പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; പുതിയ മാറ്റങ്ങൾ

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; പുതിയ മാറ്റങ്ങൾ

കൊച്ചി: പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. പുതിയ പാസ്‌പോര്‍ട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത് ആവശ്യമാണെന്ന് പുതിയ ചട്ടത്തില്‍ പറയുന്നു.

ജീവിത പങ്കാളിയുടെ പേര് നീക്കണമെങ്കില്‍ കോടതിയില്‍ നിന്നുള്ള വിവാഹ മോചന ഉത്തരവ് നല്‍കണം. ജീവിത പങ്കാളിയുടെ മരണത്തെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ടില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജീവിത പങ്കാളിയുടെ പേര് മാറ്റിച്ചേര്‍ക്കാന്‍ പുനര്‍വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റോ പുതിയ ജീവിതപങ്കാളിക്കൊപ്പമുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സമര്‍പ്പിക്കേണ്ടതാണ്.

വനിതാ അപേക്ഷകരുടെ പേരില്‍ നിന്ന് പിതാവിന്റെയോ കുടുംബത്തിന്റെയോ പേരുമാറ്റി പങ്കാളിയുടെ പേര് ചേര്‍ക്കണമെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ചേര്‍ത്ത പ്രസ്താവനയോ സമര്‍പ്പിക്കണം. മാറ്റങ്ങള്‍ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലും നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

300 പവന്‍ കവര്‍ന്ന സംഭവം; വളപട്ടണത്തെ വീട്ടില്‍ തൊട്ടടുത്ത ദിവസവും കള്ളന്‍ കയറി

300 പവന്‍ കവര്‍ന്ന സംഭവം; വളപട്ടണത്തെ വീട്ടില്‍ തൊട്ടടുത്ത ദിവസവും കള്ളന്‍ കയറി

കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍. കവര്‍ച്ച നടത്തി തൊട്ടടുത്ത ദിവസവും കള്ളന്‍ ഇതേവീട്ടില്‍ കയറിയതിന്റെസിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രണ്ടാം ദിവസവും വീട്ടില്‍ ആള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവരാണെന്നാണ് പൊലീസ് സംശയം.

കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളില്‍ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാള്‍ ആണെങ്കിലും ഇയാള്‍ക്ക് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വീടിന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരല്‍ അടയാളങ്ങളും കേസില്‍ നിര്‍ണായകമായേക്കും. വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകള്‍ മാത്രം കൊള്ളയടിച്ച സാഹചര്യത്തിലാണ് സംഭവം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്നത്. മൂന്നു മോഷ്ടാക്കള്‍ മതില്‍ ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടില്‍ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയര്‍ന്നത്. അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. മൂന്നംഗ സംഘം എത്തി കവര്‍ച്ച നടത്തിയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കേസില്‍ മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ധിക്കുന്ന മോഷണ ഭീതി അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. വളപട്ടണം മോഷണത്തെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.

കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും ഇനി ‘ആശ്രയ’ കേന്ദ്രങ്ങള്‍

കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും ഇനി ‘ആശ്രയ’ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും ‘ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു. അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ് ഈടാക്കും. കൃഷിയിടത്തില്‍ നേരിട്ടെത്തി നല്‍കുന്ന സേവനങ്ങള്‍ക്കും ഫീസുണ്ട്. കൃഷിക്കൂട്ടം, കൃഷിശ്രീ, അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മസേന, തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രങ്ങള്‍. ചെറുകിട, നാമമാത്ര കര്‍ഷകര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തുടങ്ങി വിജയസാധ്യത വിലയിരുത്തി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാര്‍ക്കെതിരെ നടപടി

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്‍ ശ്രീജിത്ത് നിര്‍ദേശം നൽകി. പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പൊലീസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് നടപടി. നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയിൽ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നാളെ റിപ്പോര്‍ട്ട് നൽകും.

