മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമം; 2 യുവാക്കൾ പിടിയിൽ

മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമം; 2 യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്.

രഹസ്യ വിവരത്തെ തുടർന്നു പ്രദേശത്ത് സ്ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

ന​ഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് ഇരുവരും നൽകിയ മൊഴിയിൽ പറയുന്നത്. ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഗുരുവായൂര്‍ ഏകാദശി ബുധനാഴ്ച, ക്രമീകരണം ഇങ്ങനെ

ഗുരുവായൂര്‍ ഏകാദശി ബുധനാഴ്ച, ക്രമീകരണം ഇങ്ങനെ

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 11 ബുധനാഴ്ച വിവിധ ആചാര ചടങ്ങുകളോടെ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അറിയിച്ചു. ഗീതാ ദിനമായ അന്ന് രാവിലെ 7 മണി മുതല്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ സമ്പൂര്‍ണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. അന്ന് ദേവസ്വം വകയാണ് ചുറ്റുവിളക്ക്.

ഏകാദശി നാളിലെ ക്ഷേത്ര ദര്‍ശനം

ഏകാദശി നാളില്‍ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പൊതുവരി നിന്ന് (ക്യൂ) ഗുരുവായൂരപ്പനെ കണ്ടു തൊഴാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് പ്രഥമ പരിഗണന നല്‍കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. അന്ന് രാവിലെ 6 മണി മുതല്‍ ഉച്ചതിരിഞ്ഞ് 2 മണി വരെ വിഐപി / സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞ കുട്ടികള്‍ക്കുള്ള പ്രത്യേക ദര്‍ശനം എന്നിവയും ഉണ്ടാകില്ല.

പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ എന്നീ ക്യൂകള്‍ രാവിലെ 5 മണിക്ക് അവസാനിപ്പിക്കും. നെയ്യ് വിളക്ക് വഴിപാടുകാര്‍ക്കുള്ള ദര്‍ശന സൗകര്യം ഉണ്ടാകും. ദശമി ദിവസമായ ഡിസംബര്‍ 10 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശന സൗകര്യം ദ്വാദശി ദിവസമായ ഡിസംബര്‍ 12ന് രാവിലെ 8 മണി വരെ തുടരും.പതിവ് പൂജകള്‍ക്ക് മാത്രം ക്ഷേത്രം നട അടയ്ക്കും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രം നട അടച്ചതിന് ശേഷം വിവാഹം, ചോറൂണ്‍ ,തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ദേവസ്വം ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.വികെ വിജയന്‍ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട്,സി മനോജ്, കെപി വിശ്വനാഥന്‍, വിജി രവീന്ദ്രന്‍, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

ഏകാദശി അക്ഷരശ്ശോകം

ഏകാദശി ദിവസമായ ഡിസംബര്‍ 11 (ബുധനാഴ്ച ) ഉച്ചയ്ക്ക് 2 മണി മുതല്‍ സുവര്‍ണ മുദ്രയ്ക്കായുള്ള എകാദശി അക്ഷരശ്ലോക മല്‍സരം നടക്കും. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് മല്‍സരം.18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം. ഒരു മണി മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും.

നവീന്‍ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

നവീന്‍ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.

നവീന്‍ ബാബു മരിച്ചവിവരം പുറത്തുവന്ന ഒക്ടോബര്‍ 15-ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍ മൃതദേഹപരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമര്‍ശങ്ങളില്ല. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍ക്വസ്റ്റ് നടത്താന്‍ രക്തബന്ധുക്കള്‍ ആരും സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ഒക്ടോബര്‍ 15-ന് രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. എഫ്‌ഐആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും ഇല്ല. മരണത്തില്‍ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്‌ഐആറിലെ ഉള്ളടക്കം.

മൃതദേഹപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും, കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ ഡിസിപിയോട് ആവശ്യപ്പെട്ടിരുന്നു. പിപി ദിവ്യയുടെ ഭര്‍ത്താവും, കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് പരിയാരത്തുനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം കലക്ടറോട് പറഞ്ഞപ്പോള്‍, ഒന്നും പേടിക്കാനില്ലെന്നും, ഒരു ക്രമക്കേടും ഉണ്ടാകില്ലെന്ന് ഉറപ്പുതരുന്നുവെന്നും കലക്ടര്‍ അരുണ്‍ കെ വിജയന്‍ മറുപടി പറഞ്ഞുവെന്നും ബന്ധുക്കള്‍ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വെട്ടിയ ഭാഗം പുറത്തുവിടുന്നത് മാറ്റിയത് അവസാനനിമിഷം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വെട്ടിയ ഭാഗം പുറത്തുവിടുന്നത് മാറ്റിയത് അവസാനനിമിഷം

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകള്‍ക്ക് ഭീഷണി ഉണ്ടായാല്‍ ഉടന്‍ സംരക്ഷണം നല്‍കാനുള്ള നോഡല്‍ ഓഫീസറായി എഐജി ജി പൂങ്കുഴലിയെ നിയമിച്ചു. ഇരകളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ ഉചിതമായ നടപടി സ്വീകരിക്കുകയും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുമാണ് നോഡല്‍ ഓഫീസറുടെ ചുമതല.

അതേസമയം, മലയാള സിനിമയില്‍ സ്ത്രീകൾ നേരിടുന്ന ചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ പുറത്തു വിടാനുള്ള തീരുമാനം സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അവസാന നിമിഷമാണ് മാറ്റിയത്. വെട്ടിയ ഭാഗങ്ങള്‍ ഇന്നലെ പുറത്തു വിടുമെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നെങ്കിലും, വിവരാവകാശ പ്രകാരം മറ്റൊരു അപേക്ഷ കൂടി ലഭിച്ചെന്ന കാരണത്താല്‍ പുറത്തുവിടാനുള്ള തീരുമാനം മാറ്റിവെക്കുകയായിരുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ മറച്ചു വെച്ചാണ് കഴിഞ്ഞ ഓഗസ്റ്റില്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ പുറത്തു വിട്ടത്. ഇതു ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് വെട്ടിയ ഭാഗങ്ങള്‍ കൂടി പുറത്തു വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ പുതിയ അപേക്ഷ ലഭിച്ചതിനാല്‍ ഉത്തരവ് തല്‍ക്കാലം പുറത്തു വിടുന്നില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

കോൺഗ്രസ്  വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

ആറ്റിങ്ങൽ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആറ്റിങ്ങൽ പട്ടണത്തിൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ. എസ്. പ്രശാന്ത് പ്രകടനത്തിന് നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ്‌ ഭാരവാഹികൾ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികൾ,ബൂത്ത്‌ ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു; മഴ കനക്കും, ഇടിമിന്നലിനും സാദ്ധ്യത

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു; മഴ കനക്കും, ഇടിമിന്നലിനും സാദ്ധ്യത

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമദ്ധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 11 ന് ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ബുധനാഴ്‌ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.കൂടാതെ മറ്റന്നാൾ വരെ വടക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്.