ദിലീപിന് ശബരിമലയില്‍ പ്രത്യേക പരിഗണന ലഭിച്ചതെങ്ങനെ?; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

ദിലീപിന് ശബരിമലയില്‍ പ്രത്യേക പരിഗണന ലഭിച്ചതെങ്ങനെ?; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ (വ്യാഴാഴ്ച) രാത്രിയാണ് നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിച്ചു. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കിയെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.

ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ശബരിമലയിലെത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്താണ് എല്ലാവരും എത്തുന്നത്. അതിനാല്‍ ആ രീതിയില്‍ തന്നെ കാര്യങ്ങള്‍ പൂര്‍ണമായും നടക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു.

ശനിയാഴ്ച വ്യാഴത്തെ കാണാം സൂപ്പറായി

ശനിയാഴ്ച വ്യാഴത്തെ കാണാം സൂപ്പറായി

ശനിയാഴ്ച വ്യാഴത്തെ കാണാം സൂപ്പറായി. വ്യാഴം ഗ്രഹത്തിൻ്റെ ഈ വർഷത്തെ ഏറ്റവും നല്ല കാഴ്ചയായിരിക്കും ശനിയാഴ്ച നിരീക്ഷകർക്ക് സമ്മാനിക്കുക. ശനിയാഴ്ച വൈകിട്ട് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ നിന്നും വ്യാഴം ശോഭയേറിയ ഒരു നക്ഷത്രത്തെപ്പോലെ ഉദിച്ചുയരും. പിറ്റേന്ന് രാവിലെ സൂര്യൻ കിഴക്കുദിക്കുമ്പോൾ വ്യാഴം പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. അതിനാൽ ശനിയാഴ്ച രാത്രി മുഴുവൻ സമയവും ആകാശത്ത് വ്യാഴത്തെ വ്യത്യസ്ത സ്ഥാനങ്ങളിലായി കാണാം.

പാതിരാത്രി വ്യാഴം നമ്മുടെ ഉച്ചിയിലെത്തുമ്പോൾ കാഴ്ച കൂടുതൽ മനോഹരമാകും.
ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുവശത്ത് വ്യാഴവും നേർരേഖയിൽ വരുന്ന ഓപ്പോസിഷൻ എന്ന പ്രതിഭാസമാണിത്. എല്ലാ ഗ്രഹങ്ങൾക്കും ഓപ്പോസിഷനുകൾ ഉണ്ടാകാറുണ്ട്. ഓപ്പോസിഷൻ ദിവസങ്ങളിൽ ഗ്രഹങ്ങൾ ഭൂമിയുടെ ഏറ്റവും അടുത്തു വരുന്നതിനാൽ അവയെ കൂടുതൽ തിളക്കത്തിലും വലുപ്പത്തിലും കാണാനാകും.

ടെലിസ്കോപ്പിലൂടെ നോക്കി വ്യാഴത്തിൻ്റെ പ്രധാന ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനിമേഡ്, കലിസ്റ്റോ എന്നിവയെ നിരീക്ഷിക്കാനുള്ള ഏറ്റവും അനുയോജ്യ സമയമാണ്
ഓപ്പോസിഷൻ കാലം.

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ സിദ്ദിഖ് അറസ്റ്റില്‍

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ സിദ്ദിഖ് അറസ്റ്റില്‍

തിരുവനന്തപുരം: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.

നേരത്തേ സുപ്രീം കോടതിയില്‍ നിന്ന് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന്‍ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കാനായി സിദ്ദിഖിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ സിദ്ദിഖ് താമസിച്ച മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. ഇത് പ്രകാരം സെക്ഷന്‍ 376 ബലാത്സംഗം, 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.

ആദ്യം യശസ്വി, പിന്നാലെ രാഹുലും കോഹ്‍ലിയും; ഇന്ത്യയെ വെട്ടിലാക്കി സ്റ്റാർക്ക്

ആദ്യം യശസ്വി, പിന്നാലെ രാഹുലും കോഹ്‍ലിയും; ഇന്ത്യയെ വെട്ടിലാക്കി സ്റ്റാർക്ക്

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി ഞെട്ടല്‍ തുടക്കമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയായിരുന്നു. യശസ്വി ജയ്സ്വാളിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കി.

