ഗുരുവായൂരിലെ ആനകള്‍ക്കായുള്ള സുഖചികിത്സ നാളെ തുടങ്ങും

ഗുരുവായൂരിലെ ആനകള്‍ക്കായുള്ള സുഖചികിത്സ നാളെ തുടങ്ങും

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനകള്‍ക്കായി നടത്തി വരുന്ന വാര്‍ഷിക സുഖചികിത്സ നാളെ (ജൂലായ് ഒന്നിന്) ആരംഭിക്കും. സുഖചികില്‍സയുടെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് 3മണിക്ക് റവന്യൂ സെക്രട്ടറി എം ജി രാജമാണിക്കം നിര്‍വ്വഹിക്കും.

ജൂലൈ 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നല്‍കുക. ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി ബി ഗിരിദാസ്, ഡോ. എം എന്‍ ദേവന്‍ നമ്പൂതിരി, ഡോ. ടി എസ് രാജീവ്, ഡോ. കെ വിവേക്, ഡോ. യു ഗിരീഷ്, ഡോ. വി ശബരീനാഥ് ദേവസ്വം വെറ്ററിനറി സര്‍ജന്‍ ഡോ. ചാരുജിത്ത് നാരായണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമാണ് സുഖചികിത്സ.

9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3150 കിലോ അരി, 1050കിലോ ചെറുപയര്‍, 1050 കിലോ റാഗി, 105 കിലോ അഷ്ട ചൂര്‍ണ്ണം, 262 കിലോ ച്യവനപ്രാശം, മഞ്ഞള്‍പ്പൊടി, ഷാര്‍ക്ക ഫറോള്‍, അയേണ്‍ ടോണിക്ക്, ധാതുലവണങ്ങള്‍ തുടങ്ങിയവയാണ് സുഖചികില്‍സയ്ക്ക് ഉപയോഗിക്കുന്നത്.

ആറ്റിങ്ങൽ.ഗവ.ടൗൺ. യു. പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം ‘ഉണർവ് 2026’ ശ്രദ്ധേയമായി

ആറ്റിങ്ങൽ.ഗവ.ടൗൺ. യു. പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം ‘ഉണർവ് 2026’ ശ്രദ്ധേയമായി

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ.ഗവ.ടൗൺ. യു. പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമാകുന്നു. സൈക്കോളജിസ്റ്റും നാടക രചയിതാവുമായ സൂര്യ സ്ക്രിപ്റ്റ് തയ്യാറാക്കിയ നാടകം സ്കൂളിലെ പി ടി എ അംഗം പ്രവീൺ സംവിധാനം ചെയ്തു.

ആറ്റിങ്ങൽ പട്ടണത്തിൻ്റെ പൊതു ഇടങ്ങളിൽ നാടകം അരങ്ങേറി. ജീവിതമാണ് ലഹരി എന്ന നാടകം ലഹരിയോടുള്ള ആസക്തി, ജീവിതം ശിഥിലമാക്കുമെന്നും ലഹരിക്ക് അടിമകൾ ആയവരെ അതിജീവനത്തിനായി ചേർത്ത് നിർത്തണമെന്നും ഉള്ള സന്ദേശം വിളിച്ചോതുന്നു.

ആറ്റിങ്ങൽ ഡി വൈ എസ് പി ജി .സന്തോഷ് കുമാർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും, നഗര സഭ ചെയർമാൻ എം.പ്രദീപ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും നാടകം ഉദ്ഘാടനം ചെയ്തു.

ഉണർവ് 2026 എന്ന പേരിൽ സ്കൂളിലെ വിദ്യാർഥികൾ ഏറ്റെടുത്ത് നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിൽ വാർഡ് കൗൺസിലറും ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജി .എസ്. ബിനു, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ മുരളീധരൻ, കെ എസ് ആർ ടി സി അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ ഷാജി, സ്കൂളിലെ എസ് എം സി ചെയർമാൻ ആർ . രാജേഷ് കുമാർ,പി ടി എ അംഗം അജേഷ്, ഹെഡ്മാസ്റ്റർ അജികുമാർ, അധ്യാപികമാരായ ആർ കെ സീമ, രജിത രാജ്, കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ജയലക്ഷ്മിഅമ്മ  (70)  നിര്യാതയായി

ജയലക്ഷ്മിഅമ്മ (70) നിര്യാതയായി

ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം അനന്യം വീട്ടിൽ (MRA 50G) ജയലക്ഷ്മിഅമ്മ (70) (റിട്ടയേർഡ് ടീച്ചർ എസ് എസ് വി എൽ പി എസ്) നിര്യാതയായി.

ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻനായർ (റിട്ട.എക്‌സ് ‌സർവ്വീസ്)
മക്കൾ: എ.അജു (റിട്ടയേർഡ് ഗൾഫ്), എ.ജെ.അഞ്ജു (അദ്ധ്യാപിക)
മരുമകൻ: എം.ബി.ബിജു (കുവൈറ്റ്)

ഒപ്പറേഷൻ തൂഫാന് വ്യത്യസ്ഥ രീതിയിലുള്ള സപ്പോർട്ടുമായി ഋഭുനാരായണൻ

ഒപ്പറേഷൻ തൂഫാന് വ്യത്യസ്ഥ രീതിയിലുള്ള സപ്പോർട്ടുമായി ഋഭുനാരായണൻ

ലക്ഷ്മീ വിലാസം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഋഭു നാരായണൻ മാങ്ക ചിത്രരചനാ ശൈലിയിൽ തയ്യാറാക്കിയ lost smile എന്ന ചിത്ര കഥയുടെ പ്രകാശനം സ്‌കൂൾ അങ്കണത്തിൽ നടന്നു.

സ്‌കൂൾ പ്രഥമാധ്യാപിക എൽ ടി അനീഷ് ജ്യോതി, ബ്ലോക്കംഗവും പി ടി എ പ്രസിഡൻ്റും ആയ നയന ഷമീർ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. പി ടി എ വൈസ് പ്രസിഡൻ്റ് വാവറ അമ്പലം അജി, മാതൃസംഗമം കൺവീനർ സുനിത എ, ഡെപ്യൂട്ടി എച്ച് എം അനീഷ് ആർ ഐ, നല്ല പാഠം കോഡിനേറ്റർമാരായ രാഹുൽ പി, റീബ ആർ, പി ടി എ അംഗങ്ങളായ ശാന്തിലാൽ ആർ എസ്, ഹലീൽ എം, രമ്യ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

ലഹരിയുടെ ഉപയോഗം മൂലം വിഷ്ണു എന്ന യുവാവിന് ജീവിതത്തിൽ സംഭവിച്ച ദുരനുഭവങ്ങൾ ആണ് കഥയുടെ ഇതിവൃത്തം. മനോരമ നല്ല പാഠം ക്ലബ് കോഡിനേറ്റർ കൂടിയായ സ്‌കൂളിലെ അധ്യാപകൻ രാഹുൽ പി തൻ്റെ ക്ലാസിലെ വിദ്യാർത്ഥികളുടെ ഗൃഹസന്ദർശന വേളയിലാണ് വിദ്യാർത്ഥിയുടെ വരയ്ക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. ചിത്രകാരൻ ഋഭു നാരായണൻ്റെ പിതാവ് ഷാജു പ്രസീദ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തെ ഇൻസ്ട്രക്‌ടറും മാതാവ് ഹൈമി കെ എസ് പോലീസ് ട്രൈയിനിംഗ് കോളേജ് തിരുവന്തപുരത്തെ ടൈപ്പിസ്റ്റും ആണ്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ സംഘര്‍ഷം: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ സംഘര്‍ഷം: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കോര്‍പറേഷന്‍ ഓഫീസിലെ കൗണ്‍സില്‍ ഹാളില്‍ യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ബിജെപി കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി. എസ്, അനിത അലക്‌സ് എന്നിവരുടെ പരാതിയിലാണ് നടപടി.

