വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നലിനും സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നലിനും സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മകള്‍ തൂങ്ങി മരിച്ചതല്ല’; സത്യം പുറത്തുവരണമെന്ന് ശ്രുതിയുടെ മാതാപിതാക്കള്‍

മകള്‍ തൂങ്ങി മരിച്ചതല്ല’; സത്യം പുറത്തുവരണമെന്ന് ശ്രുതിയുടെ മാതാപിതാക്കള്‍

തിരുവനന്തപുരം: മകള്‍ ശ്രുതി തൂങ്ങിമരിച്ചതല്ലെന്നും അന്നേദിവസം രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പിതാവ് ബാബു. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതിയെ (24) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാഗര്‍കോവില്‍ ആര്‍ഡിഒ എസ് കാളീശ്വരി ശ്രുതിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. മരിക്കുന്നതിനു മുന്‍പ് ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ ആര്‍ഡിഒയ്ക്കു നല്‍കിയെന്നും രണ്ടു മണിക്കൂറോളം ആര്‍ഡിഒ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ബാബു പറഞ്ഞു.

21ന് രാത്രിയാണ് ശ്രുതിയെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ ശ്രുതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. അതിനു ശേഷം നടപടി സ്വീകരിക്കാമെന്ന് ആര്‍ഡിഒ കുടുംബത്തെ അറിയിച്ചു. നവംബര്‍ ഏഴിന് വീണ്ടും ഹാജരാകാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ശ്രുതിയുടെ ഭര്‍തൃമാതാവ് ചെമ്പകവല്ലിയുടെ സംസ്‌കാരം ഇന്നലെ നടന്നു.

’21ന് രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്ന് മൂന്നു പേര്‍ക്കു മാത്രമേ അറിയൂ. അതില്‍ ശ്രുതിയും ചെമ്പകവല്ലിയും മരിച്ചു. ഈ സാഹചര്യത്തില്‍ ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തിക്കിനെ ചോദ്യം ചെയ്ത് സത്യം പുറത്തുകൊണ്ടുവരണം. ശ്രുതി തൂങ്ങി മരിച്ചെന്നു കാര്‍ത്തിക്കിന്റെ കുടുംബം പറഞ്ഞ കാര്യം മാത്രമേ എല്ലാവര്‍ക്കും അറിയു. മകള്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അത്ര ഉയരത്തിലുള്ള കമ്പിയില്‍ കയര്‍ കുരുക്കാനൊന്നും അവള്‍ക്കു കഴിയില്ല. അതുകൊണ്ടാണ് സത്യം പുറത്തുവരണമെന്ന് ആവശ്യപ്പെടുന്നത്”- ബാബു പറഞ്ഞു. കാര്‍ത്തിക്കിന്റെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും ആര്‍ഡിഒ അറിയിച്ചു.

തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനും ശുചീന്ദ്രം തെക്കുമണ്‍ സ്വദേശിയുമായ കാര്‍ത്തിക്കിന്റെ ഭാര്യ ശ്രുതിയെ തിങ്കളാഴ്ചയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ചെമ്പകവല്ലി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് നവവധു മരിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍തൃമാതാവിന്റെ മാനസിക പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. പീഡനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദേശങ്ങളും പൊലീസിന് കൈമാറിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നും സന്ദേശത്തിലുണ്ട്.

ഭര്‍ത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണാഭരണവും വിവാഹ സമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് ചെമ്പകവല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ശ്രുതിയുടെ വാട്സാപ് സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു.

ടിജെഎസ് ജോര്‍ജിന് വക്കം മൗലവി സ്മാരക പുരസ്‌കാരം

ടിജെഎസ് ജോര്‍ജിന് വക്കം മൗലവി സ്മാരക പുരസ്‌കാരം

തിരുവനന്തപുരം: പ്രശസ്ത പത്രപ്രവര്‍ത്തകനായ ടിജെഎസ് ജോര്‍ജിനെ 2024ലെ വക്കം മൗലവി സ്മാരക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. വക്കം മൗലവി മെമ്മോറിയല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (വക്കം) ഏര്‍പ്പെടുത്തിയ പുരസ്‌കാരം പത്ര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ടിജെഎസ് ജോര്‍ജിന്റെ മികച്ച സംഭാവനകളെയും പ്രവര്‍ത്തനങ്ങളെയും പരിഗണിച്ചാണ് നല്‍കുന്നത്.

എഴുത്തുകാരനും കോളമിസ്റ്റും ജീവചരിത്രകാരനുമായ ജോര്‍ജ്ജ് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ്. ഫാര്‍ ഈസ്‌റ്റേണ്‍ ഇക്കണോമിക് റിവ്യൂ, ദി ഫ്രീ പ്രസ് ജേര്‍ണല്‍, ഏഷ്യാവീക്ക്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയല്‍ ഉപദേഷ്ടാവാണ്. 2011 ല്‍ പദ്മഭൂഷണ്‍ ലഭിച്ചിരുന്നു.

