കേരളത്തിന് കൂടുതല്‍ വന്ദേഭാരത് റാക്കുകള്‍ ? റിപ്പോർട്ട്

കേരളത്തിന് കൂടുതല്‍ വന്ദേഭാരത് റാക്കുകള്‍ ? റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ വന്ദേഭാരത് റാക്കുകള്‍ ഉടന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി റെയില്‍വേ സൂചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്.

ഒരെണ്ണം തിരുവനന്തപുരം-മംഗലാപുരം റൂട്ടിലും മറ്റൊന്ന് തിരുവനന്തപുരം- കാസര്‍കോട് റൂട്ടിലുമാണ് സര്‍വീസ് നടത്തുന്നത്. പുതിയ റാക്കുകള്‍ എത്തുന്നതോടെ, എട്ടു കോച്ചുകളുള്ള മംഗലാപുരം വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം 16 ആയി വര്‍ധിക്കും. നിലവില്‍ 16 കോച്ചുകളുള്ള തിരുവനന്തപുരം- കാസര്‍കോട് ട്രെയിനില്‍ നാലു കോച്ചുകള്‍ കൂട്ടിച്ചേര്‍ത്ത് 20 കോച്ചുകളായി വര്‍ധിപ്പിക്കും.

നിലവില്‍ തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ വന്ദേഭാരത് ട്രെയിന്‍ 8 മണിക്കൂര്‍ 35 മിനിറ്റുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. സമാന റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ 12 മണിക്കൂര്‍ 50 മിനിറ്റ് എടുക്കുമ്പോഴാണ് വന്ദേഭാരത് കുറഞ്ഞ സമയം കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ വന്‍ വിജയമാണെന്ന് കണ്ടതോടെ, മൂന്നാമതൊരു വന്ദേഭാരത് കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ബംഗലൂരു-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ മൂന്നു തവണയാണ് ഇതിന്റെ സര്‍വീസ്.

കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ; നീതിക്കായി ഏതറ്റം വരെയും പോകും

കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ; നീതിക്കായി ഏതറ്റം വരെയും പോകും

പത്തനംതിട്ട:എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. സഹപ്രവർത്തകരോട് സൗഹാർദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.

ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതിനാൽ തന്നെ കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല. അത്തരത്തിൽ നവീൻ ഒരു കാര്യവും തുറന്നുപറയാൻ യാതൊരു സാധ്യതയുമില്ല. അത് പൂര്‍ണമായിട്ടും അറിയാം. കളക്ടറുമായി ഒരു തരത്തിലുള്ള ആത്മബന്ധവും നവീൻ ബാബുവിനില്ല. അതിനാൽ തന്നെ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താൻ തന്നെ എടുത്ത തീരുമാനമാണ്. അദ്ദേഹം വീട്ടിലേക്ക് വരുന്നതിൽ താത്പര്യമില്ലെന്നും മഞ്ജുഷ പറഞ്ഞു.

യാത്രയയപ്പ് ദിവസം കളക്ടറോട് നവീൻ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട് പറഞ്ഞത്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കോടതി വിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ലെന്നും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്ക് നൽകിയ മൊഴിയും സമാനമാണെന്നും കളക്ടര്‍ അരുണ്‍ കെ വിജയൻ പ്രതികരിച്ചിരുന്നു. എട്ട് മാസം എന്‍റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞിരുന്നു കുടുംബത്തിന്‍റെ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും അവധി അപേക്ഷ നീട്ടി എന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കാമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേർത്തു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞിരുന്നു.

3 തവണ അം​ഗമായവർക്ക് സഹകരണ സംഘത്തിലേക്ക് വീണ്ടും മത്സരിക്കാം; വിലക്ക് റദ്ദാക്കി ​ഹൈക്കോടതി

3 തവണ അം​ഗമായവർക്ക് സഹകരണ സംഘത്തിലേക്ക് വീണ്ടും മത്സരിക്കാം; വിലക്ക് റദ്ദാക്കി ​ഹൈക്കോടതി

കൊച്ചി: സഹകരണ സംഘം ഭരണ സമിതിയിൽ തുടർച്ചയായി 3 തവണ അം​ഗമായവർക്ക് തുടർന്നു മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുന്ന സ​ഹകരണ നിയമത്തിലെ ഭേദ​ഗതി ഹൈക്കോടതി റദ്ദാക്കി. സംഘങ്ങളുടെ സ്വയംഭരണ, ജനാധിപത്യ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണ് ഇതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ന​ഗരേഷിന്റെ ഉത്തരവ്. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി ​ഹർജിക്കാർ ചോദ്യം ചെയ്ത മറ്റെല്ലാ ഭേദ​ഗതികളും ശരിവച്ചു.

