വഞ്ചിയൂർ ഉദയകുമാറിന്റെ കവിതാ സമാഹാരം ‘ബെസ്റ്റി’ പ്രകാശനം ചെയ്യുന്നു

വഞ്ചിയൂർ ഉദയകുമാറിന്റെ കവിതാ സമാഹാരം ‘ബെസ്റ്റി’ പ്രകാശനം ചെയ്യുന്നു

ആറ്റിങ്ങൽ മലയാളശാല സാഹിത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വഞ്ചിയൂർ ഉദയകുമാറിന്റെ രണ്ടാമത്തെ കവിതാ സമാഹാരം ‘ബെസ്റ്റി’ ജൂൺ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത കവിയും അധ്യാപകനുമായ എൻ എസ് സുമേഷ് കൃഷ്ണൻ പ്രകാശനം ചെയ്യുന്നു. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ആഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്യും. ഡോക്ടർ പൗർണമി എസ് ഉദയ്, ഗണേഷ് ആനന്ദ്, വർക്കല ഗോപാലകൃഷ്ണൻ തുടങ്ങി മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ഒരുലക്ഷം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഫോക്സ്‌വാഗണ്‍; ചൈനയില്‍ നിന്ന് കടുത്ത മത്സരം

ഒരുലക്ഷം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഫോക്സ്‌വാഗണ്‍; ചൈനയില്‍ നിന്ന് കടുത്ത മത്സരം

ബെര്‍ലിന്‍: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്‌വാ​ഗണ്‍ ആഗോളതലത്തില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഒരു ലക്ഷം വരെ തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഒലിവര്‍ ബ്ലൂം അവതരിപ്പിച്ച പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. കമ്പനിയുടെ നിലവിലെ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുന്നതിന് പുറമെ ജര്‍മനിയിലെ നാല് നിര്‍മാണ പ്ലാന്റുകളിലെ ഉല്‍പാദനം നിര്‍ത്തലാക്കുന്നതും പരിഗണനയിലുണ്ട്.

വാഹന വ്യവസായത്തിലെ മാറുന്ന ട്രെന്‍ഡ്, ചൈനീസ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരം, യുഎസ് ഇറക്കുമതി തീരുവ, യൂറോപ്യന്‍ വിപണിയിലെ ഡിമാന്‍ഡിലുണ്ടായ കുറവ് എന്നിവയാണ് കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാന ഘടകങ്ങള്‍. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതികളിലും 15 ശതമാനം കുറവ് വരുത്താന്‍ കമ്പനി ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഏകദേശം 13,000 കോടി യൂറോയിലേക്ക് നിക്ഷേപ ചെലവ് ചുരുക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് വിവരം.

അതേസമയം വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് കമ്പനി തയ്യാറായിട്ടില്ല. വിഷയം ഇപ്പോഴും ചര്‍ച്ചയിലാണെന്നും വിവിധ സമിതികളുടെ അംഗീകാരം ലഭിച്ചതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും കമ്പനി വ്യക്തമാക്കി. തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ നടപ്പിലായാല്‍ വാഹന വ്യവസായ രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നാകും ഇതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിര്‍പ്പും വിഷയത്തില്‍ ഉയരാന്‍ സാധ്യതയുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പിന്റെ ആഗോള ജീവനക്കാരുടെ എണ്ണം 667,164 ആയിരുന്നു. അതില്‍ 43 ശതമാനവും ജര്‍മ്മനിയിലാണ് ജോലി ചെയ്യുന്നത്. 2024-ല്‍ ജര്‍മ്മനിയിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമം തൊഴിലാളി യൂണിയനുകളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. അതിനുശേഷം ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നിരവധി സൈറ്റുകള്‍ അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്യാന്‍ മാനേജ്മെന്റ് നീക്കം നടത്തിയിരുന്നു.

‘ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു, രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന’; ഉള്ളുലഞ്ഞ് സുഹാസിനി

‘ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു, രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന’; ഉള്ളുലഞ്ഞ് സുഹാസിനി

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. രണ്ട് ദിവസം മുമ്പ് വരെ സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ച് നടന്നിരുന്ന ഭാഗ്യരാജ് ഇന്നില്ല എന്ന് അറിയുമ്പോള്‍ തമിഴ് സിനിമാ ലോകത്തിന് കനമുള്ളൊരു ശൂന്യത പടരുകയാണ്. തങ്ങളുടെ പ്രിയ സുഹൃത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി തമിഴ് സിനിമാലോകമാകെ അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തുകയാണ്.

ഭാഗ്യരാജിന്റെ വിയോഗത്തില്‍ നടുക്കവും അനുശോചനവും രേഖപ്പെടുത്തുകയാണ് നടി സുഹാസിനി. രണ്ട് ദിവസം മുമ്പ് ഗോവയില്‍ വച്ച് നടന്ന നടി ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് ഭാഗ്യരാജിനെ കണ്ടതിനെക്കുറിച്ചും സുഹാസിനി സംസാരിച്ചു. ഭാര്യ പൂര്‍ണിമയും ഒപ്പമുണ്ടായിരുന്നു. ചിരിച്ചു കൊണ്ടിരുന്നവര്‍ ചിരിയോടെ മടങ്ങിയെന്നാണ് സുഹാസിനി പറയുന്നത്.

