by Midhun HP News | Feb 26, 2026 | Latest News, കേരളം
കൊച്ചി: അയ്യപ്പന്റെ ജന്മദിനമായ ഏപ്രില്‍ ഒന്നിന് കേരളത്തിലെ വിശ്വാസികള്‍ വീടുകളില്‍ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സൂര്യന്‍ ഉദിക്കുമ്പോള്‍ മുതല്‍ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ അത് തെളിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ചെങ്ങന്നൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ ‘വിശ്വാസ ജനസഭ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിശ്വാസികളെ നശിപ്പിക്കാന്‍ മുതിര്‍ന്നവര്‍ക്കുള്ള ചിതയൊരുക്കുന്ന അഗ്‌നിയാണെന്ന് വിളിച്ചു പറയാന്‍ നമുക്ക് സാധിക്കണം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഏപ്രില്‍ ഒന്നിന് അയ്യന്‍ ജന്മ ജ്യോതി തെളിയും. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിന്റെ പ്രഭ പോലെ തെളിഞ്ഞു നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്’ സുരേഷ് ഗോപി പറഞ്ഞു.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും മനസിലാക്കണം, അവരൊന്നും തങ്ങളുടെ അയ്യന് മുകളില്‍ അല്ല എന്നത്. 2014 ല്‍ മോദിയെ കണ്ടതിനുശേഷം അല്ല തനിക്ക് അയ്യപ്പ വിശ്വാസം ഉണ്ടായത്. 1973ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് താന്‍ ആദ്യം ശബരിമലയില്‍ പോയത്. അതിന് ശേഷം അമ്പതിന് മേലെ തവണ ശബരിമല ചവിട്ടിയുള്ള പെരിയ സ്വാമി ആണെന്ന് താന്‍ പറയുന്നില്ല പക്ഷെ അന്‍പ് സ്വാമിയാണ് താന്‍. പല തവണ താനിത് പറഞ്ഞപ്പോള്‍ ജാതീയമായി വിമര്‍ശിച്ച കോമരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവരാണ് മതേതരത്വത്തിനായി പോരാടുന്നവര്‍. അയ്യന്‍ തനിക്ക് ജേഷ്ഠ സഹോദരനെ പോലെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
മീരാൻകടവ് പാലം സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയാക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയ സംരക്ഷണ ഭിത്തി നിർമ്മാണം വർഷം ഒന്ന് കഴിഞ്ഞിട്ടും പൂർത്തിയാക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
ഏറെനാളായ പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡിന്റെ ടാറിങ് പൂർത്തിയാക്കിയത് പോലും അടുത്തിടെയാണ്. ടാർ ചെയ്യുന്നതിന്റെ ഭാഗമായി റോഡിൽ മണ്ണിട്ടു പൊക്കിയതോടെ റോഡിന് വശങ്ങളിൽ മുൻപുണ്ടായിരുന്ന സംരക്ഷണ തൂണുകൾ മണ്ണുമൂടി റോഡിൻ്റെ നിരപ്പായി മാരുകയായിരുന്നു. ഇതോടെയാണ് യാത്ര വാഹന യാത്രികർക്കും കാൽനട യാത്രികർക്കും ഒരുപോലെ അപകടഭീഷണി ഉയർത്തിയത്.
കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിലൂടെ വർക്കല, ചിറയിൻകീഴ് ഭാഗങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്ന്പോകുന്നത്. ചെക്കാലവിളാകം ഭാഗത്തുനിന്നും മീരാൻകടവ് പാലത്തിൽ പ്രവേശിക്കുന്ന ഭാഗമാണ് ഇപ്പോൾ അപകടാവസ്ഥയിലുള്ളത്. നിലവിൽ റോഡിന്റെ ഇരുഭാഗങ്ങ ളിലും 12 മീറ്ററോളം താഴ്ചയുണ്ട്.
വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ, ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് ഒതുങ്ങിയാൽ കുഴിയിൽ വീഴുന്ന അവസ്ഥയാണ്. സംരക്ഷണ ഭിത്തിയുടെ ആവശ്യകത നിർമ്മാണവേളയിൽ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ കാര്യമായി ഗൗനിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
നിർമ്മാണ പ്രവർത്തികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന ആവിശ്യവുമായി പലതവണ അധികൃതരെ സമീപിക്കുമ്പോൾ അതിന്റെ തൊട്ടടുത്ത ദിവസം രണ്ട് പേരെ ഇബിടെ നിർത്തുകയും പിന്നീട് പിൻവലിക്കുകയുമാണ് ചെയ്തുവരുന്നത്. അപകടക്കെണിയായി മാറിയ മീരാൻകടവ് പാലം റോഡിലെ രാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് തന്നെ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
by Midhun HP News | Feb 26, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍സ്റ്റഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ് ഉള്ള ആദ്യത്തെ ലോക നേതാവും രാഷ്ട്രീയക്കാരനും എന്ന നേട്ടമാണ് മോദി കൈവരിച്ചത്.
മോദി 2014ലാണ് ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ന്നത്. കഴിഞ്ഞ ദശകത്തില്‍ ആഗോള നേതാക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ഡിജിറ്റല്‍ ഇടങ്ങളിലൊന്നായി അദ്ദേഹത്തിന്റെ അക്കൗണ്ട് പരിണമിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്സ് ആണ് മോദിക്കുള്ളത്. 4.32 കോടി ഫോളോവേഴ്സാണ് ട്രംപിനുള്ളത്.
ട്രംപിന് തൊട്ടുതാഴെയുള്ള അടുത്ത അഞ്ച് പ്രധാന ലോക നേതാക്കളുടെ സംയുക്ത ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോഴും മോദിയെ ഫോളോ ചെയ്യുന്നവരേക്കാള്‍ കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയ്ക്ക് 1.5 കോടി ഫോളോവേഴ്സും ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് 1.44 കോടി ഫോളോവേഴ്സും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന് 1.16 കോടി ഫോളോവേഴ്സും അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലിക്ക് 64 ലക്ഷം ഫോളോവേഴ്സുമാണ് ഉള്ളത്.
ലോകമെമ്പാടുമുള്ള യുവാക്കള്‍ക്കിടയില്‍ പ്രധാനമന്ത്രി മോദിയുടെ സമാനതകളില്ലാത്ത ആഗോള ഇടപെടലും ജനപ്രീതിയും ഇത് അടിവരയിടുന്നുവെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഏകദേശം 1.6 കോടി ഫോളോവേഴ്സുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് രണ്ടാം സ്ഥാനത്ത്. ഏകദേശം 1.26 കോടി ഫോളോവേഴ്സുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയില്‍ മൂന്നാം സ്ഥാനത്ത്.


