by liji HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: 16 വയസ്സിന് താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇഷാൻ എം രാജിന് ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം സ്വീകരണം നൽകി. സഹകരണ സംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ ഇഷാൻ എം. രാജിനെ പൊന്നാട അണിയിച്ചു. സംഘം സെക്രട്ടറി രതീഷ് രവീന്ദ്രൻ, സജിൻ, അരുൺ ജിത്, പ്രണവ്, മനാസ് എന്നിവർ പങ്കെടുത്തു.
by liji HP News | Nov 22, 2024 | Latest News, കായികം
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വര്‍ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്‍, വി അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരില്‍ ആധികാരിക പ്രകടനമാണ് കേരളം നടത്തിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ കേരളം ആക്രമണം അഴിച്ചുവിട്ടു. ആറാം മിനിറ്റില്‍ അജ്സലിലൂടെ മുന്നിലെത്തി. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഇടവേളകള്‍ക്കിടയില്‍ ലീഡ് വര്‍ധിപ്പിച്ചു.
ആദ്യ കളിയില്‍ റെയില്‍വേസിനെ ഒരു ഗോളിന് തോല്‍പ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനല്‍ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്ച പുതുച്ചേരിക്കെതിരെ സമനില മതി. ഡിസംബര്‍ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട് തുടങ്ങുന്നത്.
by liji HP News | Nov 22, 2024 | Latest News, കേരളം
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്.
ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപ നിരക്കിലാണ് അജിത് കുമാര്‍ കൈക്കൂലി വാങ്ങിയത്.

by liji HP News | Nov 22, 2024 | Latest News, കേരളം
തിരുവനന്തപുരം: ആഭ്യന്തര യാത്രക്കാര്‍ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും.
ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15 ന് പുറപ്പെടുന്ന വിമാനം 08:05 ന് കൊച്ചിയില്‍ എത്തിച്ചേരും. കൊച്ചിയില്‍ നിന്ന് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50ന് വിമാനം തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസിന് പുറമേയാണ് എയര്‍ ഇന്ത്യ എക്പ്രസും സര്‍വീസ് തുടങ്ങുന്നത്.
by Midhun HP News | Nov 22, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി.
1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.1963ല്‍ എക്സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്. 1972 ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010 ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകള്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

by Midhun HP News | Nov 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ല. ധാര്‍മ്മികത മുന്‍നിര്‍ത്തി ഒരു തവണ രാജിവെച്ചതാണെന്നും സിപിഎം നേതൃത്വം വിലയിരുത്തി. കേസില്‍ നിയമപരമായി നേരിടാനാണ് സിപിഎം തീരുമാനം.
കേസും തുടരന്വേഷണവും സംബന്ധിച്ച് നിയമോപദേശം തേടും. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്. കേസില്‍ അന്വേഷണം നടക്കട്ടെ. അന്വേഷണം പൂര്‍ത്തിയായി അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ രാജി വെക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. മുമ്പ് ഈ വിഷയത്തില്‍ പൊതു സമ്മര്‍ദ്ദം കണക്കിലെടുത്ത് ഒരു തവണ രാജിവെച്ചതാണ്. ഈ വിഷയത്തില്‍ വീണ്ടും രാജിവെക്കേണ്ടതില്ലെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ തന്റെ വാദം കൂടി കേള്‍ക്കേണ്ടതാണെന്ന സജി ചെറിയാന്റെ വാദം ശരിയാണെന്ന് തോന്നുന്നുവെന്ന് മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. പുനരന്വേഷണം വേണ്ട, സിബിഐ അന്വേഷണവും വേണ്ട. ഈ രണ്ട് ആവശ്യവും കോടതി തള്ളി. തുടരന്വേഷണമാകാമെന്നാണ് കോടതി ഉത്തരവിട്ടത്. തുടരന്വേഷണമാകുമ്പോള്‍ മന്ത്രിയായി ആള്‍ ഇരുന്നുകൊണ്ടു തന്നെ അന്വേഷണം നടത്താമെന്നതാണല്ലോ വിധിയുടെ വ്യാഖ്യാനമെന്ന് മന്ത്രി രാജീവ് പറഞ്ഞു. സജി ചെറിയാന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അവരുടെ ഉത്തരവാദിത്തവും ജോലിയും അതാണല്ലോയെന്ന് മന്ത്രി രാജീവ് പറഞ്ഞു. നിയമപരമായ കാര്യമാണ് താന്‍ പറഞ്ഞത്. കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്, സംസ്ഥാനത്തെ പൊലീസ് സേനയില്‍ കോടതി വിശ്വാസം അര്‍പ്പിച്ചതിന് തെളിവാണ്. കേരളത്തിലെ പൊലീസ് സംവിധാനത്തിലുള്ള ജുഡീഷ്യറിയുടെ വിശ്വാസ്യതയാണ് അതില്‍ പ്രകടമാകുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു.
2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ‘കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം’ എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗം. പ്രസംഗം വലിയ വിവാദമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

Recent Comments