ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍

ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വൻ തോൽവിയാണ് ഇന്ത്യ നേരിടേണ്ടി വന്നത്. മത്സരത്തിൽ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സ് നേടാൻ സാധിച്ചുള്ളൂ. 42 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറർ. മത്സരത്തിലെ തോല്‍വിക്കുള്ള പ്രധാന കാരണം ബാറ്റിങിലെ പോരായ്മയാണെന്നാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറയുന്നത്.

“180–185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ തന്നെ കളി ജയിക്കാനാകില്ലെങ്കിലും, പവർപ്ലേയിൽ തന്നെ കളി നഷ്ടപ്പെടാൻ വലിയ സാധ്യതയുണ്ട്. പവർപ്ലേയിൽ നമ്മൾ വളരെ അധികം വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഇത്രയും വലിയ റൺ പിന്തുടർന്ന് ബാറ്റ് ചെയ്യുമ്പോൾ ചെറിയ കൂട്ടുകെട്ടുകൾ വേണ്ടതാണ്, എന്നാൽ അതിന് കഴിഞ്ഞട്ടില്ല. പക്ഷേ ഇതൊക്കെ കളിയുടെ ഭാഗമാണ്” സൂര്യകുമാർ പറഞ്ഞു. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായതും അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ മോശം ഫോമുമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചത്. വെറും 23 പന്തിനുള്ളിൽ ആണ് ഇന്ത്യയുടെ ടോപ് ഓർഡറിലെ മൂന്ന് ബാറ്റർമാർ പുറത്തായത്. ഇത് ടീമിന് തിരിച്ചടി ആയി മാറി.

അതേ സമയം, ബൗളിങ്ങിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതായി ക്യാപ്റ്റൻ പറഞ്ഞു. “മത്സരത്തിന്റെ തുടക്കത്തിൽ നമ്മുടെ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ 21/3 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ ടീമിനെ വരിഞ്ഞുമുറുക്കാനായി. പക്ഷേ 7 മുതൽ 15 ഓവർ വരെ അവർ മികച്ച ബാറ്റിങ് നടത്തി മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നാലും ബൗളർമാർ നല്ല രീതിയിൽ തന്നെ പന്തെറിഞ്ഞു” സുര്യകുമാർ വ്യക്തമാക്കി.

എന്നാൽ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ ബാറ്റിങ് സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. “നന്നായി ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനും താരങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇപ്പോൾ കളിക്കുന്ന അതെ രീതിയിൽ തന്നെ മുന്നോട്ട് പോകും. ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. കളിക്കാർ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് വിശ്വാസമുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

ഈ തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് മങ്ങൽ ഏൽപിച്ചിട്ടുണ്ട്. ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്‌വെയെയും മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെയുമാണ് ഇനി ഇന്ത്യയുടെ എതിരാളികൾ. ഇരു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിയിലെത്താൻ സാധിക്കൂ.

മുദാക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹിന്ദു ഏകതാ സമ്മേളനം നടന്നു

മുദാക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹിന്ദു ഏകതാ സമ്മേളനം നടന്നു

ചെമ്പൂര്‍: മുദാക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹിന്ദു ഏകതാ സമ്മേളനം ഫെബ്രുവരി 22-ന് ചെമ്പൂര് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ വിവിധ സാമൂഹിക നേതാക്കൾ പങ്കെടുത്തു.

രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹകാര്യവാഹ് ഡി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി വി. ആശംസാപ്രഭാഷണം നടത്തി. ചെമ്പൂര് കൈലാസ് ഡാൻസ് അക്കാഡമിയുടെ ഗ്രാമോത്സവം കലാപരിപാടികളും ദീപപ്രോജ്ജ്വലനവും ഭാരതമാതാ പൂജയും നടന്നു. സമ്മേളനം ഐക്യത്തിന്റെ സന്ദേശം ഉയർത്തിയതായി സംഘാടകർ അറിയിച്ചു.

ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; ഫേസ് ആപ്പ് സംവിധാനം ഉടന്‍

ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; ഫേസ് ആപ്പ് സംവിധാനം ഉടന്‍

ഗുരുവായൂര്‍: ഭക്തര്‍ക്ക് സുഖദര്‍ശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എല്‍ & റ്റി കമ്പനിയുമായി ഗുരുവായൂര്‍ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും മാസ്റ്റര്‍ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നല്‍കാനുള്ള സന്നദ്ധതയും എല്‍ &റ്റി വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു. ഗുരുവായൂരില്‍ ദേവസ്വം പൂന്താന ദിന സാംസ്‌കാരിക സമ്മേളനവും ഇതഹൈന്ദവ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്യൂ കോ പ്‌ളക്‌സ് പൂര്‍ത്തിയാകുന്നതുവരെ ക്ഷേത്ര ദര്‍ശനം വേഗത്തിലാക്കാന്‍ ഫേസ് ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്. വരിനില്‍ക്കുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് ഈ സൗകര്യം സഹായകമാകും. ദര്‍ശനത്തിന് കാത്തിരിക്കുന്നവര്‍ക്ക് ശ്രീഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങളും പാട്ടുകളും കേള്‍ക്കാനുള്ള സംവിധാനവും കിഴക്കേ നടയില്‍ ലഭ്യമാക്കും. ഇതര ക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വം നിലപാട് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

