അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും

അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ശനിയാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അ‌ഞ്ച് മണിക്കൂർ അടച്ചിടും. വൈകുന്നേരം നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണമെന്നും വിമാനത്താവള അധികൃതർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 3.00 മണി മുതല്‍ തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസും അറിയിച്ചിട്ടുണ്ട്.

3.00 മണി മുതല്‍ രാത്രി 10.00 മണി വരെ വാഴപ്പള്ളി ജംഗ്ഷന്‍ മുതല്‍ മിത്രാനന്ദപുരം, ഫോര്‍ട്ട് സ്കൂള്‍ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട മുതല്‍ ഈഞ്ചക്കല്‍, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ റോഡുകളില്‍ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.

ആറാട്ട് ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്ന സമയത്തും തിരിച്ചു വരുന്ന സമയത്തും കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡില്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഗതാഗതം തടസപ്പെടും. ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകിട്ട് 3.00 മണി മുതല്‍ വാഴപ്പള്ളി ജംഗ്ഷന്‍, പടിഞ്ഞാറേ കോട്ട, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, പത്മവിലാസം റോഡ്, കൊത്തളം ജംഗ്ഷന്‍ എന്നീ ഭാഗങ്ങളില്‍ കൂടിയുള്ള വാഹന ഗതാഗതം വഴിതിരിച്ചു വിടും.

ശംഖുമുഖം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുംമൂട്, പൊന്നറ, വലിയതുറ വഴിയാണ് പോകേണ്ടത്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയാൻ പൊതുജനങ്ങൾക്ക് 0471-2558731, 9497990005 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

യൂട്യൂബർ അർജ്യുവും അപർണയും വിവാഹിതരായി

യൂട്യൂബർ അർജ്യുവും അപർണയും വിവാഹിതരായി

വ്ലോഗർ അര്‍ജുൻ സുന്ദരേശനും അവതാരകയും മോഡലുമായ അപർണ പ്രേംരാജും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ നേരുന്നത്.

സീരിയൽ റോസ്റ്റിങ് വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ താരമാണ് അർജ്യു എന്നറിയപ്പെടുന്ന അർജുൻ. അപർണയുമായി അർജുൻ പ്രണയത്തിലാണെന്ന വിവരം ഈയടുത്താണ് വെളിപ്പെടുത്തിയത്.

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും അര്‍ജുന് ഒരു മില്യണ്‍ ഫോളോവേഴ്‌സുണ്ട്. അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപർണ അറിയപ്പെടുന്ന അവതാരക കൂടിയാണ്.

എൻ സരസ്വതി അമ്മ (85) അന്തരിച്ചു

എൻ സരസ്വതി അമ്മ (85) അന്തരിച്ചു

ആറ്റിങ്ങൽ: പാലസ് റോഡ് ബംഗ്ലാവിൽ വീട്ടിൽ പരേതനായ പി പരമേശ്വരൻ നായരുടെ സഹധർമ്മിണി എൻ സരസ്വതി അമ്മ (85) അന്തരിച്ചു. മക്കൾ പി പ്രഭാകരൻ നായർ( റിട്ടയേർഡ് കെ.എസ്.ഇബി ആറ്റിങ്ങൽ), പിസുരേന്ദ്രൻ നായർ (യു.എ.ഇ), എസ് പത്മകുമാരി, പി രാജേന്ദ്രൻ നായർ, എസ് രാജലക്ഷ്മി(പ്രൊഫസർ,എൻ.എസ്.എസ് കോളേജ്, ചെങ്ങന്നൂർ).മരുമക്കൾ റ്റിചന്ദ്ര ബാബു പിള്ള(ബിസിനസ്), എസ് വത്സല (ഇറിഗേഷൻ , തിരുവനന്തപുരം ) എസ് രാകേഷ്(ബിസിനസ് ). സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്

പീരുമേട്ടില്‍ അമ്മ നോക്കിനില്‍ക്കെ മകനെ സഹോദരങ്ങള്‍ അടിച്ചുകൊന്നു

പീരുമേട്ടില്‍ അമ്മ നോക്കിനില്‍ക്കെ മകനെ സഹോദരങ്ങള്‍ അടിച്ചുകൊന്നു

തൊടുപുഴ: പീരുമേട്ടില്‍ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അമ്മ നോക്കിനില്‍ക്കെ, അനുജനും അനുജത്തിയും ചേര്‍ന്ന് ചേട്ടനെ അടിച്ചുകൊന്നു. പള്ളിക്കുന്ന് വുഡ്ലാന്‍ഡ്‌സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്തില്‍ ബാബുവിന്റെ മകന്‍ ബിബിന്‍ (29) ആണ് കൊല്ലപ്പെട്ടത്. കേസില്‍ സഹോദരങ്ങളായ വിനോദ് (24), ബിനിത (26), അമ്മ പ്രേമ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യയെന്ന് ബന്ധുക്കള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച കേസില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ബിബിനെ ആശുപത്രിയിലെത്തിച്ച പ്രതികള്‍ സംഭവം ആത്മഹത്യയാണെന്നാണ് പ്രചരിപ്പിച്ചത്.

ബിനിതയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. 5-ാം തീയതി വൈകീട്ട് ബിബിന്‍ മദ്യപിച്ചു വീട്ടിലെത്തി. ബിനിതയുടെ സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ബിബിന്‍ ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.

ഇതുകണ്ട ബിനിത വീട്ടിലിരുന്ന ഫ്‌ലാസ്‌ക് എടുത്തു ബിബിന്റെ തലയ്ക്കടിച്ചു. അതിനിടെ സഹോദരന്റെ ചവിട്ടേറ്റു കുഴഞ്ഞുവീണ ബിബിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ഡിവൈഎസ്പി വിശാല്‍ ജോണ്‍സ്, എസ്എച്ച്ഒ ഗോപിചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

തിമിര്‍ത്താടി സഞ്ജു, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

തിമിര്‍ത്താടി സഞ്ജു, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഡര്‍ബന്‍: ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 203 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ ആണ് കളിയിലെ താരം.

ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും മൂന്നുവിക്കറ്റ് വീതംനേടി. ആവേശ് ഖാന്‍ രണ്ടുവിക്കറ്റും അര്‍ഷ്ദീപ് സിങ് ഒരുവിക്കറ്റും സ്വന്തമാക്കി. ഹെന്റിച് ക്ലാസന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 25 റണ്‍സ് എടുത്ത ക്ലാസനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കുകയായിരുന്നു. ഇതോടെ നാലുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(1-0).

ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 47പന്തില്‍ 9 സിക്സിന്റെയും 7 ബൗണ്ടറിയുടെയും അകമ്പടിയോയാണ് സഞ്ജു സാംസണ്‍ സെഞ്ച്വറി അടിച്ചത്. ഇതോടെ ടി20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന അതിവേഗ സെഞ്ച്വറിയാണിത്.

രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. 27 പന്തില്‍ അര്‍ധെസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ച്വറിയിലെത്താന്‍ പിന്നീട് എടുത്തത് 20 പന്തുകള്‍ മാത്രം. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ടി20 സെഞ്ച്വറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു അടിച്ചെടുത്തു. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു മറികടന്നത്.

പാട്രിക് ക്രുഗര്‍ക്കതിരെ സിക്‌സ് അടിച്ച് 98ല്‍ എത്തിയ സഞ്ജു അടുത്ത പന്തില്‍ സിംഗിളെടുത്ത് 99ല്‍ എത്തി. കേശവ് മാഹാരാജിനെതിരെ സിംഗിളെടുത്ത് തന്റെ രണ്ടാം ടി20 സെഞ്ച്വറിയിലെത്തി. സെഞ്ച്വറിക്കുശേഷം എന്‍കബയോംസി പീറ്ററിനെ വീണ്ടും സിക്‌സിന് പറത്തിയ സഞ്ജു അടുത്ത പന്തും സിക്‌സ് അടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ കൈകളിലെത്തി. സിക്‌സ് എന്നുറപ്പിച്ച പന്ത് സ്റ്റബ്‌സ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. 50 പന്തില്‍ 10 സിക്‌സും ഏഴ് ഫോറും പറത്തിയ സഞ്ജു പതിനാറാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്.

ഇടുക്കിയിലേക്ക് വിമാനമെത്തുന്നു: ജലവിമാനമിറങ്ങുന്നത് മാട്ടുപ്പെട്ടി ജലാശയത്തിൽ

ഇടുക്കിയിലേക്ക് വിമാനമെത്തുന്നു: ജലവിമാനമിറങ്ങുന്നത് മാട്ടുപ്പെട്ടി ജലാശയത്തിൽ

ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം എൽ എമാരായ എ. രാജ,എം. എം. മണി എന്നിവർ സന്നിഹിതരായിരിക്കും.

കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 രാവിലെ 9.30ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിൻ്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുക.
കെ എസ് ഇ ബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗ്ഗം കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും.