ബലക്ഷയം: കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണം; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ബലക്ഷയം: കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണം; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

കോട്ടയം: ബലക്ഷയത്തെ തുടര്‍ന്ന് നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച് സെന്റര്‍ എന്നിവര്‍ നടത്തിയ ബലപരിശോധനാ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ബലപരിശോധന നടത്തിയത്. ബലക്ഷയത്തെ തുടര്‍ന്ന് അടിസ്ഥാന തൂണുകള്‍ ഒഴികെ മേല്‍ക്കൂര മുഴുവന്‍ നീക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആകാശപ്പാതയെ കൊല്ലാന്‍ ഒരു കാരണം കണ്ടെത്തിയതാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഡിസംബര്‍ 22ന് ആണ് ആകാശപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിര്‍മാണം അടുത്ത ഘട്ടത്തിലേക്കു കടന്നപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തുടര്‍ന്നു കിറ്റ്‌കോയ്ക്കുള്ള ഫണ്ട് കുടിശികയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു.

തൃശൂരില്‍ ഉള്‍പ്പെടെ ആകാശപ്പാത വന്നു. ഇവിടെ സാങ്കേതികവും നയപരവുമായ കാരണങ്ങള്‍ പറയുകയാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ആകാശപ്പാത പൊളിക്കുമെന്നു നിയമസഭയില്‍ ഒരു മന്ത്രിയെക്കൊണ്ട് പറയിപ്പിച്ച സര്‍ക്കാരാണു ഭരണം നടത്തുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

12 ദിവസം കൊണ്ട് പത്തു ലക്ഷം ഭക്തര്‍ മല ചവിട്ടി, വരുമാനം 63 കോടി കവിഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വൃശ്ചികം ഒന്നിനു നട തുറന്ന് 12 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനം അധികമാണിത്. 87,999 തീര്‍ഥാടകരെത്തിയ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്.

ഭക്തരുടെ എണ്ണത്തിലെ കുതിച്ചു ചാട്ടം ദേവസ്വത്തിന്‍റെ വരുമാനത്തിലും വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും 63 കോടിയിലധികം വരുമാനം ലഭിച്ചെന്നും ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15.89 കോടിയിലധികം വരുമാനമാണുണ്ടായത്. അരവണ വില്‍പ്പനയില്‍ മാത്രം 28 കോടി ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 9.5 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 3.5 ലക്ഷം അപ്പവും വിറ്റു. 39 ലക്ഷം രൂപ അപ്പം വിറ്റതില്‍ നിന്ന് മാത്രം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 19.4 കോടി രൂപയാണ് അരവണ വില്‍പ്പനയില്‍ ലഭിച്ചത്. ഇത്തവണ 12 ദിവസം കൊണ്ട് 28.93 കോടി രൂപയാണ് നേടിയത്. 9.53 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് കൂടിയിട്ടും സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടത് നേട്ടമാണെന്നാണ് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഇരുപതിലധികം സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും കൂട്ടായ പ്രയത്‌നത്തിന് പുറമെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നല്‍കിയ പിന്തുണ ഇത്തവണ പരാതികള്‍ ഒഴിവാക്കാന്‍ സഹായകമായി. സന്നിധാനം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പമ്പാ നദിയില്‍ വസ്ത്രം വലിച്ചെറിയുന്നതും മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഭക്തജനങ്ങളില്‍ പരമാവധി അവബോധം സൃഷ്ടിക്കാനും ഇത്തരം പ്രവണതകള്‍ തടയാന്‍ ജീവനക്കാരെ നിയമിക്കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. സ്‌പോട് ബുക്കിങിലൂടെ പരമാവധി ഭക്തരെ പ്രവേശിപ്പിക്കുന്നതിന് പമ്പയില്‍ മാത്രം എട്ട് കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭക്തര്‍ ആധാര്‍ കാര്‍ഡ് കൈവശം വെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത് ആറ് ദിവസത്തിന് ശേഷം

വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത് ആറ് ദിവസത്തിന് ശേഷം

കൊല്ലം: കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അച്ചു ആറ്റിൽ മുങ്ങിത്താഴുന്നത് സുഹൃത്തുക്കൾ കണ്ടെങ്കിലും പേടിച്ച് അത് പുറത്തു പറയാതിരിക്കുകയായിരുന്നു. ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ 23-ാം തീയതിയാണ് അച്ചുവിനെ കാണാതാവുന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു അച്ചു. കുട്ടി തിരിച്ചെത്താതിരുന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. സുഹൃത്തുക്കളോട് പൊലീസ് ചോദിച്ചെങ്കിലും തങ്ങൾക്കൊപ്പം അച്ചു കുളിക്കാൻ വന്നിട്ടില്ലെന്നായിരുന്നു മറുപടി.

പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. രണ്ടാമതും പൊലീസ് കൂട്ടുകാരെ ചോദ്യം ചെയ്തതോടെയാണ് അച്ചു ആറ്റിൽ മുങ്ങിത്താണ വിവരം ഇവർ പുറത്തുപറഞ്ഞത്. മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയംകടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പേടിച്ചിട്ടാണ് ആരോടും പറയാതിരുന്നത് എന്നും കൂട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ച അഗ്നിരക്ഷാസേന സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു.

മറ്റൊരാളുമായി സൗഹൃദം സ്ഥാപിച്ചെന്ന് സംശയം; യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

മറ്റൊരാളുമായി സൗഹൃദം സ്ഥാപിച്ചെന്ന് സംശയം; യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

ബംഗലൂരു: കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ അസമീസ് വ്‌ലോഗറായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയിയുടെ മൊഴി. സംശയത്തെ തുടര്‍ന്നാണ് മായയെ കൊലപ്പെടുത്തിയതെന്നും ആരവിന്റെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

നവംബര്‍ 24ന് അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. ശേഷം താന്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. മായയെ കൊലപ്പെടുത്തിയ കയര്‍ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇതു മുറുകാതെ വന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും ആരവ് പൊലീസിനോട് പറഞ്ഞു.

25ന് മുഴുവന്‍ ആ മുറിയില്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. 26ന് രാവിലെ മജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലേക്ക് ഊബര്‍ വിളിച്ച് പോയി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പല ട്രെയിനുകള്‍ മാറിക്കയറി വാരാണസിയിലെത്തിയെന്നും ആരവ് പൊലിസീനോട് പറഞ്ഞു.

28ന് വൈകീട്ടാണ് ആരവ് കണ്ണൂരിലെ വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന കാന്‍സര്‍ രോഗിയായ മുത്തച്ഛനെ ഫോണില്‍ വിളിച്ചത്. ഈ കോള്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ആറു മാസം മുന്‍പ് ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്. പിന്നീട് മായ മറ്റാരോടോ സൗഹൃദം സ്ഥാപിച്ചെന്ന് ആരവിന് സംശയമായി. അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത ശേഷം ഇക്കാര്യം ചോദിച്ച് ഇവര്‍ തമ്മില്‍ വഴക്കായി. മായയെ കൊലപ്പെടുത്താനെന്ന ഉദ്ദേശത്തോടെയാണ്് ആരവ് ഇവിടെ എത്തിയത്. ഇതിനായി ഓണ്‍ലൈനില്‍ നിന്ന് കത്തിയും കയറും ഓര്‍ഡര്‍ ചെയ്തിരുന്നു. വഴക്കിനു പിന്നാലെ മായയെ കഴുത്തില്‍ കയര്‍ മുറുക്കി പ്രതി കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

‘അര്‍ജുന്‍ ക്രിമിനലെന്ന് ബാലഭാസ്‌കറിന് അറിയാമായിരുന്നു; ഡ്രൈവറായി നിയമിക്കുന്നതിനെ ലക്ഷ്മി ആദ്യം എതിര്‍ത്തു’

‘അര്‍ജുന്‍ ക്രിമിനലെന്ന് ബാലഭാസ്‌കറിന് അറിയാമായിരുന്നു; ഡ്രൈവറായി നിയമിക്കുന്നതിനെ ലക്ഷ്മി ആദ്യം എതിര്‍ത്തു’

കൊച്ചി: ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തല്‍. അര്‍ജുനെ ഡ്രൈവറായി നിയമക്കുന്നതിനെ തുടക്കത്തില്‍ ലക്ഷ്മി എതിര്‍ത്തിരുന്നെന്നും സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സ്വര്‍ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ അറസ്റ്റിലായതോടെ, ബാലഭാസ്കറിന്‍റെ മരണത്തിന് സ്വര്‍ണ റാക്കറ്റുമായി ബന്ധമുണ്ടെന്ന ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് സിബിഐ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.