2026 ജൂണ്‍ 29-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 3 മണിയോടെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ചായിരുന്നു സംഭവം. കൗണ്‍സില്‍ യോഗത്തിന്റെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിടാന്‍ തുടങ്ങിയ പരാതിക്കാരിയായ ഷേര്‍ലിയെയും മറ്റ് വനിതാ കൗണ്‍സിലര്‍മാരെയും പ്രതികള്‍ തടഞ്ഞുവെക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.

ഒന്നാം പ്രതിയായ ചെമ്പഴന്തി ഉദയന്‍ പരാതിക്കാരിയായ ഷേര്‍ലിയെയും അനിത അലക്‌സിനെയും മറ്റ് കൗണ്‍സിലര്‍മാരെയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ഷേര്‍ലിയുടെ കഴുത്തിനു പുറകില്‍ ഇയാള്‍ ബലമായി അടിച്ച് വേദനിപ്പിച്ചതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പരിക്കുകളോടെ യുഡിഎഫ് കൗണ്‍സിലര്‍ ഷേര്‍ലിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷേര്‍ലിയില്‍ നിന്നും മ്യൂസിയം പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജര്‍മനിക്ക് ‘സഡന്‍ ഡെത്ത്’; പരാഗ്വെ പറന്നുയര്‍ന്നു;വന്‍ അട്ടിമറി

ജര്‍മനിക്ക് ‘സഡന്‍ ഡെത്ത്’; പരാഗ്വെ പറന്നുയര്‍ന്നു;വന്‍ അട്ടിമറി

ബോസ്റ്റണ്‍: മുന്‍ ലോകചാംപ്യന്മാരായ ജര്‍മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് പരാഗ്വെ പ്രീക്വാര്‍ട്ടറില്‍. തോല്‍വിയോടെ ജര്‍മനി ലോകകപ്പില്‍ നിന്നു പുറത്തായി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ജര്‍മന്‍ വന്‍മതില്‍ ഭേദിച്ച് പരാഗ്വെ ആണ് ആദ്യം ലീഡെടുത്തത്. 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സീസോയാണ് ഗോളടിച്ചത്. രണ്ടാം പകുതിയില്‍ ജര്‍മനി സമനില തേടി. കായ് ഹവേര്‍ട്സാണ് ഗോളടിച്ചത്. എക്‌സ്ട്രാടൈമിലും സമനില തുടര്‍ന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്.

ഷൂട്ടൗട്ടില്‍ ജര്‍മനിയുടെ ഹാവേര്‍ട്സ്, നിക്ക് വോള്‍ട്ട് മേഡ് എന്നിവരുടെ കിക്കും പാഴായി. അതേസമയം അവസാന രണ്ട് പരാഗ്വെ താരങ്ങളുടെ കിക്കും ലക്ഷ്യത്തിലെത്തിയില്ല. അതോടെ സഡന്‍ ഡത്തിലേക്ക്. ജൊനാഥന്‍ ടായുടെ കിക്ക് പാഴായപ്പോള്‍ പരാഗ്വെ വലകുലുക്കി. ജര്‍മനി പുറത്ത്. ഇതോടെ മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ നിന്ന് നോക്കൗട്ട് ഉറപ്പിച്ച എട്ടു ടീമുകളില്‍ ഏഴാമതായിരുന്ന പരാഗ്വെ നാലു തവണ ലോകചാംപ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലോകകപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇത് ആദ്യമായിട്ടാണ് ജര്‍മനി തോല്‍ക്കുന്നത്.

