മലപ്പുറം സ്വര്‍ണ കവര്‍ച്ച: നാലുപേര്‍ കസ്റ്റഡിയില്‍; രക്ഷപ്പെട്ട അഞ്ചുപേർക്കായി തിരച്ചിൽ

മലപ്പുറം സ്വര്‍ണ കവര്‍ച്ച: നാലുപേര്‍ കസ്റ്റഡിയില്‍; രക്ഷപ്പെട്ട അഞ്ചുപേർക്കായി തിരച്ചിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍, തൃശൂര്‍ സ്വദേശികളായ നാലുപേരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കവര്‍ച്ചാസംഘത്തില്‍ അഞ്ചുപേര്‍ കൂടിയുണ്ടെന്നാണ് വിവരം.

കണ്ണൂര്‍ സ്വദേശികളായ പ്രഭുലാല്‍, ലിജിന്‍രാജന്‍, തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ നിഖില്‍, സജിത് സതീശന്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരില്‍ നിന്നും കവര്‍ന്ന സ്വര്‍ണം കണ്ടെടുത്തിട്ടില്ല. കവര്‍ച്ചാ സംഘത്തിലെ മറ്റു സംഘാംഗങ്ങള്‍ക്കായി പൊലീസ് ഊര്‍ജ്ജിത തിരച്ചില്‍ നടത്തി വരികയാണ്.

എം കെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്(50) അനുജന്‍ ഷാനവാസ് എന്നിവരെയാണ് ആക്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവരുകയായിരുന്നു. രണ്ടരക്കോടി രൂപയിലേറെ വില വരുന്ന സ്വർണമാണ് കവർന്നത്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയേറ്ററിന് സമീപം രാത്രി 8.45 നാണ് സംഭവം.
പതിവുപോലെ ജ്വല്ലറി അടച്ചശേഷം സ്വർണാഭരണങ്ങളുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു യൂസഫും സഹോദരനും. കാറിൽ ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. കെ എം ജ്വല്ലറി ബില്‍ഡിങ് ഓടിട്ട കെട്ടിടത്തിലായതിനാല്‍ ആഭരണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്.

ഉപതെരഞ്ഞെടുപ്പ്: ജനവിധി ഉറ്റുനോക്കി രാഷ്ട്രീയ കേരളം; വോട്ടെണ്ണല്‍ നാളെ

ഉപതെരഞ്ഞെടുപ്പ്: ജനവിധി ഉറ്റുനോക്കി രാഷ്ട്രീയ കേരളം; വോട്ടെണ്ണല്‍ നാളെ

കല്‍പ്പറ്റ: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. സംസ്ഥാനത്ത് വയനാട് ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. 10 മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും.

രാഹുല്‍ ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന വയനാട് സീറ്റില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ചേലക്കരയില്‍ യു വി പ്രദീപ് (എല്‍ഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണന്‍ (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിന്‍ (എല്‍ഡിഎഫ്), രാഹുല്‍ മാങ്കൂട്ടത്തില്‍ ( യുഡിഎഫ്), സി കൃഷ്ണകുമാര്‍ (ബിജെപി) എന്നിവരും ജനവിധി തേടുന്നു. വീറുറ്റ പോരാട്ടം നടന്ന പാലക്കാട് ഇത്തവണ വിജയം ഉറപ്പാണെന്നാണ് മൂന്നു മുന്നണികളുടെയും അവകാശവാദം.

ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്

ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന്‍ ഇടപെടലിനെ തുടര്‍ന്നാണിത്.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നെങ്കിലും നിലവില്‍ സ്‌കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ലെന്നു സര്‍ക്കുലറില്‍ പറയുന്നു.

കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.പഠന കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാലാവകാശ കമീഷന്‍ അംഗം എന്‍. സുനന്ദ നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് എല്ലാ ആര്‍ഡിഡിമാര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയത്.

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം: മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം: മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി.

മൂന്ന് പേരും അമ്മുവിന്റെ സഹപാഠികളാണ്. അതേസമയം, അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.

കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്‌നത്തില്‍ പരാതി നല്‍കിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്‌നങ്ങളെല്ലം തീര്‍ന്നിരുന്നുവെന്ന കോളജ് അധികാരികളുടെ നിലപാടും അമ്മുവിന്റെ കുടുംബം തള്ളി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിന്‍റെ സഹോദരൻ അഖിലിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അമ്മുവിന്‍റെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത ആത്മഹത്യയിലേക്ക് അമ്മുവിനെ നയിച്ചു എന്നാണ് പൊലീസ് നി​ഗമനം.

ഇരട്ട ചക്രവാതച്ചുഴി, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇരട്ട ചക്രവാതച്ചുഴി, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി, തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്.

സുമാത്ര തീരത്തിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. നവംബര്‍ 23-ഓടെ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്നുള്ള രണ്ട് ദിവസത്തിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തിക്കുടിച്ച യുവാവിന് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തിക്കുടിച്ച യുവാവിന് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശിയായ കല്ലുവേലി പറമ്പിൽ ജോബി (40) നാണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ വച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു. പ്രതാപിന്റെ മൃതദേഹത്തെ അനുഗമിച്ചിരുന്നത് ജോബിൻ, പ്രഭു എന്നിവർ ഉൾപ്പെടെ 5 പേരാണ്.

ഇന്ന് വെളുപ്പിന് ഒരുമണിയോടുകൂടി ആംബുലൻസ് കുമിളിയിൽ നിർത്തുകയും മറ്റ് രണ്ടുപേർ ചായ കുടിക്കുന്നതിന് വാഹനത്തിൽ നിന്നും ഇറങ്ങുകയും ചെയ്തു. ഈ സമയം ജോബിൻ, പ്രഭു എന്നിവർ തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്റെ ബാക്കി മദ്യം ആംബുലൻസിന്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് അബദ്ധത്തിൽ കലർത്തി കുടിക്കുകയായിരുന്നു.

തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുവരെയും കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോബിൻ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രഭുവിന് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത നിലയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയ ആൾ കൂടി മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷനിലെ നിവാസികൾ.