by Midhun HP News | Dec 9, 2024 | Latest News, കേരളം
ആഗോള തലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുതാഴെ ഇന്ത്യയാണെന്ന് ‘UBS’ Billionaire Ambitions’ റിപ്പോര്‍ട്ട് പറയുന്നു.
835 ശതകോടീശ്വരന്മാരുമായി അമേരിക്കയാണ് മുന്നിട്ടുനില്‍ക്കുന്നത്. 427 പേരുമായി രണ്ടാം സ്ഥാനത്താണ് ചൈന. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 2024ല്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഉണ്ടായത്. ഒരു വര്‍ഷത്തിനുള്ളില്‍ 32 പുതിയ പേരുകള്‍ കൂടി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. രാജ്യത്ത് മൊത്തം 185 ശതകോടീശ്വരന്മാരാണ് ഉള്ളത്.
ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഒരു വര്‍ഷം കൊണ്ട് 21 ശതമാനം വര്‍ധന. 2015 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലധികമായി. 123 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 42.1 ശതമാനമാണ് ഉയര്‍ന്നത്. മൊത്തം സമ്പത്ത് 90,560 കോടി ഡോളറിലെത്തി. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക കുതിച്ചുചാട്ടവും ആഗോള സമ്പത്ത് സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതും ഈ വളര്‍ച്ചയ്ക്ക് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. 2024-ല്‍ 84 പേരാണ് പുതുതായി പട്ടികയില്‍ ഇടംപിടിച്ചത്. മൊത്തം സമ്പത്ത് 4.6 ലക്ഷം കോടി ഡോളറില്‍ നിന്ന് 5.8 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. എന്നാല്‍ ചൈനയില്‍ മൊത്തം സമ്പത്ത് കുറഞ്ഞു. ചൈനയിലെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 1.8 ലക്ഷം കോടി ഡോളറില്‍ നിന്ന് 1.4 ലക്ഷം കോടി ഡോളറായി കുറഞ്ഞു. ഇതിന്റെ ഫലമായി 93 പേര് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ നിന്ന് പുറത്തായി.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: താലൂക്കുതലത്തില്‍ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിന് ഇന്ന് തുടക്കമാകും. ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തിന് തിങ്കളാഴ്ച തിരുവനന്തപുരം താലൂക്ക് അദാലത്തോടെയാണ് തുടക്കമാകുക. സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമെന്‍സ് കോളജില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി ജി ആര് അനില്‍ അധ്യക്ഷത വഹിക്കും. മന്ത്രി വി ശിവന്‍കുട്ടിയും പങ്കെടുക്കും. തത്സമയം തീര്‍പ്പാക്കാവുന്നവ അദാലത്തില്‍ പരിഹരിക്കും.
ജനുവരി 13 വരെ നീളുന്ന അദാലത്തില്‍ തത്സമയം തീര്‍പ്പാക്കാവുന്നവ അദാലത്തില്‍ തന്നെ പരിഹരിക്കും. ശനിയാഴ്ചവരെ 8336 പരാതികളാണ് ലഭിച്ചത്. karuthal.kerala.gov.in എന്ന വെബ്സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റര്‍ വഴിയോ താലൂക്ക് ഓഫീസിലെ ഹെല്‍പ്പ് ഡെസ്ക് വഴിയോ പരാതി നല്‍കാം.
അദാലത്ത് നടക്കുന്ന സ്ഥലത്ത് ഹെല്‍പ്പ് ഡെസ്കിലും പരാതി സ്വീകരിക്കും. പോര്‍ട്ടല്‍ വഴി ലഭിക്കുന്നവ കലക്ട്രേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് നല്‍കും. നടപടിയെടുത്ത് അതേ പോര്‍ട്ടല്‍ വഴി തിരികെ നല്‍കും.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സീസണ് പരിഗണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. ഹൈദരാബാദിലെ കാച്ചിഗുഡയില്‍ നിന്നും കോട്ടയത്തേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. ജനുവരി 2, 9, 16, 23 തീയതികളില്‍ ഹൈദരാബാദില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് ഉണ്ടാകും.
