ക്ഷേമ പെന്‍ഷന്‍: അനര്‍ഹരെ കണ്ടെത്താന്‍ വാര്‍ഡ് തല പരിശോധനയ്ക്ക് ധനവകുപ്പ്

ക്ഷേമ പെന്‍ഷന്‍: അനര്‍ഹരെ കണ്ടെത്താന്‍ വാര്‍ഡ് തല പരിശോധനയ്ക്ക് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ സമഗ്ര പരിശോധന നടത്താന്‍ നിര്‍ദേശിച്ച് ധനവകുപ്പ്. തദ്ദേശഭരണ വകുപ്പിന്റെ സഹായത്തോടെയാകും പട്ടിക പരിശോധിക്കുക. പെന്‍ഷന്‍ വിതരണത്തില്‍ വ്യാപക ക്രമക്കേടുകളെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ധനവകുപ്പിന്റെ നീക്കം.

വാര്‍ഡ് അടിസ്ഥാനത്തിലാണ് പരിശോധന നടത്തുക. നിശ്ചിത സമയ പരിധി വച്ച് അര്‍ഹതാ മാനദണ്ഡങ്ങള്‍ വിലയിരുത്താനും ആലോചന ഉണ്ട്. വാര്‍ഡ് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കുന്നതോടെ അനര്‍ഹരായ ആളുകളെ വേഗത്തില്‍ കണ്ടെത്താനാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്.

നേരത്തെ കോട്ടക്കലില്‍ ബിഎംഡബ്ല്യു കാറും ആഡംബര വസതിയുമുള്ളവരും പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധന വിഭാഗമാണ് പരിശോധന നടത്തിയത്.

തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചുനല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

12 ദിവസം കൊണ്ട് പത്തു ലക്ഷം ഭക്തര്‍ മല ചവിട്ടി, വരുമാനം 63 കോടി കവിഞ്ഞു

12 ദിവസം കൊണ്ട് പത്തു ലക്ഷം ഭക്തര്‍ മല ചവിട്ടി, വരുമാനം 63 കോടി കവിഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വൃശ്ചികം ഒന്നിനു നട തുറന്ന് 12 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനം അധികമാണിത്. 87,999 തീര്‍ഥാടകരെത്തിയ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്.

ഭക്തരുടെ എണ്ണത്തിലെ കുതിച്ചു ചാട്ടം ദേവസ്വത്തിന്‍റെ വരുമാനത്തിലും വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും 63 കോടിയിലധികം വരുമാനം ലഭിച്ചെന്നും ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15.89 കോടിയിലധികം വരുമാനമാണുണ്ടായത്. അരവണ വില്‍പ്പനയില്‍ മാത്രം 28 കോടി ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 9.5 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 3.5 ലക്ഷം അപ്പവും വിറ്റു. 39 ലക്ഷം രൂപ അപ്പം വിറ്റതില്‍ നിന്ന് മാത്രം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 19.4 കോടി രൂപയാണ് അരവണ വില്‍പ്പനയില്‍ ലഭിച്ചത്. ഇത്തവണ 12 ദിവസം കൊണ്ട് 28.93 കോടി രൂപയാണ് നേടിയത്. 9.53 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് കൂടിയിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടത് നേട്ടമാണെന്നാണ് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഇരുപതിലധികം സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും കൂട്ടായ പ്രയത്‌നത്തിന് പുറമെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നല്‍കിയ പിന്തുണ ഇത്തവണ പരാതികള്‍ ഒഴിവാക്കാന്‍ സഹായകമായി. സന്നിധാനം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പമ്പാ നദിയില്‍ വസ്ത്രം വലിച്ചെറിയുന്നതും മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഭക്തജനങ്ങളില്‍ പരമാവധി അവബോധം സൃഷ്ടിക്കാനും ഇത്തരം പ്രവണതകള്‍ തടയാന്‍ ജീവനക്കാരെ നിയമിക്കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. സ്‌പോട് ബുക്കിങിലൂടെ പരമാവധി ഭക്തരെ പ്രവേശിപ്പിക്കുന്നതിന് പമ്പയില്‍ മാത്രം എട്ട് കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭക്തര്‍ ആധാര്‍ കാര്‍ഡ് കൈവശം വെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, മൂന്നു പേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, മൂന്നു പേര്‍ക്ക് പരിക്ക്

കൊച്ചി: കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എറണാകുളം ചക്കരപ്പറമ്പിൽ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്കും രണ്ടു വിദ്യാര്‍ഥികള്‍ക്കുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള കോളജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.

പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വിദ്യാര്‍ഥികള്‍ കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്നു. 30 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസെത്തി റോഡില്‍നിന്ന് മാറ്റി. ഗതാഗതം പൂര്‍വസ്ഥിതിയിലായിട്ടുണ്ട്.

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു; കാരണം ലഹരി കുത്തിവയ്‌പോ?

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു; കാരണം ലഹരി കുത്തിവയ്‌പോ?

തൃശൂര്‍: സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി

പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി

കോട്ടയം: തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, തൃപ്പുലിയൂർ, തൃച്ചിറ്റാറ്റ്, തിരുവാറൻമുള തുടങ്ങിയ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപന സമിതി പ്രസിഡന്റും ബിജെപി നേതാവുമായ ബി രാധാകൃഷ്ണ മേനോനുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യമറിയിച്ചത്.

തൃച്ചിറ്റാട്ട് മഹാവിഷ്‌ണു ക്ഷേത്രം, പുലിയൂർ മഹാവിഷ്‌ണു ക്ഷേത്രം, ആറന്മുള പാർഥസാരഥി ക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്‌ണു ക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്‌ണു ക്ഷേത്രം എന്നിവയാണ് പഞ്ചപാണ്ഡവർ നിർമിച്ചുവെന്ന് കരുതപ്പെടുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങൾ. പഴയ മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലായി പമ്പ നദിയുടെ തീരത്താണ് എല്ലാ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. അഞ്ച് വൈഷ്‌ണവ ക്ഷേത്രങ്ങൾ എന്നും ഇവ അറിയപ്പെടുന്നു. വനവാസക്കാലത്ത് പഞ്ചപാണ്ഡവർ പൂജിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളാണിവ.

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും

സുല്‍ത്താന്‍ ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദര്‍ശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുന്നത്.

ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

ഉപതെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പ്രിയങ്ക കന്നിയങ്കത്തില്‍ ജയിച്ചുകയറിയത്. വന്‍ ജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു. വയാനാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും തന്നെ ജയിപ്പിച്ച വോട്ടമാരുടെ തീരുമാനം തെറ്റില്ലെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസുമായിരുന്നു പ്രിയങ്കയുടെ പ്രധാന എതിരാളികള്‍.