by Midhun HP News | Sep 1, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
തന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക് സന്ദേശം അയച്ച് തട്ടിപ്പിന് ശ്രമം നടത്തുന്നുവെന്ന് നടൻ ടൊവിനോ തോമസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് നടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. പ്രചരിക്കുന്ന ഇ-മെയിൽ വിലാസം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മെയിൽ ഐഡിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ടൊവിനോ വ്യക്തമാക്കി.

“പ്രധാനപ്പെട്ട അറിയിപ്പ്-
വ്യാജ സന്ദേശങ്ങളെക്കുറിച്ച് എന്റെ പേര് വ്യാജമായി ഉപയോഗിച്ചു കൊണ്ട് ചില വ്യക്തികൾ വിവിധ ആളുകളിലേക്ക് ഇ മെയിലുകൾ അയക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന വിലാസത്തിൽ നിന്നാണ് ഇമെയിലുകൾ അയക്കുന്നത്: tovinothomas79@gmail.com. ദയവായി ശ്രദ്ധിക്കുക, ഈ ഇ മെയിൽ വിലാസം എന്റേതല്ല,
ഈ വിലാസം ഉപയോഗിച്ച് എന്റെ പേരിൽ ആശയവിനിമയം നടത്താൻ ഞാൻ ആർക്കും അനുവാദം നൽകിയിട്ടില്ല. ഈ ഇ-മെയിൽ ഐഡിയിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും, വ്യക്തിവിവരങ്ങൾ പങ്കുവെക്കരുതെന്നും, ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, പണം നൽകരുതെന്നും, അത്തരം ആവശ്യങ്ങളോട് പ്രതികരിക്കരുതെന്നും എല്ലാവരോടും ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നു.

ഈ വിലാസത്തിൽ നിന്ന് നിങ്ങൾക്ക് ഏതെങ്കിലും ഇ മെയിൽ ലഭിക്കുകയാണെങ്കിൽ, ദയവായി അത് സ്പാം/ഫിഷിംഗ് ആയി റിപ്പോർട്ട് ചെയ്യുകയും ഉടൻ തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുക. ഈ വ്യാജ പ്രചരണത്തിൽ വീഴാതിരിക്കാൻ ഇത്തരം ഇ മെയിലുകൾ ലഭിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള മറ്റുള്ളവരുമായും ഈ വിവരം പങ്കുവെക്കുക. ജാഗ്രത പാലിക്കുക, എന്റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതിന് മുമ്പ് അതിന്റെ ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തണം.

നിങ്ങളുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി”. – ടൊവിനോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. പള്ളിച്ചട്ടമ്പി, ഖലീഫ എന്നിവയാണ് ടൊവിനോയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. നിരവധി സിനിമകളാണ് ടൊവിനോയുടേതായി ലൈൻ അപ്പിലുള്ളത്. എൽ ക്ലാസിക്കോ ആണ് ടൊവിനോയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.

by Midhun HP News | Sep 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍മന്ത്രിയുടെ അപ്പീല്‍.
ലഹരികേസിലെ തൊണ്ടിമുതലായ അടിവസ്ത്രം നശിപ്പിച്ച കേസില്‍, അന്നത്തെ കേസിലെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിചാരണക്കോടതിയായ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. ഇതിനെതിരെയാണ് ആന്റണി രാജുവിന്റെ അപ്പീല്‍.

കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അയോഗ്യനായ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചില്ല. അയോഗ്യത നീക്കണം എന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. വിചാരണക്കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു.
1990 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. അടിവസ്ത്രത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയതിന് ഓസ്‌ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. ഈ കേസില്‍ പ്രതിഭാഗം അഭിഭാഷകനായ കല്ലൂര്‍ സന്‍ഫാറിന്റെ ജൂനിയറായിരുന്നു അന്ന് ആന്റണി രാജു. കേസില്‍ പ്രതി ആന്‍ഡ്രൂവിനെ വിചാരണക്കോടതി 10 വര്‍ഷം ശിക്ഷിച്ചു.

തുടര്‍ന്ന് അപ്പീല്‍ നല്‍കിയ പ്രതി, തൊണ്ടി മുതലായ അടിവസ്ത്രം തന്റെ ശരീര അളവിന് ചേരുന്നതല്ലെന്ന് വാദിച്ചു. തുടര്‍ന്ന് ഹൈക്കോടതി പ്രതിയെ വിട്ടയച്ചു. കോടതി സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചാണ് അഭിഭാഷകന്‍ പ്രതിയെ രക്ഷപ്പെടുത്തിയതെന്ന് പിന്നീട് കണ്ടെത്തി. തൊണ്ടി മുതലില്‍ തിരിമറി വരുത്തിയെന്നാരോപിച്ച് 1994-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2006-ലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.


by Midhun HP News | Sep 1, 2026 | Latest News, കേരളം
കൊല്ലം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. പരവൂര്‍ കോങ്ങല്‍ സ്വദേശി സുനന്ദ മണിരാജനെയാണ് കാണാതായത്. സുനന്ദയും കുടുംബവും ലണ്ടനില്‍ സ്ഥിരതാമസക്കാരായിരുന്നു. കൈലാസ മാനസസരോവര്‍ തീര്‍ഥയാത്രയ്ക്ക് പോയതായിരുന്നു സുനന്ദ മണിരാജന്‍.

