by Midhun HP News | Nov 12, 2024 | Latest News, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് വൃന്ദാഭവനിൽ (വി.വി.പി.എസ്:185) എസ് വിദ്യാധരൻ നായർ (73) (റിട്ടയേർഡ് റെയിൽവേ) അന്തരിച്ചു.
ഭാര്യ: സി സരസമ്മ (റിട്ടയേർഡ് ടീച്ചർ, ഗവ: എൽ.പി.എസ് പുതുക്കുറിച്ചി).
മക്കൾ: വി വിനോദ് കുമാർ (ലോക്കോ പൈലറ്റ്), വി.എസ് വൃന്ദാകുമാരി, വി.എസ് വിമൽകുമാർ (ബ്ളോസം റ്റി.വി.എസ്, ആറ്റിങ്ങൽ), വി.എസ് വിശാഖ് കുമാർ (ഡി.ആർ.ഡി.ഒ, ബാംഗ്ലൂർ).
മരുമക്കൾ: പി.എസ് ശ്രീജ (വില്ലേജ് ഓഫീസർ, കണ്ണൂർ), ബി ബിജുകുമാർ, പി.എസ് ഷൈനി (ഐ.എസ്.ആർ.ഒ,തുമ്പ), വിദ്യ എസ് രാജ് (വി.എസ്.എസ്.സി, ബാംഗ്ലൂർ)
സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് സ്വവസതിയിൽ
by Midhun HP News | Nov 12, 2024 | Latest News, കേരളം
കല്‍പ്പറ്റ: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കും.
പൗരപ്രമുഖരുമായിട്ടുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ത്ഥികളുടെ പ്രധാന പരിപാടി. വോട്ടെടുപ്പിന്റെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ട് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വൈകീട്ടോടെ നിശ്ചിത പോളിങ് കേന്ദ്രങ്ങളിലെത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ കന്നിപ്പോരാട്ടമാണ്. സിപിഐയിലെ സത്യന്‍ മൊകേരിയും, ബിജെപിയിലെ നവ്യ ഹരിദാസുമാണ് പ്രധാന എതിരാളികള്‍. ചേലക്കരയില്‍ സിപിഎമ്മിലെ യു ആര്‍ പ്രദീപ്, കോണ്‍ഗ്രസിലെ രമ്യ ബരിദാസ്, ബിജെപിയിലെ ബാലകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.
by Midhun HP News | Nov 12, 2024 | Latest News, കേരളം
ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്.
കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. പണത്തെ സംബന്ധിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്സും അറിയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണിതെന്നാണ് വാദം. കൃത്യമായ രേഖകളുണ്ടെന്നും ഇവര്‍ പ്രതികരിച്ചു. പണത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്. നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്.
പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കള്ളപ്പണ കടത്ത് ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അനധികൃത പണം കയ്യോടെ പിടികൂടുന്നത് ഇതാദ്യമാണ്.
by Midhun HP News | Nov 12, 2024 | Latest News, കേരളം
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്ന് സ്ഥിരീകരിക്കും വിധമാണ് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസില്‍ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഹോട്ടലില്‍ കൊക്കെയിനിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിയാത്തത് കേസില്‍ പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഹോട്ടലിലെ മുറിയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ലഹരിപ്പാര്‍ട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
by Midhun HP News | Nov 12, 2024 | Latest News, കേരളം
ഡല്‍ഹി: യുവനടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്.
കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ല. ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിക്കുന്നു. അതേസമയം സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം.

by Midhun HP News | Nov 12, 2024 | Latest News, കേരളം
കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
ഹര്‍ജിയില്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഹര്‍ജി ഡിസംബര്‍ പത്തിന് പരിഗണിക്കാനായി മാറ്റി. പ്രായപൂര്‍ത്തിയാകാത്തയാളെ വാഹനം ഓടിക്കാന്‍ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളില്‍ പോലും നിലവിലെ വകുപ്പ് പ്രകാരം വാഹനത്തിന്റെ ഉടമയ്‌ക്കോ രക്ഷിതാവിനോ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
മോട്ടോര്‍ വാഹന നിയമത്തിലെ 180-ഉം 181-ഉം വകുപ്പുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരോ ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയായവരോ വാഹനമോടിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഈ രണ്ട് വകുപ്പുകള്‍ക്കും പരമാവധി തടവ് മൂന്ന് മാസമാണ്. എന്നാല്‍, സെക്ഷന്‍ 199 എ പ്രകാരം വാഹനത്തിന്റെ രക്ഷിതാവോ ഉടമയോ മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടാവുന്നതാണ്.

Recent Comments