by Midhun HP News | Dec 7, 2024 | Latest News, ജില്ലാ വാർത്ത
ജസ്റ്റിസ് ഹേമ കമ്മിറ്റി കൈമാറിയ റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല. വിവരങ്ങൾ പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിനാൽ ഇന്ന് ഉത്തരവ് പുറത്തിറക്കില്ലെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് പൂഴ്ത്തിയത്
നേരത്തെ അപേക്ഷ നൽകിയ മാധ്യമപ്രവർത്തകരോട് ഇന്ന് രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാൻ വിവരാവകാശ കമ്മിഷൻ നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചത്. തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ ഇന്ന് പുറത്തുവിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് എത്തിച്ചത്. അതേ വർഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവിൽ വന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവർഷത്തിനുശേഷം 2019 ഡിസംബർ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.
by Midhun HP News | Dec 7, 2024 | Latest News, കേരളം
കൊച്ചി: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടിലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിയുടെ ഓഡിറ്റിങില്‍ അതൃപ്തി അറിയിച്ച കോടതി അതോറിറ്റിയുടെ കണക്കുകള്‍ ശരിയല്ലെന്നും ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും ചോദിച്ചു. കേന്ദ്രസഹായം തേടുമ്പോള്‍ കൃത്യമായ കണക്കുകള്‍ വേണം. ചൂരല്‍മല ദുരന്തത്തില്‍ സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.
കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ എല്ലാ കണക്കുകള്‍ക്കും വ്യക്തതവേണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണസമിതി അക്കൗണ്ട് ഓഫീസറോട് ഇന്ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് എസ്ഡിആര്‍എഫ് ആക്കൗണ്ട് ഓഫീസര്‍ ഹാജരായപ്പോഴാണ് കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചത്. എസ്ഡിആര്‍എഫില്‍ എത്രനീക്കിയിരിപ്പുണ്ടെന്ന് ചോദിച്ചപ്പോള്‍ 667 കോടി രൂപയുണ്ടെന്ന് ദുരന്തനിവാരണ അതോറ്റി കോടതിയെ അറിയിച്ചു. എസ്ഡിആര്‍എഫില്‍ കൃത്യമായ ഓഡിറ്റിങ് നടത്തുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച കോടതി അവസാനം ഓഡിറ്റിങ് നടത്തിയ റിപ്പോര്‍ട്ട് കൈവശമുണ്ടോയെന്നും ചോദിച്ചു. അത് സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നീക്കിയിരിപ്പില്‍ എത്ര ചെലവാക്കിയെന്നും എങ്ങനെയാണ് ചെലവാക്കേണ്ടതെന്നും വ്യക്തതയില്ലാത്തതുകൊണ്ടാണ് കേന്ദ്രത്തോട് ഇങ്ങനെ സഹായം ചോദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി വിമര്‍ശിച്ചു. ഓഡിറ്റിങില്‍ വ്യക്തവരുത്താന്‍ രണ്ടുദിവസത്തെ സാവാകാശം ചോദിച്ച സര്‍ക്കാരിനോട് അത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി മറുപടി നല്‍കി. നേരത്തെ തന്നെ ആവശ്യമായ സമയം നല്‍കിയിരുന്നെന്നും കോടതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനോട് സഹായം തേടുമ്പോള്‍ കൃത്യമായ കണക്കുവേണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
by Midhun HP News | Dec 7, 2024 | Latest News, കേരളം
കൊച്ചി: എഡിഎം നവീന്‍ബാബുവിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയാസ്പദമായ പരിക്കുകള്‍ ഒന്നും ശരീരത്തില്‍ ഇല്ലെന്നും ബലപ്രയേഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുതന്നെ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ് മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
എഡിഎം നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാന്‍ കാരണങ്ങളില്ലെന്നു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി, സാക്ഷി മൊഴി, സാഹചര്യ തെളിവുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ല. പ്രതി പിപിദിവ്യയുടെയും കലക്ടറുടെയും പ്രശാന്തിന്റെയും കോള്‍ ഡേറ്റ രേഖകള്‍ ശേഖരിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത് കൊടേരി നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ക്രിമിനല്‍ അന്വേഷണത്തിലെ എല്ലാ മികച്ച രീതികളും പിന്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. പഴുതുകള്‍ ഒഴിവാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന ആരോപണം തെറ്റാണ്. കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സാധ്യത തള്ളികളയാനാവില്ലെന്ന ആരോപണം അനുസരിച്ച് അന്വേഷണം നടക്കുന്നുണ്ട്. തൂങ്ങിമരണമാണെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവും പറയുന്നില്ല. ഇന്‍ക്വസ്റ്റില്‍ ഇതിനുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ല.
കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നു സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക തെളിവു ശേഖരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം നടപടിയെടുത്തില്ലെന്നും എസ്‌ഐടി റിപ്പോര്‍ട്ട്, കോള്‍ ഡേറ്റ രേഖകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും വിവരങ്ങളില്ലാതെ അവ്യക്തമാണെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ദുരുദ്ദേശ്യമാണ് പിന്നില്‍.
ഇന്‍ക്വസ്റ്റ് സമയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യം വേണമെന്നു നിര്‍ബന്ധമില്ല. 5 മണിക്കൂറിനുള്ളില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. പത്തനംതിട്ടയില്‍ നിന്നു ബന്ധുക്കള്‍ കണ്ണൂരിലെത്താന്‍ 12 മണിക്കൂര്‍ സഞ്ചരിക്കണമെന്നതിന്റെ അടിസ്ഥാനത്തില്‍ നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു കലക്ടറേറ്റ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
സ്വതന്ത്ര സാക്ഷിയുടെയും വിദഗ്ധന്റെയും സാന്നിധ്യത്തില്‍ സംഭവ സ്ഥലത്തു വിശദമായ പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. നവീന്‍ ബാബു ഉപയോഗിച്ച രണ്ട് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ അന്വേഷണത്തിനു ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫോണില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിട്ടില്ല. കോള്‍ ഡേറ്റ വിവരങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്. ആത്മഹത്യക്കുറിപ്പ് നശിപ്പിച്ചു,ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. പൊലീസ്, മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യക്കുറിപ്പ് ലഭിച്ചില്ല.
ഗൂഢാലോചനയുണ്ടെന്ന സൂചനയുമായി പ്രശാന്തിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. നവീന്‍ ബാബു കലക്ടറേറ്റില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുനീശ്വരന്‍ കോവില്‍ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. നവീന്‍ ബാബു താമസിച്ചിരുന്നതിന്റെ 30 മീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ക്വാര്‍ട്ടേഴ്‌സ് കാണുന്ന സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനായിട്ടില്ല. എന്നാല്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതി സിപിഎംകാരിയായതിനാല്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കില്ലെന്ന ആരോപണം തെറ്റാണ്. അതിവേഗത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പ്രശാന്തിനെതിരെ ആരോപണം ഉന്നയിക്കുന്നതല്ലാതെ മറ്റ് വസ്തുതകള്‍ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം പൊലീസിന്റെ സത്യവാങ്മൂലത്തിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്തെത്തി. പരിയായരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് നടത്തണമെന്നും കുടുംബം കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. കലക്ടര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും തിടുക്കപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. (more…)
by Midhun HP News | Dec 7, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ വിദ്യാലയങ്ങളും തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. കേരളത്തിന് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം അനുവദിച്ചിട്ടുണ്ട്. ഇടുക്കിയിലെ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം തുടങ്ങുക. ഇതോടെ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം 39 ആകും.
86 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 82,560 വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചു, ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ 63 പേര്‍ക്ക് ജോലി ലഭിക്കും. ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണത്തിലൂടെ 33 പുതിയ തസ്തികകള്‍ കൂട്ടിച്ചേര്‍ക്കും. ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണവും 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങളുടെ അംഗീകാരവും 5388 നേരിട്ടുള്ള സ്ഥിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ, നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നിരവധി തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കും. പുതിയത് സ്ഥാപിക്കുന്നതിന് പുറമേ നിലവിലുളളവയുടെ വികസനത്തിനായി 5872 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ഏകദേശം 2862.71 കോടി രൂപയുടെ മൂലധനച്ചെലവും ഏകദേശം 3009.37 കോടി രൂപ പ്രവര്‍ത്തനച്ചെലവും ഉള്‍പ്പെടുന്നു. മോസ്‌കോ, കാഠ്മണ്ഡു, ടെഹ്‌റാന്‍ എന്നീ വിദേശമേഖലകളിലെ മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തനക്ഷമമായ 1256 കേന്ദ്രീയ വിദ്യാലയങ്ങളാണ് ഉള്ളത്. മൊത്തം 13.56 ലക്ഷം വിദ്യാര്‍ഥികള്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍/പ്രതിരോധ ജീവനക്കാരുടെ മക്കള്‍ക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്നതിനായി 1962 നവംബറിലാണ് കേന്ദ്രീയ വിദ്യാലയം പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്.
by Midhun HP News | Dec 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാൻ ക്ലോവര്‍ ലീഫ് മോഡൽ നിര്‍മ്മിതിക്ക് ദേശീയ പാത അതോറിറ്റിയുടെ പച്ചക്കൊടി. സ്ഥലം ഏറ്റെടുക്കൽ ശുപാര്‍ശകൾ കൂടി പരിഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നൽകും. മോഹവിലക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ശുപാര്‍ശയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരം വരെ നീളുന്ന ഭൂഗര്‍ഭ റെയിൽപാതക്കും പാരിസ്ഥിതിക സാമൂഹ്യ ആഘാത പഠനങ്ങൾ പൂര്‍ത്തിയാക്കി അംഗീകാരം ആയി.
വിഴിഞ്ഞം തുറമുഖത്തു നിന്ന് കണ്ടെയ്നറുകൾ റോഡ് റെയിൽ മാര്‍ഗ്ഗം കൊണ്ടുപോകുന്നതിനും നാടിന്‍റെ വിവിധ മേഖലകളിൽ നിന്ന് വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കം സാധ്യമാക്കുന്നതിനും ആണ് തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നത്. തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാതയിലേക്കുള്ള കണക്റ്റിവിറ്റിയാണ് സർവീസ് റോഡ് കൊണ്ട് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം-നാവായിക്കുളം റിംഗ് റോഡും സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് നിര്‍മ്മിതി. ദേശീയപാതയോട് ചേരുന്ന ഭാഗത്താണ് ഗതാഗതം സുഗമാക്കുന്നതിന് ക്ലോവര്‍ ലീഫ് മാതൃകയിൽ നിര്‍മ്മാണം നടത്തുന്നത്.
തുറമുഖത്ത് നിന്നു ദേശീയ പാതയിലേക്കും റിംഗ് റോഡിലേക്കും പലവഴി ഗതാഗതം സുഗമമാക്കുന്നതാണ് ഈ മോഡൽ. കൊങ്കൺ റെയിൽ നൽകിയ പ്ലാനാണ് ഭൂഗര്‍ഭ റെയിൽപാതക്ക് ഏറെ അനുയോജ്യമെന്ന് കണ്ടെത്തിയാണ് തുടര്‍ നടപടി. 10.7 കിലോമീറ്റര്‍ റെയിൽ പാതയിൽ 9.2 കിലോമീറ്ററും നിലവിൽ റോഡിനടിയിൽ നിര്‍മ്മിക്കുന്ന തുരങ്കം വഴിയാണ്. ബാക്കി വരുന്ന 20 ശതമാനം പണികൾക്കായി 5.5 ഹെക്ടര്‍ ഏറ്റെടുക്കും. റെയിൽ റോഡ് കണക്റ്റിവിറ്റികൾ പൂര്‍ത്തിയാകാൻ എടുക്കുന്ന കാലതാമസം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനും ബദൽ ക്രമീകരണങ്ങളുണ്ടാക്കുമെന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി അധികൃതര്‍ പറയുന്നത്. സര്‍വ്വീസ് റോഡ് സജ്ജമാക്കാനും ബാലരാമപുരം റെയിൽവെ സ്റ്റേഷനിൽ കണ്ടെയ്‌നര്‍ യാർഡ് സജ്ജമാക്കാൻ റെയിൽവെയെ സമീപിക്കാനും തീരുമാനം ആയിട്ടുണ്ട്.
by Midhun HP News | Dec 7, 2024 | Latest News, ജില്ലാ വാർത്ത
മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയുടെ ഭാഗമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുണി സഞ്ചി നിർമ്മാണ പരിശീലനം നടന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ സീഡ് ക്ലബ്ബാണ് പ്രവർത്തനം സംഘടിപ്പിച്ചത്. പഴയ ചുരിദാറുകൾ, ടീഷർട്ടുകൾ, സാരികൾ, ബാക്കി വന്ന തുണികൾ എന്നിവയാണ് തുണി സഞ്ചി നിർമ്മിക്കാനായി ഉപയോഗിച്ചത്.
പ്രവർത്തിപരിചയ അധ്യാപികയായ അനുശ്രീ വി പി യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. മുപ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളെയും ഉൾചേർത്തുകൊണ്ടായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ സുജിത്ത് എസ്, സീഡ് കോർഡിനേറ്റർ സൗമ്യ എസ്, ഷാബിമോൻ എസ് എൻ,സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്വപ്ന എസ്, മഹേഷ് കെ കെ എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കി പകരം തുണിസഞ്ചികൾ നമ്മുടെ വീടുകളിലും സ്കൂളുകളിലും ഉപയോഗിക്കണം എന്നുള്ള സന്ദേശം ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു.
Recent Comments