ചലഞ്ചേഴ്‌സ് കപ്പ് -2024 ജേഴ്‌സി പ്രകാശനം  ചെയ്തു

ചലഞ്ചേഴ്‌സ് കപ്പ് -2024 ജേഴ്‌സി പ്രകാശനം ചെയ്തു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ചലഞ്ചേഴ്സ് കപ്പ്‌ 2024 (സ്വയംവര സിൽക്‌സ് അവതരിപ്പിക്കുന്ന) ഡിസംബർ 13, 14, 15 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കുന്നു.

2024 ചലഞ്ചേഴ്സ് ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വേണ്ടി ആറ്റിങ്ങൽ ടാലന്റ് ട്യൂഷൻ സെന്റർ സംഭാവന ചെയ്യുന്ന ഒഫീഷ്യൽ ജേഴ്സിയുടെ പ്രകാശനം പ്രശസ്ത സിനിമ താരവും നാഷണൽ അവാർഡ് ജേതാവുമായ സുരാജ് വെഞ്ഞാറമൂട് നിർവഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, സെക്രട്ടറി അനൂജ്, എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ, ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ കൃഷ്ണനുണ്ണി സുരേഷ്, സജി വെഞ്ഞാറമൂട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുനർനിർമ്മിച്ച ചിറ്റാറ്റിൻകര – അയ്യങ്കാളി റോഡിന്റെ ഉദ്ഘാടനം നടന്നു

പുനർനിർമ്മിച്ച ചിറ്റാറ്റിൻകര – അയ്യങ്കാളി റോഡിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വകയിരുത്തി പുനർനിർമ്മിച്ച ചിറ്റാറ്റിൻകര – അയ്യങ്കാളി റോഡിന്റെ ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ എം. താഹിർ സ്വാഗതം ആശംസിച്ചു. നഗരസഭ മുൻ ചെയർമാൻ എം. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ രമ്യാ സുധീർ, കൗൺസിലർമാരായ ഒ.പി ഷീജ, രാജഗോപാലൻ പോറ്റി, ചന്ദ്രബോസ്, അഖിൽ, അനസ്, സാബു , ഗോപിനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ചിറയിന്‍കീഴിൽ വന്‍ ലഹരി മരുന്ന് വേട്ട; വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍

ചിറയിന്‍കീഴിൽ വന്‍ ലഹരി മരുന്ന് വേട്ട; വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍

മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കില്‍ തിരുവനന്തപുരം റൂറല്‍ ഡാൻസാഫ് സംഘവും ചിറയിന്‍കീഴ്‌ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരക സിന്തറ്റിക് ലഹരി വസ്തു ആയ എം ഡി എം എ യും ആയി മൂന്ന് പേര്‍ പിടിയിലായി. 127 ഗ്രാം എം ഡി എം എ ഇവരില്‍ നിന്നും പിടിച്ചെടുത്തു.

വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ചിറയിന്‍കീഴ്‌ ശാര്‍ക്കര പുതുക്കരി ദൈവ കൃപയില്‍ അഗാറസ് (വയസ്സ് 28), മുടപുരം ഡീസന്റ്മുക്ക് ചരുവിള വീട്ടില്‍ റയീസ്സ് (വയസ്സ് 18) എന്നിവരും ഒരു വിദ്യാര്‍ഥിയും ആണ്‌ പിടിയിലായത്. ബാംഗ്ലൂര്‍ നിന്നും രാസലഹരി വസ്തുക്കള്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉള്ളവരെ ഉപയോഗിച്ച് വില്‍പ്പന നടത്തുന്നതായി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ഇവര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തില്‍ ആയിരുന്നു.

പിടിയിലായ അഗാറസിന് ചിറയിന്‍കീഴ്‌, കടയ്ക്കാവൂര്‍ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തി ആണ്. തിരുവനന്തപുരം സിറ്റിയിലെ വിവിധ ഫ്ലാറ്റുകളില്‍ വാടകക്ക് താമസിച്ചു ആണ് ഇയാള്‍ ലഹരി വ്യാപാരം നടത്തി വന്നിരുന്നത് .

ആറ്റിങ്ങല്‍ ഡിവൈഎസ്സ്പി എസ്സ്. മഞ്ജുലാല്‍ നാര്‍ക്കോട്ടിക്‌ ഡിവൈഎസ്സ്പി കെ. പ്രദീപ്, ചിറയിന്‍കീഴ്‌ പോലീസ് ഇന്‍സ്പെക്ടര്‍ വി എസ്സ് വിനീഷ് സബ്ബ് ഇന്‍സ്പെക്ടര്‍ ആര്‍. മനു, എ.ഷജീർ എസ്സ് സി പി ഒ ഹാഷിം, വിഷ്ണു എന്നിവരും ഡാൻസാഫ് സംഘവും ആണ് പരിശോധനക്കും അറസ്റ്റിനും നേതൃത്വം നല്‍കിയത് .

ശാർക്കരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ

ശാർക്കരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ

ശാർക്കരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ.
ശാർക്കര ക്ഷേത്ര മൈതാനത്തിന് സമീപം ഇക്കഴിഞ്ഞ ഓണത്തിന് ശാർക്കര ബൈപാസിനു സമീപമുള്ള പൂക്കടയിലെ ജീവനക്കാരനായ വിഷ്ണു എന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ ചിറയിൻകീഴ് പോലീസ് അറ്സ്റ്റ് ചെയ്തു.

യുവാവ് ജോലി നോക്കുന്ന പൂക്കടയിലെ വാഹനം ശർക്കര പറമ്പിൽ പാർക്ക് ചെയ്യാൻ കൊണ്ട് വന്ന സമയം 3 ബൈക്കുകളിലായി വന്ന പ്രതികൾ ചേർന്ന് യുവാവിനെ കാറിനുള്ളിൽ തടഞ്ഞുവച്ച ശേഷം അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇരുമ്പു വടി കൊണ്ട് യുവാവിനെ ക്രൂരമായി മർദ്ധിക്കുകയും ചെയ്തു. യുവാവ് ഓടിച്ചുവന്ന വാഹനം അടിച്ചുതകർക്കുകയും ചെയ്തു.

കൊയ്ത്തൂർകോണം കുന്നുംപുറം വീട്ടിൽ നൗഫൽ, ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ മിനിമന്ദിരത്തിൽ യദുകൃഷ്ണൻ, ചിറയിൻകീഴ് ബീച്ച്‌ റോഡ് ആരതിയിൽ രാഹുൽ, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം വിളയിൽ വീട്ടിൽ ഗസ്സൽ ഗിരി എന്നീ പ്രതികളെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയായ ശാർക്കര പുതുക്കരി ദൈവപയിൽ അഗാറസ്സിനേ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ന്യൂനമര്‍ദ്ദം വീണ്ടും ശക്തി പ്രാപിച്ച് ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക – തമിഴ്‌നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും വ്യാഴാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അക്ഷയ AK 680 (Akshaya AK 680 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. AU 966347 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AW 689346 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.