പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മദ്യം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സര്‍ജനെതിരെ കേസ്, പ്രതി ഒളിവില്‍

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ മദ്യം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സര്‍ജനെതിരെ കേസ്, പ്രതി ഒളിവില്‍

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്കെതിരെ പീഡന പരാതി. മെഡിക്കല്‍ കോളജിലെ ജൂനിയര്‍ വനിതാ ഡോക്ടറാണ് സര്‍ജനായ സെര്‍ബിന്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്. പാരിപ്പള്ളി പൊലീസ് ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്നാണ് വിവരം.

ഒരു മാസം മുന്‍പ് കഴിഞ്ഞ മാസം 24-ാം തീയതി മെഡിക്കല്‍ കോളജിലെ മുറിയില്‍ വച്ചാണ് സംഭവം. മുറിയില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. 29-ാം തീയതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് വനിതാ ഡോക്ടര്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന് പിന്നാലെ സര്‍ജനെ മെഡിക്കല്‍ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പരാതി പാരിപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ സര്‍ജന്റെ വീട്ടില്‍ അടക്കം പൊലീസ് പരിശോധന നടത്തി. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

‘അക്രമാസക്തനായ ഒരാള്‍ ആയുധം ഉപയോഗിച്ച് ആക്രമിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് അപകട സാധ്യത’; മദ്യപിച്ച് വാഹനമോടിച്ചാല്‍ റിഫ്‌ലക്‌സ് ആക്ഷന്‍ തടസ്സപ്പെടും; മുന്നറിയിപ്പ്

‘അക്രമാസക്തനായ ഒരാള്‍ ആയുധം ഉപയോഗിച്ച് ആക്രമിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് അപകട സാധ്യത’; മദ്യപിച്ച് വാഹനമോടിച്ചാല്‍ റിഫ്‌ലക്‌സ് ആക്ഷന്‍ തടസ്സപ്പെടും; മുന്നറിയിപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗില്‍ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്‌കാന്‍ ചെയ്യുകയും അപകടസാധ്യതകളെ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു അപകട സാധ്യതയെ തിരിച്ചറിഞ്ഞ് നിമിഷാര്‍ദ്ധത്തിനകം വാഹനത്തിന്റെ ബ്രേക്ക് ,സ്റ്റിയറിംഗ് എന്നിവയുടെ സഹായത്തോടെ വാഹനം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇത് മനുഷ്യന്റെ റിഫ്‌ലക്‌സ് ആക്ഷന്‍ മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ മദ്യപാനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും റിഫ്‌ലക്‌സ് ആക്ഷന്‍ സാധ്യമല്ലാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അപകട സാധ്യതയെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. നാട്ടിക വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മദ്യപിച്ച് വാഹനമോടിച്ചാലുള്ള അപകട സാധ്യതകള്‍ മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ചത്.

‘മാത്രവുമല്ല റിസ്‌ക് എടുക്കാനുള്ള പ്രവണതയും അക്രമാസക്തമായ സ്വഭാവ സവിശേഷതകളും കാഴ്ചയ്ക്കും കേള്‍വിക്കും കുറവ് സംഭവിക്കുകയും ക്ഷീണവും ഉറക്കവും അധികരിക്കയും ചെയ്യും എന്നതും ഇതിന്റെ പരിണിതഫലങ്ങളാണ്. അക്രമാസക്തനായ ഒരാള്‍ തെരുവിലൂടെ ഒരു മാരക ആയുധവും കയ്യിലേന്തി മറ്റുള്ളവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന അപകട സാധ്യതയേക്കാള്‍ പതിന്മടങ്ങാണ് മദ്യപിച്ച് ഒരു വാഹനവുമായി റോഡില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്.’- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

കുറിപ്പ്:

ഡ്രൈവിംഗില്‍ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്‌കാന്‍ ചെയ്യുകയും അപകടസാധ്യതകളെ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമാണ്. ഒരു അപകട സാധ്യതയെ തിരിച്ചറിഞ്ഞ് നിമിഷാര്‍ദ്ധത്തിനകം വാഹനത്തിന്റെ ബ്രേക്ക് ,സ്റ്റിയറിംഗ് എന്നിവയുടെ സഹായത്തോടെ വാഹനം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇത് മനുഷ്യന്റെ റിഫ്‌ലക്‌സ് ആക്ഷന്‍ മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ മദ്യപാനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും റിഫ്‌ലക്‌സ് ആക്ഷന്‍ സാധ്യമല്ലാതെ വരികയും ചെയ്യുന്നു എന്നുള്ളതാണ് മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അപകട സാധ്യത. മാത്രവുമല്ല റിസ്‌ക് എടുക്കാനുള്ള പ്രവണതയും അക്രമാസക്തമായ സ്വഭാവ സവിശേഷതകളും കാഴ്ചയ്ക്കും കേള്‍വിക്കും കുറവ് സംഭവിക്കുകയും ക്ഷീണവും ഉറക്കവും അധികരിക്കയും ചെയ്യും എന്നതും ഇതിന്റെ പരിണിതഫലങ്ങളാണ്.

അക്രമാസക്തനായ ഒരാള്‍ തെരുവിലൂടെ ഒരു മാരക ആയുധവും കയ്യിലേന്തി മറ്റുള്ളവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന അപകട സാധ്യതയേക്കാള്‍ പതിന്മടങ്ങാണ് മദ്യപിച്ച് ഒരു വാഹനവുമായി റോഡില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്. അതുകൊണ്ടുതന്നെയാണ് തടവ്,പിഴ എന്നിവ കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കുന്നതടക്കം കര്‍ശനമായ ശിക്ഷാവിധികള്‍ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും.

നിരപരാധികളായ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നതുകൊണ്ടുതന്നെ ഓരോ പൗരന്റെയും കടമയാണ് ഇത്തരത്തിലുള്ള തെറ്റായ പ്രവര്‍ത്തികള്‍ റോഡില്‍ അനുവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത്.

സ്വര്‍ണവില 57,000ല്‍ താഴെ തന്നെ

സ്വര്‍ണവില 57,000ല്‍ താഴെ തന്നെ

ഇന്നലെ ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,840 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 1800 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്നാണ് ഇന്നത്തെ മുന്നേറ്റം. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്.

14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവിലയാണ് കഴിഞ്ഞ രണ്ടുദിവസം കൊണ്ട് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടവെ കിണറ്റില്‍ വീണു; നാലുവയസ്സുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടവെ കിണറ്റില്‍ വീണു; നാലുവയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന്‍ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറില്‍ വീണാണ് അപകടം ഉണ്ടായത്.

ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിണറ്റിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്നു രാവിലെ പതിനൊന്നേകാലോടെയാണ് അപകടം നടന്നത്.

കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് കുടുംബം

കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് കുടുംബം

കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് കുടുംബം. ആത്മഹത്യയാണെന്ന പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് കുടുംബം പറയുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. നവീന്‍ബാബുവിന്റെ മരണത്തില്‍ യഥാര്‍ത്ഥത്തിലുള്ള സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. അതിന് കേരള പൊലീസിന് പുറത്തുള്ള ഏജന്‍സി എന്ന നിലയില്‍ സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

നവീന്‍ബാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് ആദ്യം തന്നെ നിഗമനമായി അവതരിപ്പിച്ചത്. ഇത് കുടുംബം പൂര്‍ണമായി വിശ്വസിക്കുന്നില്ല. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ അടക്കം നിരവധി പേര്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരള പൊലീസ് അന്വേഷണം നീതിപൂര്‍വകമാകില്ല. മൊഴി രേഖപ്പെടുത്താൻ കാലതാമസമുണ്ടായി. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊലീസിന്റെ ഭാഗത്തു നിന്നും അലംഭാവമുണ്ടായിട്ടുണ്ട്. അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണം.

മരണത്തിന് തൊട്ടു പിന്നാലെ നവീന്‍ബാബു കൈക്കൂലി വാങ്ങിയതായി വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. നവീന്‍ബാബുവിന്റെ മരണത്തിന് പിന്നാലെ പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളില്‍ അടക്കം കുടുംബത്തിന് ആക്ഷേപമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് തിടുക്കപ്പെട്ട് നടത്തിയത് സംശയം വര്‍ധിപ്പിക്കുന്നു. താനോ കുടുംബാംഗങ്ങളോ എത്തുന്നതിന് മുമ്പു തന്നെ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

നവീന്‍ബാബുവിന്റെ ബന്ധുവിനെ സാക്ഷിയാക്കി വേണമായിരുന്നു ഇന്‍ക്വസ്റ്റ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ ശരിയായ വിധത്തിലായിരുന്നില്ല നടന്നത്. ഇക്കാര്യത്തില്‍ ആരുടെയൊക്കെയോ ഏതൊക്കെയോ തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളതായാണ് സംശയിക്കുന്നത്. യാത്രയയപ്പ് യോഗത്തിന് ശേഷം പ്രതിയായ വ്യക്തി ആരെയെല്ലാം കണ്ടു എന്ന് പരിശോധിക്കേണ്ടതുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. യാത്രയയപ്പിന് ശേഷം നവീൻബാബുവിനെ കണ്ടത് ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കേസിലെ പ്രതിപ്പട്ടികയിലുള്ള ആള്‍ വളരെയധികം രാഷ്ട്രീയ സ്വാധീനമുള്ളയാളാണ്. ആ രാഷ്ട്രീയ ശക്തി അടക്കം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചേക്കും. അതിനാല്‍ കേരള പൊലീസ് അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. നവീന്‍ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന് ഒരുപാട് സംശയമുണ്ട്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ ഇടയുണ്ട്. തെളിവുകള്‍ കൈമോശം വന്നുപോകാതെ ഭാവിയിലേക്ക് അടക്കം സൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ വളരെ കൃത്യമായും സുകാര്യമായും ആഴത്തിലുമുള്ള അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ വിപണിയില്‍

ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ വിപണിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ അവതരിപ്പിക്കും. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായ ആക്ടിവയുടെ ഇലക്ട്രിക് പതിപ്പാണ് വിപണിയില്‍ എത്തുന്നത്. വളര്‍ന്നു കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനവിപണിയില്‍ നേട്ടം ഉണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ഹോണ്ട.

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും വാഹനവുമായി ബന്ധപ്പെട്ട് ഒന്നിലധികം ടീസറുകള്‍ കമ്പനി പുറത്തുവിട്ടിരുന്നു. ഹോണ്ട ലോഗോയ്ക്ക് താഴെ വരുന്ന ഹെഡ്‌ലൈറ്റിന്റെ ഏകദേശ രൂപമാണ് ആദ്യ ടീസറില്‍ ഇടംപിടിച്ചത്. രണ്ട് റൈഡര്‍മാര്‍ക്ക് വിശാലമായി ഇരുന്ന് പോകാന്‍ കഴിയുന്ന വിധം വീതിയേറിയതും നീളമുള്ളതുമായ സീറ്റിന്റെ ദൃശ്യമാണ് രണ്ടാമത്തെ ടീസര്‍.

എല്‍സിഡിയും പ്രീമിയം ടിഎഫ്ടി പതിപ്പും രണ്ട് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഓപ്ഷനുമായാണ് സ്‌കൂട്ടര്‍ വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. രണ്ട് റൈഡ് മോഡുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കുറഞ്ഞത് ഒറ്റ ചാര്‍ജില്‍ നൂറ് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ട് ബാറ്ററി ഓപ്ഷനുകള്‍ ലഭ്യമാണ്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയാണ് ഹൈലൈറ്റ് എന്നും ഹോണ്ട സ്ഥിരീകരിച്ചു.

ഫുട്ബോര്‍ഡിന് സമീപമാണ് ചാര്‍ജിംഗ് പോര്‍ട്ട്. പ്ലഗ്-ആന്‍ഡ്-പ്ലേ തരത്തിലുള്ള ചാര്‍ജറാണ് ഇതില്‍ വരിക. 2.5 മുതല്‍ 2.8kWh ബാറ്ററി പായ്‌ക്കോട് കൂടിയാണ് ആക്ടിവ ഇലക്ട്രിക് വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടിലോ പൊതു സ്ഥലത്തോ ചാര്‍ജിങ് സോക്കറ്റിലൂടെ ചാര്‍ജ് ചെയ്യാനും ബാറ്ററി സ്വാപ്പ് ചെയ്യാനും കഴിയുന്ന വിധമുള്ള സാങ്കേതികവിദ്യയെ ഇത് പിന്തുണയ്ക്കും. ഈ ഡ്യുവല്‍ ചാര്‍ജിങ് വിപണിയില്‍ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.