by Midhun HP News | Dec 13, 2024 | Latest News, കേരളം
ഡിസംബർ 13 മുതൽ 15 വരെ തെലങ്കാനയിൽ വെച്ച് നടക്കുന്ന പത്താമത് ദേശീയ ടോങ്-ഇൽ മൂ-ഡോ ചാമ്പ്യൻഷിപ്പിൽ കേരളാ ടീമിന്റെ പുരുഷ വിഭാഗം ക്യാപ്റ്റൻ ആയി വൈശാഖ് ആറ്റിങ്ങലിനെ തിരഞ്ഞെടുത്തു. സംസ്ഥാന മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ 12 കായികതാരങ്ങളാണ് കേരളത്തിന് വേണ്ടി മാറ്റുരക്കുന്നത്. അതിൽ 8 പേരും പ്രൊഫിഷ്യന്റ് അക്കാദമിയിലെ താരങ്ങളാണ്.
ദക്ഷിണ കൊറിയയിൽ നിന്ന് ഉത്ഭവിച്ച ഒരു സമ്മിശ്ര ആയോധന കലയാണ് ടോങ്-ഇൽ മൂ-ഡോ. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഏകീകരിക്കാൻ ലക്ഷ്യമിടുന്ന ഒരു ആയോധന കലാരീതിയാണ് ഇത്.
സംസ്ഥാന പ്രെസിഡന്റും ചീഫ് കോച്ചുമായ ശ്രീ. പ്രദീപ് പാരിപ്പള്ളി, സംസ്ഥാന സെക്രട്ടറി ശ്രീ. രാഹുൽ, മെൻ ടീം ക്യാപ്റ്റൻ വൈശാഖ് ആറ്റിങ്ങൽ, വിമെൻ ടീം ക്യാപ്റ്റൻ ശിവരഞ്ജിനി എന്നിവർ കേരളാ ടീമിനെ നയിക്കും.
by Midhun HP News | Dec 13, 2024 | Latest News, കേരളം
ആലപ്പുഴ: സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്. വൃക്ക രോഗം ഗുരുതരമായതിനെ തുടർന്ന് ബാലചന്ദ്രകുമാറിന്റെ കുടുംബം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടിയിരുന്നു. വൃക്ക രോഗം കൂടാതെ ബാലചന്ദ്രകുമാറിന് തലച്ചോറിൽ അണുബാധയും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം മുതൽ ആരോഗ്യനില ഗുരുതരമാകുകയായിരുന്നു.
ആസിഫ് അലി നായകനായെത്തിയ കൗബോയ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലചന്ദ്രകുമാര്‍. ദിലീപിനെ നായകനാക്കി പിക്ക് പോക്കറ്റ് എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് രണ്ടാംഘട്ട അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായിരുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വിഐപി വഴി ദിലീപിന്റെ കൈയിലെത്തിയെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് നീക്കം നടത്തിയെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. ദിലീപുമായി ബന്ധപ്പെട്ട ചില ഓഡിയോകള്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടതും കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. 51 പേജുള്ള രഹസ്യമൊഴിയാണ് ദിലീപിനെതിരെ ഇദ്ദേഹം നല്‍കിയിരുന്നത്.
by Midhun HP News | Dec 13, 2024 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മന്നാര്‍ കടലിടുക്കിനു മുകളിലായി നിലനില്‍ക്കുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തെക്കന്‍ തമിഴ് നാട് തീരത്തേക്ക് നീങ്ങി തുടര്‍ന്ന് ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Dec 12, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലു വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇവർ. സ്‌കൂള്‍ വിട്ട് റോഡിന് വശത്തുകൂടി പോകുകയായിരുന്ന കുട്ടികള്‍ക്ക് മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ ലോറി മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഇസാഫ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും, അതിനിടെ മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൂന്നു വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപ്തരിയിലാണ്. മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണുള്ളത്. കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ വൈകീട്ട് നാലുമണിക്കാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം.
