയുടെ ​ഗതിയും ചെസിന്റെ ചരിത്രവും മാറ്റിയത്. ടൈ ബ്രേക്കറിലേക്ക് നീട്ടി സമ്മർദ്ദം കൂട്ടാൻ നിൽക്കാതെ ഡി ​ഗുകേഷ് ചെക്ക് പറഞ്ഞതോടെ 7.5 എന്ന മാന്ത്രിക സംഖ്യ താരം തൊട്ടു. ഒപ്പം ലോക കിരീടവും.

7697-ാം നമ്പർ തടവുകാരൻ, കിടന്നുറങ്ങിയത് തറയിൽ; ‘തെറ്റ് ചെയ്തിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’: അല്ലു അർജുൻ

7697-ാം നമ്പർ തടവുകാരൻ, കിടന്നുറങ്ങിയത് തറയിൽ; ‘തെറ്റ് ചെയ്തിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’: അല്ലു അർജുൻ

ഹൈദരാബാദ്: തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞ് നടൻ‌ അല്ലു അർജുൻ. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “രാജ്യമൊട്ടാകെ എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. എല്ലാ സംസ്ഥാനങ്ങളിലും ഇൻഡസ്ട്രികളിലുമുള്ള ഓരോരുത്തരോടും, എന്റെ ആരാധകരോടും ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ച് എനിക്ക് കുഴപ്പമൊന്നുമില്ല.

ഞാൻ നിയമം അനുസരിക്കുന്ന ആളാണ്, ഒളിച്ചോടിയിട്ടില്ല. നിയമത്തെ ഞാൻ‌ ബഹുമാനിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, രേവതിയുടെ കുടുംബത്തോട് ഒരിക്കൽ കൂടി എന്റെ അനുശോചനം അറിയിക്കുന്നു. അത് ശരിക്കും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഒരിക്കലും കരുതിക്കൂട്ടി ചെയ്ത ഒന്നായിരുന്നില്ല.

അന്ന് സംഭവിച്ചതിൽ ഒരിക്കൽ കൂടി ക്ഷമ പറയുന്നു. അത് എന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന ഒരു കാര്യമല്ലായിരുന്നു. കഴിഞ്ഞ 20 വർഷമായി എന്റെയും അമ്മാവൻമാരുടെയുമൊക്കെ സിനിമകൾ തിയറ്ററിൽ വന്ന് കാണുന്ന ആളാണ് ഞാൻ. പക്ഷേ ഇങ്ങനെ ഒരിക്കൽ പോലും സംഭവിച്ചിട്ടില്ല. ഇത് ശരിക്കും അപ്രതീക്ഷിതമായി സംഭവിച്ച കാര്യമാണ്.

ഞാൻ ആ കുടുംബത്തിനൊപ്പം ഉണ്ടാകും. എന്നെക്കൊണ്ട് ചെയ്യാനാകുന്നതെല്ലാം ചെയ്യും. മരിച്ചയാളുടെ നഷ്ടം നികത്താനാകത്തതാണ്, എങ്കിലും ഞാൻ എന്നും ആ കുടുംബത്തിനൊപ്പമുണ്ടാകും. നിയമത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഒരിക്കൽ കൂടി എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു.”- അല്ലു അർജുൻ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു രാത്രി ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് അല്ലു അർജുൻ ഇന്ന് രാവിലെ ജയിൽ മോചിതനായത്. തെലങ്കാന ഹൈക്കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് എത്താൻ വൈകിയതോടെയാണ് നടന് ജയിലില്‍ കഴിയേണ്ടിവന്നത്. അതേസമയം 7697-ാം നമ്പർ തടവുകാരനായ അല്ലു അർജുൻ ഇന്നലെ രാത്രി തറയിലാണ് കിടന്നുറങ്ങിയതെന്നും താരത്തിന്റെ അടുത്തവൃത്തങ്ങൾ പറയുന്നു. ചഞ്ചല്‍ഗുഡ ജയിലിന് പുറത്ത് നിരവധി ആരാധകരാണ് അല്ലു അർജുനെ കാത്ത് നിന്നത്.

