by Midhun HP News | Nov 29, 2024 | Latest News, കേരളം
മൂന്നാർ: സ്കൂൾ വിദ്യാർഥികളുമായി പോയ ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാന ‘പടയപ്പ’. ഡ്രൈവർ സമയോചിതമായ ഇടപെടലാണ് ആപത്ത് ഒഴിവാക്കിയത്. ഡ്രൈവർ വാഹനം പിന്നിലേക്ക് ഓടിച്ചതിനെത്തുടർന്നു പടയപ്പ പിന്മാറുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് 4.30നു മാട്ടുപ്പെട്ടി കുട്ടിയാർവാലിയിലാണു സംഭവം. കൊരണ്ടക്കാടുള്ള സ്കൂളിലെ 40 കുട്ടികളുമായി സൈലന്റ് വാലി ഭാഗത്തേക്കു പോകുകയായിരുന്നു ബസ്. നെറ്റിമേട് കഴിഞ്ഞുള്ള ഭാഗത്താണു ബസ് പടയപ്പയുടെ മുന്നിൽപെട്ടത്. പടയപ്പ തുമ്പിക്കൈ ഉയർത്തി ബസിനുനേരെ പാഞ്ഞടുത്തതോടെ കുട്ടികൾ അലറിക്കരയാൻ തുടങ്ങി.
മാട്ടുപ്പെട്ടി സ്വദേശിയായ ഡ്രൈവർ മുരുകൻ ധൈര്യം സംഭരിച്ച് ബസ് പിന്നോട്ട് ഓടിച്ചതാണു രക്ഷയായത്. 50 മീറ്റർ ബസ് പിന്നോട്ടു പോയതോടെയാണു പടയപ്പ ശാന്തനായത്. പിന്നീട് ആന കാട്ടിലേക്കു പോയശേഷമാണു സ്കൂൾ ബസ് യാത്ര തുടർന്നത്. സ്കൂൾ ബസ് എത്തുന്നതിനു മുൻപ് ഇതുവഴി ബൈക്കിൽ കടന്നുപോയ 2 പേർ പടയപ്പയുടെ മുന്നിൽപെട്ടിരുന്നു. ബൈക്ക് റോഡിൽ ഉപേക്ഷിച്ചശേഷം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ആന കാട്ടിലേക്കു പോയ ശേഷമാണ് ഇവർ തിരികെയെത്തി ബൈക്ക് എടുത്തത്.
by Midhun HP News | Nov 29, 2024 | Latest News, ജില്ലാ വാർത്ത
കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകളെ കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരാണ്. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തിൽ കാണാതായത്. പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായിരുന്നില്ല. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരുന്നത്.
പശുവിനെ തേടിപ്പോകും വഴി കാട്ടാനയെ കണ്ടതോടെ തങ്ങൾ ചിതറിയോടി എന്ന് 4.15ന് മായ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വെള്ളം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ തിരയാൻ പോയവരും ആനകളുടെ മുൻപിൽ പെട്ടിരുന്നു.
by Midhun HP News | Nov 29, 2024 | Latest News, കേരളം
തിരുവനന്തപുരം: തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച തൃശൂര്‍, മലപ്പുറം ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലര്‍ട്ട്:
30/11/2024: പാലക്കാട്, കോഴിക്കോട്, വയനാട്
01/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്
02/12/2024: തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
അതിനിടെ ബംഗാള്‍ ഉള്‍ക്കടല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ന് രാവിലെ വരെ അതിതീവ്ര ന്യൂനമര്‍ദ്ദമായി തുടര്‍ന്ന് വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി കുറയും. തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശനിയാഴ്ച രാവിലെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Nov 29, 2024 | Latest News, ജില്ലാ വാർത്ത
കടക്കാവൂർ, ചിറയിൻകീഴ് ഭാഗങ്ങളിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ ഇന്ന് മുതൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വന്നു എൻ എച്ച് റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു. നിലവിൽ ചില ബസുകൾ ഗേൾസ് സ്കൂൾ ജംഗ്ഷനിൽ നിന്നും പാലസ് റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കർശനമായി നിരോധിക്കുമെന്നും ഇന്ന് മുതൽ അപ്രകാരം ബസുകൾ പോകുന്നതിനു അനുവദിക്കില്ലെന്നുമാണ് അറിയിപ്പ്. ഇതു ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആറ്റിങ്ങൽ പോലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്. ഒ അറിയിച്ചു
by Midhun HP News | Nov 28, 2024 | Latest News, കേരളം
കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം. ക്ഷേത്രത്തിന് സമീപത്തെ ചില കടകളില്‍ ദേവന്റെ പേരില്‍ അരവണ വില്‍പന വ്യാപകമായത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നത്.