ജനുവരി 3, 10, 17, 24 തീയതികളില്‍ കോട്ടയത്തു നിന്നും ഹൈദരാബാദിലേക്കും ട്രെയിന്‍ സര്‍വീസ് നടത്തും. വൈകീട്ട് 3.40 ന് ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് 6.50 ന് കോട്ടയത്ത് എത്തിച്ചേരും.രാത്രി 8. 30 ന് കോട്ടയത്തു നിന്നും പുറപ്പെടുന്ന മടക്ക ട്രെയിന്‍ പിറ്റേന്ന് രാത്രി 11. 40 ന് ഹൈദരാബാദില്‍ എത്തിച്ചേരുമെന്നും റെയില്‍വേ അറിയിച്ചു.
by Midhun HP News | Dec 9, 2024 | Latest News, കേരളം
കല്‍പ്പറ്റ: ‘മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ എല്ലാവരോടും സന്തോഷം’- വയനാട് കലക്ടേറ്ററില്‍ റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. വയനാട് ദുരന്തത്തില്‍ കുടുംബമൊന്നാകെ ഇല്ലാതാവുകയും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്നുമുതല്‍ പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. രാവിലെ പത്തുമണിയോടെ വയനാട് കലക്ടറേറ്റിലെ എഡിഎമ്മിന്റെ ഓഫീസിലെത്തിയാണ് ശ്രുതി പുതിയ ജോലിയില്‍ പ്രവേശിച്ചത്.
‘മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ സന്തോഷം ഉണ്ട്. സര്‍ക്കാരിനോട് നന്ദിയുണ്ട്, ഓരോരുത്തരുടെയും പേര് എടുത്ത് പറയുന്നില്ല. എല്ലാവരും സഹായിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി ഉണ്ട്. വയ്യായ്കയുണ്ടെങ്കിലും ജോലിക്കായി എത്തും. ഇന്ന് രാവിലെ റവന്യൂ മന്ത്രി രാജന് സാര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു’- ശ്രുതി പറഞ്ഞു. ജോലിയില്‍ പ്രവേശിക്കാനായി എത്തിയപ്പോള്‍ ശ്രുതിക്കൊപ്പം സിപിഎം നേതാവ് സികെ ശശീന്ദ്രന്, സിപിഐ ജില്ലാ സെക്രട്ടറി തുടങ്ങി വിവിധ രാഷ്ട്രീയനേതാക്കളും ഒപ്പമുണ്ടായിരുന്നു.
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലായ് 30നുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന് ജെന്‍സണെയും ഒരപകടത്തില്‍ നഷ്ടമായി. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പില്‍ നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം.
by Midhun HP News | Dec 9, 2024 | Latest News, കേരളം
ഡല്‍ഹി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ബീമ സഖി യോജനയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിക്കും. ഹരിയാനയിലെ പാനിപ്പത്തില്‍ നടക്കുന്ന പരിപാടിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്, ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.
സ്ത്രീകള്‍ക്ക് ഇന്‍ഷുറന്‍സ് ഏജന്റുമാരാകാന്‍ (ബിമാ സഖി) അവസരം നല്‍കുന്നതാണ് ഈ പദ്ധതി. ഈ പദ്ധതിയില്‍ ചേരുന്ന സ്ത്രീകള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്റ്റൈപ്പന്റ് ലഭിക്കും. 7,000 രൂപ മുതല്‍ 21,000 രൂപ വരെ വനിതകള്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും. ഗ്രാമീണ വനിതകള്‍ക്ക് തൊഴിലവസരങ്ങളും സാമ്പത്തിക സഹായവും നല്‍കുക എന്നതാണ് ബീമാ സഖി യോജനയുടെ ലക്ഷ്യം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എല്‍ഐസി പുറത്തുവിട്ടിട്ടില്ല.
