കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 1160 രൂപ

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 1160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 720 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,120 രൂപ. ഗ്രാമിന് 90 രൂപ താഴ്ന്ന് 7140 ആയി.

ഇന്നലെ പവന്‍ വില 440 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 1160 രൂപ.

കഴിഞ്ഞ രണ്ടു ദിവസം മുമ്പ് പവന്‍ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. ചൊവ്വയും ബുധനുമായി 1240 രൂപയാണ് കൂടിയത്.

പി വി അൻവറിന്റെ നിയമവിരുദ്ധ ഫോൺ ചോർത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം

പി വി അൻവറിന്റെ നിയമവിരുദ്ധ ഫോൺ ചോർത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: പി വി അൻവർ എംഎൽഎ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നോട്ടിസ് അയക്കാൻ ഹൈക്കോടതി നിർദേശം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നോട്ടിസ് അയക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെ ഫോൺ സംഭാഷണങ്ങൾ നിയമവിരുദ്ധമായി ചോർത്തിയെന്നായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണു ഹൈക്കോടതിയെ സമീപിച്ചത്.

സ്വർണക്കടത്ത്, കൊലപാതകവും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണു ഫോൺ ചോർത്തിയതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. വൻതുക മുടക്കി അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഫോൺ ചോർത്തൽ. ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണ്. തന്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്നും ഹർജിക്കാരൻ അറിയിച്ചു. കേന്ദ്ര, സംസ്ഥാന ഏജൻസികൾക്കു വിദഗ്ധ ഏജൻസി വഴി അന്വേഷണം നടത്താനുള്ള ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും ഒഴിവാക്കിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി GD സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകള്‍ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടും.

2022 ലാണ് കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റിയിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലുമാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ജില്ലയിലെ തന്നെ നെന്മേനി ഗ്രാമപഞ്ചായത്തിലും കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ ഗ്രാമപഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കുകയും പ്രഭവകേന്ദ്രത്തിനു പുറത്ത് പത്ത് കിലോമീറ്റർ ചുറ്റളവിലെ പന്നി ഫാമുകളില്‍ രോഗനിരീക്ഷണം നടത്തിയുമാണ് അന്ന് രോഗത്തിന്റെ വ്യാപനത്തെ മൃഗസംരക്ഷണ വകുപ്പ് തടഞ്ഞുനിർത്തിയത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ വയനാട് ജില്ലയില്‍ 702 പന്നികളെയും കണ്ണൂര്‍ ജില്ലയില്‍ 247 പന്നികളെയും കൊന്നിരുന്നു.

പനയമ്പാടം അപകടം; ഇന്ന് സംയുക്ത പരിശോധന, ​ഗതാ​ഗതമന്ത്രി വിദ്യാർഥിനികളുടെ വീടുകൾ സന്ദർശിക്കും

പനയമ്പാടം അപകടം; ഇന്ന് സംയുക്ത പരിശോധന, ​ഗതാ​ഗതമന്ത്രി വിദ്യാർഥിനികളുടെ വീടുകൾ സന്ദർശിക്കും

പാ​ല​ക്കാ​ട്: ലോ​റി മ​റി​ഞ്ഞ് നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ൾ മരിച്ച സംഭവത്തിൽ ക​ല്ല​ടി​ക്കോ​ട് പ​ന​യ​മ്പാ​ട​ത്ത് ഇ​ന്ന് സം​യു​ക്ത സു​ര​ക്ഷാ പ​രി​ശോ​ധ​ന. പൊലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥർ എന്നിവരുടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

മ​ന്ത്രി കെ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗത്തിലെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മ​ന്ത്രി കെബി ​ഗ​ണേ​ഷ് കു​മാ​ർ ഇ​ന്ന് രാ​വി​ലെ 11.30 ന് ​അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും.

മ​രി​ച്ച നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വീ​ടു​ക​ളി​ലും മ​ന്ത്രി​യെ​ത്തും. റോഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

എയര്‍ലിഫ്റ്റിന് ചെലവായ 132.62 കോടി തിരിച്ചടയ്ക്കണം; ദുരന്തകാലത്തെ സേവനത്തിന് കേരളത്തോട് കണക്ക് പറഞ്ഞ് കേന്ദ്രം

എയര്‍ലിഫ്റ്റിന് ചെലവായ 132.62 കോടി തിരിച്ചടയ്ക്കണം; ദുരന്തകാലത്തെ സേവനത്തിന് കേരളത്തോട് കണക്ക് പറഞ്ഞ് കേന്ദ്രം

തിരുവനന്തപുരം: പ്രളയവും ഉരുള്‍പൊട്ടലും അടക്കമുള്ള ദുരന്തകാലത്ത് കേരളത്തിന് നല്‍കിയ സേവനത്തിന്റെ കണക്കുകള്‍ അക്കമിട്ട് നിരത്തി കേന്ദ്രസര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ ദുരന്തബാധിതരെ എയര്‍ലിഫ്റ്റ് ചെയ്ത കണക്കാണ് കേന്ദ്രം പുറത്ത് വിട്ടത്.

ഈ വകയില്‍ സംസ്ഥാനം 132 കോടി 62 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. 2019ലെ പ്രളയത്തിലും വയനാട് ഉരുള്‍ പൊട്ടലിലും വ്യോമസേന എയര്‍ലിഫ്റ്റിങ് സേവനം നല്‍കിയിരുന്നു. എസ്ഡിആര്‍എഫിന്റെ നീക്കിയിരിപ്പില്‍ നിന്നാണ് വലിയ തുക കേന്ദ്രം തിരിച്ചുചോദിക്കുന്നത്.

വയനാട് ദുരന്തത്തില്‍ പെട്ട നിരവധി പേരെയാണ് സൈന്യം എയര്‍ ലിഫ്റ്റിങ് വഴി പുറത്തെത്തിച്ചത്. ആദ്യദിനം വ്യോമസേന നടത്തിയ സേവനത്തിന് 8,91,23,500 രൂപ നല്‍കണമെന്നാണ് കണക്ക് നല്‍കിയത്. ഇത്തരത്തില്‍ വയനാട്ടില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ആകെ നല്‍കണ്ടേത് 69,65,46,417 രൂപയാണ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഹായം നല്‍കുന്നതിനെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വാഗ്വാദം നടക്കുന്നതിനിടക്കാണ് ഇത്രയും തുക ആവശ്യപ്പെട്ടത്.