2023 ,2026 വര്‍ഷങ്ങളിലെ ജ്ഞാനപ്പാന പുരസ്‌കാരങ്ങള്‍ യഥാക്രമം പ്രൊഫ. വി.മധുസൂദനന്‍ നായര്‍, വൈക്കം രാമചന്ദ്രന്‍ എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു. ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ അധ്യക്ഷനായി. എന്‍.കെ അക്ബര്‍ എം എല്‍ എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മനോജ് ബി നായര്‍ എന്നിവര്‍ സന്നി ഹിതരായി.അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ.വി.ആര്‍.മുരളീധരന്‍ പുരസ്‌കാര സ്വീകര്‍ത്താക്കളെ പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥന്‍ സ്വാഗതവും സി.മനോജ് ചടങ്ങിന് നന്ദി പറഞ്ഞു. പുരസ്‌ക്കാര സ്വികര്‍ത്താക്കള്‍ മറുപടി പ്രസംഗവും രേഖപ്പെടുത്തി

14 ജില്ലകളിലെ 1521 ക്ഷേത്രങ്ങള്‍ക്കും 9 വേദപാഠം ശാലകള്‍ക്കുമായി പത്തുകോടിയോളം രൂപയുടെ ധനസഹായം ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. പൂന്താന ദിനാഘോഷ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ നല്‍കി.

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 18 മരണം; 27 പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 18 മരണം; 27 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ് ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് പതിനെട്ട് പേര്‍ മരിച്ചു. 27 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസ് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ ഒരു ന്യൂസിലന്‍ഡ് സ്വദേശിയും ഉള്‍പ്പെടുന്നു.

അപകടത്തില്‍ ആറ് സ്ത്രീകളും പന്ത്രണ്ട് പുരുഷന്മാരുമാണ് മരിച്ചതെന്ന അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ 27 പേരെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.

ന്യൂനമര്‍ദം; സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരും

ന്യൂനമര്‍ദം; സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച വരെ മഴ തുടുരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നേരിയ, ഇടത്തരം മഴയ്ക്കാണ് സാധ്യത.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും, തുടര്‍ന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യത.തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

‘ഇന്ത്യ ഓള്‍ ഔട്ട്’, പൊരുതിയത് ദുബെ മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം

‘ഇന്ത്യ ഓള്‍ ഔട്ട്’, പൊരുതിയത് ദുബെ മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സില്‍ ഓള്‍ഔട്ടായി. 37 പന്തില്‍ 42 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ഇന്നിങ്‌സ് തുറക്കും മുമ്പ് ഇഷാന്‍ കിഷനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മര്‍ക്രത്തിന്റെ പന്തിലാണ് താരം പുറത്താകുന്നത്. പിന്നീട് രണ്ടാമത്തെ ഓവറില്‍ തിലക് വര്‍മയും(1) മടങ്ങി. മാര്‍ക്കോ ജാന്‍സനായിരുന്നു വിക്കറ്റ്. പിന്നീട് അഭിഷേക് ശര്‍മ്മ ക്യാപ്റ്റന്‍ സൂര്യകുമാറിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിക്കാന്‍ തുടങ്ങിയെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 26ല്‍ നില്‍ക്കെ 18 റണ്‍സ് നേടിയ അഭിഷേകും മടങ്ങി. ജാന്‍സണ് തന്നെയലായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ വാഷിങ് ടണ്‍ സുന്ദര്‍ 1 റണ്‍സെടുത്ത് പുറത്തായി. സ്‌കോര്‍ 51 ല്‍ നില്‍ക്കെ 22 പന്തില്‍ 18 റണ്‍സെടുത്ത സൂര്യകുമാറും വീണതോടെ ഇന്ത്യ സമ്മര്‍ദത്തിലായി.

ശിവം ദുബെയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. 15മത്തെ ഓവറില്‍ മഹാരാജിന്റെ പന്തില്‍ 17 പന്തില്‍ 18 റണ്‍സെടുത്ത പാണ്ഡ്യയും അതേ ഓവറില്‍ തന്നെ റിങ്കുവും(0) പുറത്തായി. ഈ ഘട്ടത്തില്‍ 33 പന്തില്‍ നിന്ന് 102 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ദുബെയില്‍ മാത്രമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നത്. . ഇതിനിടെ ഏഴാമനായി ഇറങ്ങിയ അര്‍ഷ്ദീപും മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

15 ഓവറില്‍ 88 ന് 8 എന്ന നിലയിലായ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും ഇവിടെ അവസാനിച്ചിരുന്നു. ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയ ദുബെ സ്‌കോര്‍ 111 ല്‍ നില്‍ക്കെ മടങ്ങി. വരുണും ബുംറയും റണ്‍സൊന്നും എടുക്കാതെ മടങ്ങിയതോടെ ഇന്ത്യ ഓള്‍ ഔട്ടാകുകയായിരുന്നു.ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് 3 വിക്കറ്റ് നേടിയപ്പോള്‍, മാര്‍ക്കോ ജാന്‍സണ്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ടും മക്രം ഒരു വിക്കറ്റും നേടി.