by Midhun HP News | Dec 12, 2024 | Latest News, കേരളം
പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യ അടിയറ വച്ചെങ്കിലും മൂന്നാം പോരാട്ടത്തില്‍ സെഞ്ച്വറിയടിച്ച് അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ധാന.
മത്സരത്തില്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്കായി 105 റണ്‍സെടുത്താണ് സ്മൃതി തിളങ്ങിയത്. 14 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. ഏതാണ്ട് ഒറ്റയ്ക്ക് നിന്നു താരം പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ ഇന്ത്യന്‍ തോല്‍വി കണ്ടു നില്‍ക്കേണ്ടി വന്നു.
2024 കലണ്ടര്‍ വര്‍ഷം സ്മൃതി നേടുന്ന നാലാം ഏകദിന സെഞ്ച്വറിയാണിത്. ഇതോടെയാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ 4 സെഞ്ച്വറികള്‍ നേടുന്ന വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ആദ്യ താരമായി സ്മൃതി മാറി. സ്മൃതിക്ക് മുന്‍പ് ഏഴ് താരങ്ങള്‍ ഒരു കലണ്ടര്‍ വര്‍ഷം വനിതാ ക്രിക്കറ്റില്‍ 3 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അവരെയെല്ലാം താരം പിന്നിലാക്കി.
ജൂണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തുടരെ രണ്ട് സെഞ്ച്വറികള്‍ താരം നേടിരുന്നു. പിന്നീട് ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ ഈ വര്‍ഷത്തെ മൂന്നാം സെഞ്ച്വറിയും.
ഏകദിന കരിയറില്‍ ഇതുവരെ താരം 9 ശതകങ്ങള്‍ നേടിയിട്ടുണ്ട്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ മൊത്തം പട്ടികയില്‍ സ്മൃതി നിലവില്‍ നാലാം സ്ഥാനത്തുണ്ട്. സ്മൃതിയടക്കം നാല് താരങ്ങള്‍ക്ക് 9 സെഞ്ച്വറികളുണ്ട്. 15 സെഞ്ച്വറികളുള്ള മെഗ് ലാന്നിങ്, 13 സെഞ്ച്വറികളുമായി സുസി ബെയ്റ്റ്‌സ്, 10 സെഞ്ച്വറികളുമായി ടമ്മി ബ്യുമോണ്ട് എന്നിവരാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
by Midhun HP News | Dec 12, 2024 | Latest News, ദേശീയ വാർത്ത
നാരായണ്‍പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ സുരക്ഷാ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തെക്കന്‍ അബുജ്മാദിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ജില്ലാ റിസര്‍വ് ഗാര്‍ഡും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സുമാണ് ഏറ്റുമുട്ടലിനു നേതൃത്വം നല്‍കിയത്. മേഖലയില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. തിരച്ചിലിനിനടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന തിരിച്ചടിച്ചു.
യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍. ഇവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തുനിന്ന് ചില ആയുധങ്ങളും കണ്ടെത്തി
by Midhun HP News | Dec 12, 2024 | Latest News, കായികം
മുംബൈ: വിദര്‍ഭയെ തകര്‍ത്തെറിഞ്ഞ് മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറിയപ്പോള്‍ അതില്‍ റെക്കോര്‍ഡിന്റെ തിളക്കവും. വിദര്‍ഭ ഉയര്‍ത്തിയ 6 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുംബൈ 19.2 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 224 റണ്‍സ് അടിച്ച് മറികടന്നു.
ടി20 ക്രിക്കറ്റില്‍ 14 വര്‍ഷമായി തകരാതെ നിന്ന ഒരു റെക്കോര്‍ഡാണ് മുംബൈ തകര്‍ത്തത്. ടി20 പോരാട്ടത്തിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡാണ് മുംബൈ സ്വന്തമാക്കിയത്. 2010ല്‍ ഫയ്‌സാല്‍ ബാങ്ക് ടി20 പോരാട്ടത്തിന്റെ സെമിയില്‍ റാവല്‍പിണ്ടി റാംസിനെതിരെ കറാച്ചി ഡോള്‍ഫിന്‍സ് സ്ഥാപിച്ച 210 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 220നു മുകളില്‍ റണ്‍സ് ചെയ്‌സ് ചെയ്തു വിജയിക്കുന്ന ആദ്യ ടീമായും മുംബൈ മാറി.