by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് തെറ്റായ പ്രവണതകള്‍ ഒഴിവാക്കാന്‍ സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നതിനും റോഡുകള്‍ വികൃതമാക്കുന്നതും ഉള്‍പ്പെടെ നടപടികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍കര്‍ അറിയിച്ചു.
ഇലക്ഷന്‍ (ജനറല്‍) വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, പ്രചാരണ രംഗത്തെ പൊതുവഴികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ചിഹ്നങ്ങള്‍ വരയ്ക്കുന്നതും പോസ്റ്ററുകള്‍ പതിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് തികച്ചും മാതൃകാപരമായ രീതിയില്‍ നടത്തുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും പൂര്‍ണ്ണമായ സഹകരണം അത്യാവശ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ റോഡുകളില്‍ ചിഹ്നങ്ങളും അടയാളങ്ങളും വരച്ച് വൃത്തികേടാക്കുന്നത് പതിവാണെന്നും, ഇത് പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഗതാഗതത്തിനും വലിയ തടസ്സമുണ്ടാക്കുന്നുവെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തികള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, അവയുടെ പരിസരങ്ങള്‍, പാലങ്ങള്‍ തുടങ്ങിയ സിവില്‍ നിര്‍മ്മിതികളില്‍ ചുവരെഴുതുന്നതോ, പോസ്റ്ററുകളും പേപ്പറുകളും പതിപ്പിക്കുന്നതോ, മറ്റേതെങ്കിലും തരത്തില്‍ വികൃതമാക്കുന്നതോ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. കട്ടൗട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ ഇത്തരം ഇടങ്ങളില്‍ സ്ഥാപിക്കുന്നതിനും അനുമതിയില്ല.
റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ ഫ്‌ലൈഓവറുകള്‍, സര്‍ക്കാര്‍ റോഡുകള്‍, സര്‍ക്കാര്‍-പൊതു കെട്ടിടങ്ങള്‍, ബസ്സുകള്‍, ഇലക്ട്രിക്-ടെലിഫോണ്‍ പോസ്റ്റുകള്‍, മുനിസിപ്പല്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളെയും പൊതുസ്വത്തുക്കളെയും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നത് നിയമലംഘനമായി കണക്കാക്കും.
നിലവിലുള്ള പ്രാദേശിക നിയമങ്ങളോ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളോ ലംഘിച്ചുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ അസോസിയേഷനോ സ്ഥാനാര്‍ത്ഥിയോ വ്യക്തിയോ പൊതുസ്വത്ത് വികൃതമാക്കിയാല്‍, അവ ഉടന്‍ നീക്കം ചെയ്യാന്‍ വരണാധികാരി അല്ലെങ്കില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കണം. രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ഇതിനോട് ഉടനടി പ്രതികരിക്കാത്ത പക്ഷം, ജില്ലാ ഭരണകൂടത്തിന് നേരിട്ട് ഇടപെട്ട് ഇവ നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ ഇതിനായി വരുന്ന മുഴുവന്‍ ചെലവുകളും ഉത്തരവാദിയായ രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ വഹിക്കേണ്ടി വരും. ഈ തുക ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് കൂട്ടിച്ചേര്‍ക്കുമെന്നും ഉത്തരവില്‍ പറയുന്നു.