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍. നിലവില്‍ ഋഷഭ് പന്തും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ക്രീസില്‍. യശസ്വി പുറത്തായ ശേഷം ക്രീസില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം നടത്തുന്നതിനിടെ സ്റ്റാര്‍ക്ക് വീണ്ടും ഇന്ത്യയെ പ്രഹരിക്കുകയായിരുന്നു. രാഹുലിനെ സ്റ്റാര്‍ക്ക് ലാബുഷെയ്‌നിന്റെ കൈയില്‍ എത്തിച്ചു. രാഹുല്‍ 37 റണ്‍സുമായി മടങ്ങി.

പിന്നാലെ വന്ന വിരാട് കോഹ്‌ലിയും തിളങ്ങിയില്ല. താരം 7 റണ്‍സുമായി കൂടാരം കയറി. സ്റ്റാര്‍ക്കിന്റെ പന്തില്‍ കോഹ്‌ലിയെ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്ത് മടക്കി. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലാണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം 31 റണ്‍സാണ് എടുത്തത്. ഗില്ലിനെ സ്‌കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

ഈട് രഹിത വായ്പയുടെ പരിധി രണ്ടുലക്ഷമാക്കി ഉയര്‍ത്തി; കര്‍ഷകര്‍ക്ക് ആശ്വാസ നടപടിയുമായി ആര്‍ബിഐ

ഈട് രഹിത വായ്പയുടെ പരിധി രണ്ടുലക്ഷമാക്കി ഉയര്‍ത്തി; കര്‍ഷകര്‍ക്ക് ആശ്വാസ നടപടിയുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: ഈട് രഹിത കാര്‍ഷിക വായ്പയുടെ പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഈട് നല്‍കാതെ തന്നെ കര്‍ഷകര്‍ക്ക് ഇനി രണ്ടുലക്ഷം രൂപ വരെ വായ്പ എടുക്കാം. നിലവില്‍ പരിധി 1.6 ലക്ഷം രൂപയായിരുന്നു.

പണ വായ്പാനയ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് കേന്ദ്രബാങ്കിന്റെ തീരുമാനം അറിയിച്ചത്. പണപ്പെരുപ്പവും കാര്‍ഷിക ചെലവ് വര്‍ധിച്ചതും കണക്കിലെടുത്താണ് കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം ആര്‍ബിഐ സ്വീകരിച്ചത്.

നിലവില്‍, ബാങ്കുകള്‍ ഈടില്ലാതെ 1.6 ലക്ഷം രൂപ വരെ കാര്‍ഷിക വായ്പയായി നല്‍കുന്നുണ്ട്. 2010ല്‍ നിശ്ചയിച്ച ഒരു ലക്ഷം രൂപയില്‍ നിന്ന് 2019ലാണ് 1.6 ലക്ഷം രൂപയായി പരിധി ഉയര്‍ത്തിയത്. പുതിയ തീരുമാനം അംഗീകൃത വായ്പാ സംവിധാനത്തില്‍ ചെറുകിട നാമമാത്ര കര്‍ഷകരുടെ പരിരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

പത്തുമാസത്തിനുശേഷം ട്വിസ്റ്റ്; വടകരയില്‍ ഒന്‍പതുകാരിയെ ഇടിച്ചിട്ട കാര്‍ കണ്ടത്തെി

പത്തുമാസത്തിനുശേഷം ട്വിസ്റ്റ്; വടകരയില്‍ ഒന്‍പതുകാരിയെ ഇടിച്ചിട്ട കാര്‍ കണ്ടത്തെി

