by Midhun HP News | Nov 26, 2024 | Latest News, കേരളം
ഡൽഹി: ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്ന ഹർജി സുപ്രീംകോടതി വീണ്ടും തള്ളി. തോൽക്കുമ്പോൾ മാത്രം ചിലർ ഇവിഎമ്മുകളെ പഴിചാരുകയാണെന്ന് കോടതി പരിഹസിച്ചു. ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണ്, ഇവിഎമ്മിൽ കൃത്രിമത്വം നടക്കുന്നതിനാൽ അമേരിക്ക പോലുള്ള രാജ്യങ്ങളെ പോലെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഹർജി തള്ളിയ സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഇവിഎമ്മുകളിൽ കൃത്രിമമില്ല, തോൽക്കുമ്പോൾ മാത്രം തട്ടിപ്പെന്ന് പറയുന്നുവെന്ന് പരിഹസിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ പേപ്പർ ബാലറ്റ് ആവശ്യം കോൺഗ്രസ് വീണ്ടും ഉയർത്തുമ്പോഴാണ് സുപ്രീംകോടതി ഈ ആവശ്യം തള്ളികളഞ്ഞത് എന്നതാണ് ശ്രദ്ധേയം.

by Midhun HP News | Nov 26, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ നവീകരണത്തിന് 1.34 ,20,000 രൂപ അനുവദിച്ചതായി ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ശാസ്താം നട- മുട്ടയ്കാട് റോഡിന് 68.20 ലക്ഷം രൂപയും, വക്കം ഗ്രാമ പഞ്ചായത്തിലെ ഏറൽ ജംഗ്ഷൻ – മാടൻ നട- മീരാൻ കടവ് റോഡിന് 66 ലക്ഷം രൂപയും അനുവദിച്ചു.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. തുടർ നടപടികൾ സമയ ബന്ധിതമായി സ്വീകരിച്ച് ടാറിംഗ് ആരംഭിക്കും എന്ന് എം.എൽ.എ അറിയിച്ചു.
by Midhun HP News | Nov 26, 2024 | Latest News, കേരളം
പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് പോലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ സന്നിധാനം സ്പെഷ്യൽ ഓഫീസറോട് എ ഡി ജിപി റിപ്പോർട്ട് തേടി. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പോലീസ് ബാച്ചിൽ ഉൾപ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പോലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിനെ തുടർന്നാണ് എ ഡി ജി പി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയുടെ താഴെ മുതൽ വരി വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കപ്പെട്ടതോടെ ചില മാധ്യമങ്ങളും അത് ഏറ്റുപിടിച്ചു. ഇതിന് പിന്നാലെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും അടക്കമുള്ള ഹൈന്ദവ സംഘടനകൾ പോലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് സംഭവം സംബന്ധിച്ച് റിപ്പോർട്ട് എ ഡി ജി പി ആവശ്യപ്പെട്ടത്.

by Midhun HP News | Nov 26, 2024 | Latest News, കേരളം
ഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പാന്‍ കാര്‍ഡും ‘സ്മാര്‍ട്ടാക്കാന്‍’ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സാങ്കേതികവിദ്യ പരിഷ്‌കരിച്ച് പുതുക്കി അവതരിപ്പിക്കുന്ന പുതിയ പാന്‍ കാര്‍ഡ് വൈകാതെ തന്നെ ആദായ നികുതിദായകര്‍ക്ക് ലഭിക്കും. ക്യൂആര്‍ കോഡ് ഫീച്ചറോടുകൂടിയാണ് പുതിയ പാന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നികുതിദായകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാന്‍ 2.0 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.
1435 കോടി രൂപ സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് ആദായനികുതി വകുപ്പിന് അനുമതി നല്‍കിയത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉടനീളം, ഒരു ഏകീകൃത പാന്‍ അധിഷ്ഠിത സംവിധാനം സ്ഥാപിക്കുന്നതാണ് പാന്‍ 2.0 പദ്ധതി.പാന്‍ 2.0 എന്നത് നിലവിലെ പാന്‍/ടാന്‍ 1.0 ഇക്കോ സിസ്റ്റത്തിന്റെ അപ്‌ഡേഷന്‍ ആയിരിക്കും. നികുതിദായകര്‍ക്ക് മെച്ചപ്പെട്ട ഡിജിറ്റല്‍ അനുഭവം ലഭിക്കുന്നതിനായി പാന്‍/ടാന്‍ സേവനങ്ങളുടെ സാങ്കേതികവിദ്യാ അധിഷ്ഠിത പരിഷ്‌കാരം ഇത് ഉറപ്പാക്കും. ഇതിനുപുറമെ വിവരങ്ങളുടെ (ഡേറ്റ) സ്ഥിരത ഉറപ്പാക്കല്‍, ചെലവ് ചുരക്കല്‍, കൂടുതല്‍ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവിലുള്ള പാന്‍/ടാന്‍ 1.0 പദ്ധതിയുടെ തുടര്‍ച്ചയാണ് പാന്‍ 2.0.
പുതിയ പാന്‍ കാര്‍ഡിനായി നിലവിലെ പാന്‍ നമ്പര്‍ മാറ്റേണ്ടി വരില്ലെന്ന് കേന്ദ്ര ഐടിമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ക്യൂആര്‍ കോഡ് ഫീച്ചറോടുകൂടിയ പുതിയ പാന്‍ കാര്‍ഡ് ആണ് ലഭിക്കുക. യാതൊരുവിധ ചെലവും ഈടാക്കാതെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്ത പാന്‍ ജനങ്ങളില്‍ എത്തിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

by Midhun HP News | Nov 26, 2024 | Latest News, കേരളം
ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതില്‍ അന്വേഷണത്തിന് ഹാജരാകാത്തതിനെത്തുടര്‍ന്ന് ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ആന്ധ്രാപൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ പോയ രാം ഗോപാല്‍ വര്‍മക്കായി ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെയും കുടുംബാംഗങ്ങളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് നവംബര്‍ 11ന് മദ്ദിപ്പാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് മുന്നില്‍ ഹാജരാകാന്‍ രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും രാം ഗോപാല്‍ വര്‍മ ഹാജരായില്ല. വീട്ടിലും ഹൈദരാബാദിലെ ഫിലിം നഗറിലും പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഒളിവില്‍ പോയ രാംഗോപാല്‍ വര്‍മ ഡിജിറ്റലായി ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത പ്രകാരം നിയമത്തില്‍ ഇത്തരം വ്യവസ്ഥകളുണ്ടെന്നും രാംഗോപാല്‍ വര്‍മയുടെ അഭിഭാഷകന്‍ പറഞ്ഞു.
സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ രാംഗോപാല്‍ വര്‍മ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം 25 ാം തിയതി വരെയാണ് പൊലീസ് സമയം നീട്ടി നല്‍കിയത്. പറഞ്ഞ സമയത്ത് ഹാജരാകാത്തതിനാല്‍ നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്ന് പൊലീസ് വ്യക്തമാക്കി. മഡിപ്പാട് സ്വദേശി രാമലിംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വര്‍മക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. വര്‍മയുടെ പോസ്റ്റുകള്‍ മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും സമൂഹത്തിലുള്ള നിലയെ തകര്‍ക്കുന്നുവെന്നും അവരുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് രാമലിംഗം കേസ് ഫയല്‍ ചെയ്തത്.

by Midhun HP News | Nov 26, 2024 | Latest News, കേരളം
തൃശൂര്‍: ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് വൈകീട്ട് തിരിതെളിയും. സംഗീതോത്സവമാരംഭിച്ചിട്ട് അമ്പതാമത്തെ വര്‍ഷമാണിത്. അതിന്റെ പ്രതീകമായി 50 ചെരാതുകളില്‍ ദീപം തെളിയിക്കും.
ചെമ്പൈ സംഗീത മണ്ഡപം ഇക്കുറി ക്ഷേത്ര ശില്‍പ്പമാതൃകയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ചെമ്പൈയുടെ ചിത്രവും പാലക്കാട് ചെമ്പൈ ഗ്രാമത്തില്‍ നിന്ന് കൊണ്ടുവന്ന തംബുരുവും വേദിയില്‍ വയ്ക്കും. വൈകീട്ട് ആറിന് മന്ത്രി ആര്‍ ബിന്ദു സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരക പുരസ്‌കാരം വയലിന്‍ വിദുഷി എ കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും.
ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ നിന്ന് തന്ത്രി ദീപം കൊളുത്തി സംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് പകരും. തുടര്‍ന്ന് സംഗീതാര്‍ച്ചനകള്‍ക്ക് തുടക്കമാകും. ദിവസവും രാവിലെ ആറിന് തുടങ്ങി രാത്രി 12 വരെ നീണ്ടുനില്‍ക്കും. സ്‌പെഷ്യല്‍ കച്ചേരികള്‍ രാത്രി ആറുമുതല്‍ ഒന്‍പത് വരെയുണ്ടാകും. ആകാശവാണി റിലേ കച്ചേരികള്‍ ഡിസംബര്‍ ഏഴിന് തുടങ്ങും. രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും രാത്രി 7.35 മുതല്‍ 8.30 വരെയുമാണ് റിലേ. ഡിസംബര്‍ പത്തിനാണ് പഞ്ചരത്‌നകീര്‍ത്തനാലാപനം. ഏകാദശിദിനമായ 11ന് രാത്രി മംഗളകീര്‍ത്തനാലാപനത്തോടെ സംഗീത്സോവം കൊടിയിറങ്ങും.
തംബുരു വിളംബര ഘോഷയാത്ര
ചെമ്പൈ സംഗീതോല്‍സവത്തിന് മുന്നോടിയായുള്ള തംബുരു വിളംബര ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ തുടങ്ങും. വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം ചെമ്പൈ സ്വാമികളുടെ പാലക്കാട് കോട്ടായിലെ ഭവനത്തില്‍ നടന്നു. ചെമ്പൈ സ്വാമികള്‍ ഉപയോഗിച്ചിരുന്ന തംബുരു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഏറ്റുവാങ്ങി. ചെമ്പൈയുടെ കുടുംബാംഗം ചെമ്പൈ സുരേഷില്‍ നിന്നാണ് തംബുരു ഏറ്റുവാങ്ങിയത്.
ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് തംബുരു വിളംബര ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഗുരുവായൂരിലേക്ക് തിരിക്കും. പാലക്കാട് കോട്ടായി ജംഗ്ഷനില്‍ ആണ് സംഗീത ആസ്വാദകരുടെ ആദ്യ സ്വീകരണം. തുടര്‍ന്ന് ചെമ്പൈ സംഗീത കോളേജില്‍ എത്തുന്ന വിളംബര ഘോഷയാത്രയെ പ്രൊഫസര്‍ മനോജിന്റെ നേതൃത്വത്തില്‍ അധ്യാപകരും സംഗീത വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് സംഗീതകച്ചേരി അരങ്ങേറും. ഉച്ചയ്ക്ക് 12 മണിയോടെ തംബുരു വിളംബര ഘോഷയാത്ര ചെമ്പൈ സ്വാമികള്‍ അവസാന കച്ചേരി നടത്തിയ ഒളപ്പമണ്ണ മന വക പൂഴിക്കുന്നം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങും.
Recent Comments