അല്ലു അര്‍ജുന്‍ അറസ്റ്റില്‍, ചുമത്തിയത് ജാമ്യമില്ലാക്കുറ്റം; ഹൈദരാബാദില്‍ വന്‍ സുരക്ഷ

അല്ലു അര്‍ജുന്‍ അറസ്റ്റില്‍, ചുമത്തിയത് ജാമ്യമില്ലാക്കുറ്റം; ഹൈദരാബാദില്‍ വന്‍ സുരക്ഷ

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. നടന്റെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ചിക്കട്പള്ളി പൊലീസ് ആണ് നടനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ നടനെ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കും.

ഭാരതീയ ന്യായ സംഹിത 105 (കുറ്റകരമായ നരഹത്യ), 118 -1 മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അല്ലു അര്‍ജുന്‍, സുരക്ഷാ ജീവനക്കാര്‍, തീയറ്റര്‍ മാനേജ്മെന്‍റ് എന്നിവര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. മജിസ്ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. ഇതു കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രേവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ നടന് പുറമേ സന്ധ്യ തിയറ്റര്‍ മാനേജ്‌മെന്റ്, നടന്റെ സുരക്ഷാ സംഘം എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്.

ഷോ കാണാന്‍ നായകനായ അല്ലു അര്‍ജുന്‍ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റര്‍ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. അതിനിടയില്‍പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ ബോധംകെട്ടു വീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി അന്ന് പറഞ്ഞത്. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചത് അവസാന നിമിഷം മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയറ്ററില്‍ എത്തിയത്. തുറന്ന ജീപ്പില്‍ താരത്തെ കണ്ടതോടെ ആളുകള്‍ തിക്കിത്തിരക്കി എത്തുകയായിരുന്നു. ഇങ്ങനെ എത്തിയ ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മര്‍ദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടിവന്നത് എന്നാണ് പറയുന്നത്.

അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ചു; ജാമ്യം അനുവദിച്ച് ഹൈക്കോടതി

അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ചു; ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

എംകെ നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ നാസര്‍ ഒമ്പതു വര്‍ഷമായി ജയിലിലാണ്. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ നാസര്‍ ആണ് കൈവെട്ടുകേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.

കൈവെട്ടു സംഭവത്തിന്റെ ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നും, കൃത്യത്തിന് വേണ്ട വാഹനങ്ങള്‍ സംഘടിപ്പിച്ചതും ആളുകളെ റിക്രൂട്ട് ചെയ്തതും പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന നാസര്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയത്.

വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; മൂന്ന് മാസത്തിനുള്ളില്‍, നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍

വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; മൂന്ന് മാസത്തിനുള്ളില്‍, നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പണമടയ്ക്കാതെ തന്നെ 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ രാജ്യമാകെ നടപ്പാക്കും. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലാണ് ഒരാഴ്ചത്തെ ചികിത്സ ലഭ്യമാക്കുക. തുക, അതത് മോട്ടോര്‍ വാഹന അപകട ഫണ്ടില്‍ നിന്ന് ആശുപത്രികള്‍ക്ക് നല്‍കും. മാര്‍ച്ചില്‍ ആരംഭിച്ച പൈലറ്റ് പദ്ധതി വഴി 2100 പേരുടെ ജീവന്‍ രക്ഷിച്ചതായി അദ്ദേഹം അറിയിച്ചു.

ദേശീയ ആരോഗ്യ അതോറിറ്റി, പൊലീസ്, എംപാനല്‍ ചെയ്ത ആശുപത്രികള്‍, സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ എന്നിവയും പദ്ധതിയില്‍ പങ്കാളികളാകും. പദ്ധതിക്ക് പണം കണ്ടെത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായവും ഗതാഗതമന്ത്രാലയം തേടിയിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് തുകയും 2.97 ശതമാനം മോട്ടോര്‍ വാഹനാപകട ഫണ്ടിലേക്ക് മാറ്റണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം.