ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ‘ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ അഞ്ച് പേര്‍ കരസേനാംഗങ്ങളും ഒരാള്‍ വ്യോമസേനാംഗവുമാണ്. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായി ഇന്ത്യ നടത്തിയ ഈ സൈനിക നീക്കത്തിന് ശേഷം ആദ്യമായാണ് വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.

ഈ ധീരസൈനികരുടെ പേരുകള്‍ രാജ്യതലസ്ഥാനത്തെ ദേശീയ യുദ്ധസ്മാരകത്തില്‍ രേഖപ്പെടുത്തും. സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, റൈഫിള്‍മാന്‍ സുനില്‍ കുമാര്‍, ലാന്‍സ് നായിക് ദിനേഷ് കുമാര്‍, അഗ്‌നിവീര്‍ മുരളി നായിക്, ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ്്, ഇന്ത്യന്‍ വ്യോമസേനയിലെ സര്‍ജന്റ് സുരേന്ദ്ര കുമാര്‍ എന്നിവരാണ് വീരമൃത്യു വരിച്ച സൈനികര്‍. ഇതോടെ, ഓപ്പറേഷന്‍ സിന്ദൂരിലെ ഈ ആറ് വീരനായകരും ദേശീയ യുദ്ധസ്മാരകത്തിന്റെ ഭാഗമായി മാറും.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി, കഴിഞ്ഞ വര്‍ഷം മെയ് 7-നാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പാകിസ്ഥാന്‍ ഉടന്‍ തന്നെ ഇതിന് തിരിച്ചടി നല്‍കിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ വ്യോമാക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും അതിര്‍ത്തിയില്‍ ശക്തമായ ഷെല്ലാക്രമണങ്ങളും ഉണ്ടായി. ഇരുരാജ്യങ്ങളും തമ്മില്‍ നാല് ദിവസം നീണ്ടുനിന്ന ഈ സംഘര്‍ഷം മെയ് 10-നാണ് അവസാനിച്ചത്.

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ ഫണ്ട് തട്ടിപ്പ് വിവാദം ശക്തമാകുന്നതിനിടെ, ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും വെള്ളിയാഴ്ച തങ്ങളുടെ പദവികൾ രാജിവെച്ചു. ക്ഷേത്രത്തിലെ കാണിക്കപ്പണം കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരുവരുടെയും രാജി.

സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരം കേസിൽ ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുൻ ട്രസ്റ്റി കാമേശ്വർ ചൗപാലിന്റെ നിര്യാണത്തെ തുടർന്ന് 2025 സെപ്റ്റംബറിൽ ട്രസ്റ്റിൽ അംഗമായ കൃഷ്ണ മോഹൻ ആണ് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം തന്നെ കേസിൽ പ്രതികളായ എട്ട് പേരെയും ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്ന ടിന്നു എന്നിവരാണ് അറസ്റ്റിലായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. കള്ളത്തരം, ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജീവനക്കാരുടെ പരിശോധനയിൽ വീഴ്ച; സ്വർണ്ണവും വെള്ളിയും കാണാതായതായും സംശയം

ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന പണവും മറ്റ് വഴിപാടുകളും കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കാണിക്കപ്പണം എണ്ണുന്നതിലും അത് ബാങ്കിൽ നിക്ഷേപിക്കുന്നതിലും ഗുരുതരമായ സുരക്ഷാവീഴ്ചകൾ ഉണ്ടായതായി എസ്ഐടിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരുടെ നിരീക്ഷണം കൃത്യമായി നടത്തിയില്ല, സിസിട.വി നിരീക്ഷണത്തിലെ പോരായ്മകൾ, പണം ട്രസ്റ്റ് ഓഫീസിലേക്ക് മാറ്റുന്നതിലെ സുതാര്യതക്കുറവ് എന്നിവയാണ് പ്രധാനമായും അന്വേഷണസംഘം കണ്ടെത്തിയത്. കൂടാതെ പണം എണ്ണാൻ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഭക്തർ സമർപ്പിച്ച സ്വർണ്ണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് വിവരങ്ങളിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇവയുടെ രേഖകളും എസ്ഐടി വിശദമായി പരിശോധിച്ചുവരികയാണ്.

കാലവര്‍ഷം കനക്കുന്നു, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം കനക്കുന്നു, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ആഴ്ചകളായി ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഈ മാസം അവസാനത്തോടെ ശക്തമാകാന്‍ സാധ്യത. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച മുതല്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയും കാറ്റും കണക്കിലെടുത്ത് കേരളം – കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ നീക്കവുമായി യുഡിഎഫ്

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ നീക്കവുമായി യുഡിഎഫ്

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ യുഡിഎഫ് നീക്കം. ഇന്നു വൈകീട്ടു ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കോണ്‍ഗ്രസിന്റെ അവിശ്വാസ നീക്കത്തില്‍ ഇടതുപക്ഷത്തിന്റെ തീരുമാനം നിര്‍ണായകമാണ്.

101 അംഗ കോര്‍പറേഷനില്‍ ബിജെപിക്ക് 50 സീറ്റാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം നടത്തുന്നത്. എല്‍ഡിഎഫിന് 29 സീറ്റും യുഡിഎഫിന് 20 സീറ്റുമാണ് നഗരസഭയിലുള്ളത്. ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും യുഡിഎഫ് വിമതനും ഒത്തുചേര്‍ന്നാണ് ഭരണപക്ഷത്തിനെതിരെ 50 പേരാകും.

പ്രതിപക്ഷം അവിശ്വാസം അവതരിപ്പിച്ചാല്‍ അതു നേരിടുമെന്ന് ബിജെപി നേതാവും മേയറുമായ വി വി രാജേഷ് പ്രതികരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഞ്ചു വര്‍ഷത്തേക്ക് ബിജെപി സേഫ് ആണെന്നും മേയര്‍ പറഞ്ഞു. ഈ മാസം 29 ന് കൗണ്‍സില്‍ യോഗം നടക്കും. ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും മേയര്‍ പറഞ്ഞു. മേയര്‍ ഓഫീസില്‍ വരുന്നത് തടയുന്നത്, ജനങ്ങളെ ബുദ്ധിമുട്ടിക്കലാണെന്നും വി വി രാജേഷ് കൂട്ടിച്ചേര്‍ത്തു.

എസ് പി ദീപക്കിന് പകരം ‘ദീപക് ദേവ്’ പ്രതിയായി, എഫ്‌ഐആറില്‍ പൊലീസിന് വന്‍അമളി, ചര്‍ച്ച

എസ് പി ദീപക്കിന് പകരം ‘ദീപക് ദേവ്’ പ്രതിയായി, എഫ്‌ഐആറില്‍ പൊലീസിന് വന്‍അമളി, ചര്‍ച്ച

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് എടുത്ത കേസില്‍ പിഴവ്. പ്രതിപ്പട്ടികയിലെ സിപിഎം കൗണ്‍സിലറുടെ പേരില്‍ പൊലീസ് പിഴവ് വരുത്തിയതാണ് രാഷ്ട്രീയരംഗത്ത് ചര്‍ച്ചയായത്.

ഒന്നാം പ്രതിയായ എസ് പി ദീപക്കിന്റെ പേരിനു പകരം ദീപക് ദേവ് എന്നാണ് എഴുതിയിരിക്കുന്നത്. പിഴവ് വന്നതോടെ എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു. സത്യപ്രതിജ്ഞാ വിവാദത്തില്‍ ഇന്നലെ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ക്കും ഡപ്യൂട്ടി മേയര്‍ക്കും എതിരെയും ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ എസ്പി ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു അടക്കം അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. അതിനിടെയാണ് പ്രതിപ്പട്ടികയിലെ സിപിഎം കൗണ്‍സിലറുടെ പേരില്‍ പിഴവ് കടന്നുകൂടിയത്. സംഗീത സംവിധായകന്‍ ദീപക് ദേവ് ആണോ പ്രതി എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.

ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ മേയറും ഡെപ്യൂട്ടി മേയറും ഓഫീസിലേക്കെത്തി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. മേയറും ഡെപ്യൂട്ടി മേയറും ബലംപ്രയോഗിച്ച് ഓഫീസില്‍ കയറി. ഇതിനിടെ ഉന്തിലും തള്ളിലും സിപിഎം വനിത കൗണ്‍സിലറുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.

മേയറെ ഓഫീസിലേക്ക് കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വിവി രാജേഷ് ചോദിച്ചു. അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. പൊലീസ് സുരക്ഷയോടെയാണ് മേയര്‍ വിവി രാജേഷ് കോര്‍പറേഷന്‍ ഓഫീസില്‍നിന്നു പുറത്തേക്കു പോയത്. ബിജെപി പ്രവര്‍ത്തകര്‍ മേയറെ അഭിവാദ്യം ചെയ്തപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേയറെ കൂക്കിവിളിച്ചു.