ആദ്യ വര്‍ഷം സ്ത്രീകള്‍ക്ക് പ്രതിമാസം 7,000 രൂപയാണ് സാമ്പത്തിക സഹായമായി ലഭിക്കുക. രണ്ടാം വര്‍ഷം ഈ തുക പ്രതിമാസം 6,000 രൂപയായി കുറയും. മൂന്നാം വര്‍ഷമാകുമ്പോഴേക്കും സ്ത്രീകള്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്റ് ആയി ലഭിക്കുക 5000 രൂപയാണ്. കൂടാതെ, അവര്‍ക്ക് 2,100 രൂപ അധിക ഇന്‍സെന്റീവും ലഭിക്കും. ഇന്‍ഷുറന്‍സ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കമ്മീഷന് അടിസ്ഥാനമാക്കിയുള്ള റിവാര്‍ഡുകളും നല്‍കും.
റിക്രൂട്ട്മെന്റ്
ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 35,000 സ്ത്രീകളെ ഇന്‍ഷുറന്‍സ് ഏജന്റുമാരായി നിയമിക്കും. ഭാവിയില്‍ 50,000 സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കും. തുടക്കത്തില്‍ ഹരിയാനയില്‍ ആരംഭിക്കുന്ന പദ്ധതി ക്രമേണ രാജ്യത്തുടനീളം നടപ്പാക്കും.
കുറഞ്ഞ യോഗ്യത
ബീമാ സഖി യോജനയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്, സ്ത്രീകള്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം.
by Midhun HP News | Dec 9, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മാറ്റം വരുത്തി. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആര്‍ടി ഓഫീസിന് കീഴിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.
മുന്‍പ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആര്‍ടിഒ പരിധിയില്‍ മാത്രമേ വാഹനം രജിസ്ട്രേഷന് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ഇതോടെ അധികാരപരിധി ചൂണ്ടിക്കാട്ടി അര്‍ടിഒമാര്‍ക്ക് ഇനി വാഹനരജിസ്ട്രേഷന് നിരാകരിക്കാനാകില്ല. ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആര്‍ടിഒപരിധിയില്‍ വാഹന രജിസ്ട്രേഷന് നടത്താമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമ താമസിക്കുന്ന സ്ഥലത്ത് തന്നെ വാഹനരജിസ്ട്രേഷന് നടത്തണമെന്ന ആറ്റിങ്ങല്‍ റീജിനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നിലപാടിനെതിരെയായിരുന്നു കോടതിയുടെ ഇടപെടല്‍.
മോട്ടോര്‍ വാഹനഭേദഗതി ചട്ടത്തിന് വിരുദ്ധമാണ് ആര്‍ടിഒയുടെ നടപടിയെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. തിരുവനന്തപുരം പള്ളിച്ചലില്‍ നിന്ന് വാങ്ങിയ വാഹനം ആറ്റിങ്ങലില്‍ രജിസ്ട്രേഷന് ചെയ്യണമെന്ന അപേക്ഷ ആര്‍ടിഒ തള്ളിയിരുന്നു. ഉടമ ആറ്റിങ്ങലില്‍ താമസിക്കുന്ന ആളോ, ബിസിനസ് നടത്തുന്ന ആളോ അല്ലെന്നും കഴക്കൂട്ടം സ്വദേശിയായതിനാല്‍ രജിസ്ട്രേഷന് അവിടെയാണ് നടത്തേണ്ടതെന്നും പറഞ്ഞാണ് അപേക്ഷ നിരസിച്ചത്. ഇത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ആറ്റിങ്ങലില്‍ തന്നെ രജിസ്ട്രേഷന് നടത്താന്‍ നിര്‍ദേശിച്ചിരുന്നു.
Recent Comments