‘ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് ഭാഗ്യരാജ് സര്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതീവ സന്തോഷവാനായിരുന്നു അദ്ദേഹം. ഗോവയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഞങ്ങള്‍ തിരിച്ചു വന്നത്. അവര്‍ വ്യാഴാഴ്ച രാത്രിയേ തിരിച്ചു പോന്നിരുന്നു. വലിയ സന്തോഷത്തിലായിരുന്നു അദ്ദേഹം” സുഹാസിനി പറുന്നു.

”ഇന്നു രാവിലെ നടക്കാന്‍ പോയതാണ്. തിരികെ വരുന്നതിന് ഇടയില്‍ പൊടുന്നനെ നെഞ്ചുവേദന ഉണ്ടായി. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചിരിച്ചുകൊണ്ടേയിരുന്നവര്‍ ചിരിയോടെ മടങ്ങി” എന്നും സുഹാസിനി പറയുന്നു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഭാഗ്യരാജ്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു. നടി പൂര്‍ണിമ ജയറാം ആണ് ഭാര്യ. നടന്‍ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കള്‍.

ഓണത്തിരക്കില്‍ മലയാളിക്ക് ആശ്വാസം, കൂടുന്നത് 598 സീറ്റുകള്‍; എറണാകുളം- ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍

ഓണത്തിരക്കില്‍ മലയാളിക്ക് ആശ്വാസം, കൂടുന്നത് 598 സീറ്റുകള്‍; എറണാകുളം- ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍

തിരുവനന്തപുരം: എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍ തന്നെ ഓടിത്തുടങ്ങും.

16 കോച്ചുള്ള ട്രെയിന്‍ ബംഗളൂരു ഡിവിഷന് ലഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം 530ല്‍ നിന്ന് 1128 ആവും. 598 സീറ്റുകള്‍ അധികം ലഭിക്കുന്നത് ജോലിക്കും പഠിക്കാനുമായി കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനകരമാകും.

ബംഗളൂരു- എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിന്‍ 2.20ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവില്‍ എത്തിച്ചേരും. ബുധനാഴ്ച സര്‍വീസില്ല.

‘ഏഴരപ്പൊന്നാന’യിലെ സ്വര്‍ണം പരിശോധിക്കണം; ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി

‘ഏഴരപ്പൊന്നാന’യിലെ സ്വര്‍ണം പരിശോധിക്കണം; ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി

കൊച്ചി: കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’യിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരവും മാറ്റും പരിശോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന് ഹൈക്കോടതി നിര്‍ദേശം.

സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ജസ്റ്റിസ് രാജ വിജയരാഘവന്‍ വി, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്ക് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഏഴരപ്പൊന്നാനയുടെ സ്വര്‍ണപ്പാളികള്‍ അടുത്തിടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും വിധേയമാക്കിയിരുന്നു എന്ന് കാണിച്ച് എ ജി പ്രസാദ് കുമാര്‍ എന്ന ഭക്തന്‍ ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോടതി ഇടപെടല്‍. അറ്റകുറ്റപ്പണികള്‍ക്കിടയിലും നവീകരണത്തിനിടയിലും യഥാര്‍ത്ഥ സ്വര്‍ണപ്പാളികള്‍ മാറ്റി പകരം ചെമ്പോ മറ്റ് വിലകുറഞ്ഞ ലോഹങ്ങളോ ചേര്‍ത്തുവെന്നാണ് ഇദ്ദേഹം ആരോപിച്ചത്. ഇതേത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും ദേവസ്വം ബോര്‍ഡിനോട് റിപ്പോര്‍ട്ട് തേടുകയുമായിരുന്നു.

ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിന് മാത്രം പുറത്തെടുക്കുന്ന, ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും ഉള്‍പ്പെടുന്ന എട്ട് സ്വര്‍ണ്ണ ആനവിഗ്രഹങ്ങളാണ് ഏഴരപ്പൊന്നാന.

കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറും നല്‍കിയ റിപ്പോര്‍ട്ടുകള്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നു. പ്രസക്തമായ എല്ലാ രജിസ്റ്ററുകളും പരിശോധിച്ച് ക്രോസ്-വെരിഫിക്കേഷന്‍ നടത്തിയതായും, ഏഴരപ്പൊന്നാനയില്‍ യാതൊരുവിധ അറ്റകുറ്റപ്പണികളും ക്രമക്കേടുകളും നടന്നതായോ ഉള്ള രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെയും കണ്ടെത്തലുകളെ അവിശ്വസിക്കേണ്ടതില്ലെങ്കിലും, ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന്റെ സ്വതന്ത്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും പരിശോധിച്ച്, ആരോപണങ്ങളിന്മേലുള്ള കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

അന്വേഷണ വേളയില്‍, സ്വര്‍ണത്തിന്റെ തൂക്കം, ഗുണനിലവാരം, മാറ്റ് എന്നിവ കൃത്യമായി പരിശോധിക്കുന്നതിനായി ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ഒരു സ്വര്‍ണപ്പണിക്കാരന്റെ സേവനവും തേടേണ്ടതാണ്, കോടതി വ്യക്തമാക്കി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 31-ലേക്ക് മാറ്റി.

യൂണിഫോം ഉപേക്ഷിച്ചു, ഫോണ്‍ വിറ്റു; ‘സര്‍വൈവല്‍ ത്രില്ലര്‍’ മോഡല്‍ ഒളിച്ചോട്ടം; വഴിത്തിരിവായത് ആ ഫോട്ടോ

യൂണിഫോം ഉപേക്ഷിച്ചു, ഫോണ്‍ വിറ്റു; ‘സര്‍വൈവല്‍ ത്രില്ലര്‍’ മോഡല്‍ ഒളിച്ചോട്ടം; വഴിത്തിരിവായത് ആ ഫോട്ടോ

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ വയനാട്ടിലെ മലഞ്ചെരുവില്‍ കണ്ടെത്തി. ‘സര്‍വൈവല്‍ ത്രില്ലര്‍’ സിനിമയെ വെല്ലുന്ന ആസൂത്രണങ്ങളോടെയാണ് പത്താം ക്ലാസുകാരിയും പ്ലസ് ടു, പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ട് സുഹൃത്തുക്കളും ഈ യാത്ര നടത്തിയത്. നാടിനെയും പൊലീസിനെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തിന്റെ പിന്നാമ്പുറ കഥ സിനിമാക്കഥയേക്കാള്‍ ഉദ്വേഗജനകമാണ്.

തുടക്കം ഇങ്ങനെ

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പത്താം ക്ലാസുകാരിയെ കാണാതാകുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നും പെണ്‍കുട്ടിയുടെ യൂണിഫോം കണ്ടെത്തി. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അവന്റെ സുഹൃത്തും രണ്ട് ഇരുചക്രവാഹനങ്ങളുമായി അപ്രത്യക്ഷമായ വിവരം ഇതിന് പിന്നാലെയാണ് പുറത്തറിയുന്നത്.
സിനിമയെ വെല്ലുന്ന ആസൂത്രണം

സിനിമയെ വെല്ലുന്ന ആസൂത്രണങ്ങളാണ് ഈ മൂവരും ചേര്‍ന്ന് നടത്തിയത്. ഈ ഒളിച്ചോട്ടത്തിന് പിന്നിലെ പ്രധാന വിവരങ്ങള്‍ ഇങ്ങനെയാണ്:

പണം കണ്ടെത്തല്‍: യാത്രയ്ക്കുള്ള പണത്തിനായി ഇവരില്‍ ഒരാളുടെ 18,000 രൂപ വിലവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ താമരശ്ശേരിയിലെ ഒരു കടയില്‍ 10,000 രൂപയ്ക്ക് വിറ്റു.

പോലീസിനെ വെട്ടിക്കല്‍: സൈബര്‍ സെല്ലിന്റെ അന്വേഷണം വഴിമുട്ടിക്കാനായി മറ്റ് രണ്ട് ഫോണുകളും ഇവര്‍ സ്വിച്ച് ഓഫ് ചെയ്തു.

താമസം: വനമേഖലയില്‍ തങ്ങുന്നതിനായി ടെന്റടിക്കാനുള്ള ടാര്‍പായ, അരി, ബ്രെഡ്, കത്തി, പാത്രങ്ങള്‍ എന്നിവ കരുതിയിരുന്നു.

നിര്‍ണായകമായത് ആ ഫോട്ടോ

സ്‌കൂളിന് സമീപം കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കണ്ട ഒരു റബ്ബര്‍ ടാപ്പിങ് തൊഴിലാളി എടുത്ത ഫോട്ടോയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ചിത്രം സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചതോടെ മൂവരും ഒന്നിച്ചാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ ലക്കിടി ചുരം വഴി വയനാട്ടിലേക്ക് കടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.

നാടകീയമായ കണ്ടെത്തല്‍

വയനാട് വടുവന്‍ചാല്‍ ചിത്രഗിരി ഭാഗത്തുള്ള അഞ്ചേക്കര്‍ വരുന്ന കുന്നിന്‍ മുകളില്‍ ടെന്റടിച്ച് താമസിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ നാട്ടുകാര്‍ ആദ്യം പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. പോലീസും നാട്ടുകാരും എത്തിയെന്നറിഞ്ഞതോടെ മറ്റ് രണ്ട് പേര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്നു. ഒടുവില്‍ പാടിവയലിന് സമീപം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

വിദ്യാര്‍ഥികളെ മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു. നാടിനെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.