കഴിഞ്ഞ മാസം 25 നാണ് അവസാനമായി സുനന്ദ വിളിച്ചത്. ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയ സുനന്ദയെ പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നു ബന്ധുക്കൾ പറയുന്നു. പിന്നീട് ട്രാവല്‍ ഏജന്റിനെ വിളിച്ചപ്പോഴാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് മിസ്സിങ് പരാതി നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. നോര്‍ക്ക, വിദേശകാര്യമന്ത്രാലയം, കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി എന്നിവയെ വിവരം അറിയിച്ചിട്ടുണ്ട്.
സുനന്ദയുടെ മക്കള്‍ രണ്ടുപേരും യുകെയിലാണ്. ഇവര്‍ ബ്രിട്ടീഷ് എംബസി വഴി ട്രൈ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഘത്തിലെ 17 പേരും ഒപ്പമുണ്ടായിരുന്ന 5 ഗൈഡുകളെക്കുറിച്ചും വിവരമില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 22-ാം തീയതിയാണ് സുനന്ദ ലണ്ടനില്‍ നിന്നും ഡല്‍ഹിയിലെത്തുന്നത്. അവിടെ നിന്നും വിമാനമാര്‍ഗം കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു.

കൊല്ലം പരവൂര്‍ സ്വദേശിനിയായ സുനന്ദ കുടുംബത്തോടെ യുകെയില്‍ താമസിച്ചു വരികയായിരുന്നു. യുകെ പൗരത്വവുമുണ്ട്. യുകെയില്‍ ഒരു എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്നു. സുനന്ദയെ കാണാതായതില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കാഠ്മണ്ഡുവിന് പുറമേ, ചൈനീസ് എംബസികള്‍ അടക്കമുള്ളവയുമായും ബന്ധപ്പെട്ടു വരികയാണ്.


by Midhun HP News | Sep 1, 2026 | Latest News, കേരളം
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. മൈലാപ്പൂർ നാലുതുണ്ടിൽ വീട്ടിൽ അട്ട നിഷാദ് എന്ന നിഷാദ്(38) ആണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എ.സി.പി രാഖേഷ് പി.എസ് ന്റെ മേൽനോട്ടത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും കൊട്ടിയം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഓഗസ്റ്റ് 29-ന് രാത്രി 9.00 മണിയോടെ തഴുത്തല വില്ലേജിൽ മൈലാപ്പൂർ ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 2.21 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്നും മയക്ക്മരുന്ന് എത്തിച്ച് കൊട്ടിയം, കണ്ണനല്ലൂർ, ചാത്തന്നൂർ ഭാഗങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. സംഭവത്തിൽ കൊട്ടിയം പോലീസ് എൻ.ഡി.പി.എസ് നിയമപ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പ്രതിക്കെതിരെ മുൻപും എൻ.ഡി.പി.എസ് നിയമപ്രകാരം കൊട്ടിയം പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. കൂടാതെ 2025-ൽ 1.930 കിലോ ഗഞ്ചാവ് പിടികൂടിയതിന് കൊല്ലം എക്‌സൈസ് വകുപ്പ് രജിസ്റ്റർ ചെയ്യ്ത കേസിലും 2023-ൽ തമിഴ്‌നാട് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച് 6 കിലോ ഗഞ്ചാവ് പിടികൂടിയതിന് ചെന്നൈ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിലും ഇയാൾ പ്രതിയാണ്.

ഡാൻസാഫ് എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള സംഘവും കൊട്ടിയം എസ്.എച്ച്.ഓ വിഷ്ണു സജീവിന്റെ നേതൃത്വത്തിൽ എസ്.ഐ മെറ്റിൽഡാ, സി.പി.ഓ ഹരീഷ് എന്നിവരടങ്ങിയ സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യ്തു.


by Midhun HP News | Sep 1, 2026 | Latest News, കേരളം
തുടര്‍ പരാജയങ്ങള്‍ തളർത്തിയ കരിയറില്‍ സമാനതകളില്ലാത്ത തിരിച്ചുവരവ് കുറിച്ച് നിവിന്‍ പോളി. സര്‍വ്വം മായയിലൂടെ ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ നിവിന്‍ പോളി ഇപ്പോഴിതാ ബെത്‌ലേഹം കുടുംബ യൂണിറ്റിലൂടേയും ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിക്കുകയാണ്. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമായി മാറിയിരിക്കുകയാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതുവരെ നേടിയത് 203 കോടിയാണ്.

മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ഏഴാമത്തെ ചിത്രമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ്, എമ്പുരാന്‍, ലോക, വാഴ 2, ദൃശ്യം 3 എന്നിവയാണ് 200 കോടി നേടിയത്. ഗിരീഷ് എഡിയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമായി നേരത്തെ തന്നെ മാറിയ ബെത്‌ലഹേം അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമെന്ന നേട്ടമാണിപ്പോള്‍ സ്വന്തമാക്കുന്നത്. അതേസമയം മമിത ബൈജുവിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ 200 കോടി ചിത്രമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്.
മമിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ അഞ്ച് സിനിമകളും മൂന്നക്കം പിന്നിട്ടവയാണ്. ഇതില്‍ തമിഴില്‍ ഇറങ്ങിയ ജന നായകനും വിശ്വനാഥ് ആന്‍ഡ് സണ്‍സും 200 കോടിയ്ക്ക് മുകളില്‍ നേടിയിരുന്നു. പിന്നാലെ മലയാളത്തിലേക്ക് തിരികെ വന്ന് ഇവിടേയും 200 കോടിയെന്ന മാന്ത്രിക സഖ്യയിലെത്തിയിരിക്കുകയാണ് മമിത ബൈജു. കരിയറില്‍ സമാനതകളില്ലാത്ത ഉയരത്തിലേക്കാണ് മമിത ബൈജു എന്ന താരം കുതിക്കുന്നത്.
അതേസമയം അതിവേഗം 200 കോടി ക്ലബ്ബിലെത്തുന്ന മലയാളം സിനിമകളില്‍ ലോകയുടെ റെക്കോര്‍ഡാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ് വെട്ടിയിരിക്കുന്നത്. ലോക 13 ദിവസം കൊണ്ട് നേടിയ 200 കോടി, ബെത്‌ലഹേം നേടിയത് 11 ദിവസം കൊണ്ടാണ്. അഞ്ച് ദിവസം കൊണ്ട് 200 കോടി നേടിയ എമ്പുരാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമതുള്ളതും മോഹന്‍ലാല്‍ ചിത്രമാണ്. ഒമ്പത് ദിവസം കൊണ്ട് 200 കോടി നേടിയ ദൃശ്യം 3 ആണിത്.

നിലവില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ യാത്ര ഇന്‍ഡസ്ട്രി ഹിറ്റ് എന്ന സൂചന നല്‍കുന്നതാണ്. ഗീരീഷ് എഡി ഒരുക്കിയ, ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തിന് ഇപ്പോഴും വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ തമിഴ്-തെലുങ്ക് പതിപ്പുകള്‍ സെപ്റ്റംബര്‍ നാലിന് തിയേറ്ററുകളിലെത്തും. സെപ്റ്റംബര്‍ 3ന് എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഐ ആം ഗെയിം മാത്രമാണ് ബെത്‌ലഹേമിന് മുന്നിലുള്ള വെല്ലുവിളി. എന്തായാലും, കണ്ടറിയാം ബോക്‌സ് ഓഫീസിന് എന്ത് സംഭവിക്കുമെന്ന്.


by Midhun HP News | Sep 1, 2026 | Latest News, കേരളം
തിരുവനന്തപുരം: സുപ്രീംകോടതി നിയോഗിച്ച സുരക്ഷാ സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് പരിശോധന നടത്തും. ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പുതിയ പ്രതിനിധി.

ഗോപാല്‍ ധവാന്‍, എം എല്‍ ശര്‍മ്മ, ഗുല്‍ഷന്‍ രാജ് എന്നിവരാണ് സമിതിയിലുള്ള മറ്റംഗങ്ങള്‍. മൂന്നു ദിവസം കുമളിയില്‍ തങ്ങുന്ന സംഘം, പരിശോധനയ്ക്ക് ശേഷം യോഗവും ചേരും. ഈ മാസം അവസാനം ഡല്‍ഹിയില്‍ ഉന്നതല യോഗവും ചേരുന്നുണ്ട്. കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ 2022 ലാണ് മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

അണക്കെട്ടിന്റെ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിച്ച് വിലയിരുത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കേരളം തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.

സമിതിയുടെ തീരുമാനങ്ങള്‍ കേരളത്തിന് അനുകൂലമല്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 152 അടി വരെ ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ അണക്കെട്ടിന് സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നും പുതിയ ഡാം നിര്‍മ്മിക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്.

Recent Comments