മത്സരത്തില്‍ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയുടെ കിടിലന്‍ ബാറ്റിങാണ് മുംബൈ ജയം അനായാസമാക്കിയത്. 45 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം രഹാനെ 84 റണ്‍സ് അടിച്ചെടുത്തു. 36കാരനായ താരം മിന്നും ഫോമിലാണ് ബാറ്റ് വീശിയത്. ഐപിഎല്‍ മെഗാ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രഹാനെയെ വിളിച്ചെടുത്തതിന്റെ പൊരുളും ഇപ്പോള്‍ ആരാധകര്‍ക്ക് മനസിലായിട്ടുണ്ടാകും.
രഹാനെയ്ക്ക് പുറമെ പൃഥ്വി ഷാ 4 സിക്‌സും 5 ഫോറും സഹിതം 26 പന്തില്‍ 49 റണ്‍സെടുത്തു. ശിവം ദുബെ 22 പന്തില്‍ 2 സിക്‌സും 1 ഫോറുമടക്കം 37 റണ്‍സും സൂര്യാംശ് ഷെഡ്‌ജെ 12 പന്തില്‍ 4 സിക്‌സും 1 ഫോറും സഹിതം 36 റണ്‍സും വാരി പുറത്താകാതെ നിന്നു മുംബൈയെ റെക്കോര്‍ഡ് വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (5), ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് (9) എന്നിവര്‍ മാത്രമാണ് മുംബൈ ബാറ്റിങ് നിരയില്‍ പരാജയപ്പെട്ടത്.
നേരത്തെ അഥര്‍വ ടയ്‌ഡെ (66), അപൂര്‍വ് വാംഖഡെ (51) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും 19 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും തൂക്കി 43 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്ന ശുഭം ദുബെയുടെ മികവുമാണ് വിദര്‍ഭയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
by Midhun HP News | Dec 12, 2024 | Latest News, കേരളം
അഴൂർ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച ഇടതു സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് അഴൂർ, പെരുങ്ങുഴി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പെരുങ്ങുഴി ജംഗ്ഷനിൽ മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. മണ്ണെണ്ണ വിളക്കുകൾ കത്തിച്ചു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിനോദ് സെൻ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എച്ച്.പി ഹാരിസൺ, കഠിനംകുളം ജോയി, വി.കെ ശശിധരൻ, കെ.ഓമന, ജി. സുരേന്ദ്രൻ, പുതുക്കരി പ്രസന്നൻ, കടക്കാവൂർ അശോകൻ, പനയത്തറ ഷെരീഫ്, എസ്.കെ സുജി, നെസിയാ സുധീർ, എസ്.മധു, ബി. സുധർമ്മ, ജിത ജെ.എസ്, പ്രവീണ കുമാരി, സനിൽ ബാംസൂരി, ഷിജു തോന്നക്കൽ, വിജയകുമാർ കാട്ടുവിളാകം, ഉണ്ണികൃഷ്ണൻ നായർ, ഷാജഹാൻ കഠിനംകുളം, രാജൻ കൃഷ്ണപുരം, റഷീദ് റാവുത്തർ, എസ്. സുരേന്ദ്രൻ, അജിതാ ഷാജഹാൻ, എം.ഷാബുജാൻ, ഫാത്തിമ, പ്രശോഭനൻ, തോമസ് ബഞ്ചമിൻ, എസ്.ജി അനിൽ കുമാർ, പ്രസന്ന ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബ്ലോക്ക് സെക്രട്ടറി മാടൻവിള നൗഷാദ് സ്വാഗതവും, അഴൂർ മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രബാബു നന്ദിയും പറഞ്ഞു.