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ അരവണ പായസത്തെ കുറിച്ചുള്ള പരാമര്‍ശം ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. ആവിയില്‍ വേവിച്ച പയറും തേങ്ങാക്കൊത്തുമാണ് മുത്തപ്പന് സമര്‍പ്പിക്കുന്നത്. അരവണ പായസത്തിന്റെ പേരില്‍ കച്ചവടം നടത്തുന്ന വ്യാപാരികളുമായി പറശ്ശിനി മടപ്പുരയ്ക്ക് യാതൊരു ബന്ധവുമില്ല- ക്ഷേത്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അരവണ പായസം വില്‍ക്കുന്ന കടകള്‍ക്ക് മാനേജ്മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കടകളില്‍ ഭക്തര്‍ക്ക് അരവണ പായസം വില്‍ക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. വിവരമറിഞ്ഞയുടന്‍, പായസം പാത്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിന്റെ പേര് മാറ്റാന്‍ കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല,” ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
തെയ്യം അണിയാതെ ഭക്തരെ അനുഗ്രഹിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന്, മുത്തപ്പന്‍ തെയ്യം കെട്ടിയാടുന്ന കോലധാരിയായ ബാലകൃഷ്ണന്‍ പെരുവണ്ണാനെ ക്ഷേത്രം ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു.
by Midhun HP News | Nov 28, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് 2034 മുതല്‍ വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. 2045ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും കരാര്‍ പ്രകാരം 2028 നുളളില്‍ പൂര്‍ത്തീകരിക്കും. ഇതിലൂടെ ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലാഭവിഹിതമായി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മുന്‍ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. വിവിധ കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ വരുമാന വിഹിതം 2039 മുതല്‍ മാത്രം അദാനി ഗ്രൂപ്പ് നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്‌നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെ ഉയരും. 2028-ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കും.
പഴയ കരാര്‍ പ്രകാരം 408.90 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വി.ജി.എഫ് വിഹിതമായി അദാനി കമ്പനിക്ക് നിര്‍മ്മാണ വേളയില്‍ നല്‍കേണ്ടിയിരുന്നത്. പുതിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഈ തുക 365.10 കോടി രൂപയായി കുറച്ചു. 43.80 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ കുറവ് ലഭിച്ചു. കമ്പനിക്ക് നല്‍കേണ്ട 365.10 കോടി രൂപയില്‍, 189.90 കോടി രൂപ മാത്രം ഇപ്പോള്‍ നല്‍കിയാല്‍ മതി. ബാക്കിയുള്ള 175.20 കോടി രൂപ, തുറമുഖത്തിന്റെ എല്ലാഘട്ടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ നല്‍കിയാല്‍ മതിയെന്നും തീരുമാനമായി.
തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി പ്രതീക്ഷിക്കുന്ന 10000 കോടി രൂപയുടെ ചിലവ് പൂര്‍ണ്ണമായും അദാനി വഹിക്കും. 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമ്പോള്‍ നിര്‍മ്മാണ സാമഗ്രികള്‍ക്കുമേല്‍ ലഭിക്കുന്ന നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കും. ഇതില്‍ നിന്നും അദാനി കമ്പനിക്കു 2028-ല്‍ തിരികെ നല്‍കേണ്ട 175.20 കോടി രൂപ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കും.
ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു കൊടുക്കാന്‍ കഴിയാത്തത് മൂലം 30 കോടി രൂപയോളം നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ അദാനി കമ്പനിക്ക് നല്‍കണമെന്നതും പുതിയ കരാറില്‍ ഒഴിവാക്കി. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ചിലവഴിക്കേണ്ടി വരുമായിരുന്ന തുകയും ലാഭിക്കാനാകും.
വിഴിഞ്ഞം പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 40 വര്‍ഷ കരാര്‍ കാലയളവില്‍ ഏകദേശം 54750 കോടി രൂപ മൊത്ത വരുമാനമുണ്ടാക്കും. അതില്‍ ഏകദേശം 6300 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. എന്നാല്‍ 2028 ഡിസംബറോടെ ശേഷി വര്‍ധിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ മൊത്തവരുമാനം 54750 കോടി രൂപയില്‍ നിന്നും 215000 കോടി രൂപയാകും. വരുമാന വിഹിതം 6300 കോടി രൂപയില്‍ നിന്ന് 35000 കോടി രൂപയായി വര്‍ദ്ധിക്കും. ശേഷി വര്‍ദ്ധന മൂലം വരുമാന വിഹിത ഇനത്തിലും ജിഎസ്ടി ഇനത്തിലും ഏകദേശം 48000 കോടി രൂപ സര്‍ക്കാരിന് അധികമായി ലഭിക്കും.
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ 8867 കോടി രൂപയില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിജിഎഫ് വിഹിതം, സംസ്ഥാനം പണം ചെലവഴിക്കുന്ന പുലിമുട്ട് നിര്‍മ്മാണം, ഭൂമി ഏറ്റെടുക്കല്‍, റെയില്‍ കണക്ടിവിറ്റി, ജീവനോപാധി നഷ്ടപരിഹാരം തുടങ്ങിയ ഘടകങ്ങള്‍ക്കായാണ് 5,595 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ട 5,595 കോടി രൂപയില്‍ ഇതുവരെ 2,159.39 കോടി രൂപ ചെലവഴിച്ചു. അദാനിയുടെ വിഹിതം 2454 കോടിയും കേന്ദ്രസര്‍ക്കാരിന്റേത് 817.80 കോടിയുമാണ്. കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Recent Comments