ബിജെപി കൗണ്‍സിലര്‍മാര്‍ സ്വകാര്യമായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയ്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അക്രമം അഴിച്ചുവിട്ടത് ബിജെപി കൗണ്‍സിലര്‍മാരാണെന്നും കടകംപള്ളി ആരോപിച്ചു.

‘കാലിലെ നഖം വളര്‍ന്നത് വരെ മമ്മൂക്ക ശ്രദ്ധിക്കും’; അന്ന് നല്‍കിയ ഉപദേശം; അനുഭവം പങ്കിട്ട് ഹരിശ്രീ അശോകന്‍

‘കാലിലെ നഖം വളര്‍ന്നത് വരെ മമ്മൂക്ക ശ്രദ്ധിക്കും’; അന്ന് നല്‍കിയ ഉപദേശം; അനുഭവം പങ്കിട്ട് ഹരിശ്രീ അശോകന്‍

മമ്മൂട്ടിയെക്കുറിച്ചുള്ള നടന്‍ ഹരിശ്രീ അശോകന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. മലയാളികളുടെ പ്രിയതാരമാണ് ഹരിശ്രീ. ഒരുപാട് സിനിമകളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. പിന്നീട് ക്യാരക്ടര്‍ റോളുകളും കയ്യടി നേടി. വെബ് സീരീസ് ലോകത്തും ഹരിശ്രീ അശോകന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ മകന്‍ അര്‍ജുന്‍ അശോകനും കയ്യടി നേടുന്നു.

മുമ്പൊരിക്കല്‍ വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. തന്റെ കഥാപാത്രത്തെക്കുറിച്ചോ ഷൂട്ടിനെക്കുറിച്ചോ മാത്രമല്ല ചുറ്റുമുള്ള എല്ലാത്തിനേക്കുറിച്ചും ശ്രദ്ധയുള്ള ആളാണ് മമ്മൂട്ടിയെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

‘മമ്മൂക്ക എല്ലാം ശ്രദ്ധിക്കുന്നയാളാണ്. മേക്കപ്പെല്ലാം അഴിച്ച് ചെന്നിരിക്കുമ്പോള്‍ കാലിലെ നഖം കണ്ടാല്‍ ഇതെന്താ നഖം വെട്ടിയില്ലേ എന്ന് വരെ ചോദിക്കും. അത്രയ്ക്ക് ശ്രദ്ധിക്കുന്നയാളാണ്.’ എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. പിന്നാലെ മമ്മൂട്ടി തനിക്ക് നല്‍കിയൊരു ഉപദേശത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

‘മമ്മൂക്കയോട് ഒരു ദിവസം ഞാന്‍ പറഞ്ഞു, പടമൊക്കെ കുറഞ്ഞു. അതിനെന്താ കുഴപ്പം? എന്ന് തിരിച്ച് ചോദിച്ചു. പഴയ തിരക്കൊക്കെ എപ്പോഴും ഉണ്ടാകില്ല. കുറേക്കഴിയുമ്പോള്‍ കുറയും. നല്ല നല്ല സിനിമകള്‍ വരുമ്പോള്‍ ചെയ്യുക. പിന്നേയും കൂടും. സിനിമയില്ല എന്ന് കരുതി താന്‍ ആളുകളുടെ മനസില്‍ നിന്നും മായില്ല. കാരണം കുറേ നല്ല സിനിമകള്‍ പ്രേക്ഷകരുടെ മനസില്‍ നിങ്ങള്‍ ഇട്ടു കൊടുത്തിട്ടുണ്ട്. അതിനാല്‍ പടമില്ലാതായിലും ഔട്ട് ആയെന്നൊരു തോന്നലുണ്ടാകില്ല’ ഹരിശ്രീ അശോകന്‍ പറയുന്നു.

പ്രതിച്ഛായയിലാണ് ഹരിശ്രീ അശോകന്‍ ഒടുവിലായി അഭിനയിച്ചത്. ചിത്രത്തില്‍ പുരുഷോത്തമന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത്. 1 പ്രിന്‍സസ് സ്ട്രീറ്റ് എന്ന ചിത്രമാണ് ഹരിശ്രീ അശോകന്റേതായി അണിയറയിലുള്ളത്.