by Midhun HP News | Dec 12, 2024 | Latest News, ദേശീയ വാർത്ത
ലക്‌നൗ: ഭക്ഷണത്തില്‍ മായംകലര്‍ത്തിയതിന് പലരെയും പിടികൂടിയിട്ടുണ്ട്. പിടികൂടാനായി ആരോഗ്യവകുപ്പിന്റെ പരിശോധനയും വ്യാപകമാണ്. ഉത്തര്‍പ്രദേശില്‍ നിന്നും വരുന്ന ഈ വാര്‍ത്ത ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് 500 ലിറ്റര്‍ വ്യാജ പാല്‍ ഉല്‍പ്പാദിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. അഗര്‍വാള്‍ ട്രേഡേഴ്സ് ഉടമ അജയ് അഗര്‍വാളാണ് അറസ്റ്റിലായത്. അദ്ദേഹത്തിന്റെ കടകളിലും കടകളിലും സംഭരണ കേന്ദ്രങ്ങളിലും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഇയാളെ പിടികൂടുന്നത്.
ബുലന്ദ്ഷഹറില്‍ നിന്നാണ് അജയ് അഗര്‍വാളിനെ അറസ്റ്റ് ചെയ്തത്. ഇരുപത് വര്‍ഷത്തോളമായി അജയ് അഗര്‍വാള്‍ ഇത്തരത്തില്‍ കൃത്രിമ പാലും പനീറും വില്‍പന നടത്തിയിരുന്നതായി അധികൃതര്‍ പറയുന്നു. പാലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ പ്ലാന്റുകളില്‍ നടത്തിയ റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ കൃത്ര്യമപാല്‍ ഉണ്ടാക്കാനുള്ള രാസവസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു. വ്യാജ പാല്‍ ഉണ്ടാക്കാന്‍ താന്‍ ഉപയോഗിച്ച രാസവസ്തുക്കള്‍ ഏതൊക്കെയാണെന്ന് അഗര്‍വാള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 5 മില്ലിഗ്രാം രാസവസ്തുക്കള്‍ ഉപയോഗിച്ച് 2 ലിറ്റര്‍ വരെ വ്യാജ പാല്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എങ്ങനെയാണ് മായം കലര്‍ന്ന പാല്‍ ഉല്‍പ്പാദിപ്പിക്കുന്നത് എന്നതിന്റെ വിഡിയോയും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു.ഒരു കുപ്പി പാല്‍ ഉണ്ടാക്കാന്‍ അപകടകരമായ വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ലായനിയും പാലാണെന്ന് മണത്തിലും രുചിയിലും തോന്നാനുള്ള വിവിധ ഉല്‍പ്പന്നങ്ങളും വെള്ളത്തിലേക്ക് ചേര്‍ക്കുന്നതോടെ ലിറ്ററുകണക്കിന് പാല്‍ തയ്യാറാകുന്നു. ഇവ പാക്ക് ചെയ്ത് വില്‍ക്കുന്നതായിരുന്നു രീതി. ഇതിനായി ഉപയോഗിച്ച ഉല്‍പ്പന്നങ്ങളില്‍ മിക്കതിന്റെയും കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. രാസവസ്തുക്കളെക്കുറിച്ചറിയാന്‍ അജയ് അഗര്‍വാളിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇയാളുടെ ഫാക്ടറിയില്‍ നിന്ന് വ്യാജ പാല്‍ വാങ്ങിയവരെ കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അദ്ദേഹം പാല്‍ ഉല്‍പന്നങ്ങള്‍ എവിടെയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയിലെ പകുതിയോളം ഡയറികളിലെ പാലിലും പാലുല്‍പ്പന്നങ്ങളിലും മായം വ്യാപകമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
by Midhun HP News | Dec 12, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഐടി സംവിധാനം നവീകരിക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും.
എന്നാല്‍ മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. ഇത് നടപ്പില്‍ വന്നാല്‍ അപേക്ഷകളും രേഖകളും നല്‍കി കാത്തിരിക്കേണ്ടി വരില്ലെന്നതാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസം. ഏഴ് കോടി വരിക്കാരാണ് ഇപിഎഫ്ഒയിലുള്ളത്.
തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി സുമിത് ദവ്‌റ അറിയിച്ചു. പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയും വര്‍ധിപ്പിക്കും. പദ്ധതി വിഹിതത്തിലെ നിലവിലെ 12 ശതമാനം പരിധി എടുത്തുകളയുമെന്നും തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള തുക വിഹിതമായി നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്നും സൂചനയുണ്ട്.
Recent Comments