സർക്കാരിനു നിയമങ്ങളിലൂടെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെങ്കിലും ഏകപക്ഷീയമായ വ്യവസ്ഥകളിലൂടെ സംഘങ്ങളുടെ ജനാധിപത്യ പ്രവർത്തനങ്ങളിൽ ഇടപെടാനാകില്ലെന്നു കോടതി പറഞ്ഞു. ഭരണസമിതി അം​ഗങ്ങൾക്കു കൂടുതൽ അനുഭവപരിചയമുണ്ടാകുന്നത് സ​ഹകരണ സംഘത്തിനു പ്രയോജനകരമാണു. ദീർഘകാലം ഭരണ സമിതിയിലിരുന്നാൽ സ്ഥാപിത താത്പര്യം ഉണ്ടാകുമെന്നത് ഉൾപ്പെടെയുള്ള ആശങ്കകൾ പരി​ഗണിക്കേണ്ടത് ജനറൽ ബോഡി അം​ഗങ്ങളാണ്.

ജനറൽ ബോഡിക്കു ആവശ്യമെങ്കിൽ നിയമാവലിയിൽ വ്യവസ്ഥകൾ ചേർക്കാം. സർക്കാർ ഇത്തരത്തിൽ വിലക്കേർപ്പെടുത്തുമ്പോൾ ഏറ്റവും മികച്ച അം​ഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡിയുടെ അവകാശത്തിൽ ഇടപെടുകയാണ്. ക്രെഡിറ്റ് സൊസൈറ്റികൾക്കാണ് ഇത്തരത്തിൽ വിലക്ക് ബാധകമാക്കിയത്. എന്നാൽ എല്ലാ സഹകരണ സംഘങ്ങളേയും പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വ്യവസ്ഥ വിവേചനപരമാണെന്നും കോടതി പറഞ്ഞു.

കേരളത്തിലെ ഒട്ടേറെ സ​​ഹകരണ സംഘങ്ങൾ കെടുകാര്യസ്ഥതമൂലം സാമ്പത്തിക പ്രശ്നം നേരിടുകയാണെന്നും ദീർഘകാലം ഭരണത്തിലിരുന്നതിലൂടെ സ്ഥാപിതതാത്പര്യമുണ്ടാകുന്നവരെ ഒഴിവാക്കുകയാണു ഭേദ​ഗതിയുടെ ലക്ഷ്യമെന്നും സർക്കാർ അറിയിച്ചു.

തുടർച്ചയായി മൂന്ന് ടേം പൂർത്തിയാക്കിയവർക്കു ഭരണ സമിതിയിലേക്കു മത്സരിക്കാൻ വിലക്കേർപ്പെടുത്തി കേരള സ​ഹകരണ സൊസൈറ്റി നിയമം 1969ൽ ഉൾപ്പെടുത്തിയ 28 (എ) അടക്കമുള്ള ഭേദ​ഗതികളാണ് വിവിധ സഹകരണ സംഘങ്ങളിലെ ഭരണസമിതി അം​ഗങ്ങളായ ഹർജിക്കാർ ചോദ്യം ചെയ്തത്. പ്രാഥമിക സംഘങ്ങളുടെ അക്കൗണ്ടിങിനു ഏകീകൃത സോഫ്റ്റ്‍വെയർ ഏർപ്പെടുത്തിയതും കോ ഓപ്പറേറ്റീവ് റിവൈവൽ ഫണ്ട് രൂപീകരണവും ലാഭവിഹിതത്തിൽ നിന്നു നിശ്ചിത ശതമാനം പ്രൊഫഷണൽ വിദ്യാഭ്യാസ ഫണ്ടായി നൽകണമെന്നതും ഉൾപ്പെടെ മറ്റു നയമഭേദ​ഗതികൾ കോടതി ശരിവച്ചു.

