by Midhun HP News | Dec 12, 2024 | Latest News, കേരളം
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ എല്‍ആന്‍ഡ്ടി ബൈപ്പാസില്‍ കാറില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ കെസി എബ്രഹാമിന്റെ മകന്‍ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരുമകള്‍ എലീന തോമസ് (30)നെ ഗുരുതര നിലയില്‍ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മധുക്കര എല്‍ ആന്‍ഡ് ടി ബൈ പാസില്‍ നയാര പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. തിരുവല്ലയില്‍നിന്ന് ബംഗളൂരുവിലേക്ക് പോകുകകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുറിയര്‍ വാനുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.
മരുമകള്‍ അലീനയെയും കുഞ്ഞിനെയും ബംഗളൂരുവിലേക്ക് കൊണ്ടാക്കാനായി പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | Dec 12, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ട്രാസ്‌ലേറ്റര്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന് സ്വന്തം ഭാഷയില്‍ വായിക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാടസ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം സന്ദേശങ്ങള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഫീച്ചറിന്റെ പരീക്ഷണ ഘട്ടത്തിലാണ് വാട്‌സ്ആപ്പ്. ഉപയോക്താവിന്റെ ആവശ്യാനുസരണം മാത്രമെ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളു.
വാട്‌സ്ആപ്പ് വിവര്‍ത്തനങ്ങള്‍ ഓഫ്ലൈനില്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സന്ദേശങ്ങളുടെ വിവര്‍ത്തനങ്ങള്‍ ലഭിക്കുന്നതിന് ഭാഷാ പായ്ക്ക് മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കിലും ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും.
എന്നാല്‍ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്ത ഡാറ്റ ഉപയോഗിക്കുമ്പോള്‍ വിവര്‍ത്തനങ്ങള്‍ ഓഫ്ലൈനില്‍ നടക്കുന്നതിനാല്‍ ചില പിശകുകളോ കൃത്യതകുറവോ വന്നേക്കാം. ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകാന്‍ കുറച്ച് സമയം എടുത്തേക്കും. ഓട്ടോമേറ്റഡ് ട്രാന്‍സ്‌ലേറ്റര്‍ ടൂളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഫീച്ചര്‍ ലഭ്യമാകുന്നതോടെ ഏത് ഭാഷയിലുള്ള സന്ദേശങ്ങളും അനായാസം വിവര്‍ത്തനം ചെയ്ത് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയിലേക്ക് മാറ്റാം.
by Midhun HP News | Dec 12, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ രാം നാഥ് കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
2029 ഓടെ രാജ്യത്ത് നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണ്, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ഒറ്റ വോട്ടര്‍പട്ടികയും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വേണം.
വിശദമായ ചർച്ചകൾക്കായി ബിൽ പാർലമെന്ററി കമ്മിറ്റിക്ക് വിടും. ബില്ലില്‍ സമയവായത്തിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു. സംസ്ഥാന നിയമസഭ സ്പീക്കര്‍മാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതി ശുപാര്‍ശയില്‍ പറയുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന വിഷയം ആയതിനാല്‍, ആ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കുന്നതിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.
രണ്ട് അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്താനും പുതിയ ഉപവകുപ്പുകള്‍ ഉള്‍പ്പെടുത്താനും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ തിരുത്താനും ഉന്നതതല സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഭേദഗതികളുടെയും പുതിയ ഉള്‍പ്പെടുത്തലുകളുടെയും ആകെ എണ്ണം 18 ആണ്. തൂക്കുസഭയോ അവിശ്വാസപ്രമേയത്തിലൂടെയോ സര്‍ക്കാര്‍ വീണാല്‍ അവശേഷിക്കുന്ന കാലയളവിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണം എന്നും സമിതി ശുപാർശയിൽ വ്യക്തമാക്കിയിരുന്നു.
by Midhun HP News | Dec 12, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇത് 2100 രൂപയാക്കി ഉയര്‍ത്തുമെന്നും അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ആംആദ്മിയുടെ പുതിയ രാഷ്ട്രീയ നീക്കം. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ ആരംഭിക്കുമെങ്കിലും പതിനഞ്ച് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്ത്രീകളുടെ അക്കൗണ്ടുകളില്‍ പണം ഉടന്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. താന്‍ മുഖ്യമന്ത്രിയായിരിക്കെ മാര്‍ച്ചില്‍ ഈ പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ ഗൂഢാലോചന നടത്തി (ഡല്‍ഹി മദ്യനയ കേസില്‍) തന്നെ ജയിലിലേക്ക് അയച്ചു. ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം, താന്‍ അതിഷിയുമായി ചര്‍ച്ച നടത്തി ഈ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിര്‍ദ്ദേശം പാസാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്ക് പണം കൈമാറുന്നത് ഉടന്‍ സാധ്യമല്ല. 10-15 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അതിനാല്‍ ഇപ്പോള്‍ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ കഴിയില്ല. പണപ്പെരുപ്പം കാരണം 1000 രൂപ മതിയാകില്ലെന്ന് ചില സ്ത്രീകള്‍ പറഞ്ഞു, അതുകൊണ്ടാണ് തുക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്’ – മുഖ്യമന്ത്രി അതിഷിയോടൊപ്പം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കെജരിവാള്‍.