ബാലഭാസ്‌കറുടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്ന അര്‍ജുന്‍ കെ നാരയണനെ പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ചാ കേസില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ബാലഭാസ്കറിന്‍റെ മരണത്തില്‍ സ്വര്‍ണക്കടത്തു റാക്കറ്റിനു ബന്ധമുണ്ടെന്ന ആക്ഷേപം വീണ്ടും ഉയരുകയായിരുന്നു. ഇന്നലെ ബാലഭാസ്കറിന്‍റെ പിതാവ് കെസി ഉണ്ണിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിനോ മറ്റാര്‍ക്കെങ്കിലുമോ ബന്ധമുള്ളതായി കണ്ടെത്താനായില്ലെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

”എന്റെ ഭര്‍ത്താവ് അര്‍ജുനെ തിരുവനന്തപുരത്ത് കൊണ്ടുവന്നത് ഡ്രൈവറായി ജോലി നല്‍കാനാണ്. ചെര്‍പ്പുളശ്ശേരി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത എടിഎം മോഷണക്കേസില്‍ അര്‍ജുന് പങ്കുണ്ടെന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്, അതിനാല്‍ ഞാന്‍ അര്‍ജുന്റെ നിയമനത്തെ എതിര്‍ത്തു. എന്നാല്‍ സ്വയം തിരുത്താനുള്ള ശ്രമത്തിലാണ് അര്‍ജുനെന്നും നല്ല വ്യക്തിയാണെന്നും പറഞ്ഞ് ബാലു എന്റെ അഭ്യര്‍ത്ഥന നിരസിച്ചു’ സിബിഐക്ക് നല്‍കിയ മൊഴിയില്‍ ലക്ഷ്മി പറഞ്ഞു.

‘അപകടസമയത്ത് താനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍ ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു തിരുത്തി. ബാലുവാണ് കാര്‍ ഓടിച്ചത് എന്നാണ് അര്‍ജുന്‍ പറഞ്ഞത്. ഇതു ശരിയല്ല. ബാലുവാണ് ഡ്രൈവ് ചെയ്തതെന്നും അപകടത്തില്‍ പരിക്കേറ്റ തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ തൃശ്ശൂരിലെ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ (എംഎസിടി) ഹര്‍ജി നല്‍കിയെന്നാണ് അറിഞ്ഞത്’ ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു.

ശാസ്ത്രീയ തെളിവുകള്‍ തള്ളിയിട്ടും പരസ്പര വിരുദ്ധമായ മൊഴികള്‍ തുടര്‍ച്ചയായി പുറപ്പെടുവിച്ച അര്‍ജുന്റെ ഉദ്ദേശ്യം അന്വേഷണ ഉദ്യോഗസ്ഥന്‍ പരിഗണിക്കേണ്ടതായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ കുടുംബം പറയുന്നു. അര്‍ജുന്റെ പങ്കാളിത്തം അന്വേഷിക്കുന്നതില്‍ സിബിഐ ദയനീയമായി പരാജയപ്പെട്ടു’ കുടുംബം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ ലത, ലക്ഷ്മി, വിഷ്ണു, പ്രകാശ് തമ്പി തുടങ്ങിയവരുടെ മൊഴികള്‍ വസ്തുതകളെ ശരിവയ്ക്കുന്നതാണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ്റിങ്ങലിൽ സ്വകാര്യ ബസ്സുകൾ ഡി വൈ എഫ് ഐ തടയുന്നു

ആറ്റിങ്ങലിൽ സ്വകാര്യ ബസ്സുകൾ ഡി വൈ എഫ് ഐ തടയുന്നു

ആറ്റിങ്ങലിൽ സ്വകാര്യ ബസ്സുകൾ ഡി വൈ എഫ് ഐ തടയുന്നു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക ചാനലുകളെ ബസ് ജീവനക്കാർ കൈയ്യേറ്റം ചെയ്തു. സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക്. ആറ്റിങ്ങലിൽ സംഘർഷാവസ്ഥ.