കോഴിക്കോട്: കോമാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഒന്‍പതുകാരി ദൃഷ്യാനയെ ഇടിച്ചിട്ട കാര്‍ കണ്ടെത്തി. പത്തുമാസത്തിന് ശേഷമാണ് അന്വേഷണസംഘം കാര്‍ കണ്ടെത്തിയത്. വടകര പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെഎല്‍18 ആര്‍ 1846 എന്ന കാറാണ് വടകരയില്‍ കുട്ടിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്ന് വടകര റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം വാഹനത്തിന്റെ രൂപം മാറ്റിയതായും വിദേശത്തുള്ള പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിനുശേഷം അജ്ഞാതനെതിരെ വിവിധ കേസുകള്‍ എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നതായി എസ്പി പറഞ്ഞു. രാത്രി ഒന്‍പതുമണിയോടെയാണ് അപകടം ഉണ്ടായത്. അതുകൊണ്ട് തന്നെ സാക്ഷികള്‍ക്കൊന്നും വാഹനത്തിന്റെ നമ്പര്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ തന്നെ അപകടസ്ഥസലത്തെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധിയായെന്നും എസ് പി പറഞ്ഞു.

ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വഷണസംഘമാണ് അന്വേഷണം നടത്തിയത്. 40കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്നേദിവസം തന്നെ ശേഖരിച്ചിരുന്നു. ദൃശ്യങ്ങളെല്ലാം വിശദമായി പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയിരുന്നില്ല. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെല്ലാം ചെന്ന് നേരിട്ട് അന്വേഷണം നടത്തി. 50,000 കോളുകള്‍ പരിശോധിച്ചു. കേസില്‍ അപകടം ഉണ്ടാക്കിയത് വെള്ളക്കാറാണ് എന്നതായിരുന്ന ഏക ക്ലൂ. മാരുതി സ്വിഫ്റ്റ് കാറാണെന്നും മനസിലാക്കി. 2011-2018ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് 19000ത്തോളം വരുന്ന അത്തരം വാഹനങ്ങള്‍ പരിശോധിച്ചു. കെഎല്‍ 18 രജിസ്‌ട്രേഷനിലുള്ളവ കൂടുതലായി പരിശോധിച്ചു. കൂടാതെ റിപ്പയറിങിനായി എത്തിയോ എന്നറിയാന്‍ 500ലധികം വര്‍ക് ഷോപ്പുകളിലും പരിശോധന നടത്തിയെന്ന് എസ്പി പറഞ്ഞു.

2024 മാര്‍ച്ച് മാസത്തില്‍ ഒരുമതിലിന് ഇടിച്ച് അപകടം പറ്റി എന്ന രീതിയില്‍ ഒരു മാരുതി സിഫ്റ്റ് കാര്‍ ഇന്‍ഷൂറന്‍സ് ക്ലെയിം എടുത്തതായി കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശാസ്ത്രീയ പരിശോധന നടത്തി. അപകടസമയത്ത് ഈ വാഹനം വടകര ദേശീയപാതയിലൂടെ പോയതായി കണ്ടത്തെി. അന്നേദിവസം ഷജീല്‍ എന്ന ആര്‍സി ഓണറാണ് വണ്ടി ഓടിച്ചതെന്നും എസ്പി പറഞ്ഞു. അപകടം ഉണ്ടായിട്ട് നിര്‍ത്താതെ പോകുകയും തിരിച്ചറിയാതിരിക്കാനായി വണ്ടിയില്‍ മോഡിഫിക്കേഷന്‍ ചെയ്യുകയും ചെയ്തിരുന്നു. അപകടം ഉണ്ടാക്കിയ കാര്‍ പിടിച്ചെടുത്തതായും എസ്പി പറഞ്ഞു. വാഹനം ഓടിച്ച ഷജീല്‍ ഇപ്പോള്‍ യുഎഇയിലാണുള്ളത്. പ്രതിയെ ഉടനെ നാട്ടിലെത്തിക്കുമെന്നും എസ്പി പറഞ്ഞു.

ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ഫെബ്രുവരി 17 ന് ആണ് ചോറോട് റെയില്‍വേ ഗേറ്റിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ദൃഷാനയെയും അമ്മൂമ്മ ബേബിയെയും അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറുപ്പിച്ചത്. ബേബി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.