by Midhun HP News | Sep 1, 2026 | Latest News, ദേശീയ വാർത്ത
കാലിഫോര്‍ണിയ: ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോണ്‍ ടെര്‍നസ്. 15 വര്‍ഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞതോടെയാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ടെര്‍നസ് സ്ഥാനമേല്‍ക്കുന്നത്. 2011-ല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ കുക്ക്, നീണ്ട 15 വര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്. ഇനി മുതല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന പുതിയ ചുമതലയിലാവും ടിം കുക്ക് തുടരുക.

ആരാണ് ജോണ്‍ ടെര്‍ണസ്?
പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കി. 2001 ല്‍ ആപ്പിളിന്റെ പ്രൊഡക്ട് ഡിസൈന്‍ ടീമില്‍ ചേര്‍ന്നു. പിന്നീട് ഹാര്‍ഡ്വേര്‍ എന്‍ജിനിയറിങ്ങില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക് കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. 2021 ലാണ് ആപ്പിളിന്റെ എക്‌സിക്യൂട്ടീവ് ടീമിന്റെ ഒപ്പം ചേര്‍ന്നത്.

ടിം കുക്ക്
1998-ലാണ് ടിം കുക്ക് ആപ്പിള്‍ കമ്പനിയില്‍ ചേരുന്നത്. ആപ്പിളിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് കുക്കിനുണ്ട്. 2011-ല്‍ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേല്‍ക്കുന്നത്.
ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ്, ഹോം പോഡ്, വിഷന്‍ പ്രോ, എയര്‍ ടാഗ് തുടങ്ങിയ ഉത്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചത് ടിം കുക്കിന്റെ കാലത്താണ്. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പോലുള്ള സേവനങ്ങള്‍ വളര്‍ന്നതും ഇക്കാലത്ത് തന്നെ. ആപ്പിളിന്റെ ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് ടിം കുക്കിനാണ്.


by Midhun HP News | Sep 1, 2026 | Latest News, കേരളം
കാസർകോട്: ബേക്കൽ മൗവലിൽ വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്റർ ലോഡുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു. ലോറിയിലുണ്ടായിരുന്ന അമ്പതോളം വലിയ റഫ്രിജറേറ്ററുകളിൽ മുപ്പതിലധികവും പൂർണ്ണമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.കോഴിക്കോട് നിന്ന് കർണാടകയിലെ ഉടുപ്പിയിലേക്ക് റഫ്രിജറേറ്ററുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ബേക്കൽ മേൽപ്പാലം അറ്റകുറ്റപ്പണികളുടെ ഭാഗമായി തീരദേശ സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഗതാഗതം തിരിച്ചുവിട്ടിരുന്നു. തുടർന്ന് കണക്ഷൻ റോഡായ പാലക്കുന്ന്–മൗവ്വൽ വഴി പള്ളിക്കര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് മൗവ്വലിൽ വെച്ച് കൂറ്റൻ കണ്ടെയ്നർ റോഡിന് കുറുകെയുണ്ടായിരുന്ന വൈദ്യുതി ലൈനിൽ തട്ടിയത്.വൈദ്യുതി പ്രവഹിച്ച് ലോറിക്ക് ഉടൻ തീപ്പിടിക്കുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവറും ക്ലീനറും വണ്ടി നിർത്തി പുറത്തേക്ക് ചാടിയതിനാൽ ഇരുവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ മണ്ണുമാന്തി യന്ത്രത്തിന്റെ (ജെസിബി) സഹായത്തോടെ കണ്ടെയ്നറിന്റെ വശങ്ങൾ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉള്ളിൽ കത്തുന്ന നിലയിലായിരുന്ന റഫ്രിജറേറ്റർ ബോക്സുകൾ ഓരോന്നായി പുറത്തേക്ക് വലിച്ചിട്ട് തുടർച്ചയായി വെള്ളം ചീറ്റിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഒന്നര മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി അണയ്ക്കാനായത്.


by Midhun HP News | Sep 1, 2026 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുഹമ്മദ് ഷഫീഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

കടുത്ത രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക മരണം ഉണ്ടാകുന്നത്. മലപ്പുറം അഥവനാട് പഞ്ചായത്തിലെ ചെലൂര്‍ ഭരണികുളത്തില്‍ കുളിച്ചതില്‍ നിന്നാകാം അമീബ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രാഥമിക നിഗമനം.


by Midhun HP News | Sep 1, 2026 | Latest News, സിനിമ
കരിയറില്‍ മിന്നും ഫോമിലാണ് നടി മമിത ബൈജു. ബെത്‌ലേഹം കുടുംബ യൂണിറ്റ് കൂടി 200 കോടി പിന്നിട്ടതോടെ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളാണ് മമിതയുടേതായി 200 കോടി ക്ലബില്ലെത്തിയിരിക്കുന്നത്. ഈ വിജയം അങ്ങ് ഓസ്‌ട്രേലിയയില്‍ ഇരുന്നായിരുന്നു മമിത ആഘോഷിക്കേണ്ടിയിരുന്നത്. എന്നാല്‍ താരത്തെ പനി മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