‘അവന്‍ ഫ്രോഡ് തന്നെ; ഇനി ഒന്നിച്ച് ജീവിക്കാനില്ല; ട്വിസ്റ്റ് ഉണ്ടാവില്ല, അവള്‍ എല്ലാം മനസ്സിലാക്കി’

‘അവന്‍ ഫ്രോഡ് തന്നെ; ഇനി ഒന്നിച്ച് ജീവിക്കാനില്ല; ട്വിസ്റ്റ് ഉണ്ടാവില്ല, അവള്‍ എല്ലാം മനസ്സിലാക്കി’

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇനി ട്വിസ്റ്റില്ലെന്ന് യുവതിയുടെ അച്ഛന്‍. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മകളെ മര്‍ദ്ദിച്ചുവെന്നും യുവതിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ആംബലുന്‍സിലെ സ്ട്രെച്ചറില്‍ ബെല്‍റ്റിട്ട് അവളെ കിടത്തിയിരിക്കുകയല്ലേ, അങ്ങനെയൊരാളെ മര്‍ദ്ദിക്കുക എന്നത് ജീവിതത്തില്‍ സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യമല്ലേ. ഏറ്റവും ദു:ഖകരമായ സംഭവമാണത്. അവന്‍ ഒരുപാട് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്നേ മദ്യപിക്കുന്ന ആളല്ലേ. സ്ഥിരം മദ്യപാനിയാണ്. മദ്യപാനിയല്ലെങ്കിലും അവന്‍ ഫ്രോഡ് തന്നെയാണ്. ഒരു സൈക്കോ ടൈപ് തന്നെയാണ്. ഇനി അവനൊന്നിച്ചുജീവിക്കാന്‍ തയ്യാറല്ല എന്ന് മകള്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ആദ്യത്തെ പരാതി കൊടുത്തപ്പോള്‍ അവള്‍ക്ക് ചില മോഹനവാഗ്ദാനങ്ങളൊക്കെ നല്‍കി അവര്‍ കസ്റ്റഡിയിലാക്കുകയായിരുന്നു. അങ്ങനെ മകളെക്കൊണ്ട് മൊഴി മാറ്റിപ്പിക്കുകയായിരുന്നു. ഭയങ്കര പീഡനം മകള്‍ ഏറ്റിട്ടുണ്ട്. കൈകൊണ്ട് മര്‍ദിച്ചതിനേക്കാള്‍ വലിയ പീഡനം വാക്കുകള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇനി ഈ കേസില്‍ ഒരു ട്വിസ്റ്റ് ഉണ്ടാവില്ല. അവള്‍ എല്ലാം മനസ്സിലാക്കിയിട്ടുണ്ട്- പെണ്‍കുട്ടിയുടെ അച്ഛന്‍പറഞ്ഞു.

ഒപ്പം കുളിക്കാന്‍ വിസമ്മതിച്ചുവെന്നാരോപിച്ച് നവവധുവിനെ പീഡിപ്പിച്ച ഭര്‍ത്താവ് രാഹുലിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആദ്യം നല്‍കിയ പരാതി പെണ്‍കുട്ടി തന്നെ മുന്‍കൈയെടുത്ത് പിന്‍വലിപ്പിക്കുകയായിരുന്നു. രാഹുലിനൊപ്പം പോയ പെണ്‍കുട്ടിക്ക് വീണ്ടും ഗുരുതരമായി മര്‍ദ്ദനമേറ്റത് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ്. രാഹുല്‍ തന്നെയാണ് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടിയെ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചശേഷം മുങ്ങിയ രാഹുലിനെ പൊലീസ് പിന്നീട് പിടികൂടി.

മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന യുവതി രക്ഷിതാക്കള്‍ക്കൊപ്പമാണ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി, രണ്ടിടത്ത് റെഡ് അലര്‍ട്ട്

ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി, രണ്ടിടത്ത് റെഡ് അലര്‍ട്ട്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ തീവ്രമഴ മുന്നറിയിപ്പ്. കടലൂര്‍, മയിലാടുത്തുറൈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തിലേറെ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ 9 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്രന്യൂമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരം വഴി തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. മയിലാടുത്തുറൈ, തിരുവാരൂര്‍, നാഗപട്ടണം, ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, കടലൂര്‍ തുടങ്ങിയ ജില്ലകളിലാണ് കനത്തമഴയ്ക്ക് സാധ്യതയുള്ളത്. ചെന്നൈ, ചെങ്കല്‍പേട്ട്, കടലൂര്‍, മയിലാടുത്തുറൈ, നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

മറ്റു ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി.