‘ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട’; സജി ചെറിയാന്‍ രാജിവെക്കേണ്ടെന്ന് സിപിഎം

‘ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട’; സജി ചെറിയാന്‍ രാജിവെക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ല. ധാര്‍മ്മികത മുന്‍നിര്‍ത്തി ഒരു തവണ രാജിവെച്ചതാണെന്നും സിപിഎം നേതൃത്വം വിലയിരുത്തി. കേസില്‍ നിയമപരമായി നേരിടാനാണ് സിപിഎം തീരുമാനം.

കേസും തുടരന്വേഷണവും സംബന്ധിച്ച് നിയമോപദേശം തേടും. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്. കേസില്‍ അന്വേഷണം നടക്കട്ടെ. അന്വേഷണം പൂര്‍ത്തിയായി അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ രാജി വെക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. മുമ്പ് ഈ വിഷയത്തില്‍ പൊതു സമ്മര്‍ദ്ദം കണക്കിലെടുത്ത് ഒരു തവണ രാജിവെച്ചതാണ്. ഈ വിഷയത്തില്‍ വീണ്ടും രാജിവെക്കേണ്ടതില്ലെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.

ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ തന്റെ വാദം കൂടി കേള്‍ക്കേണ്ടതാണെന്ന സജി ചെറിയാന്റെ വാദം ശരിയാണെന്ന് തോന്നുന്നുവെന്ന് മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. പുനരന്വേഷണം വേണ്ട, സിബിഐ അന്വേഷണവും വേണ്ട. ഈ രണ്ട് ആവശ്യവും കോടതി തള്ളി. തുടരന്വേഷണമാകാമെന്നാണ് കോടതി ഉത്തരവിട്ടത്. തുടരന്വേഷണമാകുമ്പോള്‍ മന്ത്രിയായി ആള്‍ ഇരുന്നുകൊണ്ടു തന്നെ അന്വേഷണം നടത്താമെന്നതാണല്ലോ വിധിയുടെ വ്യാഖ്യാനമെന്ന് മന്ത്രി രാജീവ് പറഞ്ഞു. സജി ചെറിയാന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അവരുടെ ഉത്തരവാദിത്തവും ജോലിയും അതാണല്ലോയെന്ന് മന്ത്രി രാജീവ് പറഞ്ഞു. നിയമപരമായ കാര്യമാണ് താന്‍ പറഞ്ഞത്. കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്, സംസ്ഥാനത്തെ പൊലീസ് സേനയില്‍ കോടതി വിശ്വാസം അര്‍പ്പിച്ചതിന് തെളിവാണ്. കേരളത്തിലെ പൊലീസ് സംവിധാനത്തിലുള്ള ജുഡീഷ്യറിയുടെ വിശ്വാസ്യതയാണ് അതില്‍ പ്രകടമാകുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ‘കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം’ എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗം. പ്രസം​ഗം വലിയ വിവാദമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; നാലുദിവസത്തിനിടെ കൂടിയത് 2320 രൂപ

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; നാലുദിവസത്തിനിടെ കൂടിയത് 2320 രൂപ

വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാനിരിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. നാല് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയാണ് വര്‍ധിച്ചത്. ഇന്ന് മാത്രം പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണുണ്ടായത്.

ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7882 രൂപയും നല്‍കേണ്ടി വരും. നവംബര്‍ 18 മുതല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുതിപ്പാണുണ്ടാകുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ശേഷം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. പിന്നീട് കഴിഞ്ഞയാഴ്ച ഒറ്റക്കുതിപ്പായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

വയനാട്: സംസ്ഥാനം വിശദ റിപ്പോര്‍ട്ട് നല്‍കിയത് 13ന്; ആവശ്യപ്പെട്ടത് 2,219 കോടി

വയനാട്: സംസ്ഥാനം വിശദ റിപ്പോര്‍ട്ട് നല്‍കിയത് 13ന്; ആവശ്യപ്പെട്ടത് 2,219 കോടി

കൊച്ചി: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഈ മാസം പതിമൂന്നിനെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2219 കോടി രൂപയാണ് പുനരധിവാസത്തിന് ധനസഹായമായി ആവശ്യപ്പെട്ടത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

153.46 കോടി രൂപ എന്‍ഡിആര്‍എഫ് ഫണ്ടായി സംസ്ഥാനത്തിന് നല്‍കിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ദുരന്തഭൂമിയില്‍ നിന്ന് ആളുകളെ എയര്‍ഡ്രോപ്പ് ചെയ്യുന്നതിനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും ദുരന്തമേഖലയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റുമായാണ് ഈ തുക ചെലവഴിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നവംബര്‍ 16നാണ് ഉന്നതാധികാരസമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 153.46 കോടി രൂപ സംസ്ഥാനത്തിനായി നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നവംബര്‍ അവസാനത്തോടെ ഉന്നതാധികാരസമിതിയുടെ തീരുമാനം അറിയിക്കുമെന്ന് കേസ് കഴിഞ്ഞ തവണ പരിഗണിക്കുന്നതിനിടെ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എസ് ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കന്നത്.

മുകേഷ് ഉൾപ്പെടെ 7 പേർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി

മുകേഷ് ഉൾപ്പെടെ 7 പേർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി

മുകേഷ് അടക്കം 7 പേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നു എന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസിൽ സർക്കാരും പോലീസിനെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിൻവലിക്കുന്നത്. വ്യാജ പരാതിയായിരുന്നിട്ടും പോക്സോ കേസിൽ തന്നെ സർക്കാരും പോലീസും വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് നടി ആരോപിച്ചു.

കേസ് പിൻവലിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് നടി അറിയിച്ചു. എഐജി പൂങ്കുഴലിയ്ക്ക് കത്ത് നൽകുമെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരാണ് എന്നെ രക്ഷിക്കേണ്ടിരുന്നത്. എന്നാൽ പോക്‌സോ കേസിൽ വ്യക്തത ഉണ്ടായിട്ടില്ല. സർക്കാർ അനങ്ങിയിട്ടില്ലെന്നും പോക്‌സോ പരാതിക്ക് പിന്നിൽ മുകേഷോ ജയസൂര്യയോ ഇവർ പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്ന് നടി ആരോപിച്ചു. നടിയുടെ പരാതിയിൽ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവരടക്കം ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതി നടി പിൻവലിക്കുന്നത്. ചില കേസുകളിൽ കുറ്റപത്രത്തിലേക്കെത്തുന്ന സാഹചര്യത്തിലാണ് നടി പരാതി പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ശബരിമല സന്നിധാനത്ത് പാമ്പ്, കണ്ടെത്തിയത് പതിനെട്ടാം പടിക്ക് സമീപം

ശബരിമല സന്നിധാനത്ത് പാമ്പ്, കണ്ടെത്തിയത് പതിനെട്ടാം പടിക്ക് സമീപം

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ.പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിനു സമീപത്തെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ദർശനത്തിനെത്തിയ ഭക്തരടക്കം പരിഭ്രാന്തിയിലായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം.

സന്നിധാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്. സംഭവം അറിഞ്ഞ് ഉടൻ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പിടികൂടാൻ ഉള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയിൽ നിന്നും പടിക്കട്ടിലേക്ക് ചാടി. തുടർന്ന് ഇവിടെ നിന്നും പാമ്പിനെ പിടികൂടി. അതേസമയം , വിഷമില്ലാത്ത ഇനത്തിൽ പെട്ട പാമ്പിനെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ശബരിമലയിൽ തിരക്ക് കൂടുന്നു, ഏറ്റവും കൂടുതൽ ഭക്തർ എത്തിയത് ഇന്നലെ

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് ദേവസ്വം ബോർഡ്. ഇന്നലെ മാത്രം ദർശനം നടത്തിയത് 77,026 തീർത്ഥാടകരാണ്. ഇതോടെ ആദ്യ ഏഴ് ദിനം ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 4,51,097 ലക്ഷമായി.

ഏഴ് ദിവസത്തെ കണക്ക് വിവരം:

15.11.24 – 30,657
16.11.24 – 72,656
17.11.24 – 67,272
18.11.24 – 75,959
19.11.24 – 64,484
20.11.24 – 63,043
21.11.24 – 77,026

അതേ സമയം തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ ‘പമ്പാ തീർത്ഥം’ എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇതിനായി 106 കുടിവെള്ള കിയോസ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.