ആദ്യപകുതിയുടെ 42 ാം മിനിറ്റില്‍ ജൂലിയോ എന്‍സിസോയാണ് പരാഗ്വെയുടെ ആദ്യ ഗോള്‍ നേടിയത്. 54 ാം മിനിറ്റിലെ ഗോളില്‍ സ്‌ട്രൈക്കര്‍ കായ് ഹാവേര്‍ട്‌സാണ് ജര്‍മനിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പാരഗ്വായ്യുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. 21 ാം സെക്കന്‍ഡില്‍ പരാഗ്വെയ്ക്ക് ലഭിച്ച ആദ്യ കോര്‍ണറില്‍ ജൂലിയോ എന്‍സിസോ ഉയര്‍ത്തിയടിച്ച പന്ത് അലോണ്‍സോയുടെ കാലുകളിലേക്ക് എത്തിയെങ്കിലും പോസ്റ്റിലേക്ക് തട്ടിയിടാനുള്ള ശ്രമത്തിനിടെ ലക്ഷ്യംതെറ്റി. 6 ാം മിനിറ്റില്‍ പരാഗ്വെ പോസ്റ്റിനു മുന്നില്‍ നിന്ന് ഡെനിസ് ഉണ്ടാവ് ഉയര്‍ത്തിയടിച്ച് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. മുന്നേറ്റനീക്കങ്ങള്‍ നടത്തുമ്പോഴും ഗോള്‍ വഴങ്ങാതിരിക്കുന്നതിനാണ് ഇരുടീമുകളും മുന്‍തൂക്കം നല്‍കിയത്. ഒടുവില്‍ 42 ാം മിനിറ്റില്‍ ജര്‍മന്‍ പ്രതിരോധം ഭേദിച്ച് ജൂലിയോ എന്‍സിസോ പരാഗ്വെയ്ക്ക് ലീഡ് നേടിക്കൊടുത്തു. വലതുവിങ്ങിലെ മികച്ച നീക്കങ്ങള്‍ക്കൊടുവില്‍ അല്‍മിറോണ്‍ ബോക്‌സിലേക്ക് അതിശക്തമായി പായിച്ച പന്ത് ജൂലിയോ എന്‍സിസോ എട്ട് യാര്‍ഡ് അകലെ നിന്ന് ഹെഡ് ചെയ്ത് വല കുലുക്കിയപ്പോള്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ കാഴ്ചക്കാരനായി. മന്ദഗതിയില്‍ കളിച്ച ജര്‍മനിക്ക് അതിന്റെ വില നല്‍കേണ്ടി വരികയായിരുന്നു.

രണ്ടാം പകുതിയില്‍ കടുത്ത പോരാട്ടമായിരുന്നു. എങ്ങനെയും തിരിച്ചടിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ജര്‍മനി. ഫെലിക്സ് മേച്ചയെ പിന്‍വലിച്ച് ലിയോണ്‍ ഗോറട്സ്‌കെയെ നഗല്‍മസ്മാന്‍ കളത്തിലിറക്കി. മിനിറ്റുകള്‍ക്കകം ജര്‍മനിയുടെ മറുപടിയെത്തി. കായ് ഹവേര്‍ട്സാണ് ഗോളടിച്ചത്. ഇടതുവിങ്ങില്‍ നിന്ന് ഫ്ലോറിയന്‍ വിര്‍ട്സ് നല്‍കിയ ക്രോസ് തലവെച്ച് ഹാവേര്‍ട്സ് സമനില പിടിച്ചു. സ്‌കോര്‍ 1-1. ഗോള്‍ വീണതിന് പിന്നാലെയും ജര്‍മനി മുന്നേറ്റങ്ങള്‍ തുടര്‍ന്നു. 59-ാം മിനിറ്റില്‍ പരാഗ്വെ താരം ഗുസ്റ്റാവോ കബല്ലേറോയുടെ ഷോട്ട് ന്യൂയര്‍ സേവ് ചെയ്തു. 63-ാം മിനിറ്റില്‍ ഉണ്ടാവിനെ പിന്‍വലിച്ച് ജമാല്‍ മുസിയാല ജര്‍മന്‍ ടീമിലെത്തി. ജര്‍മന്‍ മുന്നേറ്റനിര പാരഗ്വായ് പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയര്‍ത്തിക്കൊണ്ടേയിരുന്നു. പക്ഷേ ഗോള്‍ മാത്രം പിറന്നില്ല. അതോടെ നിശ്ചിത സമയത്ത് മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരം എക്സ്ട്രാടൈമിലേക്ക് കടന്നു. എക്‌സ്ട്രാ ടൈമിലും ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. പെനാല്‍ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച്കിക്കും കടന്ന് സഡന്‍ഡത്തില്‍ പരാഗ്വെ വിജയഭേരി മുഴക്കി.