മണ്ണാര്‍ക്കാട് ഭാഗത്തേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ക്രെയിന്‍ ഉപയോഗിച്ച് ഏറെ നേരം പണിപ്പെട്ടാണ് ലോറി ഉയര്‍ത്തിയത്. ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ പ്രദേശത്ത് അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
by Midhun HP News | Dec 12, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. സ്‌കൂള്‍ വിട്ടു വന്ന കുട്ടികള്‍ക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. മൂന്നു കുട്ടികള്‍ മരിച്ചു. പരിക്കേറ്റ ഒരു വിദ്യാർത്ഥിനിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. മഴയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് സൂചന. ലോറിയുടെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. സിമന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
by Midhun HP News | Dec 12, 2024 | Latest News, കേരളം
കൊച്ചി: തിരുവനന്തപുരത്ത് റോഡ് കയ്യേറി സിപിഎം സമ്മേളനത്തിനായി സ്‌റ്റേജ് നിര്‍മ്മിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരു സാധാരണക്കാരന്‍ ടീഷോപ്പ് ഇട്ടാല്‍ പൊളിച്ചു കളയില്ലേയെന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ ആര്‍ക്കൊക്കെ എതിരെ കേസെടുത്തു ?. സ്‌റ്റേജില്‍ ഇരുന്നവര്‍ക്കെതിരെ കേസെടുത്തില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. പൊലീസിന് റോഡില്‍ സ്‌റ്റേജ് കെട്ടുന്നത് തടയാമായിരുന്നു എന്ന് അഭിപ്രായപ്പെട്ട കോടതി, ഡിജിപി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
വഞ്ചിയൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. പൊലീസ് സ്റ്റേഷനു മുന്നില്‍ തന്നെ നിയമലംഘനം നടന്നിട്ടും പൊലീസ് അനങ്ങിയില്ല. പൊലീസിന്റെ ചുമതലയെന്താണ്?. എന്തുകൊണ്ട് സ്റ്റേജ് മാറ്റാന്‍ ആവശ്യപ്പെട്ടില്ലെന്നും എസ്എച്ച്ഒയോട് കോടതി ചോദിച്ചു. സമ്മേളനത്തിന്റെ കണ്‍വീനറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അനുസരിച്ചില്ലെന്നും, പിന്നീട് പ്രവര്‍ത്തകര്‍ വന്ന് നിറഞ്ഞതോടെ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനായിട്ടാണ് മറ്റു നടപടികളിലേക്ക് കടക്കാതിരുന്നതെന്നും എസ്എച്ച്ഒ വിശദീകരിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി എന്തുകൊണ്ട് സ്റ്റേജ് മാറ്റാന്‍ ആവശ്യപ്പെട്ടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഗുരുതരമായ നിയമലംഘനമുണ്ടായിട്ടും നിലവിലെ എഫ്‌ഐആര്‍ പര്യാപ്തമല്ല. മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ മാത്രം കേസെടുത്തിട്ട് കാര്യമില്ല. സ്റ്റേജില്‍ ഇരുന്ന ആളുകളെല്ലാം നിയമലംഘനത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട്. അവര്‍ക്കെല്ലാം എതിരെ കേസെടുക്കണം. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയാണ് ആ റോഡിലൂടെ കടന്നുപോയത്. റോഡിലെ സീബ്രാ ലൈനിന് മുകളിലാണ് സ്‌റ്റേജ് ഇട്ടതെങ്കില്‍ എഫ്‌ഐആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ആര്‍ക്കൊക്കെയെതിരെ കേസെടുത്തു, ആരുടെയൊക്കെ വാഹനം പിടിച്ചെടുത്തു എന്നും കോടതി ചോദിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഐ സംഘടന കഴിഞ്ഞ ദിവസം നടത്തിയ സമരത്തെയും കോടതി വിമര്‍ശിച്ചു. കാര്‍പ്പറ്റ് അടക്കം റോഡില്‍ നിരത്തിയാണ് യോഗം നടത്തിയത്. അവിടെ ആര്‍ക്കെങ്കിലും വാഹനം തട്ടി പരിക്കേറ്റിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതിയെന്നും കോടതി ചോദിച്ചു. ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട കാര്യമല്ല. ഈ കേസ് വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ഗൗരവത്തോടെയാണ് കാണുന്നതെന്നും ഹൈക്കോടതി സൂചിപ്പിച്ചു.
വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് സിപിഎം പാളയം ഏരിയ സമ്മേളനം നടത്തിയത്. വഴി തടഞ്ഞ് കെട്ടിയ പന്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ, വി കെ പ്രശാന്ത് എംഎൽഎ, മുൻമന്ത്രിമാരായ എ വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, മുൻ എംപി എ സമ്പത്ത് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സ്‌റ്റേജില്‍ ആരൊക്കെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തി, അവര്‍ക്കെതിരേ എന്ത് നടപടി എടുത്തുവെന്ന് അറിയിക്കാനും ഡിജിപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Recent Comments