by Midhun HP News | Apr 27, 2026 | Latest News, കേരളം
തൃശൂര്‍: കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടന്‍(57) അന്തരിച്ചു. പുലര്‍ച്ചെ സ്വവസിതിയില്‍ വച്ചായിരുന്നു അന്ത്യം. പത്ത് വര്‍ഷം മുമ്പായിരുന്നു മാത്യു ആച്ചാടന്‍ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്.
നിരന്തരമായ ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സ തേടിയ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കല്‍ മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. നിര്‍ധനരായ ഈ കുടുംബം അവയവദാന പദ്ധതിയായ പുനര്‍ജനിയില്‍ പേര്‍ റജിസ്ട്രര്‍ ചെയ്തു. ഈ സമയത്താണ് തിരുവനന്തപുരം പാറശ്ശാല അഗ്രഹാരത്തിലെ അഡ്വ. എസ് നീലകണ്ഠശര്‍മ്മ കുളിമുറിയില്‍ വീണ് മസ്തിഷ്‌ക്കമരണം സംഭവിച്ചത്. അവയവദാനത്തിനായി പേര്‍ രജിസ്ട്രര്‍ ചെയ്തിരുന്ന മാത്യുവിന് നറുക്ക് വീണു.
മണിക്കൂറുകള്‍ക്കുള്ളില്‍ ഹൃദയം എറണാകുളം ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വന്‍ വിജയമായതും മാത്യു ജീവിതത്തിലേക്ക് തിരികെ വന്നതും എയര്‍ ആംബുലന്‍സ് ഉപയോഗിച്ചതുമൊക്കെ അന്ന് വലിയ വാര്‍ത്തയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം പത്ത് വര്‍ഷക്കാലം മാത്യു പഴയപോലെ തന്നെ ജീവിച്ചു. വിശ്രമകാലത്തിന് ശേഷം ഉപജീനമാര്‍ഗമായ ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തി. ഒഴിവ് സമയങ്ങളില്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍ക്ക് ആത്മധൈര്യം നല്കുന്നതിനായി സമയം ചിലവിച്ചിരുന്നു. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ബിന്ദു. മക്കള്‍: അമല്‍(കാനഡ), അന്ന(ജര്‍മനി).

by Midhun HP News | Apr 27, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കനത്ത ചൂടിനെത്തുടര്‍ന്ന് ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരിലാണ് നിയന്ത്രണം. നിയന്ത്രണം ഇല്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് വൈദ്യുതി ബോര്‍ഡ്.
15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാകും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. വൈദ്യുതമുടക്കം എസ്എംഎസ് ആയി ഉപഭോക്താക്കളെ അറിയിക്കും. അതാത് പ്രദേശത്തിന്റെ സാഹചര്യവും, വൈദ്യുത ഉപയോഗ തോതും പരിഗണിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.
പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു. വൈകീട്ട് ആറിനും രാത്രി 11 നും ഇടയില്‍ വൈദ്യുതി ഉപഭോഗം വളരെ ഉയര്‍ന്നിരിക്കുകയാണ്. ലോഡ് താങ്ങാന്‍ കഴിയാത്തത്ര തരത്തില്‍ ഉയരുമ്പോള്‍ സിസ്റ്റം തന്നെ തകരാറിലാകാന്‍ ഇടയാക്കുമെന്ന് കെഎസ്ഇബി പറയുന്നു.
നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ വൈകീട്ട് 6-നും രാത്രി 11-നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും ആറുമണിക്കുശേഷം ഒഴിവാക്കണം. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും, അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

by Midhun HP News | Apr 27, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഇടയ്ക്കോട് അനീഷ്കോട്ടേജിൽ കെ തുളസീധരൻ നായർ (72) അന്തരിച്ചു.
ഭാര്യ: എസ് അംബികാ കുമാരി.
മക്കൾ: റ്റി അനീഷ് (സി.പി.ഐ.എം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗം, ബാലസംഘം ആറ്റിങ്ങൽ ഏര്യ കൺവീനർ), റ്റി അജീഷ്, റ്റി അഖിലേഷ്.
മരുമക്കൾ: അശ്വതി എസ് നായർ, വിജി ആർ, അഭിരാമി എസ്.എസ്.
സഞ്ചയനം വെള്ളിയാഴ്‌ച രാവിലെ 8 മണിക്ക്
by Midhun HP News | Apr 27, 2026 | Latest News, കേരളം
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. സംഭവം ഇരട്ട കൊലപാതകമാണെന്ന് സംശയമുണ്ട്.
പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇരുവരെയും കൊന്നു കുഴിച്ചു മൂടിയതാണോയെന്നാണ് സംശയിക്കുന്നത്. പാന്റിട്ട നിലയില്‍ കാലിന്റെ ഒരു ഭാഗമാണ് കണ്ടെടുത്തിട്ടുള്ളത്. എന്നാല്‍ ശാസ്ത്രീയപരിശോധന നടത്തിയശേഷമെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാകൂ എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത് മേരിക്കുട്ടിയെയും മകനെയും കാണാതായതില്‍ മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് വീട്ടുവളപ്പില്‍ പൊലീസ് പരിശോധന നടത്തിയത്.

by Midhun HP News | Apr 27, 2026 | Latest News, കേരളം
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രാകേഷ് ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു.
വെടിക്കെട്ടു പുര സ്‌ഫോടനത്തില്‍ രാകേഷിന് 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ രാകേഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചിരുന്നു. എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് ഇന്നലെ മരിച്ചത്. വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞദിവസം മരിച്ചു.
ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.20ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ കാണാതായ നാലു പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് സൂചന. അപകട സ്ഥലത്തുനിന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിൽ നാലു പേരേയും തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.

by Midhun HP News | Apr 27, 2026 | Latest News, ജില്ലാ വാർത്ത
ആലപ്പുഴ: ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റിമാൻഡ് പ്രതിയായ ശരത് പ്രസാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ടാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.
ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസിൽ പ്രതിയാണ് ശരത്. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് ശരത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Recent Comments