by Midhun HP News | Dec 12, 2024 | Latest News, കേരളം
രണ്ടുദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7285 രൂപ നല്‍കണം. ഗ്രാമിന് ഇന്നലെ 80 രൂപയാണ് വര്‍ധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. പിന്നീട് 56,720 രൂപയായി വില താഴ്‌ന്നെങ്കിലും തിരിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ 1500ലേറെ രൂപയാണ് പവന് കൂടിയത്.
by Midhun HP News | Dec 12, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ലഭിക്കുന്ന ജോലികളെ കുറിച്ച് കേന്ദ്രസര്‍ക്കാരിനെ നേരിട്ട് പരാതി അറിയിക്കാം. തൊഴിലുറപ്പ് പദ്ധതിയില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ജന്‍മന രേഖ ആപ്പ് വഴി പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ക്കൊപ്പം തൊഴിലാളികള്‍ പണിക്ക് എത്താതിരിക്കുക, കൃത്യമായി പണി എടുക്കാതിരിക്കുക, വ്യാജ ഹാജര്‍ രേഖപ്പെടുത്തുക തുടങ്ങിയവയ്ക്കും പരാതി അറിയിക്കാവുന്നതാണ്. ഇതുവരെ എംജിഎന്‍ആര്‍ഇജിഎ പോര്‍ട്ടല്‍ വഴിയാണ് പരാതികള്‍ സ്വീകരിച്ചിരുന്നത്.
നാഷണല്‍ മൊബൈല്‍ മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായാണ് ജന്‍മനരേഖ പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ആപ്പില്‍ വിവരങ്ങള്‍ ലഭ്യമാണ്.
by Midhun HP News | Dec 12, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളര്‍ ഒന്നിന് 84.85 എന്ന നിലയിലേക്ക് താഴ്ന്ന് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇന്ന് രണ്ടുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്.
ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതുമാണ് രൂപയെ സ്വാധീനിക്കുന്നത്. വിപണി പ്രതീക്ഷിക്കുന്ന ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഇന്ന് വരും. പണപ്പെരുപ്പനിരക്ക് ഉയരുകയാണെങ്കില്‍ അത് ഓഹരി വിപണിയെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ അനുമാനം. കഴിഞ ദിവസം രണ്ടുപൈസയുടെ നേട്ടത്തോടെ 84.83 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
എണ്ണവിലയും കുതിക്കുകയാണ്. 0.12 ശതമാനം വര്‍ധനയോടെ ബാരലിന് 73.61 എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന നടക്കുന്നത്. അതിനിടെ ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റമില്ല. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 50 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1012 കോടി മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്.
by Midhun HP News | Dec 12, 2024 | Latest News, സിനിമ
ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജനികാന്ത് ഇന്ന് 74-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും സഹപ്രവർത്തകരുമെല്ലാം പിറന്നാൾ ആശംസകൾ നേരുകയാണ്. 1975ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ കമൽ ഹാസനൊപ്പം തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ യാത്ര ഇന്നിപ്പോൾ ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ മികച്ച നടൻമാരിലൊരാളാക്കി മാറ്റി.
അദ്ദേഹത്തിന്റെ സ്റ്റൈലിനും ഡാൻസിനും ആക്ഷനും വരെ പ്രത്യേകം ആരാധകരുണ്ട്. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന്റെ വസിതിക്ക് മുന്നിൽ കേക്കുമായി ആരാധകർ ഒത്തുകൂടിയിരുന്നു. എൻ്റെ പ്രിയ സുഹൃത്ത്, സൂപ്പർ സ്റ്റാർ രജനികാന്തിന് ജന്മദിനാശംസകൾ. ഇനിയും കൂടുതൽ കൂടുതൽ വിജയങ്ങൾ നേടട്ടെ. നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ദീർഘകാലം ഇരിക്കട്ടെ എന്നാണ് കമൽ ഹാസൻ പിറന്നാൾ ആശംസകൾ നേർന്ന് എക്സിൽ കുറിച്ചത്.
ഞങ്ങളുടെ സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ എന്ന എസ്ജെ സൂര്യയും കുറിച്ചു. രജനികാന്തിന്റെ ഐക്കണിക് ഡയലോഗുകളിലൂടെയാണ് ആരാധകർ അദ്ദേഹത്തിന് ആശംസകൾ നേരുന്നത്. വേട്ടയ്യൻ ആണ് രജനികാന്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയറ്ററുകളിൽ ചിത്രം വിജയിക്കുകയും ചെയ്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
by Midhun HP News | Dec 12, 2024 | Latest News, കേരളം
സിനിമാപ്രേമികളെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് കുതിക്കുകയാണ് അല്ലു അർജുന്റെ പുഷ്പ 2. ഇപ്പോൾ ആയിരം കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. ആഗോള തലത്തിൽ നിന്ന് ഇതിനോടകം 1002 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇതോടെ ഏറ്റവും വേഗത്തിൽ ആയിരം കോടി നേടുന്ന ഇന്ത്യൻ ചിത്രമായിരിക്കുകയാണ് പുഷ്പ 2 ദി റൂൾ.
റിലീസ് ചെയ്ത് ആറാം ദിവസമാണ് ചിത്രത്തിന്റെ നേട്ടം. ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ദംഗൽ, ബാഹുബലി 2 ദി കൺക്ലൂഷൻ, ആർ ആർആർ, കെ ജി എഫ്, കൽക്കി, പഠാൻ, ജവാൻ എന്നിവയാണ് ആയിരം കോടിയിൽ ഇടം നേടിയ മറ്റ് സിനിമകൾ. 2000 കോടിയിലേക്ക് ചിത്രം എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
by Midhun HP News | Dec 12, 2024 | Latest News, കേരളം
മീറ്ററിടാന്‍ പറഞ്ഞതിഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഓട്ടം പോകാനായി ഓട്ടോ വിളിച്ചപ്പോഴായിരുന്നു സംഭവം.
മീറ്ററിടാന്‍ പറഞ്ഞതോടെ ഉടന്‍ യാത്രക്കാരനെ എയര്‍പോര്‍ട്ട് റോഡില്‍ ഇറക്കിവിടുകയായിരുന്നു. കൊല്ലം ആര്‍.ടി.ഒ. ഓഫീസില്‍ ജോലി ചെയ്യുന്ന അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെയാണ് ഡ്രൈവര്‍ നടുറോഡില്‍ ഇറക്കിവിട്ടത്.
വിമാനത്താവളത്തില്‍നിന്ന് അത്താണി ഭാഗത്തേക്കാണ് ഓഫീസര്‍ ഓട്ടം വിളിച്ചത്. യാത്രക്കൂലിയായി 180 രൂപ ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും അഞ്ച് കിലോ മീറ്ററില്‍ താഴെയുള്ള ഓട്ടമായതിനാല്‍ 180 കൂടുതലാണെന്നും 150 രൂപ വരെ തരാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.വണ്ടി പുറപ്പെട്ടപ്പോള്‍ മീറ്ററിടാന്‍ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരന്‍ മീറ്റര്‍ നിരക്ക് പ്രകാരം തുക തരാമെന്നും അറിയിച്ചു. എന്നാല്‍ ഇതോടെ യൂണിഫോം പോലും ധരിക്കാത്ത ഡ്രൈവര്‍ വണ്ടിയില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.പോകുന്ന സമയത്ത് ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരനോട് മോശമായി സംസാരിച്ചാണ് ഡ്രൈവര്‍ പോയത്. താനൊരു വെഹിക്കിള്‍ ഇന്‍സ്പെക്ടറാണെന്നു പറഞ്ഞ്, ഫോണില്‍ ഓട്ടോയുടെ ചിത്രം പകര്‍ത്തിയതോടെ ഓട്ടോ ഡ്രൈവര്‍ വീണ്ടും മോശമായി സംസാരിക്കുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി. ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജി. നിഷാന്ത് ഓട്ടോ ഡ്രൈവറെ പിടികൂടി. മോട്ടോര്‍ വാഹന വകുപ്പ് പിഴയ്ക്കു പുറമെ ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി വി.സി. സുരേഷ് കുമാറിന്റെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു.
മീറ്ററിടാത്തതു കൂടാതെ അമിത ചാര്‍ജ് വാങ്ങല്‍, യൂണിഫോം ധരിക്കാതിരിക്കല്‍, മോശം സംസാരം എന്നിവയ്ക്കെല്ലാം ചേര്‍ത്താണ് പിഴ ചുമത്തിയത്.
Recent Comments