by Midhun HP News | Nov 28, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് 2034 മുതല്‍ വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. 2045ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും കരാര്‍ പ്രകാരം 2028 നുളളില്‍ പൂര്‍ത്തീകരിക്കും. ഇതിലൂടെ ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലാഭവിഹിതമായി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മുന്‍ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. വിവിധ കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ വരുമാന വിഹിതം 2039 മുതല്‍ മാത്രം അദാനി ഗ്രൂപ്പ് നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്‌നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെ ഉയരും. 2028-ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കും.
പഴയ കരാര്‍ പ്രകാരം 408.90 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വി.ജി.എഫ് വിഹിതമായി അദാനി കമ്പനിക്ക് നിര്‍മ്മാണ വേളയില്‍ നല്‍കേണ്ടിയിരുന്നത്. പുതിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഈ തുക 365.10 കോടി രൂപയായി കുറച്ചു. 43.80 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ കുറവ് ലഭിച്ചു. കമ്പനിക്ക് നല്‍കേണ്ട 365.10 കോടി രൂപയില്‍, 189.90 കോടി രൂപ മാത്രം ഇപ്പോള്‍ നല്‍കിയാല്‍ മതി. ബാക്കിയുള്ള 175.20 കോടി രൂപ, തുറമുഖത്തിന്റെ എല്ലാഘട്ടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ നല്‍കിയാല്‍ മതിയെന്നും തീരുമാനമായി.
തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി പ്രതീക്ഷിക്കുന്ന 10000 കോടി രൂപയുടെ ചിലവ് പൂര്‍ണ്ണമായും അദാനി വഹിക്കും. 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമ്പോള്‍ നിര്‍മ്മാണ സാമഗ്രികള്‍ക്കുമേല്‍ ലഭിക്കുന്ന നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കും. ഇതില്‍ നിന്നും അദാനി കമ്പനിക്കു 2028-ല്‍ തിരികെ നല്‍കേണ്ട 175.20 കോടി രൂപ കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കും.
ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു കൊടുക്കാന്‍ കഴിയാത്തത് മൂലം 30 കോടി രൂപയോളം നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ അദാനി കമ്പനിക്ക് നല്‍കണമെന്നതും പുതിയ കരാറില്‍ ഒഴിവാക്കി. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ചിലവഴിക്കേണ്ടി വരുമായിരുന്ന തുകയും ലാഭിക്കാനാകും.
വിഴിഞ്ഞം പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 40 വര്‍ഷ കരാര്‍ കാലയളവില്‍ ഏകദേശം 54750 കോടി രൂപ മൊത്ത വരുമാനമുണ്ടാക്കും. അതില്‍ ഏകദേശം 6300 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിക്കും. എന്നാല്‍ 2028 ഡിസംബറോടെ ശേഷി വര്‍ധിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ മൊത്തവരുമാനം 54750 കോടി രൂപയില്‍ നിന്നും 215000 കോടി രൂപയാകും. വരുമാന വിഹിതം 6300 കോടി രൂപയില്‍ നിന്ന് 35000 കോടി രൂപയായി വര്‍ദ്ധിക്കും. ശേഷി വര്‍ദ്ധന മൂലം വരുമാന വിഹിത ഇനത്തിലും ജിഎസ്ടി ഇനത്തിലും ഏകദേശം 48000 കോടി രൂപ സര്‍ക്കാരിന് അധികമായി ലഭിക്കും.
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ 8867 കോടി രൂപയില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിജിഎഫ് വിഹിതം, സംസ്ഥാനം പണം ചെലവഴിക്കുന്ന പുലിമുട്ട് നിര്‍മ്മാണം, ഭൂമി ഏറ്റെടുക്കല്‍, റെയില്‍ കണക്ടിവിറ്റി, ജീവനോപാധി നഷ്ടപരിഹാരം തുടങ്ങിയ ഘടകങ്ങള്‍ക്കായാണ് 5,595 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ട 5,595 കോടി രൂപയില്‍ ഇതുവരെ 2,159.39 കോടി രൂപ ചെലവഴിച്ചു. അദാനിയുടെ വിഹിതം 2454 കോടിയും കേന്ദ്രസര്‍ക്കാരിന്റേത് 817.80 കോടിയുമാണ്. കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
by Midhun HP News | Nov 28, 2024 | Latest News, കേരളം
കൊല്ലം: കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം.