17 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അടക്കമുള്ള സംഘം പിടിയിൽ

17 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അടക്കമുള്ള സംഘം പിടിയിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവതി അടക്കമുള്ള സംഘം പിടിയിൽ. ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറയിൽ നിന്നും 17 കാരിയെ കാണാതായത്. വീട്ടുകാർ കഠിനംകുളം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ തിരൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

വിശദവിവരങ്ങൾ ഇങ്ങനെ

കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ കഠിനംകുളം പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി തിരിച്ചറിഞ്ഞത്. പെരുമാതുറയിൽ നിന്നും ചിറയിൻകീഴ് എത്തിച്ച പെൺകുട്ടിയെ തിരൂരിലേയ്ക്ക് ട്രെയിനിൽ കൊണ്ടുപോവുകയായിരുന്നു. ഇവർ ട്രെയിനിൽ തിരൂർ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പൊലീസ്, തിരൂർ പൊലീസിന്റെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചു. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനിൽ വരുന്ന വഴിക്കാണ് കഠിനംകുളം പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തട്ടിക്കൊണ്ടു പോകലിനടക്കം പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി മുമ്പ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. തുടർന്ന് പ്രതികൾക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അമ്മയും മകനും മരിച്ച നിലയിൽ; മൃതദേഹം വീടിനുള്ളിലും ടെറസിനു മുകളിലും

അമ്മയും മകനും മരിച്ച നിലയിൽ; മൃതദേഹം വീടിനുള്ളിലും ടെറസിനു മുകളിലും

തൃശൂർ: അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ മേൽപ്പാലത്തിനു സമീപം കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പിന്നാലെ അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ടെറസിനു മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് കരുതുന്നത്.

പത്തുമാസത്തിനിടെ സംസ്ഥാനത്ത് നടന്നത് 635 കോടിയുടെ സൈബര്‍ തട്ടിപ്പെന്നു പോലീസ്

പത്തുമാസത്തിനിടെ സംസ്ഥാനത്ത് നടന്നത് 635 കോടിയുടെ സൈബര്‍ തട്ടിപ്പെന്നു പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്നത് 635 കോടി രൂപ. ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്, തൊഴില്‍ വാഗ്ദാനം തുടങ്ങി വിവിധ പേരുകളില്‍ നടത്തിയ തട്ടിപ്പില്‍ കര്‍ഷകര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ വീണതായി കേരള പൊലീസിന്റെ സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തട്ടിപ്പില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നഷ്ടമായ പണത്തിന്റെ 10 ശതമാനത്തിലേറെയായി 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ. ഈ വര്‍ഷം മൊത്തത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നപ്പോള്‍, അതില്‍ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു ലക്ഷത്തിന് മുകളില്‍ തുക നഷ്ടപ്പെട്ടവരുടെ കണക്ക് പരിശോധിച്ചാല്‍ സ്വകാര്യ ജീവനക്കാര്‍ (613), വീട്ടമ്മമാര്‍ (338), ബിസിനസുകാര്‍ (319), എന്‍ആര്‍ഐകള്‍ (224), ഐടി പ്രൊഫഷണലുകള്‍ (218), ഡോക്ടര്‍മാര്‍ (115), പ്രതിരോധ ഉദ്യോഗസ്ഥര്‍ (53), എന്‍ജിനീയര്‍മാര്‍ (46), കര്‍ഷകര്‍ (21), വൈദികര്‍ (8) എന്നിങ്ങനെയാണ് കണക്ക്. ഒരു ലക്ഷം രൂപയിലധികം പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 3050 ഓളം കേസുകള്‍ ഉണ്ട്. ട്രേഡിങ് തട്ടിപ്പ് (1,157), തൊഴില്‍ തട്ടിപ്പ് (1,002), കൊറിയര്‍ തട്ടിപ്പ് (211) എന്നിങ്ങനെയാണ് തട്ടിപ്പില്‍ വീണത്. പ്രായപരിധി പ്രകാരം പരിശോധിച്ചാല്‍ 30നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ 981 പേര്‍ തട്ടിപ്പിന് ഇരയായി. 20-30 (637), 40-50 (552) എന്നിങ്ങനെയാണ് മറ്റു പ്രായപരിധിയിലുള്ളവര്‍ തട്ടിപ്പില്‍ വീണത്.

സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 22,000ലധികം മൊബൈല്‍ ഫോണുകള്‍ കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം അറിയിച്ചു.നിക്ഷേപം അഭ്യര്‍ത്ഥിക്കുന്ന ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഒറിജിനല്‍ ആണോ എന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള പൊലീസ്.