2026 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പൊതുറോഡുകളില്‍ ചിഹ്നങ്ങള്‍ വരയ്ക്കുന്നതോ, വസ്തുക്കള്‍ തറയ്ക്കുന്നതോ, പോസ്റ്ററുകള്‍ പതിപ്പിക്കുന്നതോ ആയ എല്ലാത്തരം പ്രവര്‍ത്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും വിട്ടുനില്‍ക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരം ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന മുറയ്ക്ക് വരണാധികാരികളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ നടപടികള്‍ ഉറപ്പാക്കണമെന്നും ഡോ. രത്തന്‍ യു. ഖേല്‍കര്‍ അറിയിച്ചു.

by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക പോരാട്ടം. സിംബാബ്‌വെ ആണ് എതിരാളി. ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയുമായി തോൽവി ഏറ്റു വാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ സെമി സാധ്യത നിലനിർത്താൻ സാധിക്കും. വെസ്റ്റ് ഇൻഡീസുമായി തോൽവി വഴങ്ങിയാണ് സിംബാബ്‌വെയും ഇന്നത്തെ മത്സരത്തിന് എത്തുന്നത്.
ടോപ് ഓർഡറിലെ ബാറ്റർമാർ നിരന്തരമായി പരാജയപ്പെടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അത് പരിഹരിക്കാനായി ടീമിൽ അഴിച്ചു പണി നടത്തും. ഇന്നത്തെ മത്സരത്തിൽ ഓപ്പണർ റോളിലോ മൂന്നാം നമ്പറിലോ സഞ്ജു സാംസണെ പ്രതീക്ഷിക്കാം. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലും ടീമിൽ തിരിച്ചെത്തും. മോശം ഫോം തുടരുന്ന റിങ്കു സിങും വാഷിഗ്ടൺ സുന്ദറും ടീമിൽ ഇടം നേടാൻ സാധ്യതയില്ല.
എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നിർണായക റോൾ ആണ് ഇന്നത്തെ മത്സരത്തിൽ ഉള്ളത്.
സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. ചെന്നൈയിൽ ഇന്ന് ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം മഞ്ഞ് വീഴാനുള്ള സാധ്യതയുള്ളതിനാൽ സ്കോർ പിന്തുടരുന്ന ടീമിന് മുൻതൂക്കം ലഭിക്കാം.


by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: ജനവിരുദ്ധ നടപടികളുമായി മുന്നേറുന്ന ഇടതുപക്ഷ സർക്കാരിനെതിരേ പ്രതിഷേധമുയർത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ മാർച്ച് 4 ന് നെടുമങ്ങാട് നടക്കുന്ന സമ്മേളനത്തിൽ ഹെഡ് ലോഡ് മേഖലയിൽ നിന്നും 500 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ പോത്തൻകോട് കോൺഗ്രസ്സ് ഹൗസിൽ കൂടിയ ഹെഡ് ലോഡ് & ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്സ് (ഐ.എൻ.റ്റി.യു.സി) നെടുമങ്ങാട് മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
മേഖലാ പ്രസിഡൻ്റ് ആർ.എസ്. വിനോദ് മണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഐ.എൻ.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡൻ്റ് എ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി നെടുമങ്ങാട് റീജിയണൽ കമ്മിറ്റി പ്രസിഡൻ്റ് എ.നൗഷാദ് ഖാൻ, ഹെഡ് ലോഡ് യൂണിയൻ ജില്ലാ സെക്രട്ടറി കുന്നിട അജിത്ത്, ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മിറ്റി അംഗങ്ങളായ ശശിധരൻ നായർ, മരുതൂർ വിജയൻ, എം.പി.ഷാജി, റീജിയണൽ കമ്മിറ്റി സെക്രട്ടറിമാരായ ആലിയാട് രാജേന്ദ്രൻ, എം.ബി.നാസറുദ്ദീൻ, മറ്റു ഭാരവാഹികളായ അജയൻ ചെന്തുപ്പൂര്, രാജേന്ദ്രൻ CRP, സുരേഷ്, ഷാജഹാൻ, വിശ്വംഭരൻ നായർ, ബൈജു തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ഹെഡ് ലോഡ് യൂണിയൻ മേഖലാ സെക്രട്ടറി എ.ഹക്കിം സ്വാഗതവും എ.നുജൂമുദ്ദീൻ കൃതജ്ഞതയും പറഞ്ഞു.


Recent Comments