ഡിസംബറില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഒക്‌ടോബര്‍ 31ന് വക്കം മൗലവി അനുസ്മരണ ദിനത്തോടനുബന്ധിച്ച് സെന്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എഴുത്തുകാരിയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസറും കേരള സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. മീന ടി.പിള്ള ‘എഴുത്തും സ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ സൂം പ്ലാറ്റഫോമില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത സാഹിത്യകാരന്‍ എസ്.ഹരീഷ് അധ്യക്ഷത വഹിക്കുമെന്ന് വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം പ്രസിഡന്റ പ്രൊഫ. എം. താഹിര്‍ അറിയിച്ചു.

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു. നേരത്തെ ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു.

ബെവ്കോയ്ക്ക് വാടകയ്ക്ക് നൽകാൻ കെട്ടിടമുണ്ടെങ്കിൽ ഉടമകൾക്ക് നേരിട്ട് അറിയിക്കാം

ബെവ്കോയ്ക്ക് വാടകയ്ക്ക് നൽകാൻ കെട്ടിടമുണ്ടെങ്കിൽ ഉടമകൾക്ക് നേരിട്ട് അറിയിക്കാം

തിരുവനന്തപുരം: ബെവ്കോയ്ക്ക് വാടകയ്ക്ക് നൽകാൻ കെട്ടിടമുണ്ടെങ്കിൽ ഉടമകൾക്ക് നേരിട്ട് അറിയിക്കാം. ഔട്‌ലെറ്റ് തുടങ്ങാൻ കെട്ടിടം വാടക്കെടുക്കുന്നതിൽ നിലവിലുള്ള നൂലാമാലകളും സാമ്പത്തിക ക്രമക്കേടുകളും ഒഴിവാക്കാനാണ് പുതിയ രീതി. വെബ്സൈറ്റിൽ കെട്ടിട ഉടമകൾക്ക് കെട്ടിടം സംബന്ധിച്ച വിവരങ്ങൾ നൽകാൻ സൗകര്യമൊരുക്കി.

ബിവറേജസ് കോര്‍പറേഷൻ വെബ് സൈറ്റിൽ ബെവ് സ്പേസ് എന്ന ലിങ്ക് വഴി കെട്ടിടം ഉടമയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പേരും വിലാസവും ഫോട്ടോയും ബന്ധപ്പെട്ട രേഖകളും എല്ലാം ഈ ലിങ്കിൽ നൽകണം. ബെവ്കോ അധികൃതര്‍ ആവശ്യം അനുസരിച്ച് കെട്ടിടം ഉടമയെ നേരിട്ട് വിളിക്കും. സ്ഥലം സന്ദര്‍ശിച്ച് വാടക തുക സംസാരിച്ച് നിശ്ചയിക്കും. ഇത് ധാരണയായാൽ കെട്ടിടത്തിൽ ബെവ്കോ ഔട്‌ലെറ്റ് തുറക്കും.

സ്വകാര്യ സ്ഥലത്ത് സൗകര്യമുള്ള കെട്ടിടങ്ങൾ ബെവ്കോക്ക് സ്വന്തം വെബ്സൈറ്റിൽ കയറി തെരഞ്ഞെടുക്കാനാവുമെന്നാണ് ഇതിൽ പ്രധാന നേട്ടമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇടനിലക്കാരെയും വാടക കാരാറിന്‍റെ പേരിൽ നടക്കുന്ന സാമ്പത്തിക തിരിമറിയും ഒഴിവാക്കാനാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഔട്‌ലെറ്റുകൾ വാടകക്കെടുക്കുന്ന കാര്യത്തിൽ കേന്ദ്രീകൃത സംവിധാനവും ബെവ്കോയ്ക്ക് കിട്ടും. നല്ല കെട്ടിടങ്ങള്‍ തെരഞ്ഞെടുത്ത് വൈകാതെ നടപടികള്‍ തുടങ്ങുമെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിട്ടുണ്ട്.

ബര്‍മുഡ ധരിച്ച് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നു, തിരിച്ചയച്ചെന്ന് യുവാവ്; അന്വേഷണം

ബര്‍മുഡ ധരിച്ച് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നു, തിരിച്ചയച്ചെന്ന് യുവാവ്; അന്വേഷണം

കോഴിക്കോട്: ബര്‍മുഡ ധരിച്ച് പയ്യോളി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ പരാതി കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പരാതി. ബര്‍മുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇത് മാറ്റിവരണമെന്ന് ആവശ്യപ്പെട്ടതായും പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ വടകര കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിയോട് കോഴിക്കോട് റൂറല്‍ എസ്പി നിര്‍ദേശിച്ചു.

ഒക്ടോബര്‍ രണ്ടിനാണ് പരാതിക്കിടയാക്കിയ സംഭവം. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു പരാതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ബര്‍മുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇത് മാറ്റി വരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. വേഷംമാറ്റിയെത്തിയ ശേഷം മാത്രമേ തന്റെ പരാതി പരിഗണിക്കാന്‍ പൊലീസ് തയ്യാറായുള്ളൂവെന്നും പരാതിയില്‍ യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഇതിന് ശേഷമാണ് യുവാവ് എസ്പിയെ സമീപിച്ചത്.