മേല്‍പ്പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ, അടിഭാഗത്ത് സ്ഥാപിച്ചിരുന്ന കമ്പികള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് നാലു തൊഴിലാളികള്‍ പാലത്തിലുണ്ടായിരുന്നു. അവര്‍ പാലത്തില്‍ നിന്നും ചാടിയതിനാലാണ് രക്ഷപ്പെട്ടത്. നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു. കൊല്ലം ബൈപ്പാസുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തില്‍ ഗുരുതരമായ ഉദാസീനതയാണ് ഉണ്ടായത്. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എന്‍എച്ച് അധികൃതര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
by Midhun HP News | Nov 28, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കൂടാതെ ഐടിഐ പ്രവൃത്തി ദിവസമായ ശനിയാഴ്കള്‍ അവധിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമൂലം പരിശീലന സമയം നഷ്ടമാകുന്നവര്‍ക്ക് നൈപുണ്യത്തിനായി ഷിഫ്റ്റ് പുനഃക്രമീകരിക്കും. ചാല ഗവണ്‍മെന്റ് ഐടിഐയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആദ്യഷിഫ്റ്റ് രാവിലെ ഏഴര മുതല്‍ വൈകീട്ട് മൂന്ന് മണിവരെയായിരിക്കും. രണ്ടാം ഷിഫ്റ്റ് രാവിലെ പത്തുമണി മുതല്‍ വൈകീട്ട 5.30വരെയുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് വര്‍ക്ക് ഷോപ്പ് പ്രയോജനപ്പെടുത്താനുള്ള അവസരം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Nov 28, 2024 | Latest News, ജില്ലാ വാർത്ത
എസ് എൻ പി യോഗം ആറ്റിങ്ങൽ യൂണിയൻ 1098- ാം നമ്പർ മേലറ്റിങ്ങൾ ശാഖ ഗുരു മന്ദിരത്തിൻ്റെ 13- മത് പ്രതിഷ്ഠാ വാർഷികം യൂണിയൻ സെക്രട്ടറി ഇൻ ചാർജ് ദഞ്ചുദാസ് ചെറുവള്ളിമുക്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് എൻ മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ശാഖ സെക്രട്ടറി എൻ.സി അനിൽ കുമാർ സ്വാഗതം ആശംസിച്ചു. പ്രൊഫ ദേവകുമാർ, മുഖ്യപ്രഭാഷണം നടത്തി. ശാഖയിലെ മുതിർന്ന ശാഖാംഗങ്ങളായ അംബുജാക്ഷൻ, വസുന്ധരൻ, സുശീല രാജൻ, തങ്കപ്പൻ എന്നിവരെ ശാഖ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിയൻ യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി അയ്യപ്പദാസ് ചന്ദ്രൻ, യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് സുശീല രാജൻ, ശാഖ വൈസ് പ്രസിഡൻ്റ് വസുന്ധരൻ, സതീഷ് ചന്ദ്രൻ, എന്നിവർ സംസാരിച്ചു. ശാഖ വനിതാ സംഘം സെക്രട്ടറി സുനിത ശ്രീകുമാർ കൃതജ്ഞത രേഖപ്പെടുത്തി.
by Midhun HP News | Nov 28, 2024 | Latest News, ജില്ലാ വാർത്ത
ജില്ലാ കലോത്‌സവത്തിൽ കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്‌ഥാനം നേടി ജി ജി എച്ച് എസ് ആറ്റിങ്ങലിലെ വിദ്യാർത്ഥിനി കൃഷ്ണവേണി. രണ്ടാം തവണയാണ് ഫസ്റ്റ് നേടുന്നത്. ആറ്റിങ്ങൽ കുന്നുവാരം വാരണക്കോട്ട് മഠത്തിൽ ബിനുവിന്റെയും രഞ്ജിനി ശർമ്മയുടെയും മകൾ ആണ് കൃഷ്ണവേണി.
by Midhun HP News | Nov 28, 2024 | Latest News, കേരളം
ആറ്റിങ്ങൽ നഗരത്തിലൂടെ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം അവസാനിപ്പിക്കാൻ അടിയന്തരമായി നടപടികൾ കൈക്കൊള്ളണമെന്ന് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ സമയങ്ങളിൽ പോലും യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് സ്വകാര്യ ബസുകൾ നിരത്തുകളിലൂടെ ഓടുന്നത്. സമയത്തു മറ്റ് ബസ്സുകൾക്ക് മുന്നേ ഓടിയെത്തുന്നതിന് വേണ്ടി യാതൊരുവിധ ട്രാഫിക് നിയമങ്ങളും പാലിക്കാതെയാണ് നിരത്തുകളിലൂടെ സ്വകാര്യ ബസ്സുകൾ ഓടിക്കുന്നത്.
ഇതുപോലെയുള്ള മത്സര ഓട്ടത്തിനിടയിലാണ് ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ബസ് തട്ടി ഗുരുതരമായ പരിക്കേറ്റത്. ഈ വിദ്യാർത്ഥികളെ വാഹനം നിർത്തി ആശുപത്രിയിൽ എത്തിക്കാനുള്ള സാമാന്യ മര്യാദ പോലും ജീവനക്കാർ കാണിച്ചില്ല എന്ന പരാതിയും ഉണ്ട്. ഇത്തരത്തിൽ നിരത്തുകളിൽ വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായി മത്സര ഓട്ടം നടത്തുന്ന വാഹനങ്ങളെ പിടിച്ചെടുക്കുവാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും, മത്സര ഓട്ടം അവസാനിപ്പിക്കണമെന്നും ആവശ്യപെട്ടു കൊണ്ട് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം 4 മണിക്ക് വിദ്യാർഥികൾ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു.
മുഴുവൻ വിദ്യാർത്ഥികളും സമരത്തിൽ അണിനിരക്കണമെന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറി വിജയ് വിമലും പ്രസിഡന്റ് അർജുനും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
Recent Comments