by Midhun HP News | Dec 12, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ഡിസംബര്‍ പത്തിന് 700 കോടി രൂപയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ 638 കോടി വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ ഉത്തരവായതാണെന്നും മിച്ചമുള്ളത് 61.53 കോടി രൂപയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മുലം നല്‍കി. കണക്കില്‍ കൂടുതല്‍ കൂടുതല്‍ വ്യക്തതവേണമെന്ന്, ഇതിനോടു പ്രതികരിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.
വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുക സംബന്ധിച്ച് കൃത്യമായ കണക്ക് നല്‍കാനും സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ എത്ര തുക ബാക്കിയുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് വ്യാഴാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കിയത്.
വയനാട് ദുരന്തത്തിന് പിന്നാലെ ദുരന്ത പ്രതികരണനിധിയില്‍ നിന്ന് നല്‍കിയത് 21 കോടി രൂപയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ പത്തിന് ഫണ്ടില്‍ ബാക്കിയുള്ളത് 700 കോടി രൂപയാണ്. ഇതില്‍ 638. 95 കോടി വിവിധ ആവശ്യങ്ങള്‍ക്കായി ഉത്തരവ് അനുസരിച്ച് നല്‍കാനുണ്ട്. പിന്നെ ഫണ്ടില്‍ ബാക്കിയുള്ളത് 61.53 കോടി രുപയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി
ഓഗസ്റ്റ് പതിനേഴുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ എത്ര തുക ചെലവഴിച്ചുവെന്ന് കോടതി ചോദിച്ചു. കണക്കുകളില്‍ കുടുതല്‍ വ്യക്തതവേണമെന്നും യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടണമെങ്കില്‍ കണക്കുകളില്‍ വ്യക്തത വരുത്തണം. ഇതിനായി കേന്ദ്രത്തിനുകൂടി വിശ്വാസയോഗ്യമായ ഏജന്‍സിയെ നിയോഗിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കയ്യിലെ തുക ഭാവിനോക്കി ചെലവാക്കാനാകില്ലെന്ന് പറഞ്ഞാല്‍ ആരും പണം തരില്ലെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
by Midhun HP News | Dec 12, 2024 | Latest News, കേരളം
നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്‍റണി തട്ടിലാണ് വരൻ. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. നടന്‍ വിജയിയും കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്. കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ ഇതില്‍ കുടുംബമോ താരമോ സ്ഥീരികരണം നല്‍കിയിരുന്നില്ല. പിന്നാലെ നവംബര്‍ 27ന് പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന വിവരം കീര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആന്‍റണിയും കീര്‍ത്തിയും തമ്മിലുള്ള ബന്ധമാണ് ഇന്ന് വിവാഹത്തില്‍ കലാശിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയാണ് ആന്‍റണി തട്ടില്‍. ബിസിനസുകാരനാണ്. കൊച്ചിയിലും ദുബായിലും ബിസിനസുള്ള ആന്‍റണി, ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ്. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയാണിത്. സിനിമ നിര്‍മാതാവും നടനുമായ ജി സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ആളാണ് കീർത്തി സുരേഷ്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ കീർത്തി മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ചുവടുറപ്പിച്ചു. ഇത് എന്ന മായം ആണ് ആദ്യ തമിഴ് ചിത്രം.ശേഷം നേനു ശൈലജ, രജനിമുരുകൻ, റെമോ, ഭൈരവ, നേനു ലോക്കൽ , സർക്കാർ, താനാ സേർന്ത കൂട്ടം, മഹാനടി തുടങ്ങിയ വിജയ ചിത്രങ്ങളിൽ താരം ഭാഗമായി. നിലവിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കീർത്തി. ബേബി ജോൺ എന്ന ഈ ചിത്രത്തിൽ വരുൺ ധവാൻ ആണ് നായകൻ. രഘുതാത്ത ആണ് കീർത്തിയുടേതായി തമിഴിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സുമൻ കുമാറായിരുന്നു തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്.
Recent Comments