പനി കാരണം ആശുപത്രിയാലയതോടെ മമിതയുടെ ഓസ്‌ട്രേലിയന്‍ യാത്ര മാറ്റി വച്ചിരിക്കുകയാണ്. ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണ പരിപാടിയിലായിരുന്നു മമിത മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്. വിഡിയോ സന്ദേശത്തിലൂടെ തന്റെ ആരോഗ്യവസ്ഥ പറഞ്ഞു കൊണ്ട് വരാന്‍ പറ്റാത്തതില്‍ മാപ്പ് പറയുകയായിരുന്നു മമിത ബൈജു.
”എല്ലാവര്‍ക്കും ഓണാശംസകള്‍. നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്ക് അവിടെ എത്തിച്ചേരാന്‍ സാധിക്കില്ല. ഞാനിപ്പോള്‍ ആശുപത്രിയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വന്നേനെ. പക്ഷെ പരിപൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ശരീരവേദനയും അലര്‍ജിയും ആസ്മാറ്റിക്കും ആയതിനാല്‍ യാത്ര ചെയ്യരുത് എന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. എനിക്ക് വേറൊരു നിവൃത്തിയില്ലാതായിപ്പോയി. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ വന്നേനെ. പരിപാടി ഞാന്‍ മിസ് ചെയ്യും. നിങ്ങളുടെ കുടുംബത്തിലേക്ക് വരാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എല്ലാവരും ക്ഷമിക്കണം. ഇങ്ങനൊരു അവസ്ഥയായതുകൊണ്ടാണ്. മറ്റൊരു അവസരത്തില്‍ അത് നടക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് മമിത പറഞ്ഞത്.
വിഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. എത്രയും പെട്ടെന്ന് മമിതയുടെ പനി മാറി, വീണ്ടും സജീവമാകട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ഇപ്പോഴത്തെ ട്രെന്റിങ് വൈറല്‍ പനി മമിതയേയും തേടിയെത്തിയല്ലോ എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ചിലരാകട്ടെ ഇത് കണ്ണ് കിട്ടിയതാണെന്നും തമാശയായി പറയുന്നുണ്ട്.
അതേസമയം ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം ഇതിനോടകം നേടിയത് 203 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളി-മമിത ബൈജു കോമ്പോയാണ് ഗിരീഷ് എഡി ഒരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ചിത്രം കണ്ടിറങ്ങുന്നവരെല്ലാം പറയുന്നത്.



by Midhun HP News | Sep 1, 2026 | Latest News, കേരളം
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ സ്വന്തം ക്രിയേറ്റീവ് ടീമിലൂടെ കൈയടി നേടുമ്പോഴും, ജനങ്ങളിലേക്കുള്ള സ്വാധീനവും സ്വീകാര്യതയും ഇനിയും വിപുലീകരിക്കാൻ സ്വകാര്യ ഏജൻസികളുടെ പ്രൊഫഷണൽ പിന്തുണ തേടാൻ കേരള പൊലീസ് ഒരുങ്ങുന്നു. നിലവിൽ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 20 ലക്ഷത്തിലധികം (രണ്ട് മില്യൺ) ഫോളോവേഴ്സുള്ള കേരള പൊലീസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ, വൻകിട കണ്ടന്റ് ക്രിയേറ്റർമാരെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള സർഗ്ഗാത്മകവും വൈറലുമായ പോസ്റ്റുകളിലൂടെയാണ് ശ്രദ്ധേയമായത്. സമൂഹമാധ്യമങ്ങളിൽ ഇത്രയേറെ സ്വാധീനം ഉണ്ടായിരിക്കെത്തന്നെയാണ് കൂടുതൽ കൃത്യതയാർന്ന മീഡിയ സ്ട്രാറ്റജി, പൊതുജന ക്യാംപയിനുകൾ, നൂതന കണ്ടന്റ് നിർമ്മാണം എന്നിവയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാൻ പൊലീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ആദ്യപടിയായി യോഗ്യരായ ഏജന്‍സികളില്‍ നിന്ന് പൊലീസ് താല്‍പ്പര്യപത്രം ക്ഷണിച്ചു. ബ്രാന്‍ഡിങ്, പിആര്‍ എന്നിവയ്ക്കായി പൊലീസ് സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടുന്നത് ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. പൊലീസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് പുറമേ, ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്നാണ് പൊലീസ് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് ഔട്ട്‌റീച്ച് പ്രോഗ്രാം(ഐസിപിഒപി) പ്രകാരമാണ് പദ്ധതിക്ക് ധനസഹായം ലഭിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ ഐസിപിഒപി പ്രകാരം ഫണ്ട് അനുവദിച്ചിട്ടുണ്ട്, ഇത് പദ്ധതിക്കായി വിനിയോഗിക്കും. ഇതൊരു വലിയ പദ്ധതിയാണ്, പൊലീസിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം,’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ ക്യാംപയിന്‍ മികച്ച രീതിയില്‍ നടക്കുന്നതിനിടെ പുതിയ നീക്കം.


by Midhun HP News | Sep 1, 2026 | Latest News, ജില്ലാ വാർത്ത
അഴൂർ ഗവണ്മെന്റ് ഹൈസ്കൂൾ ബാച്ച് 1983 വർഷത്തെ വിദ്യാർത്ഥികൾ (30-08-26) ഞായറാഴ്ച അഴൂർ ഹയർ സെക്കന്ററി സ്കൂളിൽ ഒത്തുചേർന്ന് അധ്യാപകൻമാരെ ആദരിക്കുകയും, ഓണാഘോഷം ആഘോഷിക്കുകയും ചെയ്തു. കലാപരിപാടികൾ, മാജിക് ഷോ തുടങ്ങിയവയും സംഘടിപ്പിച്ചു. ഹരിലാൽ, ലാലി, ഗ്രൂപ്പ് അഡ്മിൻ ഷാനവാസ്, രാജശേഖരൻ, സാബു തുടങ്ങിയവർ പരിപാടിയ്ക് നേതൃത്വം നൽകി.




Recent Comments