by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 50 പേര്‍ സ്ത്രീകളാണ്. ഇടതു കൈയിലെ നടുവിരലിലാണ് മഷിപുരട്ടുക.
192 പോളിങ് ബൂത്ത് സജ്ജമാക്കി. രാവിലെ ആറിന് മോക്ക്‌പോള്‍ നടത്തും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പു കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍നിന്ന് ആറു മാസംമുമ്പ് ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.
ക്രമസമാധാന പാലനത്തിനുള്ള നടപടി സ്വീകരിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. പ്രശ്നബാധിത ബൂത്തില്‍ പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും. ബുധനാഴ്ച രാവിലെ 10നാണ് വോട്ടെണ്ണല്‍. ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ജനുവരി പത്തിനകം നല്‍കണം.
by Midhun HP News | Dec 9, 2024 | Latest News, കേരളം
തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്.
ന്യൂനമര്‍ദ്ദം വീണ്ടും ശക്തി പ്രാപിച്ച് ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും വ്യാഴാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്ന് ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനു തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Dec 9, 2024 | Latest News, കേരളം
കൽപ്പറ്റ: ഒന്നിനുപിന്നാലെ എത്തിയ ദുരന്തം സമ്മാനിച്ച തീരാവേദനയിൽ നിന്ന് ശ്രുതി പതുക്കെ നടന്നു തുടങ്ങുകയാണ്. വീടും ഉറ്റവും പ്രിയതമനും നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിൽ ഇന്ന് പുത്തൻ തുടക്കമിടുകയാണ്. സർക്കാർ ജോലിയിൽ ഇന്ന് പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് സർക്കാർ ജോലി നൽകിയിരിക്കുന്നത്. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം. രാവിലെ 10ന് കളക്ടറേറ്റിൽ എത്തി ജോലിയിൽ പ്രവേശിക്കും.
സർക്കാർ ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രുതി പ്രതികരിച്ചു. മുന്നോട്ടുപോയി ജീവിക്കാനുള്ള ഒരു കൈത്താങ്ങ് ആയതുകൊണ്ട് സന്തോഷമുണ്ട്. സർക്കാർ വാക്ക് പാലിച്ചു. എല്ലാവരും നന്ദി പറയുകയാണെന്നും ശ്രുതി പറഞ്ഞു. വയനാട് ഉരുൾപ്പൊട്ടലിൽ ശ്രുതിക്ക് മാതാപിതാക്കളേയും സഹോദരിയേയും നഷ്ടപ്പെടുകയായിരുന്നു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ഉറ്റവരെ ഒന്നാകെ നഷ്ടപ്പെട്ട ദുരന്തത്തിൽ ശ്രുതിക്ക് താങ്ങായി നിന്നത് പ്രതിശ്രുത വരൻ ജെൻസൺ ആയിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷമുണ്ടായ വാഹനാപകടത്തിൽ ജെൻസനും വിടപറഞ്ഞു. അപകടത്തിൽ കാലിന് പരിക്കേറ്റ ശ്രുതി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ പൊഴിയൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പൊഴിയൂര്‍ സ്വദേശി ബിബിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ കഴിഞ്ഞ 27ന് വെളുപ്പിന് ശാലിയും സഹോദരന്‍ സന്തോഷ് കുമാറും ചേര്‍ന്നാണ് കത്തിച്ചത്. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെതിരെ പൊഴിയൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ഈ വിരോധമാണ് സ്‌കൂട്ടര്‍ കത്തിക്കുന്നതിന് കാരണമായതെന്ന് പൊലീസ് പറയുന്നു. പൊഴിയൂര്‍ എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
by Midhun HP News | Dec 9, 2024 | Latest News, ദേശീയ വാർത്ത
വെറും 15 മിനിറ്റ് സമയം മതി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മനുഷ്യനെ കഴുകിയുണക്കും ഈ വാഷിങ് മെഷീന്‍. ജപ്പാനാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. ജാപ്പനീസ് കമ്പനിയായ ‘സയന്‍സ് കമ്പനി’യാണ് ഉപകരണം അവതരിപ്പിച്ചത്. മിറായ് നിങ്കേന്‍ സെന്റകുകി എന്നാണ് ഈ വാഷിങ്‌മെഷീന്‍ അറിയപ്പെടുന്നത്. സ്പായ്ക്ക് സമാനമായ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്.മനുഷ്യനെ വൃത്തിയാക്കാനായി വാട്ടര്‍ജെറ്റുകളും മൈക്രോസ്‌കോപിക് എയര്‍ ബബിളുകളുമാണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച് നിര്‍മിത ബുദ്ധി വാഷ് സൈക്കിള്‍ പുനഃക്രമീകരിക്കുന്നു.
ആദ്യം പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറണം. അപ്പോള്‍ ഹൈസ്പീഡ് വട്ടര്‍ ജെറ്റുകള്‍ മൈക്രോസ്‌കോപിക് ബബിളുകള്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തില്‍ തട്ടുമ്പോള്‍ അഴുക്കുകള്‍ കഴുകിക്കളയുന്നു. വെള്ളത്തിന്റെ ചൂടും മര്‍ദവും നിയന്ത്രിക്കുന്നത് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ്. കുളിക്കിടെ റിലാക്‌സാകാന്‍ ശാന്തമായ ദൃശ്യങ്ങളും കാണിക്കും.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒസാക എക്‌സ്‌പോയിലാവും യന്ത്രം പുറത്തിറക്കുക. ഇവിടെവെച്ച് 1,000 പേര്‍ക്ക് നേരിട്ട് യന്ത്രത്തിന്റെ പ്രവര്‍ത്തനം അനുഭവിച്ചറിയാന്‍ സാധിക്കും. ഇതിന് ശേഷമായിരിക്കും വിപണിക്കുവേണ്ടി യന്ത്രം നിര്‍മിക്കുക. യന്ത്രത്തിന് വേണ്ടിയുള്ള ബുക്കിങ് ഇപ്പോള്‍തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | Dec 9, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാൻ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവൻകുട്ടി. കലോത്സവങ്ങളിലൂടെ പേരെടുത്തവർ കുറച്ചു സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി. നടിയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം.
ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്നാണ് നടിയോട് ചോദിച്ചത്. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും ശിവൻ കുട്ടി പറഞ്ഞു. ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചെന്നും. സാമ്പത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകർ നിരവധിയുണ്ടെന്നും അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് നൃത്തത്തിൽ വിജയിച്ചതു കാരണമാണ് സിനിമയിലെത്തുന്നത്. ഇത്തരക്കാർ പിൻതലമുറയിലുള്ള കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നത്.- വി ശിവൻകുട്ടി പറഞ്ഞു.
Recent Comments