പന്ത്രണ്ടാമത് ദേശീയ പെൻക്യാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി യു കെ ജി വിദ്യാർത്ഥി

പന്ത്രണ്ടാമത് ദേശീയ പെൻക്യാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി യു കെ ജി വിദ്യാർത്ഥി

പന്ത്രണ്ടാമത് ദേശീയ പെൻക്യാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ഭരതന്നൂർ സ്വദേശിയായ യു കെ ജി വിദ്യാർത്ഥി. ആര്യൻ എം ആണ് ജമ്മുകാശ്മീർ, ശ്രീനഗറിലെ ഷേർ – ഇ – ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ വച്ചു നടന്ന പന്ത്രണ്ടാമത് ദേശീയ പെൻക്യാക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കൊച്ചുമിടുക്കൻ. ഫീനിക്സ് സ്പോർട്സ് ക്ലബ്ബിലെ അംഗവും കോച്ചും പെൻക്യാക് സിലാറ്റ് സ്റ്റേറ്റ് ജഡ്ജും ആയ മിഥുൻ.എം. പി.യുടെയും തിലോത്തമയുടെയും മകനായ ആര്യൻ ഭരതന്നൂർ കെഎംജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയാണ്.

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും, വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴ

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും, വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴ

തിരുവനന്തപുരം: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 12 മുതല്‍ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്രാപിച്ച് ഡിസംബര്‍ 11ഓടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക – തമിഴ് നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരത്തും , വെള്ളിയാഴ്ച ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു, 57,500 കടന്ന് കുതിച്ച് സ്വര്‍ണവില

ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു, 57,500 കടന്ന് കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പവന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 57,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 7205 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് ഉയര്‍ന്ന വിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു.

‘നടി അഞ്ചു ലക്ഷം ചോദിച്ചത് നേരിട്ടല്ല’; പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടി

‘നടി അഞ്ചു ലക്ഷം ചോദിച്ചത് നേരിട്ടല്ല’; പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിന് വേണ്ടി നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ പ്രമുഖ നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചുവെന്ന പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും കലോത്സവം തുടങ്ങാനിരിക്കെ വിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

”അഞ്ച് ലക്ഷം ചോദിച്ചു, എന്നോട് നേരിട്ടല്ല. പ്രസ് സെക്രട്ടറി രാജീവിനോടാണ് ചോദിച്ചത്. സോഷ്യല്‍ മീഡിയയിലും ചാനലിലും എല്ലാം ഇത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പ്രമുഖര്‍ പൊതുവെ പ്രതിഫലം വാങ്ങാതെയാണ് വരാറുള്ളത്. പതിനായിരക്കണക്കിന് കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. കലോത്സവം തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ വിവാദങ്ങള്‍ക്കില്ല. അതുകൊണ്ട് വെഞ്ഞാറമൂട് നടത്തിയ സാംസ്കാരിക പരിപാടിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നു. ഇതോടുകൂടി എല്ലാ ചര്‍ച്ചയും അവസാനിക്കട്ടെ. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഇതുവരെ ഏല്‍പ്പിച്ചിട്ടില്ല. നേരത്തെയും സെലിബ്രിറ്റികളെ കൊണ്ടു വന്നിരുന്നു. പ്രതിഫലം വാങ്ങാതെയാണ് അവരെല്ലാവരും വന്നത്”, മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. 16000 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി യുവജനോത്സവം വഴി വളര്‍ന്നു വന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവര്‍ സമ്മതിക്കുകയെ ചെയ്തു. എന്നാല്‍ അവര്‍ 5 ലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞത്. നടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

പൈങ്കുനി ഉത്രം ആഘോഷം, ശതാബ്ദിവിളംബരം നടന്നു

പൈങ്കുനി ഉത്രം ആഘോഷം, ശതാബ്ദിവിളംബരം നടന്നു

തിരുവനന്തപുരം: ചാല ഗ്രാമ ബ്രാഹ്മണസമുദായം ഒരു നൂറ്റാണ്ടായി നടത്തുന്ന പൈങ്കുനി ഉത്രം ആഘോഷത്തിന്റെ ശതാബ്ദിവിളംബരം നടന്നു. ചാല ഗ്രാമ ബ്രാഹ്മണസമുദായത്തിന്റെ കീഴിലുള്ള വലിയശാല ഗണപതിക്ഷേത്രത്തില്‍ വിഷ്ണുസഹസ്രനാമ പാരായണത്തിനുശേഷം പൂജാദ്രവ്യങ്ങളുമായി ആരംഭിച്ച വിളംബരഘോഷയാത്ര കാന്തള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ധര്‍മശാസ്താ സന്നിധിയിലെത്തി.

ധര്‍മശാസ്താവിന്റെ ജന്മോത്സവമായ പൈങ്കുനി ഉത്രം ഉത്സവം ഏപ്രില്‍ 3 മുതല്‍ 12 വരെ വിവിധ ആത്മീയ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. വിശേഷപൂജകള്‍, ശാസ്താംപാട്ട് എന്നിവയ്ക്കു പിന്നാലെ പൈങ്കുനി ഉത്രം തട്ടംവാങ്ങല്‍ ചടങ്ങ് നടന്നു. ആഘോഷത്തിനായി എം.ശ്രീറാം (ചെയര്‍മാന്‍), ജി.നീലകണ്ഠന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരടങ്ങുന്ന സമിതി രൂപവത്കരിച്ചതായി സമുദായം പ്രസിഡന്റ് യജ്ഞനാരായണന്‍, സെക്രട്ടറി ഹരിഗണേഷ് എന്നിവര്‍ അറിയിച്ചു.

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; കോളജ് പ്രിന്‍സിപ്പലിനെ മാറ്റി

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; കോളജ് പ്രിന്‍സിപ്പലിനെ മാറ്റി

പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ നടപടി. ചുട്ടിപ്പാറ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാമിനെ സ്ഥലം മാറ്റി. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സീപാസിന് കീഴിലെ സീതത്തോട് കോളജിലേക്കാണ് അബ്ദുല്‍ സലാമിനെ സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അഷിത, അലീന ദിലീപ്, അജ്ഞന മധു എന്നിവര്‍ക്കെതിരെയാണ് നടപടി. കേസില്‍ മൂന്നു പേരും ജാമ്യത്തിലാണ്.

അതേസമയം അമ്മു മരണത്തില്‍ അധ്യാപകനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ചുട്ടിപ്പാറ നഴ്‌സിങ് കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെയാണ് അമ്മുവിന്റെ അച്ഛന്‍ സജീവ് പരാതി നല്‍കിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകന്‍ സജിയും കേസില്‍ പ്രതികളായ വിദ്യാര്‍ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛന്‍ സജീവന്റെ പരാതി.

പ്രതികളായ വിദ്യാര്‍ഥിനികളെ ഒരു വശത്തും അമ്മുവിനെ ഒരു വശത്തും നിര്‍ത്തികൊണ്ട് കൗണ്‍സിലിങ് എന്ന പേരില്‍ കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തതെന്നും ഇതിനുശേഷമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അമ്മു വീണ് മരിച്ചതെന്നും അച്ഛന്‍ സജീവ് പറഞ്ഞു.

നേരത്തെ കേസില്‍ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പില്‍ ഹാജരായി അമ്മുവിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. മകള്‍ക്ക് സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നല്‍കിയെന്ന് അച്ഛന്‍ പറഞ്ഞു